ദോശയും ഫാനും തമ്മിൽ എന്ത് ബന്ധം?
ഫാനിട്ടാൽ പറന്ന് പോകുന്ന ദോശയെപ്പി നമ്മൾക്കെല്ലാം അറിയാം എന്നാൽ ഇപ്പോൾ തരംഗമായിരിക്കുന്ന ന്യൂ ജനറേഷൻ BLDC ഫാനുകളുമായി ദോശക്ക് ഒരു വലിയ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ?
രാജസ്ഥാൻ ആഗ്ര ഹൈവേയിലെ ഒരു ചെറു പട്ടണമാണ് ദോശ എന്ന് സൗത്തിന്ത്യൻ ട്രക്ക് ഡൈവർമാർ വിളിക്കുന്ന ദൗസ.
ഈ ചെറുപട്ടണത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ മനോജ് മീണ എന്നൊരു ബാലനുണ്ടായിരുന്നു.
പനയോലയും, കടലാസും ,ഉജാലക്കുപ്പിയും, പഴയ ചെരുപ്പുകൾ മുറിച്ചുമെല്ലാം അവൻ പല തരത്തിലുള്ള കാറ്റാടികളും,വണ്ടികളുമടക്കമുള്ള കളിപ്പാട്ടങ്ങൾ നിർമ്മിച്ച് കൂട്ടുകാർക്കെല്ലാം നൽകുകയായിരുന്നു അവൻ്റെ പഠനശേഷമുള്ള ഹോബി.
സ്കൂൾ പഠനകാലത്തിന് ശേഷം ഗ്രാമത്തിൽ നിന്ന് ജയ്പ്പൂരിലെ വലിയ കോളേജിൽ പ്രവേശനം കിട്ടിയപ്പോൾ അവൻ്റെ കളിപ്പാട്ടങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങളായി.
കൂട്ടുകാരുടെ വീട്ടിൽ പ്രവർത്തനരഹിതമായി കിടക്കുന്ന റേഡിയോകളും, മ്യൂസിക് പ്ലയറുകളും, മൊബൈൽ ഫോണുകളുമെല്ലാം മനോജിൻ്റെ വീട്ടിൽ ജീവൻ വച്ചു.
നന്നായി പഠിക്കുമായിരുന്ന മനോജ് കോളേജ് പഠനത്തിന് ശേഷം ബോംബെ IIT യിൽ പ്രവേശനം നേടി.
തനിക്ക് താൽപ്പര്യമുള്ള ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ശാഖയിലായിരുന്നു പ്രവേശനം.
റോബോട്ടിക്സിൻ്റെ ഒരു പ്രധാന ശാഖയായ യാന്ത്രിക ചലനങ്ങളിലും, പ്രോഗ്രാം ഓട്ടോമേഷനിലും മനോജ് ഒരു വിദഗ്ദനായി മാറി.
ബോംബെ IIT യിലെ പഠന കാലയളവിൽ സമയം കിട്ടുമ്പോഴെല്ലാം തൻ്റെ കൂട്ടുകാരെല്ലാം സിനിമാ കാണാനും, അടിച്ചു പൊളിക്കാനും സമയം ചിലവഴിക്കുമ്പോൾ , പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന ചോർ ബസാറുകളിൽ കറങ്ങുകയായിരുന്നു മനോജിൻ്റെ വിനോദം.
അവിടെ നിന്ന് ഒതുക്കത്തിൽ കൈക്കിണങ്ങിയ വിലയ്ക്ക് കിട്ടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുറിയിൽ കൊണ്ടുവന്ന് റിവേഴ്സ് എഞ്ചിനീയറിങ്ങ് നടത്തി അതിൻ്റെ ടെക്നോളജി മനസിലാക്കുന്നതിൽ മനോജ് വളരെ സംതൃപ്തി അനുഭവിച്ച് പോന്നു.
