ഒരു IFT കഥ
അപ്പുക്കുട്ടൻ അന്ന് വളരെ സന്തോഷവാനായാണ് സ്കൂൾ വിട്ട് വീട്ടിലേക്ക് ഓടിയത്. അനിയനും, അനിയത്തിയും പുറകേ ഓടിയെങ്കിലും അപ്പുക്കുട്ടൻ അവരെയെല്ലാം വെട്ടിച്ച് ആദ്യം വീട്ടിലെത്തി.
അന്നാണ് ഇൻസ്റ്റാൾമെൻ്റ് കാരൻ റേഡിയോ കൊണ്ട് വന്ന് തരുമെന്ന് പറഞ്ഞദിവസം. അതാണ് അപ്പുക്കുട്ടൻ്റെ ഈ പരാക്രമത്തിന് കാരണം.
അവൻ വീട്ടിലെത്തി എല്ലായിടവും പരതി എങ്ങും പുതിയ റേഡിയോ കാണാനില്ല... അമ്മേ...അമ്മേ അവൻ ഉറക്കെ വിളിച്ചു. അമ്മയേം കാണാനില്ല.
എന്താടാ കിടന്ന് കാറി കൂവുന്നത് നിൻ്റെ ആരെങ്കിലും ചത്തോ?
അതാ അമ്മ വരുന്നുണ്ട്, ചന്തയിൽ പോയിട്ട് വരുന്ന വഴിയാണ്.തലയിൽ ഒരു കുട്ടയുണ്ട്, കൂടാതെ കയ്യിൽ ആടിന് കൊടുക്കാൻ എവിടെ നിന്നോ സംഘടിപ്പിച്ച പ്ലാവിലക്കൊമ്പുമുണ്ട്.
അമ്മ കുട്ട അരമതിലിൽ ഇറക്കിവച്ചു.
പിള്ളാരെന്തിയേടാ ?
അവര് വരുന്നുണ്ട്.. അമ്മേ ഇൻസ്റ്റാൾമെൻ്റ് ചേട്ടൻ റേഡിയോ കൊണ്ടു വന്നില്ലേ?
ഇന്നാ നിൻ്റെ റേഡിയോ...
വീട്ടിൽ പട്ടിണിയാണെങ്കിലും റേഡിയോ കേൾക്കാതെ എൻ്റെ മോൻ അയൽവക്കം തോറും പാട്ട് കേൾക്കാൻ തെണ്ടി നടന്ന് അവരുടെ ആട്ടും തുപ്പും ഇനി കേൾക്കണ്ട.
അമ്മിണിയമ്മ കുട്ടയിൽ നിന്ന് ഒരു റേഡിയോ എടുത്ത് മകൻ്റെ കയ്യിൽ കൊടുത്തു.
വീട്ടിൽ ആദ്യമായി വാങ്ങിയ പുത്തൻ നെൽകോ ബുള്ളറ്റ് റേഡിയോ ! ഒരു കറു കറുത്ത സുന്ദരൻ ....
അപ്പുക്കുട്ടൻ സന്തോഷം കൊണ്ട് മതിമറന്നു.. അവൻ അമ്മയുടെ കുട്ടയിൽ നിന്ന് ബാറ്ററി എടുത്ത് റേഡിയോ തുറന്ന് അതിലിട്ടു. ഓൺ ചെയ്തു.ഇരപ്പ് മാത്രം അഞ്ചരയാകണം ആലപ്പുഴ സ്റ്റേഷൻ തുറക്കണമെങ്കിൽ..
പുറകിലെ ബാൻഡ് സ്വിച്ച് നീക്കി മുന്നിലെ ട്യൂണിങ്ങ് ബട്ടൺ തിരിച്ച് അവൻ സിലോൺ റേഡിയോ കിട്ടുമോയെന്ന് നോക്കി.
ഇത് ശ്രീലങ്കൻ വാനൊലി കൂട്ട് സ്ഥാപനം ... ഇപ്പോൾ കൊഞ്ചം മലയാളം പാടൽകൾ കേൾക്കാം മുതൽ മുറയായി അങ്കാടി എൻ്റ തിരൈപ്പടത്തിൽ കേ ജേ ജേശുദാസ് പാടിയ പാടൽകൾ.... തമിഴ് കലർന്ന മലയാളത്തിൽ അനൗൺസർ വച്ച് കാച്ചുന്നുണ്ട്..
