കണ്ണാടി പരസ്യങ്ങൾ!
അജിത് കളമശേരി
കോഫീ
ടാബ്ലറ്റ് കമ്പനി വിറ്റൊഴിവാക്കിയ ശേഷം കുറച്ച് മാസങ്ങൾ ആ കാശു കൊണ്ട്
ബാച്ചിലർ ലൈഫ് നന്നായി ആസ്വദിച്ച് അടിച്ചു പൊളിച്ചു നടന്നു.
അങ്ങനെയിരിക്കെ
എറണാകുളം ജട്ടി മേനക വഴി ബസ്സിൽ കടന്നു പോയപ്പോഴാണ് മേനക തീയേറ്ററിന്
മുൻപിലെ ബസ് സ്റ്റോപ്പിൽ ഗംഭീരനൊരു പോസ്റ്റർ ... ആദ്യപാപം! അതിൽ വലിയൊരു
ഇംഗ്ലീഷ് അക്ഷരം A... ആ A യുടെ ഇടയിലൂടെ കഷ്ടപ്പെട്ട് വളഞ്ഞ് പുളഞ്ഞ്
നിന്ന നഗ്ന സുന്ദരി എന്നെ തുറിച്ച് നോക്കി. പെട്ടെന്നാണ് ഞാനോർത്തത്...
അയ്യോ ഇത് വരെ പുതിയ വരുമാനമാർഗ്ഗമൊന്നും കണ്ടെത്തിയില്ലല്ലോ, വീണ്ടും പഴയ
വയറിങ്ങ് പണിക്ക് പോകേണ്ടി വരും എന്ന നഗ്ന സത്യം !.
ഉടനെ
അവിടെ ചാടിയിറങ്ങി മാർക്കറ്റ് റോഡ് വഴി പദ്മ തീയേറ്റർ ജംങ്ങ്ഷനിലേക്കുള്ള
ഷോർട്ട് കട്ട് വഴി നടന്ന് പദ്മ തീയേറ്ററിന് സമീപമുള്ള റോണി
ഇലക്ട്രോണിക്സിൽ എത്തി.
അന്നത്തെ
കേരളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക് ഷോറൂമാണത്. ഇന്നും
അങ്ങനെ തന്നെ.ഇന്ത്യയിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ടെക്നോളജിയിൽ
ഉപയോഗിക്കുന്ന എന്ത് സ്പെയർ പാർട്സുകളും അവിടെ കിട്ടും.
ആയിടെ
ഇറങ്ങിയ ഇലക്ട്രോണിക്സ് ഫോർ യു മാഗസിനിൽ ടെലിഫോൺ ലൈനിലൂടെ പ്രവഹിക്കുന്ന
ഇടിമിന്നൽ മൂലമുള്ള സർജ് എർത്ത് ചെയ്തു കളയുന്ന GD ട്യൂബ് ,MOV എന്നീ
സ്പെയറുകളെപ്പറ്റിയും, ഇവ ഉപയോഗിച്ച് ടെലിഫോൺ ഇടിമിന്നൽ രക്ഷാചാലകം
ഉണ്ടാക്കുന്ന വിധവും വായിച്ചത് ,അത് അവിടെ കിട്ടുമോ എന്നറിയണം അതാണ്
ഉദ്ദേശം.
ഭാഗ്യം അവ ഉണ്ട്. ഒരു പത്ത് സെറ്റ് ഉണ്ടാക്കാനുള്ള സാമഗ്രികളും വാങ്ങി വീട്ടിലേക്ക് മടങ്ങി. ഒരാഴ്ചകൊണ്ട് പുതിയ ഉൽപ്പന്നം തയ്യാർ.
ഫാൻ്റം
ജീ ഫൈവ് ടെലിഫോൺ ലൈറ്റ്നിങ്ങ് അറസ്റ്റർ ! Phantom G5.... പേര് എനിക്കങ്ങ്
ഇഷ്ടപ്പെട്ടു. മനോരമ പത്രത്തിൻ്റെ സൺഡേ സപ്ലിമെൻ്റിൽ തുടർച്ചയായി
വന്നിരുന്ന ഫാൻ്റം ചിത്രകഥയിൽ നിന്ന് അടിച്ച് മാറ്റിയ എല്ലാവരും
കേട്ടിട്ടുള്ള പേര്.