ഒരിക്കൽ അവിടെ നിന്ന് അമേരിക്കൻ കമ്പനിയായ Emerson Electric ൻ്റെ ഒരു ഫാൻ കിട്ടി .ഫാനിൻ്റെ ഒപ്പം ഒരു PCBയൊക്കെ കണ്ട് കൗതുകം തോന്നിയാണ് അതെടുത്തത് .റൂമിലെത്തി അഴിച്ച് പരിശോധിച്ചപ്പോൾ അതൊരു BLDC ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഫാനാണെന്ന് മനസിലായി. ഇങ്ങനെ SMPS പവർ സപ്ലേയൊക്കെ വച്ച് സീലിങ്ങ് ഫാനുണ്ടാക്കാമെന്ന ഐഡിയ അങ്ങനെ മനോജിന് കിട്ടി.
ഇതിനിടെ ഹോസ്റ്റലിൽ തനിക്കൊപ്പം ഉണ്ടായിരുന്ന ഒരു കൂട്ടുകാരനുമായി ചേർന്ന് 2012ൽ ആറ്റംബർഗ് എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി മനോജ് ആരംഭിച്ചിരുന്നു.
ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർBARC, പ്രതിരോധ ഗവേഷണ കേന്ദ്രം DRDO, തുടങ്ങിയവ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് ഡാറ്റാ അക്വിസിഷൻ, വെഹിക്കിൾ ട്രാക്കിങ്ങ് ,പ്രൊഡക്റ്റ് ഓട്ടോമേഷൻ പോലുള്ള വർക്കുകൾ ചെയ്തു കൊടുത്ത് പോക്കറ്റ് മണിക്കും, പഠന ചിലവിനുമുള്ള പണം അവർ സമ്പാദിച്ചു പോന്നു.
llT യിലെ പഠനം കഴിഞ്ഞു കാമ്പസ് സെലക്ഷനിലൂടെ മനോജിന് ISROയിൽ ജോലി ലഭിച്ചു.ഇതറിഞ്ഞ വീട്ടുകാർക്ക് വലിയ സന്തോഷമായി.
പക്ഷേ മനോജിന് ജോലി കിട്ടിയതിൽ വലിയ സന്തോഷമൊന്നും തോന്നിയില്ല. തൻ്റെ ആറ്റം ബർഗ് കമ്പനി പ്രൊഡക്റ്റ് ഓട്ടോമേഷനിലും, റോബോട്ടിക്സിലും വൻ തരംഗമാകുന്നത് ദിവാസ്വപ്നം കണ്ടിരുന്ന അവൻ ജോലി സ്വീകരിക്കണ്ട എന്ന് തിരുമാനിച്ചു.
തട്ടിമുട്ടി നീങ്ങിയിരുന്ന കമ്പനിക്ക് ഫണ്ട് ഇൻവെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്ന
അവനൊപ്പം ആറ്റംബർഗിൽ പങ്കാളിയായിരുന്ന കൂട്ടുകാരൻ IIT പഠനശേഷം വീട്ടുകാരുടെ നിർദ്ദേശാനുസരണം സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പഠിക്കാൻ കമ്പനിയിൽ നിന്ന് പിരിഞ്ഞ് പോയതോടെ കമ്പനിയുടെ സാമ്പത്തിക നില പരിതാപകരമായി. കമ്പനി അടച്ചുപൂട്ടി.
ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു പകൽ
ബോംബെയിലെ ഒരു ഗല്ലിയിലെ ഒറ്റമുറി വാടക വീട്ടിൽ അതിൻ്റെ മച്ചിൽ കട കട ശബ്ദത്തോടെ കറങ്ങുന്ന പഴയ ഫാനിൽ നോക്കി മനോജ് ചിന്താമഗ്നനായി കിടന്നു.
ISRO യിലെ നല്ല ശമ്പളമുള്ള ജോലി അന്ന് സ്വീകരിക്കാതിരുന്നത് മണ്ടത്തരമായിപ്പോയോ?
