ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ - 2
ജീൻ ഹിരാഗ
ആംപ്ലിഫയർ ഡിസൈൻ രംഗത്ത് നെൽസൺപാസിൻ്റെ സമകാലീനനും എന്നാൽ സാധാരണക്കാരായ ഓഡിയോ DIY അസംബ്ലർമാരുടെ ഇടയിൽ അത്ര ജനപ്രീയൻ അല്ലാത്തയാളുമാണ് ജീൻ ഹിരാഗ എന്ന പ്രശസ്തനായ ഓഡിയോ സർക്യൂട്ട് ഡിസൈനർ ..
ഹിരാഗ എന്ന ബ്രാൻഡിൽ അദ്ദേഹത്തിൻ്റെ ലൈസൻസിലും മേൽനോട്ടത്തിലും നിർമ്മിക്കപ്പെടുന്ന ആംപ്ലിഫയറുകളും, സ്പീക്കർ ബോക്സുകളും, ലോകമെങ്ങുമുള്ള ഓഡിയോഫൈലുകളായ ലക്ഷപ്രഭുക്കളുടെ സംഗീത മുറികളെ രാഗ സാന്ദ്രമാക്കിക്കൊണ്ടിരിക്കുന്നു.
ഫ്രഞ്ച്കാരിയായ മാതാവിൻ്റെയും, ജപ്പാൻകാരനായ പിതാവിൻ്റെയും പുത്രനായി 1943 ൽ പാരീസിലാണ് ജീൻ ഹിരാഗയുടെ ജനനം.
1965 ൽ പിതാവിന് ജപ്പാനിലേക്ക് മടങ്ങേണ്ടി വന്നതിനാൽ കുടുംബസമേതം ജീൻ ഹിരാഗയും ജപ്പാനിലേക്ക് പോന്നു.
നമ്മളിൽ മിക്കവരെയും പോലെ ജീൻ ഹിരാഗയ്ക്കും ഇലക്ട്രോണിക്സിൽ ഔപചാരികമായ വിദ്യാഭ്യാസം നേടാനായില്ല.
സംഗീതത്തിൽ വളരെ കമ്പമുണ്ടായിരുന്ന ജീൻ വീട്ടിൽ പിതാവ് വാങ്ങി വച്ചിരുന്ന വാക്വം ട്യൂബ് ആംപ്ലിഫയർ എടുത്ത് പൊളിച്ച് പണിതു കൊണ്ട് തൻ്റെ ഇലക്ട്രോണിക്സ് പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു.
1965 കൾ ജപ്പാനിൽ വാക്വം ട്യൂബുകളുടെ പുഷ്കര കാലമായിരുന്നു...ഏത് തരത്തിലുമുള്ള വാക്വം ട്യൂബുകൾ അന്ന് വിപണിയിൽ സുലഭമായിരുന്നു.
പാരീസിൽ ജനിച്ച് വളർന്നതിനാൽ ഹിരാഗയ്ക്ക് ഫ്രഞ്ചും, ഇംഗ്ലീഷും നല്ല പോലെ വശമായിരുന്നു. അതിനാൽ വാക്വം ട്യൂബുകളെപ്പറ്റിയും, ട്രാൻസിസ്റ്ററുകളെപ്പറ്റിയും വിദേശങ്ങളിൽ ഇറങ്ങുന്ന സർക്യൂട്ട് ബുക്കുകൾ എഴുതി വരുത്തി അവയിലെ സർക്യൂട്ടുകൾ ചെയ്തു നോക്കുക എന്ന പണം ചിലവാകുന്ന ഇലക്ട്രോണിക്സ് ഭ്രാന്തൻമാരുടെ വട്ട് ഹിരാഗയുടെ തലയ്ക്കും പിടിച്ചു.
പഠിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാൽ വീട്ടിൽ നിന്നും ഇതിനായി അധികം പണം ലഭിക്കുകയുമില്ല എന്താണൊരു വഴി?ഹിരാഗ പല വഴിയും ആലോചിച്ചു.
അപ്പോഴാണ് ഫ്രാൻസിൽ നിന്നും ഇലക്ട്രോണിക്സ് പുസ്തകം കൊരിയറിൽ വന്നപ്പോൾ അത് പൊതിഞ്ഞിരുന്ന ഫ്രഞ്ച് പത്രത്തിൽ വന്ന ഒരു ക്ലാസിഫൈഡ് പരസ്യം ജീൻ ഹിരാഗയുടെ ശ്രദ്ധയിൽ പെട്ടത്.
