PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Friday, November 17, 2023

കാപ്പി ഗുളിക

 കാപ്പി ഗുളിക

 അജിത് കളമശേരി


 

ഒരു 30 കൊല്ലം മുൻപ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തട്ട് മുട്ട് പണികളുമായി ഞാൻ നടന്നിരുന്ന സമയത്ത് ഒരു നാൾ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ ഒന്ന് പോയി.. ഇലക്ട്രോണിക്സ് ഫോർ യു എന്ന ഇലക്ട്രോണിക്സ് മാഗസിൻ ഒരു വിശേഷാൽ പതിപ്പ് ഇറക്കി അത് ലോക്കൽ വിപണിയിൽ ഒന്നും ലഭ്യമായിരുന്നില്ല.. വിതരണക്കാരായ പൈകോയിൽ എത്തി വിവരം തിരക്കിയപ്പോൾ പുസ്തകം റയിൽവേ സ്റ്റേഷനിലെ ഹിഗിൻബോതംസ് ബുക്ക്സ്റ്റാളിൽ കുറച്ച് കോപ്പി ഉണ്ടെന്നറിഞ്ഞു.
അവിടെ എത്തി പുസ്തകം വാങ്ങിക്കഴിഞ്ഞ് ചുറ്റും നോക്കിയപ്പോഴാണ് ബുക്ക് സ്റ്റാളിന് തൊട്ടടുത്തിരിക്കുന്ന ഒരു സവിശേഷ മെഷീൻ ശ്രദ്ധയിൽ പെട്ടത്.
ഒരു രൂപയുടെ രണ്ട് തുട്ട് ഇട്ടാൽ കോഫിയും, ഒരു തുട്ട് ഇട്ടാൽ ചായയും കിട്ടുന്ന ഒരു കുഞ്ഞൻ അലമാര ! അലമാരിയെന്ന് തോന്നാൻ കാരണം അതിൻ്റെ ഒരു വശത്തായി അലമാരി പോലെ ഒരു ഡോറും അതിൽ രണ്ട് കീസ്ലോട്ടുകളും ഉണ്ടെന്ന് കണ്ടതിനാലാണ്.
നെസ് ലേ യുടെ കോഫീ വെൻഡിങ്ങ് മെഷീനായിരുന്നു അത്. ആദ്യമായി കാണുന്ന ആ സംഭവം എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു.ഞാനാദ്യമായാണ് ഇത്തരമൊരു കാശിട്ടാൽ കാപ്പി കിട്ടുന്ന മെഷീൻ കാണുന്നത്. 3 രൂപ മുടക്കി ഒരു ചായയും, ഒരു കാപ്പിയും ഞാനും കുടിച്ച് നോക്കി.
ചായ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല... എന്നാൽ കാപ്പി സൂപ്പർ!
കാപ്പി കുടിച്ച് കഴിഞ്ഞ് കുറച്ച് നേരം അതിന് ചുറ്റിപ്പറ്റി ഞാൻ നിന്നു. എങ്ങനെയായിരിക്കും ഇതിൻ്റെ പ്രവർത്തനം ? അതറിയാതെ പിന്നെ സമാധാനമായി ഉറങ്ങാൻ കഴിയില്ല.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് മെഷീനിൻ്റെ ഒരു ഭാഗം താക്കോലിട്ട് തിരിച്ച് തുറന്നു. ഞാൻ അയാളുടെ തോളിന് മുകളിലൂടെ മെഷീനകത്തേത്ത് ഉളിഞ്ഞ് നോക്കി.