നല്ല അടിപൊളിയായി ഷോർട്ട് വേവ് സ്റ്റേഷനുകൾ കിട്ടുന്നുണ്ട്.
അങ്ങനെ അപ്പുക്കുട്ടൻ്റെ ജീവിതം ആ നെൽകോ ബുള്ളറ്റ് റേഡിയോയ്ക്കൊപ്പം കറങ്ങിക്കൊണ്ടിരുന്നപ്പോൾ മഴക്കാലമെത്തി..
ഇടിയും തോരാമഴയും... അന്തരീക്ഷമാകെ മൂടിക്കെട്ടി നിൽക്കുന്നു.
രാവിലെ പ്രാദേശിക വാർത്തകൾ കേൾക്കാൻ റേഡിയോ തുറന്ന അപ്പുക്കുട്ടൻ സ്തബ്ദനായി റേഡിയോ ഒന്നും മിണ്ടുന്നില്ല.
ബാറ്ററി തീർന്നതാണോ?
ഹേയ് ആകില്ല കഴിഞ്ഞ ആഴ്ചയല്ലേ കശുവണ്ടി പെറുക്കി വിറ്റ കാശിന് 4 പുതിയ നൊവീനോ ബാറ്ററികൾ വാങ്ങിയിട്ടത് .. അവൻ റേഡിയോ തിരിച്ചും മറിച്ചും നോക്കി. ബാറ്ററി ഊരി വീണ്ടും ഇട്ടു നോക്കി ,തട്ടിയും മുട്ടിയും കുലുക്കിയും നോക്കി ..ഒരു രക്ഷയുമില്ല റേഡിയോ മിണ്ടുന്നില്ല.
അവൻ പേടിച്ച് പേടിച്ച് അമ്മയുടെ അടുത്തെത്തി പറഞ്ഞു. അമ്മേ റേഡിയോ മിണ്ടുന്നില്ല.
കാലമാടൻ അതും നശിപ്പിച്ചു.കോഴിയെ വളർത്തിയും മൊട്ട വിറ്റും ഇൻസ്റ്റാൾമെൻ്റ് കാരന് ആഴ്ചയിൽ 5 രൂപ വീതം കൊടുത്ത് ആറ്റ് നോറ്റ് വാങ്ങിച്ച റേഡിയോയാണ്.
നീ തന്നെ അത് ശരിയാക്കി കൊണ്ട് വാ .. പണ്ടാരക്കാലാ അമ്മ അപ്പുക്കുട്ടനെ ചീത്ത പറഞ്ഞ് ഓടിച്ചു
ശനിയാഴ്ചയാണ് സ്കൂളില്ല. അവൻ പതിയെ നാട്ടിലെ റേഡിയോ നന്നാക്കുന്ന മോഹനൻ ചേട്ടൻ്റെ വീട് ലക്ഷ്യമാക്കി നടന്നു. അവൻ്റെ ക്ലാസിൽ പഠിക്കുന്ന മുരളിയുടെ അച്ഛനാണ് 'മോഹനൻ.
ടൗണിൽ റേഡിയോ റിപ്പയറിങ്ങ് കടയുണ്ട് മോഹനനന്. അവൻ സമയം വൈകാതെ മുരളിയുടെ വീട്ടിലെത്തി. മോഹനൻ ചേട്ടൻ പല്ല് തേച്ച് കൊണ്ട് പറമ്പിൽ നിൽക്കുന്നുണ്ട്.
അവൻ കാര്യം പറഞ്ഞു.മോഹനൻ ചേട്ടാ റേഡിയോ മിണ്ടുന്നില്ല. ഇന്നലെ രാത്രി വരെ പാടി രാവിലെ ഓൺ ചെയ്തപ്പോൾ ഒരനക്കവുമില്ല.
എടാ അതിൻ്റെ IFT വീക്കായി പോയി മാറ്റിയിടാൻ 50 രൂപയാകും.. നീ റേഡിയോയും കാശും കൊണ്ടുവാ ഞാൻ നന്നാക്കിത്തരാം.
