AC 128 ജർമ്മേനിയം ട്രാൻസിസ്റ്റർ
AC 128 PNP ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ 1980 മുതൽ 1995 വരെയുള്ള കാലങ്ങളിൽ ഇറങ്ങിയിരുന്ന ഡെൽഹി റേഡിയോകളുടെ ഓഡിയോ ആംപ്ലിഫയർ സ്റ്റേജിലെ നെടുനായകത്വം വഹിച്ചിരുന്ന പുള്ളിക്കാരനായിരുന്നു.
പുള്ളിക്കാരൻ എന്ന് ആലങ്കാരികമായി പറഞ്ഞതല്ല. ഈ മെറ്റൽ ക്യാൻ ട്രാൻസിസ്റ്ററുകളുടെ കളക്റ്റർ തിരിച്ചറിയാനായി ബോഡിയിൽ ഒരു ബ്ലാക്ക് അല്ലെങ്കിൽ റെഡ് സ്പോട്ട് ( പുള്ളി) കമ്പനിക്കാർ മുദ്രണം ചെയ്തിരുന്നു.
നീളമുള്ള മൂന്ന് കാലുകളോടെ അലുമിനിയം ക്യാൻ പാക്കിങ്ങിൽ ലഭിച്ചിരുന്ന സുന്ദരനായിരുന്നു ഇവൻ.
ചതുരൻ അലൂമിനിയം ഹീറ്റ് സിങ്ക് ഉടുപ്പിട്ട ആഡ്യൻമാർ ഫിലിപ്സ് ,മർഫി ,ബുഷ് പോലുള്ള ട്രാൻസിസ്റ്റർ സെറ്റുകൾക്കുള്ളിൽ പോഷ് ജീവിതം നയിച്ചിരുന്നപ്പോൾ.. സാധാരണ തകര ഹീറ്റ് സിങ്കിൽ പൊതിഞ്ഞ സാധുക്കൾ ഡെൽഹി റേഡിയോകളിൽ തൊള്ള തുറന്ന് പാടിക്കൊണ്ടിരുന്നു.
സിലിക്കോൺ ട്രാൻസിസ്റ്ററുകൾക്ക് ബേസിൽ കൊടുക്കുന്ന ബയാസിങ്ങ് വോൾട്ടേജ് 0.6 ഉണ്ടെങ്കിലേ സ്വിച്ചിങ്ങ് നടക്കുകയുള്ളൂ.. എന്നാലോ ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ 0.25 വോൾട്ട് ബേസിൽ കിട്ടിയാൽ അടിപൊളിയായി സ്വിച്ചിങ്ങ് നടക്കും. തൻമൂലം ലോ വോൾട്ടേജ് ബാറ്ററി ഓപ്പറേറ്റഡ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നവർ ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് 1980കളിൽ ധാരാളമായി കോമൺ എമിറ്റർ ട്രാൻസിസ്റ്റർ റേഡിയോ ഡിസൈനുകൾ ചെയ്തിരുന്നു.
ഒരു ഗുണത്തിന് ഒരു ദോഷവുമുണ്ടെന്ന് പഴമക്കാർ പറയുന്നത് അന്വർത്ഥമാക്കി ജർമ്മേനിയം ട്രാൻസിസ്റ്ററുകൾ.
AC 128 ൻ്റെ പ്രധാന ദോഷം ലീക്കേജ് കറണ്ടായിരുന്നു. സ്വിച്ചിങ്ങിന് 0.25 വോൾട്ട് മതിയെന്നതിനാൽ ബേസിൽ കറണ്ടിൻ്റെ മണമടിച്ചാൽ ഇവൻ കണ്ടക്റ്റ് ചെയ്യാൻ ആരംഭിക്കും. അതിന് ബേസിൽ സിഗ്നൽ തന്നെ കിട്ടണമെന്ന് നിർബന്ധമൊന്നുമില്ല. PCB യിലൂടെ ഇൻഡക്ഷൻ മൂലം വല്ല പൊട്ടോ, പൊടിയോ വോൾട്ടേജ് കിട്ടിയാൽ മതി അവൻ കണ്ടക്റ്റ് ചെയ്യും, കളക്റ്റർ-എമിറ്റർ കറണ്ടൊഴുകും.