സാധനം
ഉണ്ടാക്കി കൂടും, സ്റ്റിക്കറും, ലേബലും എല്ലാം ഉൾപ്പടെ 35 രൂപ
ഒരെണ്ണത്തിന് വില വന്നു. എൻ്റെ ലാഭം 65 രൂപ + ഏജൻ്റ് കമ്മീഷൻ + വണ്ടിക്കൂലി
50 രൂപയും ചേർത്ത് 150 രൂപ വിലയിട്ടു.
ഒരു
ദിവസം ഒരെണ്ണം വിറ്റ് കിട്ടുന്ന ലാഭം 65 രൂപ കൊണ്ട് ലാവിഷായി കഴിയണം
അതാണെൻ്റെ ചിന്താഗതി. വയറിങ്ങിന് പോയാൽ അന്ന് ഒരു ദിവസം 50 രൂപയേ കിട്ടു!.
ലാൻഡ് ഫോൺ അന്ന് ഒരാഡംബര വസ്തുവാണ് അത്യാവശ്യം കാശുള്ളവരുടെ വീട്ടിലേ അത് കാണൂ.
ഞാൻ
ഉൽപ്പന്നവുമായി പല ഫോണുള്ള വീട്ടിലും പോയി.. ആരും സാധനം മേടിക്കുന്നില്ല..
നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞു.. മുടിയും താടിയും വളർന്നു.
ഈ
പരിപാടി നിറുത്തി പഴയ വയറിങ്ങിന് തന്നെ പോകാം. ഞാൻ തീരുമാനമെടുത്തു. ആദ്യം
തേഞ്ഞ ചെരുപ്പ് മാറ്റി പുതിയ ഒരു ജോഡി വാങ്ങി. ഇനി മുടിയും താടിയും
വെട്ടിക്കണം ബാർബർ ഷോപ്പിലേക്ക് നടന്നു.
നാട്ടിലെ
അത്യാവശ്യം ക്ലാസ് ബാർബർ ഷോപ്പാണത്. നല്ല വൃത്തിയും വെടിപ്പുമുള്ള കട.
കൂടാതെ കാസറ്റ് പാട്ടുമുണ്ട്..അവിടെ നാലഞ്ച് പേർ വെയിറ്റിങ്ങിലാണ്
ഒഴിഞ്ഞുകിടന്ന കസേരയിൽ ഞാനും ക്യൂ പോലിരുന്നു. നാനയും, സിനിമാമംഗളവും,
ഫിലിം മാഗസിനുമെല്ലാം വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ ഊഴമെത്തി.
ഒരു
പതിനഞ്ച് മിനിറ്റ് വേണം മുടി വെട്ടാൻ.കഴുത്തനക്കാതെ നേരേ മുന്നിലുള്ള
കണ്ണാടിയിൽ സ്വന്തം പ്രതിരൂപം മാത്രം നോക്കി 15 മിനിറ്റ്.ആർക്കായാലും
ബോറടിക്കും.
പെട്ടെന്ന്
ആ ഐഡിയ എന്നിലേക്ക് കടന്ന് വന്നു. ഈ കണ്ണാടിയിൽ എൻ്റെ phantom G5 പരസ്യം
ഒട്ടിച്ചാൽ ഈ കസേരയിൽ ഇരിക്കുന്നവൻ ആ പതിനഞ്ച് മിനിറ്റും. അതിൽ തന്നെ
നോക്കില്ലേ? ഷോപ്പ് ഓണറോട് ഒന്ന് ചോദിച്ച് നോക്കാം.. അടുത്ത ഏതാനും
മിനിറ്റ് കൊണ്ട് ഞാൻ ഭാവി പരിപാടികൾ സെറ്റ് ചെയ്തു.
ഈ
ബാർബർ ഷോപ്പുകാരന് ഒരു ലാംമ്പി സ്കൂട്ടറുണ്ട് പരസ്യം കണ്ണാടിയിൽ
ഒട്ടിച്ചാൽ എല്ലാ മാസവും ഒരു ലിറ്റർ പെട്രോൾ അടുത്തുള്ള പമ്പിൽ നിന്നും
ഫ്രീ അടിക്കാനുള്ള കൂപ്പൺകൊടുക്കാം എന്ന ഓഫർ വച്ചു.അന്ന് ഒരു ലിറ്റർ
പെട്രോളിന് 15 രൂപയോ മറ്റോ ആണ്.