പെട്ടെന്നാണ് കഴിഞ്ഞ മാസത്തെ കറണ്ട് ചാർജ് ഹൗസ് ഓണർക്ക് നൽകിയില്ലല്ലോ എന്ന കാര്യം ഓർമ്മ വന്നത്. ഒരു LED ബൾബും ,ഈ ഫാനും മാത്രമേ മുറിയിൽ ഉള്ളൂ എന്നിട്ടും ഇത്ര വലിയ ചാർജ് എങ്ങിനെ വരുന്നു.?
ഉടനെ ക്ലാമ്പ് മീറ്ററും, ടെസ്റ്ററുമെടുത്ത് അന്വോഷണമാരംഭിച്ചു. അവസാനം കറണ്ട് മോഷ്ടിക്കുന്ന വില്ലനെ കണ്ടെത്തി! തലക്ക് മുകളിൽ കറങ്ങുന്ന സീലിങ്ങ് ഫാൻ!.ഏതാണ്ട് 100 വാട്ട് കറണ്ടാണ് അവൻ ഉപയോഗിക്കുന്നത്.ചിന്താമഗ്നനായി വീണ്ടും കിടന്ന മനോജിൻ്റെ തലയ്ക്കുള്ളിൽ ഒരുലഡു പൊട്ടി!
പിറ്റേ ദിവസം രാവിലെ തന്നെ റഡിയായി മനോജ് തൻ്റെ പഴയ IIT കാമ്പസിലേക്ക് പോയി. അവിടെ തൻ്റെ ജൂനിയർ ബാച്ചിൽ പഠിക്കുന്ന സിബബ്രതാ ദാസ് എന്ന കൂട്ടുകാരനെ കാണുകയാണ് ലക്ഷ്യം. അവൻ അവൻ്റെ അഛനെ ചാക്കിട്ട് കുറച്ച് തുക സംഘടിപ്പിച്ച് മനോജിൻ്റെ കമ്പനിയിലേക്ക് ഇൻവെസ്റ്റ് ചെയ്യിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
പുള്ളിക്കാരനും ഒരു സ്വയംതൊഴിൽ പ്രേമിയാണ് സൗന്ദര്യ സംവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ഓൺലൈൻ സ്ഥാപനം അവനും നടത്തുന്നുണ്ട്. പുള്ളിക്കാരൻ്റെ ബിസിനസും പൊളിഞ്ഞ് പാളീസായിരിക്കുകയാണ് .
ദാസിനോട് മനോജ് തൻ്റെ ഐഡിയ പറഞ്ഞു. പരമ്പരാഗത സീലിങ്ങ് ഫാനുകൾ 80 മുതൽ 100 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. നമുക്ക് അതിനെ പുതിയ BLDC ( Brush Less Direct Current )ടെക്നോളജിയിലേക്ക് മാറ്റി പുതിയ ഫാൻ ഇറക്കിയാലോ?
എന്തിനും കൂട്ടുകാരനൊപ്പം നിൽക്കുന്ന ദാസിന് മനോജിൻ്റെ ഐഡിയ ഇഷ്ടപ്പെട്ടു. ഇത് കലക്കും ഈ ഫാൻ നമുക്ക് എൻ്റെ സൈറ്റിൽ കൂടി ഓൺലൈനിൽ വിൽക്കാം ..
അങ്ങനെ സിബബ്രതാ ദാസ് ആറ്റംബർഗിൽ പങ്കാളിയായി. നാല് മാസം കൊണ്ട് അവർ പന്ത്രണ്ടോളം പ്രോട്ടോ ടൈപ്പുകൾ പരീക്ഷിച്ച് നോക്കി അവസാനം വിജയകരമായ ഒന്ന് തയ്യാറാക്കി.
ഫാനിന് അടിപൊളി ഒരു പേരുമിട്ടു. ആര് കേട്ടാലും ഒന്ന് ഞെട്ടും!ഗോറില്ല ഫാൻ!