വിവിധ രാജ്യങ്ങളിൽ നിന്ന് ലോക വാർത്തകൾ അയച്ച് തരുന്നതിനായി ലേഖകരെ ആവശ്യമുണ്ട്! പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് പ്രതിഫലം നൽകുന്നതാണ്.
പഴയ പത്രമാണ് എങ്കിലും ഒരു കൈ നോക്കാം..ഹിരാഗ ജപ്പാനിലെ സുമോ ഗുസ്തി മൽസരങ്ങളെപ്പറ്റിയും, ഇലക്ട്രോണിക്സ് രംഗത്തെ കുതിച്ച് ചാട്ടത്തെപ്പറ്റിയും, ജപ്പാനിലെ പാരമ്പര്യ മരപ്പണിയെപ്പറ്റിയുമെല്ലാം ഏതാനും ലേഖനങ്ങൾ തയ്യാറാക്കി പാരീസിലെ "ഫ്രഞ്ച് റിവ്യൂ ഡു സൺ "എന്ന പത്രത്തിലേക്കയച്ച് കൊടുത്തു.
ഹിരാഗയുടെ ഭാഗ്യത്തിന് പത്രത്തിന് ജപ്പാനിൽ ലേഖകർ ഉണ്ടായിരുന്നില്ല. അയച്ച് കൊടുത്ത ലേഖനങ്ങൾ പത്രാധിപർക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.
ഇന്നത്തെപ്പോലെ തന്നെയാണ് 1968 കളും! ജപ്പാനീസ് ഭാഷ ആർക്കും അങ്ങനെ പെട്ടെന്ന് വഴങ്ങില്ല. അതുപോലെ തന്നെ ജപ്പാൻകാർക്ക് മറ്റു ഭാഷകളും വഴങ്ങില്ല. ഇംഗ്ലീഷും, ഫ്രഞ്ചും, ജപ്പാനീസും ഒരേ പോലെ വഴങ്ങുന്ന ജീൻ ഹിരാഗയുടെ ഭാഗ്യ നക്ഷത്രം അവിടെ ഉദിക്കുകയായിരുന്നു.
ജപ്പാനിൽ നിന്നുള്ള ലേഖകനെ തിരക്കി മറ്റ് പത്രങ്ങളും എത്തിത്തുടങ്ങി.
ഹൈ ഫൈ വേൾഡ് എന്ന ഇംഗ്ലീഷ് മാസിക ജപ്പാനിൽ ഇറങ്ങുന്ന ഇലക്ട്രോണിക്സ് ,ഓഡിയോ പ്രൊഡക്റ്റുകളെപ്പറ്റിയുള്ള പുതിയ പുതിയ വാർത്തകൾ നിരന്തരം ആവശ്യപ്പെട്ടു തുടങ്ങി.
രോഗി ഇഛിച്ചതും, വൈദ്യൻ കൽപ്പിച്ചതും ഒരേ മരുന്ന് എന്ന പോലെയായി കാര്യങ്ങൾ. ഹൈ - ഫൈ വേൾഡിൻ്റെ ലേഖകൻ എന്ന ലേബലിൽ ഏത് ഓഡിയോ,ഇലക്ട്രോണിക്സ് കമ്പനിയിലും കയറിച്ചെല്ലാൻ ലൈസൻസ് കിട്ടിയതോടെ അവിടെ നടക്കുന്ന കാര്യങ്ങൾ മനസിലാകണമെങ്കിൽ താനും കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും; അല്ലെങ്കിൽ ആ കമ്പനികളിലെ പ്രതിഭകളായ ഡിസൈൻ എഞ്ചിനീയർമാരുടെ മുന്നിൽ മണ്ടൻ ചോദ്യങ്ങൾ ചോദിച്ച് സ്വയം അപഹാസ്യനാകുമെന്ന് ഹിരാഗയ്ക്ക് സ്വയം മനസിലായി.
