PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Friday, November 19, 2021

TBA 810 ഐ സി ആംപ്ലിഫയർ

 TBA 810 ഐ സി ആംപ്ലിഫയർ

 


 

ഒരു ആംപ്ലിഫയർ പണിഞ്ഞൊപ്പിക്കുക എന്നത് 1980 കളുടെ തുടക്കം വരെ ഒരു സാധാരണ ഇലക്ട്രോണിക്സ് ഹോബിയിസ്റ്റിനോ, എന്തിന് തഴക്കം വന്ന മെക്കാനിക്ക്കൾക്ക് പോലും ഒരു ഭഗീരഥപ്രയത്നമായിരുന്നു.
ഇന്നത്തെപ്പോലെ ഇലക്ട്രോണിക്സ് അസംബിൾഡ് ബോർഡുകൾ അക്കാലത്ത് ഷോപ്പുകളിൽ കിട്ടാനേ ഇല്ല.
ജീവിച്ച് കിട്ടിയാൽ കിട്ടി.. ഇല്ലെങ്കിൽ ചത്തു എന്ന കണക്കിന് ചക്കിപൂച്ചക്ക് കുട്ടികൾ ഉണ്ടാകുന്നത് പോലെ ചറപറാ അസംബിൾഡ് ബോർഡുകൾ ഉണ്ടാക്കി ഇറക്കുന്നവർ അക്കാലങ്ങളിൽ തീരെയില്ലായിരുന്നു.
സ്വന്തമായി PCB നിർമ്മിക്കുക എന്നത് അന്ന് കേട്ട് കേഴ്‌വി പോലും ഇല്ലാത്ത കാലം.. 2N 3055,2N 3773 എന്നിങ്ങനെ നമ്പറുകൾ ഭട്ടൻമാരുടെ കുറി പോലെ വലിപ്പത്തിൽ നെറ്റിയിൽ ഒട്ടിച്ച വലിയ അമ്മാവൻ ട്രാൻസിസ്റ്ററുകളാണ് ആംപ്ലിഫയറുകളിലെ അന്നത്തെ താരങ്ങൾ..
ഈ പെരുവയറൻ ട്രാൻസിസ്റ്ററുകളെ മെരുക്കി ഒരു ആംപ്ലിഫയർ ഉണ്ടാക്കി പാടിക്കുക എന്നത് അന്നത്തെ അലൂമിനിയം കമ്പി സോൾഡറിങ്ങ് ലെഡാണെന്ന് കരുതാൻ തക്ക വിവരം മാത്രമുള്ള സാധാരണ ഇലക്ട്രോണിക്സ് ഹോബിയിസ്റ്റുകളുടെ പിടിയിലൊതുങ്ങുന്ന കാര്യമായിരുന്നില്ല.
അലൂമിനിയം കമ്പി ലെഡ് ആണെന്ന് കരുതുക.. ഇവിടെ ഡെൽഹി റേഡിയോ കുറച്ച് അതിഭാവുകത്വം കലർത്തിയില്ലേ എന്ന് നിങ്ങൾക്ക് സംശയം തോന്നാം.
തോന്നണ്ട 1980 കളിലെ അവസ്ഥ അതായിരുന്നു. നാട്ടിലുള്ള റേഡിയോ മെക്കാനിക്കുകൾക്ക് ഹോബി, കീബി എന്ന് പറഞ്ഞ് നടക്കുന്ന പിള്ളാരെ കണ്ണെടുത്താൽ കണ്ടൂട... അവരുടെ കടയുടെ പരിസരത്തെങ്ങാനും ചെന്ന് എത്തി നോക്കിയാൽ നാട്ട് ഭാഷയിലെ സംസ്കൃത പദങ്ങൾ ഉപയോഗിച്ച് ബഹുമാനിച്ച് ഓട്ടിക്കും...