ഒരു വെള്ളിടി വെട്ടിയ പോലെ തോന്നി അപ്പുക്കുട്ടന് അമ്മയ്ക്ക് രാവിലെ മുതൽ വൈകിട്ട് വരെ പാടത്ത് പണിയെടുത്താൽ 15 രൂപയേ കൂലികിട്ടുകയുള്ളൂ.
സ്കൂളിലെ ഫീസ് 2 രൂപ കൊടുക്കാനില്ലാഞ്ഞിട്ട് മാഷ് രണ്ട് ദിവസം പുറത്ത് നിറുത്തി
കശുവണ്ടിയുടെ കാലം കഴിഞ്ഞതിനാൽ അത് പെറുക്കി വിറ്റ് കാശുണ്ടാക്കാനും പറ്റില്ല .. ഇനി കാട്ടിൽ ഈറ്റവെട്ടാൻ പോയിരിക്കുന്ന അച്ഛൻ്റെ മണിയോർഡർ വരണം .. അതെന്ന് വന്നിട്ടാണോ ആവോ?
അപ്പുക്കുട്ടൻ വിഷമിച്ച് നടന്ന് വരവേ ടെലിഫോൺസിൽ ജോലി ചെയ്യുന്ന രാഘവൻ ചേട്ടൻ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് സൈക്കിളുമുന്തി നടന്ന് വരുന്നു.
എന്താ അപ്പുക്കുട്ടാ മുഖത്തൊരു വിഷമം ...
രാഘവൻ ചേട്ടൻ ചോദിച്ചു. അവൻ കാര്യങ്ങളൊക്കെ പറഞ്ഞു. ഇതാണോ പ്രശ്നം നീ റേഡിയോ അടുപ്പിൻ്റടുത്ത് കൊണ്ടുപോയി കുറച്ച് നേരം വയ്ക്കടാ .. അതിൻ്റെ കോയിലും, IFTയുമൊക്കെ തണുപ്പടിച്ചിട്ടാണ് അത് പാടാത്തത്..
അവൻ വീട്ടിലേക്കോടി റേഡിയോ എടുത്ത് കത്തുന്ന അടുപ്പിന് സമീപം ചൂട് കിട്ടുന്ന സ്ഥലത്ത് വച്ചു.
പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞില്ല അതാ റേഡിയോയിൽ നിന്നൊരു കരകരപ്പ് പതിയെ റേഡിയോ പാടിത്തുടങ്ങി.
അപ്പുക്കുട്ടന് അത്ഭുതമായി ചൂട് കിട്ടിയാൽ എങ്ങനെ റേഡിയോ പാടും ?
അവന് ഇരിക്കപ്പൊറുതിയുണ്ടായില്ല രാഘവൻ ചേട്ടൻ്റെ വീട്ടിലേക്കോടി.. രാഘവൻ ചേട്ടൻ ചായ കുടിയൊക്കെ കഴിഞ്ഞ് പത്രപാരായണത്തിലാണ്.
എന്താ അപ്പുക്കുട്ടാ റേഡിയോ പാടിയില്ലേ?
പാടി... പാടി.. പക്ഷേ ചേട്ടാ ഒരു സംശയം ചൂട് കിട്ടിയപ്പോൾ എങ്ങനെയാ റേഡിയോ പാടിയത്?
നീ വാ കാണിച്ച് തരാം. രാഘവൻ അപ്പുക്കുട്ടനെയും വിളിച്ച് ചായ്പ് മുറിയിലേക്ക് കയറി.
അവിടെ മേശപ്പുറത്തതാ നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അഴിച്ച് പറിച്ചിട്ടിരിക്കുന്നു.