കുറച്ച് ഫോട്ടോകളൊക്കെ എടുത്ത് സ്വന്തം സൈറ്റിലിട്ടു. അത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല ഓർഡർ ഒന്നും വരുന്നില്ല ഇനിയെന്ത് ചെയ്യും? നേരിട്ട് ഓർഡർ പിടിക്കാം .
ദാസിന് ക്ലാസിൽ പോകണം അതിനാൽ സാമ്പിളുമായി മനോജ് തനിയെ ഇലക്ട്രിക് ഷോപ്പുകളിൽ കയറിയിറങ്ങി.
ഫാൻ കണ്ട ഷോപ്പുകാർ നെറ്റി ചുളിച്ചു ഓറിയൻ്റ്, ഖയ്ത്താൻ, ഉഷാ, അൽ മൊണാർഡ്, റെമി, ഹാവേൽസ്, തുടങ്ങിയ വമ്പൻമാർ അരങ്ങ് വാഴുന്ന ഫാൻ വിപണിയിലേക്ക് ഇതാ ഇത്തിരിപ്പോന്ന ഒരുവൻ ആമസോൺ കാട്ടിലെങ്ങാണ്ട് കിടക്കുന്ന ഗോറില്ലയുടെ പേരുമിട്ട് ഒരു ഫാനുമായി വന്നിരിക്കുന്നു. എന്നാൽ അതിനോ ലോകത്തില്ലാത്ത വിലയും! 4500 രൂപ.
നല്ല ഒന്നാം തരം ഖയ്ത്താൻ ഫാൻ 1500 രൂപയ്ക്ക് കിട്ടും അപ്പോഴാണ് മൂന്ന് ഫാനിൻ്റെ വിലയുള്ള ഫാനുമായി ആളെ കൊല്ലാൻ വന്നിരിക്കുന്നത് .
സർ ഇത് BLDC ടെക്നോളജി 35 വാട്ട് കറണ്ട് മതി. രണ്ട് വർഷം കൊണ്ട് ഫാനിൻ്റെ കാശ് മുതലാകും എന്നെല്ലാം പറയാൻ മനോജ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വാക്ക് പോലും കേൾക്കാൻ നിൽക്കാതെ കടക്കാരെല്ലാം മനോജിനെ ആട്ടിപ്പുറത്താക്കുന്നത് പോലെ ഓടിച്ച് വിട്ടു.
അപ്പോഴാണ് ഗുജറാത്തിലെ സാനന്ദിൽ ടാറ്റായുടെ പുതിയ നാനോ കാർ ഫാക്ടറി പണി തീർന്ന് വരുന്നത് അവിടെ ചെന്നാൽ ചിലപ്പോൾ ഓർഡർ കിട്ടിയേക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞത്.
ഫാനിൻ്റെ സാമ്പിളും കയ്യിലെടുത്ത് ഉടൻ തന്നെ മനോജ് ഗുജറാത്തിലേക്കുള്ള വണ്ടി പിടിച്ചു, അവിടെ എത്തി തിരക്കിപ്പിടിച്ച് ടാറ്റ നാനോ ഫാക്ടറിയുടെ ഇലക്ട്രിക്കൽ വിഭാഗം ചീഫ് മാനേജരെ കാണാൻ ഒരപ്പോയ്മെൻ്റ് സംഘടിപ്പിച്ചു
പയ്യനായ മനോജിൻ്റെ വാഗ്ധോരണി അദ്ദേഹം സശ്രദ്ധം കേട്ടു. ഈ ഫാൻ ഫിറ്റ് ചെയ്താൽ ടാറ്റാ കമ്പനിക്കെന്ത് മെച്ചം എന്ന് തൻ്റെ ലാപ്പ്ടോപ്പ് തുറന്ന് വച്ച് അവൻ വിശദീകരിച്ചു.