അകത്ത് വളഞ്ഞ് തിരിഞ്ഞ് പോകുന്ന ഏതാനും ചെറിയ പൈപ്പുകളും, വയറുകളും, ഹീറ്ററും,വെള്ളം വയ്ക്കുന്ന വലിയ ടാങ്കും, കാപ്പിപ്പൊടിയും,ചായക്കുള്ള ടീബാഗും ഇടുന്ന രണ്ട് മെറ്റൽ ബോക്സുകളും, പേപ്പർ കപ്പുകൾ ഇട്ട് വയ്ക്കുന്ന ഒരു മീറ്റർ നീളമുള്ള ഒരു ട്രാക്കും മാത്രം..
മറ്റൊരു സുതാര്യമായ പെട്ടിയിൽ ഒരു രൂപ നാണയം ഒരെണ്ണം ഇട്ടാൽ അതിൻ്റെ തൂക്കം തിരിച്ചറിഞ്ഞ് ചായയുടെ സ്വിച്ച് ഓണാക്കുന്നതും, രണ്ട് എണ്ണം ഇട്ടാൽ കാപ്പിയുടെ സ്വിച്ച് ഓണാക്കുന്ന മെക്കാനിസവും. അതിൻ്റെ ടെക്നോളജി ഇതിനോടകം ഞാൻ കണ്ട് മനസിലാക്കിയിരുന്നു.
അയാൾ കയ്യിൽ കരുതിയ ടിൻ തുറന്ന് കാപ്പിപ്പൊടി മെഷീനിൽ ഇട്ടു. മെഷീൻ അടച്ചു.
ചേട്ടാ പാലൊഴിക്കുന്നില്ലേ? ഞാൻ ചോദിച്ചു.
കയ്യിലിരുന്ന കാലിടിൻ എൻ്റെ കയ്യിലേക്ക് തന്ന് ആ നല്ല മനുഷ്യൻ പറഞ്ഞു ,എടാ കൊച്ചനേ ഇത് പാൽപ്പൊടിയും, പഞ്ചസാരയും, കാപ്പിപ്പൊടിയും ചേരുംപടി ചേർന്ന ഇൻസ്റ്റൻ്റ് കോഫീ പൗഡറാണ്.
ഈ മെഷീന് കാപ്പി ഉണ്ടാക്കാൻ ചൂടുവെള്ളം മാത്രം മതി! ഞാൻ ആ കാലിടിൻ തുറന്ന് നോക്കി അതിൻ്റെ ചുവട്ടിൽ കുറച്ച് പൗഡർ കിടക്കുന്നുണ്ട്.
വീട്ടിലെത്തി പരീക്ഷണം ആരംഭിച്ചു.അൽപ്പം പൊടിയെടുത്ത് ചൂടുവെള്ളത്തിൽ കലക്കി അതാ രുചികരമായ കാപ്പി തയ്യാർ.. കൊള്ളാമല്ലോ പരിപാടി!
എന്നിലെ സംരംഭകൻ ഉണർന്നു. അന്ന് വിപണിയിൽ സുലഭമായ അനിക്സ് പ്രേ എന്ന പാൽപ്പൊടിയും, നല്ല നാടൻ കാപ്പിപ്പൊടിയും, പഞ്ചസാരയും നന്നായി പൊടിച്ച് ഒന്നായി കലർത്തി ഇൻസ്റ്റൻ്റ് കാപ്പിപ്പൊടി ഉണ്ടാക്കാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു.
ഒന്ന് രണ്ട് ആഴ്ച എൻ്റെ ഹോം ലാബിൽ ( വീടിൻ്റെ ചായിപ്പ് ) നടത്തിയ പരീക്ഷണങ്ങളിലൂടെ എനിക്ക് രുചികരമെന്ന് തോന്നിയ ഒരു കാപ്പിക്കൂട്ടും, അതിൻ്റെ ഒരു ഗ്ലാസ് കാപ്പിക്കുള്ള അളവുംകണ്ട് പിടിച്ചു.
