CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Thursday, January 5, 2023

ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ - 2

                     ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ മഹാരഥൻമാർ - 2


                        ജീൻ ഹിരാഗ


 


ആംപ്ലിഫയർ  ഡിസൈൻ രംഗത്ത് നെൽസൺപാസിൻ്റെ സമകാലീനനും എന്നാൽ സാധാരണക്കാരായ ഓഡിയോ DIY അസംബ്ലർമാരുടെ  ഇടയിൽ അത്ര ജനപ്രീയൻ അല്ലാത്തയാളുമാണ് ജീൻ ഹിരാഗ എന്ന പ്രശസ്തനായ ഓഡിയോ സർക്യൂട്ട്  ഡിസൈനർ ..


ഹിരാഗ എന്ന ബ്രാൻഡിൽ അദ്ദേഹത്തിൻ്റെ ലൈസൻസിലും മേൽനോട്ടത്തിലും നിർമ്മിക്കപ്പെടുന്ന ആംപ്ലിഫയറുകളും, സ്പീക്കർ ബോക്സുകളും, ലോകമെങ്ങുമുള്ള ഓഡിയോഫൈലുകളായ ലക്ഷപ്രഭുക്കളുടെ സംഗീത മുറികളെ രാഗ സാന്ദ്രമാക്കിക്കൊണ്ടിരിക്കുന്നു.

 ഫ്രഞ്ച്കാരിയായ മാതാവിൻ്റെയും, ജപ്പാൻകാരനായ പിതാവിൻ്റെയും പുത്രനായി 1943 ൽ പാരീസിലാണ് ജീൻ ഹിരാഗയുടെ ജനനം.  

1965 ൽ  പിതാവിന്   ജപ്പാനിലേക്ക് മടങ്ങേണ്ടി വന്നതിനാൽ കുടുംബസമേതം ജീൻ ഹിരാഗയും ജപ്പാനിലേക്ക് പോന്നു.

നമ്മളിൽ മിക്കവരെയും പോലെ ജീൻ ഹിരാഗയ്ക്കും ഇലക്ട്രോണിക്സിൽ ഔപചാരികമായ വിദ്യാഭ്യാസം നേടാനായില്ല.

സംഗീതത്തിൽ വളരെ കമ്പമുണ്ടായിരുന്ന ജീൻ വീട്ടിൽ പിതാവ് വാങ്ങി വച്ചിരുന്ന വാക്വം ട്യൂബ് ആംപ്ലിഫയർ എടുത്ത് പൊളിച്ച് പണിതു കൊണ്ട് തൻ്റെ ഇലക്ട്രോണിക്സ് പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ചു.

1965 കൾ ജപ്പാനിൽ വാക്വം ട്യൂബുകളുടെ പുഷ്കര കാലമായിരുന്നു...ഏത് തരത്തിലുമുള്ള വാക്വം ട്യൂബുകൾ അന്ന് വിപണിയിൽ സുലഭമായിരുന്നു.

പാരീസിൽ ജനിച്ച് വളർന്നതിനാൽ ഹിരാഗയ്ക്ക് ഫ്രഞ്ചും, ഇംഗ്ലീഷും നല്ല പോലെ വശമായിരുന്നു. അതിനാൽ വാക്വം ട്യൂബുകളെപ്പറ്റിയും, ട്രാൻസിസ്റ്ററുകളെപ്പറ്റിയും വിദേശങ്ങളിൽ ഇറങ്ങുന്ന സർക്യൂട്ട് ബുക്കുകൾ എഴുതി വരുത്തി അവയിലെ സർക്യൂട്ടുകൾ ചെയ്തു നോക്കുക എന്ന പണം ചിലവാകുന്ന ഇലക്ട്രോണിക്സ് ഭ്രാന്തൻമാരുടെ  വട്ട്  ഹിരാഗയുടെ തലയ്ക്കും പിടിച്ചു.

പഠിച്ചു കൊണ്ടിരിക്കുന്ന കാലമായതിനാൽ വീട്ടിൽ നിന്നും ഇതിനായി അധികം പണം ലഭിക്കുകയുമില്ല എന്താണൊരു വഴി?ഹിരാഗ  പല വഴിയും ആലോചിച്ചു.

