ഓഡിയോ രംഗത്തെ മഹാരഥൻമാർ-1
നെൽസൺ. എസ്. പാസ്.
ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ സംബന്ധിച്ച് സുപ്രധാനമായ ഒരു വർഷമാണ് 1951. ആ വർഷമാണ് ലോകത്തിലാദ്യമായി കളർ ടെലിവിഷൻ പ്രക്ഷേപണം ന്യൂയോർക്കിൽ CBS ടെലിവിഷൻ നെറ്റ് വർക്ക് തങ്ങളുടെ 5 സ്റ്റേഷനുകളിൽ നിന്നും ആരംഭിച്ചത്.1951 ജൂൺ 25 നായിരുന്നു ഈ ചരിത്ര മുഹൂർത്തം.
അതുവരെ കറുപ്പിലും, വെളുപ്പിലും സ്വീകരണമുറികളെ അലങ്കരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനുകൾ അരങ്ങൊഴിഞ്ഞുതുടങ്ങി.അതിവേഗം അമേരിക്കൻ ഭവനങ്ങളുടെ സ്വീകരണ മുറികൾ വർണ്ണ വൈവിദ്ധ്യത്താൽ ദൃശ്യ സമ്പന്നമായിത്തുടങ്ങി.
ഇതോടെ കളർ ടെലിവിഷൻ വിൽപ്പന കുതിച്ചുയരുകയും ധാരാളം കമ്പനികൾ കളർ ടെലിവിഷൻ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.ഇതോടെ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് ലോക വ്യാപകമായി ഒരു പുത്തനുണർവ്വ് ദൃശ്യമാവുകയും ചെയ്തു.
ഇലക്ട്രോണിക്സ് രംഗത്ത് മറ്റൊരു താരോദയത്തിനും അതിനടുത്ത ദിവസം തന്നെ ന്യൂയോർക്കിന് സമീപസ്ഥമായ മസാച്ചുസെറ്റ്സ് സാക്ഷ്യം വഹിച്ചു.
1951 ജൂൺ 27 ന് അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ലോക ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ അതികായരിൽ ഒരാളായ നെൽസൺ പാസ് ഭൂജാതനായി.
ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ ഓഡിയോ ആംപ്ലിഫയർ ഡിസൈനർമാരിൽ തലതൊട്ടപ്പനാണ് നെൽസൺ എസ് പാസ്
1972 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ ഫിസിക്സിൽ ബാച്ചിലർ ഡിഗ്രി ക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ സുഹൃത്തായ മൈക്ക് മേഹറുമായി ചേർന്ന് PMA എന്നൊരു ലൗഡ് സ്പീക്കർ കമ്പനി നെൽസൺപാസ് ആരംഭിച്ചിരുന്നു. പഠനത്തോടൊപ്പം വട്ടച്ചിലവിനായി തുടങ്ങിയ ഈ ചെറു സംരംഭം സാമാന്യം തരക്കേടില്ലാതെ ഓടിത്തുടങ്ങി.. ഇതോടെ തൻ്റെ പ്രവർത്തന മേഘല ഇലക്ട്രോണിക്സ് തന്നെ എന്ന് നെൽസൺ പാസിന് മനസിലായി.
ഇലക്ട്രോ സ്റ്റാറ്റിക് സൗണ്ട് (ESS )എന്ന കമ്പനി നടത്തിയിരുന്ന ഡോക്ടർ ഓസ്കാർ ഹെയിൽ എന്ന സംരംഭകൻ്റെ ശ്രദ്ധയിൽ നെൽസൺപാസ് ഡിസൈൻ ചെയ്ത സ്പീക്കറുകൾ പെട്ടതോടെ ഓസ്കാർ നിർബന്ധപൂർവ്വം പാസിനെ തൻ്റെ ESS കമ്പനിയിൽ ഡിസൈനറായി നിയമിച്ചു.
ഇതിനിടയിൽ ലൗഡ് സ്പീക്കറുകൾ സംബന്ധമായി 6 പേറ്റൻ്റുകൾ നെൽസൺ പാസ് കരസ്ഥമാക്കി.