ഭാഗ്യം
എൻ്റെ ഓഫർ ബാർബർ ഷോപ്പുകാരൻ സ്വീകരിച്ചു. ഉടൻ തന്നെ ഞാൻ എൻ്റെ പരസ്യം വളരെ
ചെറുതും മനോഹരവുമായി ഒരു ആർട്ടിസ്റ്റിനെക്കൊണ്ട് വരപ്പിച്ച്
ബാർബർഷോപ്പുടമയെ ഏൽപ്പിച്ചു. അദ്ദേഹം കാഴ്ചക്ക് തടസം വരാത്ത വിധം ആ വലിയ
കണ്ണാടിയുടെ ഒരു മൂലയിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വച്ചു.
എൻ്റെ
ടെലിഫോൺ പ്രൊട്ടക്റ്റർ ഫ്രീ ആയി ഞങ്ങളുടെ ചെറുനഗരത്തിലെ ധാരാളം ആളുകൾ
വരുന്നസഹകരണ ബാങ്കിലും, ഇലക്ട്രിക് കടയിലും ഒരു റഫറൻസിന് വേണ്ടി ഫ്രീ ആയി
നൽകുകയും ചെയ്തു.ആരെങ്കിലും ചോദിച്ചാൽ ഈ സ്ഥലത്തൊക്കെ വാങ്ങിയിട്ടുണ്ട്
എന്ന് പറയണമല്ലോ.
എനിക്ക് ഫോൺ ഇല്ലാത്തതിനാൽ ഡീലറായ ഇലക്ട്രിക് ഷോപ്പിൻ്റെ നമ്പരാണ് പരസ്യത്തിൽ വച്ചിരുന്നത്.
സംഗതി
ക്ലിക്കായി ഞാൻ പരസ്യം ഒട്ടിച്ചിരുന്ന ബാർബർ ഷോപ്പിൽ ഫോൺ വീട്ടിലുള്ള
ധാരാളം കാശുകാർ സ്ഥിരമായി മുടി വെട്ടിക്കാൻ വന്നിരുന്നു. തലയനക്കാതെ 15
മിനിറ്റ് ഇരിക്കുന്ന അവരുടെ ഓരോരുത്തരുടെയും കണ്ണിൽ എൻ്റെ പരസ്യം പെട്ടു.
കൂടാതെ ബാർബർ ഷോപ്പുടമയുടെ നല്ല വാക്കുകളും.
രണ്ടോ
മൂന്നോ ദിവസത്തിൽ ഒരെണ്ണം എന്ന വിധം വിൽപ്പന വന്നു.ഞാൻ സമീപ
ചെറുനഗരങ്ങളിലും പോയി അവിടുത്തെ ഏറ്റവും നല്ല ബാർബർ ഷോപ്പിൽ ഇതേ നമ്പർ
പ്രയോഗിച്ചു, ആദ്യം നിരസിച്ചെങ്കിലും റഫറൻസിനായി ആദ്യം പരസ്യം വച്ച ബാർബർ
ഷോപ്പുടമയുടെ നമ്പർ കൊടുത്തപ്പോൾ അവരും സഹകരിച്ചു.
അങ്ങനെ
കച്ചവടം കൂടി ദിവസം 'രണ്ട് മുന്നെണ്ണമെന്ന നിലയിലേക്ക് കച്ചവടം
ഉയർന്നു.ഇതിനിടെ TV ലൈറ്റ് നിങ്ങ് പ്രൊട്ടക്റ്റർ എന്ന ഒരുൽപ്പന്നം കൂടി ഞാൻ
പുറത്തിറക്കി. അതും നന്നായി വിറ്റു പോയി.
ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കൂണുകൾ പോലെ മുളച്ച ധാരാളം കമ്പനികൾ വളരെ വില കുറച്ച് ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ തുടങ്ങി.
അതോടെ ഞാൻ എൻ്റെ ഈ കമ്പനി നിറുത്തി.