ഇതു മൂലം ഔട്ട്പുട്ടിൽ ( സ്പീക്കറിൽ) അനാവശ്യമായ നോയിസും, ഇരപ്പും കയറി വരും, ട്രാൻസിസ്റ്ററുകൾ ചൂടാകും, ബാറ്ററി വെറുതേ പാഴാകും.
AC 128 ൻ്റെ ഈ ബയാസിങ്ങ് തകരാറുകൾ ഒരു പരിധിവരെ ഒഴിവാക്കുവാനായി പരമാവധി മാച്ച് ചെയ്യുന്ന രണ്ട് ട്രാൻസിസ്റ്ററുകൾ ഒരു പാക്കറ്റിലാക്കി മാച്ച്ഡ് പെയറുകൾ എന്ന പേരിൽ വിപണിയിൽ ലഭിച്ചിരുന്നു.
ഫിലിപ്സ്, മർഫി, നെൽകോ, ബുഷ് പോലുള്ള കമ്പനി സെറ്റുകളിൽ ഒരു ഔട്ട് പുട്ട് ട്രാൻസിസ്റ്ററിന് ലീക്കേജായി അത് മാറ്റുകയാണെങ്കിൽ ഉടൻ വീണ്ടും പോകും. മാറുകയാണെങ്കിൽ ഔട്ട്പുട്ട് ട്രാൻസിസ്റ്ററുകൾ രണ്ടും ഒരുമിച്ച് മാറ്റണം.
ഒരു AC 128 ന് 1990 കളിൽ 4 രൂപയായിരുന്നു വില.അന്ന് മാച്ച്ഡ് പെയർ പാക്കറ്റിന് 16 രൂപ വില വന്നിരുന്നു.
1990കളോടെ അസംസ്കൃത പദാർത്ഥമായ ജെർമ്മേനിയത്തിൻ്റെ വില കൂടുതൽ നിമിത്തം AC 128 ട്രാൻസിസ്റ്ററുകളുടെ വില കൂടി കൂടി വന്നു. 80കളിൽ 1 രൂപ 30 പൈസ വില നിന്നിരുന്ന ഇവന് 90 കളോടെ 4 രൂപക്ക് മേൽ വില വന്നു.
ഇതോടെ പ്ലാസ്റ്റിക് പാക്കേജിൽ വരുന്ന വില കുറഞ്ഞ ,ശബ്ദ ഗുണം ഇല്ലാത്ത സിലിക്കോൺ ഇക്വുവലൻ്റുകൾ രംഗം കയ്യടക്കി.
പതിയെ പതിയെ ഏകദേശം 1995 ഓടെ ഇന്ത്യയിലെ ഇവൻ്റെ നിർമ്മാതാക്കളായ ബാംഗ്ളൂരിലെ BEL കമ്പനി (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) വിപണിയിൽ ആവശ്യക്കാരില്ലാത്തത് മൂലം AC 128 ൻ്റെ പ്രൊഡക്ഷൻ നിറുത്തി.
ട്രാൻസിസ്റ്റർ റേഡിയോകളിൽ ഔട്ട്പുട്ട് സെക്ഷനിൽ രാജപദവിയിൽ വിരാജിച്ചിരുന്ന AC 128 ട്രാൻസിസ്റ്ററുകൾ അങ്ങനെ കളമൊഴിഞ്ഞു.
ഇന്നും വിൻ്റെജ് റേഡിയോ കൾക്ക് ജീവൻ കൊടുക്കുന്നവർ AC 128 ന് ആവശ്യക്കാരായി ഉണ്ട്.ഇതിനാൽ സെക്കൻസ് മാർക്കറ്റിൽ ഒരു വർക്കിങ്ങ് കണ്ടീഷൻ AC 128 ന് 250 രൂപ വരെ നൽകാൻ ആളുണ്ട്.
ഇനിയും അധികം ഇവനെക്കുറിച്ച് പറയാനുണ്ടെങ്കിലും അത് മറ്റൊരവസരത്തിലേക്ക് മാറ്റി വാക്കുകൾ ചുരുക്കുന്നു.
No comments:
Post a Comment