ഒരു പുതിയ കൺവെൻഷണൽ സീലിങ്ങ് ഫാൻ ഒരു മണിക്കൂറിൽ 70-80 വാട്ട് കറണ്ട് ഉപയോഗിക്കും പഴകുന്തോറും അത് 100-120 വാട്ട് വരെയാകാം. കമ്പനികളിലെ ഫാനാകുമ്പോൾ അത് ഒരിക്കലും നിറുത്താറില്ലല്ലോ അപ്പോൾ ഒരു ഫാൻ ദിവസം 2.4 യൂണിറ്റും ഒരു മാസം 72 യൂണിറ്റും ഉപയോഗിക്കും, വർഷം 864 യൂണിറ്റ് 864X 6 രൂപ = 5184 രൂപ ഞങ്ങളുടെ ഫാനിന് 4500 രൂപയാണ് ഒരു വർഷം കൊണ്ട് സാറിന് ഫാനിൻ്റെ കാശ് മുതലാകും കൂടാതെ 10 എണ്ണം വാങ്ങിയാൽ 4000 രൂപയ്ക്ക് സാറിന് ഫാൻ തരാം!
രണ്ട് വർഷം ഗ്യാരണ്ടി തരാമോ?
മാനേജർ ചോദിച്ചു
തൻ്റെ ഫാനിൻ്റെ പ്രവർത്തനക്ഷമതയിൽ ഉറപ്പുണ്ടായിരുന്ന മനോജ്
ഒട്ടുമാലോചിക്കാതെ പറഞ്ഞു.. തരാം സർ.
ഗ്യാരണ്ടി പീരിയഡിൽ തകരാറിലാകുന്ന ഫാനുകൾ ഉടനെ നന്നാക്കി തരുമോ?
തരാം സർ.
എന്നാൽ ഒരു 1500 എണ്ണം ബുക്ക് ചെയ്തിരിക്കുന്നു. മാനേജർ തൻ്റെ സ്റ്റെനോഗ്രാഫറെ വിളിച്ച് വർക്ക് ഓർഡർ അടിച്ച് കയ്യിൽ കൊടുത്തു.
വർക്കോർഡറും കയ്യിൽ പിടിച്ച് മനോജ് സ്തംഭിച്ചിരുന്നു. മാസങ്ങളോളം അലഞ്ഞിട്ടും ഒരു ഫാനിനുള്ള ഓർഡർ പോലും ലഭിക്കാതിരുന്നപ്പോഴാണ് ഈ വമ്പൻ ഓർഡർ വിശ്വസിക്കാനാകുന്നില്ല.
1500 ഫാനുകൾ ഉണ്ടാക്കാൻ മുപ്പത് ലക്ഷം രൂപ അസംസ്കൃത വസ്തുക്കൾക്ക് തന്നെ വേണം പിന്നെ അസംബിൾ ചെയ്യാൻ ഫാക്ടറി വേണം.തൻ്റെ കൊച്ചുമുറിയിലിരുന്ന് ഇത്രയും ഫാൻ ചെയ്യാൻ സാധിക്കില്ല.പിന്നെ ഫണ്ടും വേണം.
എന്ത് ചെയ്യും?കൂട്ടുകാർ തല പുകഞ്ഞ് ആലോചിച്ചു. അവർ ഒരു പണമിടപാട് സ്ഥാപനത്തെ സമീപിച്ചു ടാറ്റായുടെ വർക്ക് ഓർഡർ കാണിച്ചു. ടാറ്റായുടെ പേരിൻ്റെ മഹത്വം അപ്പോഴാണ് അവർക്ക് പിടി കിട്ടിയത് .ആ വർക്ക് ഓർഡിൻ്റെ ബലത്തിൽ ഒരു കോടി രൂപ ലോൺ അപ്പോൾ തന്നെ അവർക്കനുവദിക്കപ്പെട്ടു.
നവി മുംബൈ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു ഫാക്ടറി ബിൽഡിങ്ങ് വാടകയ്‌ക്കെടുത്ത് ആവശ്യമായ വൈൻഡിങ്ങ് മെഷീനുകളും, ജോലിക്കാരെയും, സ്പെയർ പാർട്ടുകളും,PCB യും മറ്റും സംഘടിപ്പിച്ച് കാലതാമസമില്ലാതെ 2015ൽ പുതിയ ടെക്നോളജിയിലുള്ള എനർജി എഫിഷ്യൻ്റ് BLDC ഫാനുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കപ്പെട്ടു.