1974ൽ ഫിസിക്സിൽ ബാച്ചിലർ ഡിഗ്രി കരസ്ഥമാക്കിയതോടെ നെൽസൺപാസ് ESS വിട്ട് സുഹൃത്തുക്കളായ റെനേ ബിസനും, ജോ സാമുറ്റുമായി ചേർന്ന് ത്രെഷോൾഡ് എന്ന ഹൈ എൻഡ് ആംപ്ലിഫയർ നിർമ്മാണ കമ്പനി ആരംഭിച്ചു.
ത്രെഷോൾഡിൻ്റെ സ്റ്റാസിസ് 800 A എന്ന 200 വാട്ട്സ് മോണോ ബ്ലോക്ക് ആംപ്ലിഫയർ ക്ലാസ് A കോൺഫിഗറേഷനിലുള്ള ട്രിപ്പിൾ സീരീസ് ,ട്രിപ്പിൾ പാരലൽ ഫൈവ് സ്റ്റേജ് ഡയനമിക് ബയാസിങ്ങോടു കൂടിയ ലോകത്തിലെ ആദ്യ മോഡൽ എന്ന നിലയിൽ ഓഡിയോ റിവ്യൂവർമാരുടെയും, ഓഡിയോഫൈലുകളുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
1975 ലായിരുരുന്നു ഈ ഉൽപ്പന്നം വിപണിയിലെത്തിയത്.തുടർന്ന് 400 A എന്ന 100 വാട്ട്സ് മോഡലും പുറത്തിറക്കി. ഇവയുടെ സവിശേഷ സർക്യൂട്ടുകളുടെ പേറ്റൻ്റും നെൽസൺ പാസിന് തന്നെയായിരുന്നു.
അതു വരെയുള്ള ഹോം ഓഡിയോ ആംപ്ലിഫയറുകളുടെ മുഖമുദ്രയായ ക്യൂട്ട് ബോയി ലുക്ക് നെൽസൺപാസിൻ്റെ ത്രെഷോൾഡ് സ്റ്റാസിസ് ബ്രാൻഡിൻ്റെ രംഗപ്രവേശത്തോടെ അസ്തപ്രഭമായി.
റഫ് ആൻഡ് ടഫ് ലുക്കായിരുന്നു പാസിൻ്റെ ആംപ്ലിഫയറുകളുടെ മുഖമുദ്ര! ഒറ്റനോട്ടത്തിൽ വിരൂപമെന്ന് തോന്നുന്ന വിധം ബ്രഷ് ഡ് അലൂമിനിയം ഫ്രണ്ട് പാനലുകളും, റോമൻ ശിൽപ്പങ്ങളുടേത് പോലെ ഉരുണ്ടു കയറിയ മസിലുകളെന്ന് തോന്നത്തക്ക വിധമുള്ള ഒളിപ്പിച്ച് വയ്ക്കാത്ത ഹീറ്റ്സിങ്കുകളോടും കൂടിയ ഇവ കറുപ്പിലും, വെള്ളി നിറത്തിലും, തിളക്കമില്ലാത്ത ഫിനിഷിൽ ഓഫായിരിക്കുന്ന വേളയിലും ശക്തി പ്രസരിപ്പിക്കുന്നുണ്ടെന്ന തോന്നൽ അനുവാചകരിലുളവാക്കി.
ജാപ്പാനീസ് ബ്രാൻഡായ നക്കാമിച്ചി നെൽസൺപാസിൽ നിന്നും 1985 കളിൽ ത്രെഷോൾഡ് ബ്രാൻഡിൻ്റെ നിർമ്മാണ അവകാശം പേറ്റൻ്റുകൾ സഹിതം സ്വന്തമാക്കി.