ബിസിനസ് ഞാൻ തുടക്കമിട്ട കണ്ണാടി പരസ്യമേഖലയിലേക്ക് മാറ്റിപ്പിടിച്ചു.
സിമ്പിൾ
ബിസിനാസാണ് A4 വലിപ്പത്തിൽ സുതാര്യമായ അക്രിലിക്കിൽ ചെയ്ത ഒരു സ്റ്റാൻഡ്.
ഇതിനിടയിലേക്ക് 20 വിസിറ്റിങ്ങ് കാർഡുകൾ കയറ്റി വയ്ക്കാം.
1992
,93 കാലഘട്ടത്തിൽ ഏതാണ്ട് 500 ൽ അധികം ഷോപ്പുകളുടെ മേശപ്പുറത്ത് എൻ്റെ ഈ
ചെറിയ പരസ്യ ബോർഡ് വച്ചിരുന്നു.ചെറിയ ജൂവലറികൾ, തുണിക്കടകൾ,തയ്യൽ കടകൾ,
കല്യാണ ഓട്ടം പോകുന്ന കാറുകൾ, ടൂറിസ്റ്റ് ബസുകൾ, തുടങ്ങി ഇഷ്ടം പോലെ
പരസ്യങ്ങൾ എനിക്ക് ലഭിച്ചിരുന്നു. ഇതിൽ നി'ന്ന് മോശമില്ലാത്ത ഒരു വരുമാനവും
.
അതിലൊരു പങ്ക് എൻ്റെ പരസ്യ സ്റ്റാൻഡ് വച്ചിരുന്ന കടകൾക്കും കൃത്യമായി ഞാൻ കൊടുത്തിരുന്നു.
ഓരോ
ഏരിയയിലും വേറേ, വേറേ പരസ്യങ്ങൾ.ഈ ചെറു പരസ്യങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധ
ആകർഷിച്ചു. പരസ്യദാതാക്കൾക്ക് നല്ല ബിസിനസ് കിട്ടി. അവർ വീണ്ടും വീണ്ടും
പരസ്യങ്ങൾ തന്നു.
പതിവ്
പോലെ ഒന്ന് രണ്ട് വർഷം കൊണ്ടു നടന്നപ്പോൾ ഈ ബിസിനസും എനിക്ക് മടുത്തു.
നല്ലൊരു തുക ഓഫർ ചെയ്ത ഒരു സുഹൃത്തിന് പരസ്യക്കമ്പനി കൈമാറി .അടുത്ത
ഐഡിയക്കായി കാത്തിരുന്നു.
കാല പ്രവാഹത്തിൽ അന്യം നിന്നുപോയ ഈ പരസ്യ മോഡൽ ഇന്നും പൊടി തട്ടിയെടുക്കാവുന്നതാണ്.
അക്രിലിക്ക്
സ്റ്റാൻഡുകൾക്ക് പകരം ടാബ് ലെറ്റുകൾ മതിയാകും.. ഷോപ്പുകളുടെ ടേബിളിൽ
ഒതുങ്ങിയിരിക്കുന്ന ടാബുകളിലേക്ക് ഇൻ്റർനെറ്റ് വഴി പരസ്യം സ്ട്രീം ചെയ്യണം.
ഒരോ
ഷോപ്പിനും അവരുടെ ബിസിനസിനെ ബാധിക്കാത്ത വിധമുള്ള പരസ്യങ്ങൾ കൊടുക്കാം.
ഇന്ന് മാളുകളിൽ ഇരിക്കുന്ന വലിയ TV പരസ്യ ബോർഡുകളുടെ ഒരു ചെറു പതിപ്പ്.
വലിയ TV യിലും ശ്രദ്ധ ചിലപ്പോൾ ഈ കുഞ്ഞൻ പരസ്യ ബോർഡിന് കിട്ടിയേക്കും.
കടകൾക്ക് പുറമേ ഓട്ടോറിക്ഷയിലും, യൂബറിലുമൊക്കെ ഫിറ്റു ചെയ്യുകയുമാകാം.ഐഡിയ
കൊള്ളാമെന്ന് തോന്നുന്നുവെങ്കിൽ ആരെങ്കിലുമൊക്കെ ശ്രമിച്ച് നോക്കൂ
[#Ajith_kalamassery]
No comments:
Post a Comment