അപ്പോഴാണ് ഫ്രാൻസിൽ നിന്നും ഇലക്ട്രോണിക്സ് പുസ്തകം കൊരിയറിൽ വന്നപ്പോൾ അത് പൊതിഞ്ഞിരുന്ന ഫ്രഞ്ച് പത്രത്തിൽ  വന്ന ഒരു ക്ലാസിഫൈഡ് പരസ്യം ജീൻ ഹിരാഗയുടെ ശ്രദ്ധയിൽ പെട്ടത്.

വിവിധ രാജ്യങ്ങളിൽ നിന്ന് ലോക വാർത്തകൾ അയച്ച് തരുന്നതിനായി ലേഖകരെ ആവശ്യമുണ്ട്! പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് പ്രതിഫലം നൽകുന്നതാണ്.

പഴയ പത്രമാണ് എങ്കിലും ഒരു കൈ നോക്കാം..ഹിരാഗ ജപ്പാനിലെ സുമോ ഗുസ്തി മൽസരങ്ങളെപ്പറ്റിയും, ഇലക്ട്രോണിക്സ് രംഗത്തെ കുതിച്ച് ചാട്ടത്തെപ്പറ്റിയും, ജപ്പാനിലെ  പാരമ്പര്യ മരപ്പണിയെപ്പറ്റിയുമെല്ലാം ഏതാനും ലേഖനങ്ങൾ തയ്യാറാക്കി പാരീസിലെ "ഫ്രഞ്ച് റിവ്യൂ ഡു സൺ "എന്ന പത്രത്തിലേക്കയച്ച് കൊടുത്തു.

ഹിരാഗയുടെ ഭാഗ്യത്തിന് പത്രത്തിന് ജപ്പാനിൽ ലേഖകർ ഉണ്ടായിരുന്നില്ല. അയച്ച് കൊടുത്ത ലേഖനങ്ങൾ പത്രാധിപർക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു.

ഇന്നത്തെപ്പോലെ തന്നെയാണ് 1968 കളും! ജപ്പാനീസ് ഭാഷ ആർക്കും അങ്ങനെ പെട്ടെന്ന് വഴങ്ങില്ല. അതുപോലെ തന്നെ ജപ്പാൻകാർക്ക് മറ്റു ഭാഷകളും വഴങ്ങില്ല. ഇംഗ്ലീഷും, ഫ്രഞ്ചും, ജപ്പാനീസും ഒരേ പോലെ വഴങ്ങുന്ന ജീൻ ഹിരാഗയുടെ ഭാഗ്യ നക്ഷത്രം അവിടെ ഉദിക്കുകയായിരുന്നു.

ജപ്പാനിൽ നിന്നുള്ള ലേഖകനെ തിരക്കി മറ്റ് പത്രങ്ങളും എത്തിത്തുടങ്ങി.

ഹൈ ഫൈ വേൾഡ് എന്ന ഇംഗ്ലീഷ് മാസിക ജപ്പാനിൽ ഇറങ്ങുന്ന  ഇലക്ട്രോണിക്സ് ,ഓഡിയോ പ്രൊഡക്റ്റുകളെപ്പറ്റിയുള്ള പുതിയ പുതിയ വാർത്തകൾ നിരന്തരം ആവശ്യപ്പെട്ടു തുടങ്ങി.

രോഗി ഇഛിച്ചതും, വൈദ്യൻ കൽപ്പിച്ചതും ഒരേ മരുന്ന് എന്ന പോലെയായി കാര്യങ്ങൾ. ഹൈ - ഫൈ വേൾഡിൻ്റെ ലേഖകൻ എന്ന ലേബലിൽ ഏത്  ഓഡിയോ,ഇലക്ട്രോണിക്സ് കമ്പനിയിലും കയറിച്ചെല്ലാൻ ലൈസൻസ് കിട്ടിയതോടെ അവിടെ നടക്കുന്ന കാര്യങ്ങൾ മനസിലാകണമെങ്കിൽ താനും കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നുവെന്നും; അല്ലെങ്കിൽ ആ കമ്പനികളിലെ പ്രതിഭകളായ ഡിസൈൻ എഞ്ചിനീയർമാരുടെ മുന്നിൽ മണ്ടൻ ചോദ്യങ്ങൾ ചോദിച്ച് സ്വയം അപഹാസ്യനാകുമെന്ന് ഹിരാഗയ്ക്ക് സ്വയം മനസിലായി.