ഹോം ഓഡിയോ വിപണിയിൽ ഹോം തീയേറ്റർ എന്ന പുതു സെഗ്മെൻ്റ് ഉരുത്തുരിഞ്ഞ 1990 കളോടെ ഹൈ എൻഡ് ആംപ്ലിഫയറുകളുടെ വിപണി കാര്യമായി ഇടിഞ്ഞു.ഇതോടെ നഷ്ടം മൂലം 1991 ൽ നെൽസൺപാസ് ത്രെഷോൾഡ് കമ്പനിയുടെ പ്രവർത്തനം നിറുത്തുകയും പാസ് ലാബ്സ് എന്ന പുതിയ നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്തു.
ക്ലാസ് A കോൺഫിഗറേഷനിൽ സൂപ്പർ സിമെട്രി എന്ന ടോപ്പോളജി 1991 ൽ നെൽസൺപാസ് കണ്ടു പിടിക്കുകയും, "Aleph" എന്ന ബ്രാൻഡിൽ പാസ് ലാബിൻ്റെ ആദ്യ ഉൽപ്പന്നമായി പുറത്തിറക്കുകയും ചെയ്തു. സിംഗിൾ എൻഡഡ് ഉൽപ്പന്നങ്ങളിലാണ് പാസ് ലാബ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ത്. സൂപ്പർ സിമെട്രി ടോപ്പോളജിയിൽ എക്സ്ട്രീം ലോ ഡിസ്റ്റോർഷനുമായി പുറത്തിറങ്ങുന്ന Aleph X സീരീസ് ആംപ്ലിഫയറുകൾ സ്വന്തമാക്കുക എന്നത് ലോകത്താകമാനമുള്ള ഓഡിയോഫൈലുകളുടെ സ്വപ്നമാണ്.
ആംപ്ലിഫയറുകൾക്കൊപ്പം തൻ്റെ ആദ്യ തട്ടകമായ സ്പീക്കർ നിർമ്മാണവും പാസ് ലാബ്സ് എന്ന കമ്പനിയിലൂടെ നെൽസൺപാസ് തുടരുന്നുണ്ട്.
2000 ൽ ത്രെഷോൾഡ് കമ്പനി പുതിയ ഉടമകൾക്ക് കൈമാറുകയും അവർ ഈ പേരിൽ പുതു തലമുറ ആംപ്ലിഫയറുകൾ നെൽസൺപാസിൻ്റെ സർക്യൂട്ടറി ഉപയോഗിച്ച് ഇപ്പോഴും നിർമ്മിച്ച് വരുകയും ചെയ്യുന്നുണ്ട്.
തൻ്റെ ഓഡിയോ ഭ്രാന്തിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്ന് പോയ നെൽസൺപാസ് ഓഡിയോ പ്രേമികളുടെ ഇടയിൽ പാപാ എന്നാണ് അറിയപ്പെടുന്നത്. DIYഫോറം എന്ന തൻ്റെ വെബ്സൈറ്റിലൂടെ ലോകത്താകമാനമുള്ള ഓഡിയോ പ്രേമികളുടെ സംശയങ്ങൾക്ക് മറുപടി പറയാനും അവർക്കായി പുതിയ പുതിയ സർക്യൂട്ടുകൾ ഡിസൈൻ ചെയ്യാനുമാണ് പാസ് തൻ്റെ സമയത്തിൽ ഏറിയ പങ്കും ഇപ്പോൾ ചിലവഴിക്കുന്നത്.
വളരെ കുറഞ്ഞ കോമ്പോണെൻ്റ് കൗണ്ടിൽ കർണ്ണാനന്ദകരമായ ശബ്ദം പുറപ്പെടുവിക്കുന്ന ആംപ്ലിഫയർ ഡിസൈനുകളാണ് DIY ഫോറത്തിൽ കൂടുതലും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ലോകത്തിൽ ആദ്യമായി ഏറ്റവുമധികം ട്രാൻസിസ്റ്റുകൾ ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിച്ചയാൾ എന്ന റിക്കോഡും നെൽസൺ പാസിന് സ്വന്തം.
