Tl 494 ഐ.സി ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഒരു പള്‍സ് വിഡ്ത് മോഡുലേറ്ററും, അതുപയോഗിച്ച് ഡ്രൈവ് ചെയ്യപ്പെടുന്ന ഒരു ഫെറൈറ്റ് കോര്‍ ട്രാന്‍സ്ഫോര്‍മറുമാണ് ഇതിന്റെ അടിസ്ഥാന ഘടകം. ഇതിനു സമാനമായ ഘടകങ്ങള്‍ തന്നെയാണ് ഏതൊരു ഡിസി റ്റു ഡിസി ഇന്‍വേര്‍ട്ടറുകളിലും ഉപയോഗിക്കുന്നത്. കമ്പ്യൂട്ടര്‍ പവര്‍സപ്ലേ യില്‍ നിന്നും ശേഖരിച്ച ചില ഘടകങ്ങളും , ഏതാനും പുറം ഘടകങ്ങളും ഉപയോഗിച്ച് 18 മുതല്‍ 35 വോള്‍ട്ട് വരെ നല്‍കാന്‍ ശേഷിയുള്ള പവര്‍ സപ്ലേ നിര്‍മ്മിക്കാന്‍ സാധിക്കുന്ന ഒരു സര്‍ക്യൂട്ട് താഴെക്കൊടുക്കുന്നു. പണി പൂര്‍ത്തീകരിച്ച ഒരു ബോര്‍ഡ് പവര്‍ സപ്ലേ കേസില്‍ തന്നെ വച്ചിരിക്കുന്നതിന്റെ ചിത്രമാണ് ഇടതു വശത്തുകാണുന്നത്.
ഒരു ഡുവല്‍ പവര്‍ സപ്ലേ സര്‍ക്യൂട്ടാണത്.അതിലെ + മാത്രം നമുക്ക് ആവശ്യം വരുന്നുള്ളൂ, അതിനനുസരിച്ച് സര്ക്യൂട്ട് മാറ്റിയത് കാണുക. ഹൈ ഫ്രീക്വന്‍സി റിപ്പിള്‍സ് ഒഴിവാക്കാന്‍ ഒരു ഇന്‍ഡക്റ്ററും ഉപയോഗിച്ചിരിക്കുന്നു.35 വോള്‍ട്ട് ഡുവല്‍ പവര്‍ സപ്ലേ ആയി വരക്കപ്പെട്ടിരിക്കുന്ന ഈ സര്‍ക്യൂട്ടില്‍ വരുത്തിയ പ്രധാന മാറ്റം പിന്‍ നമ്പര്‍ 1 ലേക്കുള്ള ഫീഡ് ബാക്കിലാണ്. ഈ ഫീഡ് ബാക്ക് വ്യത്യാസപ്പെടുത്തി ഔട്ട്പുട്ട് വോള്‍ട്ടേജ് വ്യത്യാസം വരുത്താവുന്നതാണ്. ഒപ്പം P1 എന്നു മാര്‍ക്ക് ചെയ്ത പ്രീസെറ്റും.
നിര്‍മ്മാണം:ഔട്ട്പുട്ട് ട്രാന്‍സിസ്റ്റര്‍ കത്തിപ്പോയ കമ്പ്യൂട്ടര്‍ എസ്.എം.പി എസ് ഒരെണ്ണം തപ്പിയെടുക്കയായിരുന്നു ആദ്യ ഘട്ടം. കാരണം, കാര്യമായ ഘടകങ്ങളൊന്നും നഷ്ടപ്പെടുത്തേണ്ടി വരുന്നതേ ഇല്ല എന്നതു തന്നെ. പ്രസ്തുത ബോര്‍ഡില്‍ നിന്നും 494 ഐസി ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഡീസോള്‍ഡര്‍ ചെയ്തെടുക്കുക എന്നതാണ് അടുത്ത ഘട്ടം. ഈ ബോര്‍ഡിലെ ഓസിലേറ്റര്‍ ഭാഗം ഏതാണ്ട് അതേപോലെ തന്നെ നമുക്ക് ഉപയോഗിക്കാനാവും. സര്‍ക്യൂട്ടില്‍ കാണിച്ചിരിക്കുന്ന വിധത്തില്‍ ഓസിലേറ്റര്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ അടുത്ത ഘട്ടം മുതല്‍ ചെറിയ തോതിലുള്ള വ്യത്യാസങ്ങള്‍ വരുത്തി മാത്രമേ മുന്നോട്ട് നീങ്ങാനാവുകയുള്ളൂ. ഇതിനായി ട്രാന്‍സ്ഫോര്‍മറും റെക്റ്റിഫയര്‍ ഡയോഡുകളുമായുള്ള ട്രാക്കുകള്‍ എല്ലാം തന്നെ മുറിക്കുക എന്നുള്ളതാണ് പ്രധാനം.
ഡയോഡ് ഘടിപ്പിച്ചിരുന്ന സ്ഥാനത്താണ് പവര്‍ മോസ്ഫെറ്റ് സര്‍ക്യൂട്ടിന്റെ ഒരു പകുതി വരുനത്. രണ്ടാം പകുതി, ബോര്‍ഡിലെ ഒറിജിനല്‍ ഡ്രൈവര്‍ മോസ്ഫെറ്റിറ്റെ സ്ഥാനത്തും ഘടിപ്പിക്കാവുന്നതാണ്.