ടാറ്റയ്ക്ക് വേണ്ടി വൻ ഓർഡർ കിട്ടിയത് മുംബയിലെ ഇലക്ട്രിക് കച്ചവടക്കാർ മണത്തറിഞ്ഞു. ഒരു സാധാരണ ഫാൻ വിറ്റാൽ 200 രൂപ കിട്ടും അതേ സ്ഥാനത്ത് ഗോറില്ല ഫാൻ വിറ്റാൽ 600 രൂപ കിട്ടും. അതാണ് ലാഭം 3 സാധാരണ ഫാൻ വിൽക്കുന്ന ബുദ്ധിമുട്ടും സ്റ്റോറേജ് സ്പേസും BLDC Fan വിൽക്കാൻ വിനിയോഗിച്ചാൽ 1800 രൂപ കിട്ടും .മാർവാഡികളായ കച്ചവടക്കാർ ലാഭത്തിൻ്റെ പക്ഷത്ത് നിൽക്കും.അവർ കാശുള്ള കസ്റ്റമേഴ്സിനെല്ലാം ഗോറില്ല ഫാൻ റക്കമൻ്റ് ചെയ്ത് വിൽക്കാൻ തുടങ്ങി.
ആമസോൺ, ഫ്ലിപ്പ്കാർട്ട് സൈറ്റുകളിലൂടെ കമ്പനി സഹസ്ഥാപകൻ സിബ്രാറ്റ ദാസ് ഓൺലൈൻ മാർക്കറ്റിങ്ങും ആരംഭിച്ചു.
ആറ്റംബർഗ് സ്റ്റാർട്ടപ്പ് കമ്പനിയിലേക്ക് ഏഞ്ചൽ ഫണ്ടുകളിൽ നിന്ന് നിക്ഷേപം ഒഴുകിത്തുടങ്ങി.
2019 ൽ 19 കോടി രൂപ ഫാനുകൾ വിറ്റഴിച്ച് നേടിയ കമ്പനി 2020ൽ 150 കോടിയും, 2021 ൽ 300 കോടിയും, 22 ൽ 600 കോടിയും, 23 ൽ 800 കോടിയും വിൽപ്പന ലക്ഷ്യം നേടി.
2022 ൽ പൂനയിൽ മൂന്നര ലക്ഷം ചതുരശ്ര അടിയിൽ ഏഴര ലക്ഷം ഫാനുകൾ നിർമ്മിക്കാൻ ശേഷിയുള്ള മെഗാ ഫാക്ടറി പ്രവർത്തനമാരംഭിക്കപ്പെട്ടു.
6 പേറ്റെൻ്റുകളും, 10 ഡിസൈൻ രജിസ്ട്രേഷനുകളും ആറ്റംബർഗ് ഫാനുകൾക്ക് കരുത്തേകുന്നു.
ലോകത്തിലാദ്യമായി പരമ്പരാഗത കാസ്റ്റ് അലൂമിനിയം ബോഡി ഉപേക്ഷിച്ച് ABS പ്ലാസ്റ്റിക് ബോഡിയിലേക്കും, തുടർന്ന് ABS പ്ലാസ്റ്റിക് ലീഫുകളിലേക്കും മാറിയത് ആറ്റംബർഗ് ഫാനുകളാണ്. ഇതോടെ അവയുടെ ഫുൾ സ്പീഡിലുള്ള വൈദ്യുതി ഉപയോഗം 28 വാട്ടായി വീണ്ടും കുറഞ്ഞു.