തോഷിബ ജപ്പാൻ നിർമ്മിക്കുന്ന 2SJ 74 എന്ന Pചാനൽ J ഫെറ്റും ,
2 SK 170 എന്ന N ചാനൽ J ഫെറ്റ് ട്രാൻസിറ്ററുകൾ 2352 എണ്ണം ഉപയോഗിച്ച് ക്ലാസ് A കോൺഫിഗറേഷനിൽ 4 ഓംസിൽ 50 വാട്ട്സ് കിട്ടുന്ന ആംപ്ലിഫയർ ഉണ്ടാക്കിയാണ് നെൽസൺപാസ് ഈ റിക്കോഡ് സൃഷ്ടിച്ചത്.
6000 ൽ അധികം സൂക്ഷ്മ നേത്രങ്ങൾ അടങ്ങിയ തുമ്പിയുടെ കണ്ണാണ് തന്നെ ഈ ഭ്രാന്തൻ ആശയത്തിലേക്ക് നയിച്ചതെന്ന് നെൽസൺപാസ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ചെറിയ ട്രാൻസിസ്റ്റുകൾ കൂടുതലെണ്ണം കപ്പിൾ ചെയ്തുണ്ടാക്കുന്ന ആംപ്ലിഫയറിൻ്റെ വാം സൗണ്ട് വളരെ ഹൃദയാവർജ്ജകമാണെന്നാണ് പാസിൻ്റെ അഭിപ്രായം!
ഒരു മനുഷ്യന് കേൾക്കാൻ ഒരു വാട്ട് ശബ്ദം മതിയെന്നാണ് നെൽസൺപാസിൻ്റെ പക്ഷം.മുറിയുടെ വലിപ്പം അനുസരിച്ച് കൂടിപ്പോയാൽ അത് 5 വാട്ട്സ് വരെയാക്കാം... ഈ ശബ്ദത്തിൽ 24 മണിക്കൂറും പാട്ട് കേട്ടാലും ഉൻമേഷം വർദ്ധിക്കുകയല്ലാതെ തല ചെകിടിച്ചു പോകുന്ന അനുഭവം ഉണ്ടാകില്ലെന്നും, അതിനും മേലോട്ട് ശബ് ദ തീവ്രത ഉയരുമ്പോൾ തലച്ചോറിൽ പാട്ടിനോടുള്ള വിരക്തി അനുഭവപ്പെടുകയും, തലവേദന, മനംമടുപ്പ് ,ആസ്ഥലത്ത് നിന്നും ഓടി രക്ഷപെടാനുള്ള ത്വര എന്നിവ ഉണ്ടാകുമെന്നാണ് പാസിൻ്റെ അഭിപ്രായം.
ആക്റ്റീവ് ബയാസിങ്ങ് ഫോർ പുഷ്പുൾ ക്ലാസ് AB ആംപ്ലിഫയറിന് 1976 ൽ 3995228 പേറ്റൻ്റ് നമ്പർ
കോൺസ്റ്റൻ്റ് വോൾട്ടേജ് ,കോൺസ്റ്റൻ്റ് കറണ്ട് ഹൈ ഫിഡിലിറ്റിക്ക് 1978ൽ 4107619 പേറ്റൻ്റ് നമ്പർ
ഒപ്റ്റോ ഐസോലേറ്റഡ് ബയാസിങ്ങ് പുഷ്പുൾ ക്ലാസ് ABആംപ്ലിഫയറിന് 1988ൽ 4752745 പേറ്റൻ്റ് നമ്പർ
ലോ ഫ്രീക്വൻസി അക്വാസ്റ്റിക് റിസോണൻസ് സംബന്ധമായി 1990 ൽ 4899387 പേറ്റൻ്റ് നമ്പർ
കാസ്കേഡഡ് എഫിഷ്യൻ്റ് ഗയിൻ കൺട്രോൾ സംബന്ധമായി 1993 ൽ 5343166 പേറ്റൻ്റ് നമ്പർ.