അന്നത്തെ മംഗളം വാരികയിലെ ജനപ്രീയ പംക്തിയായ വിധിയുടെ ബലിമൃഗങ്ങൾ അച്ചടിച്ചിരുന്ന കടലാസിൽ പൊതിഞ്ഞ് ഈ കാപ്പിക്കൂട്ട് പരിചയക്കാരുടെ വീടുകളിൽ ടെസ്റ്റ് മാർക്കറ്റിങ്ങ് നടത്തി.
ഒരു വീട്ടിലെ എക്സ് മിലിട്ടറി അപ്പൂപ്പൻ നല്ല ഒരു ഫീഡ്ബാക്ക് തന്നു.. പുള്ളി പണ്ട് ലോക മഹായുദ്ധകാലത്ത് പട്ടാളത്തിലായിരുന്നപ്പോൾ ഒരു ജ ലൂസിൽ ഗുളികയുടെ വലിപ്പമുള്ള കാപ്പിക്കട്ട അവർക്ക് റേഷനായി ലഭിച്ചിരുന്നു. ചൂടുവെള്ളത്തിൽ ഈ ഒരു കാപ്പി ഗുളിക ഇട്ടാൽ കാപ്പിറഡി.
കൊച്ചനേ നീ ഈ പൊടി ഒരു ഗുളിക പോലെ ഉണ്ടാക്കി വിൽക്ക്.. പിന്നെ പാൽ കാപ്പി വേണ്ട, അൽപ്പം ചുക്ക് കൂടി ചേർത്ത് ചുക്ക് കാപ്പി ഗുളിക ഉണ്ടാക്കി പനിക്കാര് കൂടുതൽ വരുന്ന വല്ല ആശുപത്രിയുടെ സമീപമുള്ള കടയിലും കൊടുത്ത് വിൽക്കാൻ നോക്ക്.
കാപ്പി അക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ഒരു ജനപ്രീയ പാനീയം ആയിരുന്നില്ല. അൽപ്പം സാമ്പത്തികം ഉള്ളവരേ അന്ന് പാൽകാപ്പി കുടിക്കാറുള്ളൂ..
ആ അപ്പൂപ്പൻ്റെ ഫീഡ്ബാക്ക് വളരെ മികച്ചതായിരുന്നു. ഞാൻ പുളിങ്കാതൽ സംഘടിപ്പിച്ച് അതിൽ സുഹൃത്തായ അശോകൻ്റെ പിതാവ് ബാലകൃഷ്ണപ്പണിക്കൻ്റെ സാങ്കേതിക സഹായത്തോടെ ജലൂസിൽ വലിപ്പത്തിൽ തുളകൾ ഡ്രില്ല് ചെയ്ത് ,ഈ തുളകളിൽ എൻ്റെ കാപ്പിപ്പൊടി നിറച്ച് കൊട്ടുവടി കൊണ്ട് അടിച്ച് വളരെ എളുപ്പം ഗുളിക ഷേപ്പിലാക്കി. നല്ല ഉറപ്പും, ഭംഗിയുള്ള ചുക്ക് കാപ്പി ഗുളിക.
ഒരെണ്ണം കൊണ്ട് ഒരു ഗ്ലാസ് കാപ്പി റഡി. ഒന്ന് രണ്ട് ദിവസം കൊണ്ട് 500ഓളം കാപ്പിക്കട്ടകൾ തയ്യാറായി.
പ്രസ് നടത്തുന്ന മറ്റൊരു സുഹൃത്ത് പൗലോസിൻ്റെ നയന പ്രിൻ്റേഴ്സിൽ പോയി ,വേറെ പരസ്യം ആവശ്യമില്ലാത്ത ആയുർവേദത്തിൻ്റെ നാടായ കോട്ടയ്ക്കൽ എന്ന പേര് കൂടി അടിച്ച് മാറ്റി ചേർത്ത് " കോട്ടയ്ക്കൽ ആയുർവേദ ചുക്ക് കാപ്പിക്കട്ട "എന്ന പേരിൽ കടകളിൽ മർമ്മാണി തൈലം വിൽക്കുന്നത് പോലെ തൂക്കിയിടുന്ന ലേബൽ ബോർഡും പ്രിൻ്റ് ചെയ്യിപ്പിച്ചു.