ചില മോഡലുകളുടെ ഗ്യാരണ്ടി 2 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തി.ഇന്ത്യയിൽ ഇപ്പോൾ പതിനായിരത്തിലധികം ഓഫ് ലൈൻ ഡീലർമാർ ആറ്റംബർഗിനുണ്ട്. കേരളത്തിൽ 800 ഡീലർമാരും 10 സർവ്വീസ് സെൻ്ററുകളും കമ്പനിക്കുണ്ട്.
PCB അടക്കം എല്ലാം ഇന്ത്യയിലെ സ്വന്തം ഫാക്ടറികളിലാണ് ആറ്റംബർഗ് നിർമ്മിക്കുന്നത്.
ലോകത്തിലെ ഏറ്റവുമധികം BLDC ഫാനുകൾ നിർമ്മിക്കുന്ന കമ്പനിയും ആറ്റംബർഗാണ്.
ഏതാനും വർഷങ്ങളായി ഗോറില്ല ഫാൻ എന്ന തങ്ങളുടെ ആദ്യ ബ്രാൻഡ് പേര് കമ്പനി അങ്ങനെ ഉപയോഗിക്കുന്നില്ല.
ഇപ്പോൾ കുറഞ്ഞ കറണ്ടിൽ ഓടുന്ന BLDC ടെക്നോളജിയിലുള്ള മിക്സിയും, പെഡസ്റ്റൽ, വാൾ, എക്സ് ഹോസ്റ്റ് ഫാനുകളും ആറ്റംബർഗ് കമ്പനി നിർമ്മിക്കുന്നുണ്ട്.
കറണ്ട് പോയാലും ഒരു മണിക്കൂർ ഇൻബിൽറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സീലിങ്ങ് ഫാനുകളും, മിക്സിയും ആറ്റംബർഗിൻ്റെ ഡവലപ്പ്മെൻ്റ് സെൻ്ററിൽ പരീക്ഷണ ഘട്ടം കഴിഞ്ഞ് വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്.
2024 ൽ കമ്പനിയിൽ നിന്ന് BLDC ടെക്നോളജിയിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പുകൾ പുറത്തിറങ്ങും.
എയർ കണ്ടീഷനുകൾ, വാഷിങ്ങ് മെഷീനുകൾ, വാക്വം ക്ലീനറുകൾ, എയർ കൂളർ തുടങ്ങി നിരവധി എനർജി എഫിഷ്യൻ്റ് കൺസ്യൂമർ ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ പരീക്ഷണ ഘട്ടത്തിലാണ്. സമീപ ഭാവിയിൽ ഇവയെല്ലാം പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയാകാനുള്ള കുതിപ്പിലാണ് ആറ്റം ബർഗ്.
ഫാൻ നിർമ്മാണ രംഗത്തെ അതികായരായിരുന്ന ഖയ്ത്താനും, ഓറിയൻ്റും, ഉഷയും, ഹാവെൽസും, ക്രോംപ്ടനും, ബജാജുമെല്ലാം ഇന്ന് നിൽക്കക്കള്ളിയില്ലാതെ ആറ്റംബർഗ് തെളിച്ച വഴിയേ BLDC ഫാനുകളുമായി രംഗത്തേക്കിറങ്ങിയിരിക്കുകയാണ്.
ആദ്യം കിട്ടിയ ഉയർന്ന ജോലി വേണ്ടെന്ന് വച്ച് റിസ് ക്കെടുത്ത് സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങിയ മനോജ് മീണയും, കൂട്ടുകാരൻ സിബബ്രതാ ദാസും അങ്ങനെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർന്നു വരുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനികളിലൊന്നിൻ്റെബുദ്ധികേന്ദ്രങ്ങളായി മാറുകയും ചെയ്തു.
ചിത്രത്തിൽ ഫാൻ പിടിച്ചിരിക്കുന്നത് സിബബ്രതാ ദാസ് ,ദോശ പോലെ പറക്കുന്നത് മനോജ് മീണ
എഴുതിയത് അജിത് കളമശേരി.30.11.2023.#ajithkalamassery,#ajith_kalamassery,#electronics_keralam,Electronics_malayalam