ആംപ്ലിഫയർ ഗയിൻ സ്റ്റേജുകളിൽ ഡിഫറൻഷ്യൽ എറർ കറക്ഷൻ ഉപയോഗിക്കുന്നത് സംബന്ധമായി 1994 ൽ 5376899 പേറ്റൻ്റ് നമ്പർ
ആംപ്ലിഫയറുകളിൽ ആക്റ്റീവ് കറണ്ട്സോഴ്സ് ഉപയോഗിക്കുന്നത് സംബന്ധിച്ച് 1998 ൽ 5710522 പേറ്റൻ്റ് നമ്പർ.
എന്നിവയാണ് നെൽസൺപാസിൻ്റെ പേരിൽ ലോകവ്യാപകമായി ആംപ്ലിഫയർ സർക്യൂട്ടുകളിൽഉപയോഗിക്കപ്പെടുന്ന പ്രധാന കണ്ടുപിടുത്തങ്ങൾ
ഇതോടൊപ്പമുള്ള ചിത്രത്തിൽ നെൽസൺപാസിന് സമീപം സ്പീക്കർ ബോക്സ് പോലെ കാണുന്നത് അദ്ദേഹം 2352 +2352 എണ്ണം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ച 50 + 50 ആംപ്ലിഫയർ !.
നമ്മൾ നിർമ്മിക്കുന്ന പല പല ആംപ്ലിഫയർ സർക്യൂട്ടുകളുടെയും മൂലരൂപം നെൽസൺ പാസ് ഡിസൈൻ ചെയ്തതാണെന്ന് പലർക്കും അറിവില്ല. ഇൻ്റർനെറ്റിൽ പാസ് ലാബ്സ്, first watt എന്നോ DIY ഓഡിയോ കമ്യൂണിറ്റി എന്നോ നെൽസൺപാസ് ആംപ്ലിഫയർ സർക്യൂട്ടുകൾ എന്നെല്ലാം തിരഞ്ഞാൽ അദ്ദേഹം ഡിസൈൻ ചെയ്ത ധാരാളം ഒറിജിനൽ സർക്യൂട്ടുകൾ ലഭിക്കും..
ഒരു തുടക്കക്കാരന് പോലും അദ്ദേഹത്തിൻ്റെ സർക്യൂട്ടുകൾ അസംബിൾ ചെയ്യാം ,അത്ര ലളിതമായ സർക്യൂട്ടുകളും അദ്ദേഹത്തിൻ്റേതായി ഉണ്ട്. എല്ലാ ക്ലാസിഫിക്കേഷനിലുമുള്ള ആംപ്ലിഫയറുകൾ അദ്ദേഹം ചെയ്യാറുണ്ട് എങ്കിലും തൻ്റെ മനം കവരുന്നത് ലോ വാട്ടേജ് ക്ലാസ് A ആംപ്ലിഫയറുകളാണെന്ന് അദ്ദേഹം എപ്പോഴും പറയും.
തൻ്റെ 72 ആം വയസിലും നവ മാദ്ധ്യമങ്ങളിലൂടെ ഓഡിയോ പ്രേമികളുടെ സംശയങ്ങൾ പരിഹരിച്ചു കൊണ്ട് വളരെ സജീവമാണ് നെൽസൺപാസ്.ഇന്ത്യയിലും അദ്ദേഹത്തിൻ്റെ സുഹൃദ് വലയം വ്യാപിച്ച് കിടക്കുന്നുണ്ട്. നമ്മുടെ ആരാദ്ധ്യനും ഗുരുതുല്യനുമായ ശ്രീ അച്ചുതവാര്യർ കാളികാവ്, ആഗ്രയിലുള്ള വേദമിത്ര ശർമ്മ എന്നിവർ അദ്ദേഹത്തിൻ്റെ സജീവ ബന്ധമുള്ള ഇന്ത്യൻ സുഹൃത്തുക്കളാണ്.ഈ ലേഖനം എഴുതാനുള്ള പ്രേരണ ശ്രീ വാര്യർ സാറാണെന്ന വിവരം നന്ദിപൂർവ്വം അനുസ്മരിക്കുന്നു. എഴുതിയത് #അജിത്കളമശേരി #Ajith_kalamassery, 03.01.2023
No comments:
Post a Comment