കയ്യിൽ സ്വന്തം അദ്ധ്വാനത്തിലൂടെ പണം പണം വന്ന് തുടങ്ങിയതിനാൽ വാക്വം ട്യൂബുകൾക്കൊപ്പം, ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള ഡിസൈനിങ്ങിലും ഹിരാഗ കൈ വച്ച് തുടങ്ങി.
"ആംപ്ലിഫയറുകളിലെ ഹാർമോണിക് ഡിസ്റ്റോർഷൻ ഗുണമോ ദോഷമോ?", സ്പീക്കർ വയറുകൾ ശരിയാംവണ്ണം ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ അവ ഇൻഡക്ഷൻ മൂലം സ്പീക്കർ പോലെ പ്രവർത്തിക്കും ശബദ ഗുണമേൻമ കുറയ്ക്കും എന്നതിനെപ്പറ്റി "സ്പീക്കർ വയറുകളെ കാണാൻ മാത്രമല്ല കേൾക്കാനും സാധിക്കുമോ?" എന്നീ ലേഖനങ്ങൾ വളരെ ശ്രദ്ധ നേടുകയും ഓഡിയോഫൈലുകളുടെ ഇടയിൽ ജീൻ ഹിരാഗയുടെ ലേഖനങ്ങൾക്കായുള്ള കാത്തിരിപ്പിനും തുടക്കമായി.
2A3, WE 300 B,4300 B, 2 11,845,6C 33 C തുടങ്ങിയ ഡയറക്റ്റ് ഹീറ്റഡ് വാൽവുകൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിൻ്റെ ക്ലാസ് A ആംപ്ലിഫയർ സർക്യൂട്ടുകൾ വളരെ വേഗം അനുവാചക ശ്രദ്ധ നേടി.
ഹൈ എൻഡ് ലോ ഡിസ്റ്റോർഷൻ ട്രാൻസിസ്റ്ററൈസ്ഡ് ക്ലാസ് A സർക്യൂട്ടുകളുടെ ഡിസൈനിങ്ങ് ഏറെക്കുറെ ജീൻ ഹിരാഗയുടെ കുത്തക പോലെയായി. ആൾട്ടെക് ലാൻസിങ്ങ് ,മക്കിൻ്റോഷ്, NAD, മാർട്ടിൻ ലോഗൻ, ജെൻസൻ, ടാനോയി, ഇലക്ട്രോവോയ്സ്, KIipsch, അക്കുഫേസ്, ക്വാഡ് പോലുള്ള വമ്പൻ കമ്പനികൾ ജീൻ ഹിരാഗയുടെ ഓഡിയോ സർക്യൂട്ടുകൾ അവരുടെ ഓഡിയോ പ്രൊഡക്റ്റുകളിലൂടെ പുറത്തിറക്കുന്നതിൽ മൽസരിച്ചു. ജീൻ ഹിരാഗ ഡിസൈൻ എന്ന രണ്ട് വാക്കുകൾ ഓഡിയോഫൈലുകൾ കണ്ണുമടച്ച് വിശ്വാസമർപ്പിച്ചതിനാലാണ് ഈ ജനപ്രീതിയുണ്ടായത്.
1977 ൽ ലോകപ്രശസ്ത ഹൈ എൻഡ് ഓഡിയോ മാഗസിനായ " L Audiophile " ൻ്റെ ചീഫ് എഡിറ്ററായി ഹിരാഗ ചുമതലയേറ്റു.
ഹൈ എൻഡ് ഓഡിയോ സംബന്ധമായ ധാരാളം പുസ്തകങ്ങൾ ഹിരാഗ രചിച്ചിട്ടുണ്ട്.
1982ൽ അദ്ദേഹം ജപ്പാനിൽ നിന്ന് പാരീസിലേക്ക് താമസം മാറി. പണ്ട് അദ്ദേഹം വട്ടച്ചിലവിനായി ലേഖനങ്ങൾ എഴുതിയിരുന്ന പത്രത്തിൻ്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റപ്പോഴായിരുന്നു ഇത്. 2007 വരെ അദ്ദേഹം ഈ ചുമതലയിൽ തുടർന്നു. ഇപ്പോൾ അദ്ദേഹം വൻകിട ഓഡിയോ ഇലക്ട്രോണിക്സ് കമ്പനികളുടെ പ്രൊഡക്റ്റ് റിവ്യൂവർ ,പ്രൊഡക്റ്റ് അനലിസ്റ്റ് എന്നീ ചുമതലകൾ നിർവ്വഹിച്ച് ഈ 80 ആം വയസിലും അദ്ദേഹം തൻ്റെ ജീവിതയാത്ര തുടരുന്നു.