നേരേ കോട്ടയത്തേക്ക് വണ്ടി പിടിച്ചു. ജില്ലയിലെ മുഴുവൻ പനിക്കാരുടെയും സംസ്ഥാന സമ്മേളനം നടക്കുന്ന മെഡിക്കൽ കോളേജാണ് ലക്ഷ്യം.
ബസ് ഇറങ്ങി മാർക്കറ്റിങ്ങ് ആരംഭിച്ചു. സ്റ്റാൻഡിന് സമീപമുള്ള ചെറിയ ഹോട്ടലുകാരന് ഒരു ഗുളിക സാമ്പിൾ നൽകി .അങ്ങേര് ഉടൻ തന്നെ ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്ത് ടെസ്റ്റടിച്ചു. പരീക്ഷണം സക്സസ്..
ഇത് കണ്ട് നിന്ന ചില നാട്ടുകാരും ഓരോ ഗ്ലാസ് ചുക്ക് കാപ്പിക്ക് ഓർഡർ നൽകി. എല്ലാവർക്കും സംഗതി ഇഷ്ടപ്പെട്ടു. ഒരാൾ പറഞ്ഞു അൽപ്പം കുരുമുളകിൻ്റെ കുത്തൽ കൂടി ഉണ്ടെങ്കിൽ സംഭംവം ഒന്നുകൂടി ഉഷാറാകും.
ഞാൻ കൊണ്ടുപോയ 50 സ്ട്രിപ്പും ആ ഹോട്ടലുകാരൻ തന്നെ റഡി ക്യാഷിന് വാങ്ങി ...ഒറ്റ കണ്ടീഷൻ മാത്രം മെഡിക്കൽ കോളേജിന് സമീപം ആർക്കും കൊടുക്കരുത്.
അങ്ങനെ കുരുമുളകിൻ്റെ കുത്തലും, ചുക്കിൻ്റെ എരിവും സമാസമം ചേർന്ന കോട്ടയ്ക്കൽ ആയുർവേദ ചുക്ക് കാപ്പി ഗുളിക ജില്ലയിലെ ആശുപത്രി പരിസരങ്ങളിൽ ചൂടപ്പമായി.
ഞാൻ തുടങ്ങിയ എല്ലാ ബിസിനസും പോലെ ഇതും അൽപ്പം കഴിഞ്ഞപ്പോൾ മടുപ്പായി.. വിൽപ്പനയുണ്ടെങ്കിലും എന്നും ഇടതടവില്ലാതെ ഒരേ പണി. അത് എന്നെക്കൊണ്ട് പറ്റില്ല.
അങ്ങനെയിരിക്കെ ഒരാൾ എന്നോട് ചോദിച്ചു ഈ ടെക്നോളജിയും പേരും വിൽക്കുന്നോ? കമ്പനി പൂട്ടാൻ താഴ് മേടിക്കാൻ റഡിയായിരുന്ന ഞാൻ പുള്ളി പറഞ്ഞ വിലയ്ക്ക് കമ്പനിയും, ടെക്നോളജിയും കൈമാറി .. പ്രതീക്ഷിച്ചതിലും നല്ല ഒരു തുക കിട്ടിയ ഞാൻ പതിവ് പോലെപുതുമയുള്ള മറ്റൊരു ബിസിനസ് കണ്ട് പിടിക്കാനുള്ള ശ്രമങ്ങളിലേക്ക് തിരിഞ്ഞു.
നമ്മുടെ നാട്ടിൽ പ്രചാരമില്ലെങ്കിലും ഇപ്പോഴും കാപ്പിക്കട്ടകൾ ഇറങ്ങുന്നുണ്ടെന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ മനസിലായി.
ആർക്കും കുറഞ്ഞ ചിലവിൽ ഇതുപോലുള്ള കാപ്പി, ചായ ഗുളികകൾ ഇപ്പോഴും ഇറക്കാവുന്നതാണ്.#Ajith_kalamassery

No comments:

Post a Comment