വായിച്ച് മനസിലാക്കാൻ മാതൃഭാഷയിൽ പുസ്തകങ്ങൾ ഇല്ല. ഇംഗ്ലീഷ് പുസ്തകങ്ങൾ കിട്ടണമെങ്കിൽ കൊച്ചി, തിരുവനന്തപുരം പോലുള്ള മഹാനഗരങ്ങളിൽ പോകണം. അത് കിട്ടിയാലും വായിച്ചാൽ മനസിലാകണമെന്നില്ല.ഇൻ്റർനെറ്റ്, കംപ്യൂട്ടർ എന്നിവയൊന്നും സ്വപ്നങ്ങളിൽ പോലുമില്ല. സംശയങ്ങൾ ചോദിക്കാൻ ആരുമില്ല. അവസ്ഥ!.
പത്രങ്ങളിലെ ക്ലാസിഫൈഡ് പരസ്യങ്ങളിൽ ഒരു ചെറിയ പരസ്യം വന്ന് തുടങ്ങി.. TBA 810 IC വച്ചുള്ള ആംപ്ലിഫയറി ൻ്റെ ഹോബി കിറ്റ് വേണ്ടവർ 28 രൂപ വിഷ ഇലക്ട്രോണിക്സ് ലാമിംഗ്ടൺ റോഡ് ബോബെയിലേക്ക് മണി ഓർഡർ അയക്കുക .
പലരും കാശ് അയച്ചു. അയച്ചവർക്ക് ബോംബെയിൽ നിന്നും പോസ്റ്റാഫീസ് വഴി ഒരു ചെറിയ പാക്കറ്റ് വന്നു.
അത് തുറന്ന് നോക്കിയവർ അത്ഭുതപ്പെട്ടു. നാലഞ്ച് റസിസ്റ്റൻസുകളും, ഏതാനും കപ്പാസിറ്ററുകളും ഒപ്പം ഇത് വരെ കണ്ടിട്ടില്ലാത്ത ഒരത്ഭുത വസ്തുവും..
പറക്കാൻ ഒരുങ്ങുന്ന പരുന്ത് ചിറക് വിടർത്തിയിരിക്കുന്നത് പോലെ രണ്ട് ചിറകുകളുമായി എട്ട് കാലി പോലെ കറുത്ത ഒരു ചെറിയ സാധനം .... അവനാണ് TBA 810.
ഒപ്പം അസംബ്ലിങ്ങ് നിർദ്ദേശങ്ങൾ അച്ചടിച്ച നോട്ടീസ് ഉണ്ട്.കൂടാതെ കിറ്റിൽ ഒപ്പം കിട്ടിയ PCB യിൽ എല്ലാ പാർട്സുകളും ഇടേണ്ട സ്ഥലം മാർക്ക് ചെയ്തിട്ടുണ്ട്.
കിറ്റ് കിട്ടിയവർ അസംബിൾ ചെയ്തു ... ബാറ്ററി കണക്ഷൻ കൊടുത്തു.. ആശ്ചര്യം..അത് പാടുന്നു.. തുടക്കക്കാരനാണ് അസംബിൾ ചെയ്തത് എന്ന അവഗണനയൊന്നും അവൻ നമ്മളോട് കാണിക്കുന്നില്ല.
സാധാരണ എന്ത് ഉണ്ടാക്കാൻ നോക്കിയാലും ആദ്യ തവണ അത് ശരിയാകാറില്ല അതാണ് അത്ഭുതം വരാൻ കാരണം.
ഹോബിയിസ്റ്റുകളായ പീറപ്പിള്ളാര് ആംപ്ലിഫയറുകൾ ഉണ്ടാക്കിത്തുടങ്ങിയ കാര്യം റേഡിയോ മെക്കാനിക്കുകൾ അറിഞ്ഞു. അവരും അവർ പാർട്സുകൾ വാങ്ങുന്ന കടകളിൽ ഇതിനെപ്പറ്റി തിരക്കി.. എല്ലാ കടക്കാരും ഹോബി കിറ്റുകൾ സ്റ്റോക്ക് ചെയ്ത് തുടങ്ങി.. പതിയെപ്പതിയെ കേരളത്തിലെ ഇലക്ട്രോണിക്സ് രംഗം ചൂട് പിടിച്ചു. 1984 ൽ കോട്ടയത്ത് നിന്നും ഇലക്ട്രോണിക്സ് എവരിബഡി എന്ന മാസിക ഇറങ്ങിത്തുടങ്ങി.. അതിൽ ഈ IC വച്ചുള്ള ധാരാളം സർക്യൂട്ടുകൾ വന്നു. ഇതോടെ ഈ IC വളരെ പോപ്പുലറായി..