അതിൽ നിന്ന് തുറന്ന് കിടന്ന ഒരു റേഡിയോ രാഘവൻ എടുത്തു. അപ്പൂ ഇതാണ് ഓസിലേറ്റർ കോയിൽ, ഈ കാണുന്ന ഒരു പോലെയുള്ള 3 ചതുരക്കട്ടകൾ കണ്ടോ? ഇതാണ് IFTകൾ ഇതിൻ്റെ അടിയിൽ ഒരു കപ്പാസിറ്റർ ഉണ്ടാകും അന്തരീക്ഷത്തിൽ ഹ്യൂമിഡിറ്റി കൂടിയ കേരളത്തിലെ പ്പോലുള്ള കാലാവസ്ഥയിൽ തണുപ്പടിച്ചാൽ ഈ IFT യിലും ഓസിലേറ്റർ കോയിലിലും ചുറ്റിയിട്ടുള്ള ചെമ്പ് കമ്പിയിലും, സിറാമിക് കപ്പാസിറ്ററുകളിലും ഈർപ്പം പിടിക്കും... ഈർപ്പം പിടിച്ചാൽ ശരിയായ വിധത്തിൽ കറണ്ട് അതിലൂടെ ഒഴുകില്ല. അങ്ങനെ വന്നാൽ റേഡിയോ പാടില്ല.
ചിലപ്പോൾ ഇങ്ങനെ തണുത്ത് ഷോർട്ടാകുന്ന IFTയും കോയിലും ചൂടാക്കിയാലും ശരിയാകില്ല. അപ്പോൾ അത് മാറ്റേണ്ടി വരും..
മിക്കവരും റേഡിയോ തുറന്നാൽ ആദ്യം ശ്രദ്ധിക്കുന്നത് ഈ ചതുരക്കട്ട പോലിരിക്കുന്ന IFT യിലാണ്. അതിൻ്റെ മുകളിലാണെങ്കിൽ ആർക്കാണെങ്കിലും ഒന്ന് തിരിച്ച് നോക്കാൻ തോന്നുന്ന വിധം വെള്ള,മഞ്ഞ, പച്ച നിറങ്ങളിൽ സ്ക്രൂ പോലുള്ള ഒരു ഭാഗവുമുണ്ട്.
വല്ല കുടക്കമ്പിയോ ടെസ്റ്ററോ ഇട്ട് തിരിച്ച് അവനെ താറ്മാറാക്കിയായിരിക്കും മിക്കവരും റേഡിയോ നന്നാക്കാൻ കൊണ്ടുവരുന്നത്.
ഈ IFT കാരണമാണ് റേഡിയോ റിപ്പയിറിങ്ങ് കാര് കഞ്ഞി കുടിച്ച് ജീവിക്കുന്നതെന്ന് വേണമെങ്കിൽ പറയാം.
നിൻ്റെ റേഡിയോ ചൂടായപ്പോൾ പാടിയില്ലേ .. ഭാഗ്യമായി.. ഇനി അവനെ രാത്രിയിൽ തണുപ്പടിക്കാതെ വല്ല കടലാസിലും പൊതിഞ്ഞ് കാർഡ് ബോർഡ് പെട്ടിയിൽ സൂക്ഷിച്ച് വയ്ക്കണം
ശരി ചേട്ടായീ എനിക്കും ഈ റേഡിയോ റിപ്പയറിങ്ങ് പഠിക്കണമെന്നുണ്ട്.
നീ സമയം കിട്ടുമ്പോൾ ഇങ്ങോട്ട് പോര് നമുക്ക് എല്ലാം പഠിക്കാമെടാ..
ചാരു കസാലയിൽ കിടന്ന് ഒന്ന് മയങ്ങിയ അപ്പുക്കുട്ടൻ പെട്ടെന്ന് ഞെട്ടിയുണർന്നു. കയ്യിൽ കെട്ടിയ സ്മാർട്ട് വാച്ചിൽ നോക്കി 2021 നവംബർ 19 വൈകിട്ട് 5 മണി.. ഓ ഇന്ന് ഓഫ് ഡേ ആണല്ലോ എങ്ങും പോകേണ്ടതില്ല അദ്ദേഹം വീണ്ടും മയക്കത്തിലേക്ക് വീണു.
80 കളിൽ രാഘവൻ ചേട്ടൻ്റെ വീട്ടിൽ റേഡിയോ റിപ്പയറിങ്ങിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ച അപ്പുക്കുട്ടൻ ഇന്ന് ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ചീഫ് മെക്കാനിക്കാണ്.
റിട്ടയർമെൻ്റിനോടടുക്കുന്ന അദ്ദേഹത്തിൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞ് നിൽക്കുന്നത് കാണാം പഴയ കാല ഓർമ്മകളായിരിക്കാം ആ പുഞ്ചിരി വിരിയിച്ചത്.
No comments:
Post a Comment