പവര്‍ സപ്ലേ ബോര്‍ഡില്‍ ഓസിലേറ്റര്‍ ഐസിയുടെ ഔട്ട്പുട്ട് C935 എന്ന എന്‍.പി.എന്‍ ട്രാന്‍സിസ്റ്ററാണ് ട്രാന്‍സ്ഫോര്‍മറിനെ ഡ്രൈവ് ചെയ്യിക്കുന്നത്. ഇവിടെ നമുക്ക് സര്‍ക്യൂട്ടിലെ ചെറിയൊരു മാറ്റം വരുത്തുകയും, ഐസിക്കുള്ളിലെ ഔട്ട്പുട്ട് ട്രാന്‍സിസ്റ്റര്‍ കോമണ്‍ എമിറ്റര്‍ ആയി വയര്‍ ചെയ്തിരിക്കുന്ന ട്രാക്കുകള്‍ മാറ്റി എമിറ്റര്‍ ഫോളോവറാക്കുകയും ചെയ്യേണ്ടതുണ്ട്. പിന്‍ നമ്പര്‍ 9,10 എന്നിവ ഗ്രൌണ്ട് ചെയ്തിട്ടുള്ളത്, കട്ട് ചെയ്ത് മാറ്റണം. കൂടാതെ BC157 പി എന്‍ പി ട്രാസ്ന്‍സിസ്റ്റര്‍ ഉപയോഗിക്കാനായി വേണ്ട മാറ്റവും വരുത്തേണ്ടതുണ്ട്. അല്പം ക്ഷമയോടെ ചെയ്യേണ്ട ജോലികളാണിത്.
ട്രാന്‍സ്ഫോര്‍മറിന്റെ 12 വോള്‍ട്ട് സെക്ഷന്‍ പ്രൈമറി ആയി ഉപയോഗിക്കുവാനാണ് നാം ഉദ്ദേശിക്കുന്നത്. സെന്റര്‍ ടാപ്പില്‍ വയര്‍ ചെയ്തെടുത്ത ഒറിജിനല്‍ പ്രൈമറി അതോടെ സെക്കന്ററിയാവുകയും ചെയ്യും. സാധാരണ ഗതിയില്‍ സെന്റര്‍ ടാപ്പ് ഉണ്ടാവില്ല. എന്നാല്‍ മുറിച്ചു മാറ്റിയ ഒരു പിന്നില്‍ സോള്‍ഡര്‍ ചെയ്യപ്പെട്ട രീതിയില്‍ ഒരു ജോയന്റ് കാണാനാവുന്നതാണ്. ചുറ്റുകളുടെ അകത്തും പുറത്തുമായി വരുന്ന രണ്ട് സെറ്റ് വൈന്‍ഡിങുകളുടെ ജോയന്റാണത്. അവിടെ നിന്നും വയര്‍ ഉപയോഗിച്ച് സെന്റര്‍ ടാപ്പ് ചെയ്യാം. പവര്‍ മോസ്ഫെറ്റുകള്‍, സാധാരണമായി ഉപയോഗിക്കുന്ന IRFZ 44 ആണ് ഉപയോഗിച്ചിരിക്കുന്നത്. കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടില്ലെങ്കിലും ഭാരം കുറഞ്ഞ ചെറിയ അലുമിനിയം ഹീറ്റ് സിങ്കിനെ തണുപ്പിക്കാന്‍ ഫാന്‍ ഉപയോഗിക്കേണ്ടി വന്നു. ഡാറ്റാഷീറ്റ പ്രകാരമുള്ള ഹീറ്റ് സിങ്ക് ഉപയോഗിക്കുന്ന പക്ഷം ഫാന്‍ ആവശ്യമുണ്ടാവില്ല.
എസ്.എം.പി എസില്‍ നിന്നും തന്നെ ഊരിയെടുത്ത സ്കോട്ട്കീ ഡയോഡുകള്‍ തന്നെയാണ് ഇവിടെയും റക്റ്റിഫയറുകളായി ഉപയോഗിക്കുക.
ഒരു ജനറല്‍ പര്‍പ്പസ് പിസിബിയില്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും പവര്‍ സപ്കേ ബോര്‍ഡ് തന്നെ ഉപയോഗിച്ച് ചെയ്യണമെന്ന് നിര്‍ബന്ധ ബുദ്ധിയാല്‍ അതേ ബോര്‍ഡ് തന്നെ ഉപയോഗിക്കുകയാണുണ്ടായത്. ടാക്കുകളില്‍ ചെറുതല്ലാത്ത കൈവേലകള്‍ ചെയ്യേണ്ടതുണ്ടെങ്കിലും കൂടുതല്‍ സൌകര്യപ്രദം ഈ മാര്‍ഗ്ഗം തന്നെയാണ്. ഈ സര്‍ക്യൂട്ടില്‍ തന്നെ ഓവര്‍ലോഡ് പ്രൊട്ടക്ഷന്‍ പോലെയുള്ള സംരക്ഷണങ്ങള്‍ ഇല്ല.
കാറില്‍ ആവശ്യമായി വരുന്ന ഏതു ഉപയോഗത്തിനിണങ്ങുന്ന വിധത്തിലും ഈ സര്‍ക്യൂട്ട് മോഡിഫൈ ചെയ്യാവുന്നതാണ്.
ആഹാ ഒരു പാട് നല്ല ലേഖനങ്ങള്‍ ഉണ്ടല്ലോ
ReplyDelete