കണ്ണുമടച്ച് അസംബിൾ ചെയ്താലും പാടും എന്നതായി സ്ഥിതി. ഇലക്ട്രോണിക്സിലെ തുടക്കം നന്നായതോടെ പലരും ഈ രംഗത്ത് കാലുറപ്പിച്ചു..
6 മുതൽ 16 വരെയുള്ള ഏത് വോൾട്ടേജിലും പാടും, കയ്യിലുള്ള സ്പീക്കർ 4 ഓംസോ... 8 ഓംസോ ആകട്ടെ ഈ ।Cക്ക് അതൊന്നും പ്രശ്നമില്ല അവൻ പാടും!..
6 വോൾട്ട് കൊടുത്താൽ 1 watt കിട്ടും 16 വോൾട്ട് കൊടുത്താൽ 7 വാട്ട്സും. അന്നത്തെ താരമായ വാക്ക്മാൻ കാസറ്റ് പ്ലെയറിനൊപ്പം ആംപ്ലിഫയറായി ധാരാളമായി ഉപയോഗിച്ച് വന്നിരുന്നു., എന്തിന് ഡെൽഹി റേഡിയോയുടെ ഔട്ട്പുട്ട് സ്റ്റേജിൽ പോലും ഇവൻ എത്തി.
ക്ലാസ് AB ഗണത്തിൽ പെട്ട ഇവൻ്റെ ശബ്ദ സൗകുമാര്യം ഇവനിലൂടെ പാട്ട് കേട്ട ആരും മറക്കാനിടയില്ല.
ആദ്യമായി പുറത്തിറക്കിയ ഹൈപവർ ഓഡിയോ ഐസിയാണ് TBA 810.
"ഏഴ് വാട്ട്സ്"....... അത് അക്കാലത്ത് ഒരു ഒന്നൊന്നര വാട്സ് തന്നെയായിരുന്നു. ഓവർ ഗെയിനുണ്ടായിരുന്ന ഇവന് അടുത്തുള്ള മീഡിയം വേവ് റേഡിയോ സ്റ്റേഷൻ യാതൊരു അഡീഷണൽ പാർട്സുകളും ഇല്ലാതെ ചാടിപ്പിടിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.
ഇന്ത്യയിൽ BEL കമ്പനി ഈ IC നിർമ്മിച്ചിരുന്നു. ഹിറ്റാച്ചി, ST, തോഷിബ തുടങ്ങിയ കമ്പനികളുടെ IC കൾ 6 രൂപക്ക് ലഭിച്ചിരുന്നപ്പോൾ BEL 810 ന് 12രൂപയായിരുന്നു വില.അതിന് തക്ക ക്വാളിറ്റിയും BEL 810 ന് ഉണ്ടായിരുന്നു.
കാലം കടന്ന് പോകവേ
7 വാട്ട്സ് എന്നതെല്ലാം പിള്ളാർക്ക് പോലും വേണ്ടാത്ത തരത്തിൽ 30 വാട്ടിൻ്റെ TDA 2030, 50 വാട്ടിൻ്റെ TDA 2050.. 40 + 40 വാട്ടിൻ്റെ 4440 തുടങ്ങിയ ഐസികൾ കളത്തിലിറങ്ങിയതോടെ വിപണി നഷ്ടപ്പെട്ട TBA 810
ഗതകാല സ്മരണകൾ അയവിറക്കി പഴയ ഹോബി സർക്യൂട്ടു പുസ്തകങ്ങളിൽ പടമായി ഇരിക്കുന്നു.
ഇപ്പോഴും ഏകദേശം 50-60 രൂപാ റേഞ്ചിൽ TBA 810 അവിടവിടെയായി ലഭിക്കുന്നുണ്ട് എന്നറിയുന്നു. പഴയ കാല നിർമ്മിതി തന്നെയാകും..

No comments:

Post a Comment