ജീൻ ഹിരാഗയെപ്പോലെ ഇത്രയധികം ഓഡിയോ പ്രൊഡക്റ്റുകൾ റിവ്യൂ ചെയ്തിട്ടുള്ള വ്യക്തികൾ ലോകത്ത് വേറെയില്ല. വെറുതെ റിവ്യൂ ചെയ്യുകയല്ല ആ ഉൽപ്പന്നത്തിൻ്റെ പോരായ്മകൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യും എന്നതിനാൽ ഓഡിയോ കമ്പനികൾ ഹിരാഗയുടെ വാക്കുകൾ വേദ വാക്യം പോലെ കരുതുന്നു.
കമ്പ്രഷൻ ട്യൂട്ടറുകളും, പേപ്പർ കോൺ സ്പീക്കറുകളും, അവയുടെ തടികൊണ്ടുള്ള എൻക്ലോഷറുകളുമാണ് ജീൻ ഹിരാഗയുടെ മറ്റ് ഇഷ്ട ഗവേഷണ വിഷയങ്ങൾ. സബ് വൂഫറാണ് എൻ്റെ ശത്രു എന്നാണ് ഹിരാഗപറയാറുള്ളത്.
ജീൻ ഹിരാഗയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മിക്കുന്ന ലിമിറ്റഡ് എഡിഷൻ ആംപ്ലിഫയറുകളുടെ ചുരുങ്ങിയ വില നാൽപ്പതിനായിരം പൗണ്ട് സ്റ്റെർലിങ് ( 39 ലക്ഷം രൂപ) വരും കോടീശ്വരൻമാർക്ക് മാത്രമേ അവയെല്ലാം ആഗ്രഹിക്കാൻ പോലും സാധിക്കൂ .ആംപ്ലിഫയറുകളിലെ റോൾസ് റോയ്സ് എന്നാണ് ഹിരാഗബ്രാൻഡ് സെറ്റുകൾ ഓഡിയോഫൈലുകൾക്കിടയിൽ അറിയപ്പെടുന്നത്.
ജീൻ ഹിരാഗ ആംപ്ലിഫയർ സർക്യൂട്ട്സ് എന്ന് നെറ്റിൽ സെർച്ച് ചെയ്താൽ നമുക്കും ചെയ്ത് നോക്കാൻ പറ്റിയ ഏതാനും ക്ലാസ് A ട്രാൻസിസ്റ്റർ സർക്യൂട്ടുകൾ ലഭിക്കും.30 വാട്ടൊക്കെയേ കാണൂ. നൂറ് ശതമാനവും ആഡിയോ ഫൈലായതിനാലും, ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കേട്ട് മനസിലാക്കാനുള്ള തൻ്റെ ചെവിയുടെ ശേഷി നിലനിറുത്താനുമായി നിരന്തര ശ്രദ്ധ പുലർത്തുന്നതിനാൽ അദ്ദേഹത്തെ പുറം ലോകത്തും ,ഇൻ്റർനെറ്റിലും അങ്ങനെ കാണാൻ കഴിയില്ല.
കുടുംബവും വ്യക്തി ജീവിതവും രഹസ്യത്മകമായി സൂക്ഷിക്കുന്നതിനാൽ അവയും ഇൻ്റർനെറ്റിൽ പോലും ലഭ്യമല്ല. ഇക്കാര്യങ്ങളാൽ ജീൻ ഹിരാഗയും, അദ്ദേഹത്തിൻ്റെ സർക്യൂട്ടുകളും സാധാരണ ഇലക്ട്രോണിക്സ് പ്രേമികൾക്കിടയിൽ ഓഡിയോ ഗുരു നെൽസൺപാസിനെ പോലെ അത്ര പോപ്പുലറല്ല. എഴുതിയത് #അജിത്കളമശേരി,
#Ajith_kalamassery, 05.01.2023
ചിത്രത്തിൽ തൻ്റെ ഒരു മോഡൽ പവേർഡ് സ്പീക്കറിനൊപ്പം ജീൻ ഹിരാഗ
No comments:
Post a Comment