കയ്യിൽ സ്വന്തം അദ്ധ്വാനത്തിലൂടെ പണം പണം വന്ന് തുടങ്ങിയതിനാൽ വാക്വം ട്യൂബുകൾക്കൊപ്പം, ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള ഡിസൈനിങ്ങിലും ഹിരാഗ കൈ വച്ച് തുടങ്ങി.

"ആംപ്ലിഫയറുകളിലെ ഹാർമോണിക് ഡിസ്റ്റോർഷൻ ഗുണമോ ദോഷമോ?", സ്പീക്കർ വയറുകൾ ശരിയാംവണ്ണം ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ അവ ഇൻഡക്ഷൻ മൂലം സ്പീക്കർ പോലെ പ്രവർത്തിക്കും ശബദ ഗുണമേൻമ കുറയ്ക്കും എന്നതിനെപ്പറ്റി "സ്പീക്കർ വയറുകളെ കാണാൻ മാത്രമല്ല  കേൾക്കാനും സാധിക്കുമോ?" എന്നീ ലേഖനങ്ങൾ വളരെ ശ്രദ്ധ നേടുകയും ഓഡിയോഫൈലുകളുടെ ഇടയിൽ  ജീൻ ഹിരാഗയുടെ ലേഖനങ്ങൾക്കായുള്ള കാത്തിരിപ്പിനും തുടക്കമായി.

2A3, WE 300 B,4300 B, 2 11,845,6C 33 C തുടങ്ങിയ ഡയറക്റ്റ് ഹീറ്റഡ് വാൽവുകൾ ഉപയോഗിച്ചുള്ള അദ്ദേഹത്തിൻ്റെ ക്ലാസ് A ആംപ്ലിഫയർ സർക്യൂട്ടുകൾ വളരെ വേഗം അനുവാചക ശ്രദ്ധ നേടി.

ഹൈ എൻഡ് ലോ ഡിസ്റ്റോർഷൻ ട്രാൻസിസ്റ്ററൈസ്ഡ് ക്ലാസ് A സർക്യൂട്ടുകളുടെ ഡിസൈനിങ്ങ്  ഏറെക്കുറെ ജീൻ ഹിരാഗയുടെ കുത്തക പോലെയായി. ആൾട്ടെക് ലാൻസിങ്ങ് ,മക്കിൻ്റോഷ്, NAD, മാർട്ടിൻ ലോഗൻ, ജെൻസൻ, ടാനോയി, ഇലക്ട്രോവോയ്സ്, KIipsch, അക്കുഫേസ്, ക്വാഡ് പോലുള്ള വമ്പൻ കമ്പനികൾ ജീൻ ഹിരാഗയുടെ ഓഡിയോ സർക്യൂട്ടുകൾ അവരുടെ ഓഡിയോ പ്രൊഡക്റ്റുകളിലൂടെ  പുറത്തിറക്കുന്നതിൽ മൽസരിച്ചു. ജീൻ ഹിരാഗ ഡിസൈൻ എന്ന രണ്ട് വാക്കുകൾ ഓഡിയോഫൈലുകൾ കണ്ണുമടച്ച് വിശ്വാസമർപ്പിച്ചതിനാലാണ് ഈ ജനപ്രീതിയുണ്ടായത്.


1977 ൽ ലോകപ്രശസ്ത ഹൈ എൻഡ് ഓഡിയോ മാഗസിനായ " L Audiophile " ൻ്റെ ചീഫ് എഡിറ്ററായി ഹിരാഗ ചുമതലയേറ്റു.

ഹൈ എൻഡ് ഓഡിയോ സംബന്ധമായ ധാരാളം പുസ്തകങ്ങൾ ഹിരാഗ രചിച്ചിട്ടുണ്ട്.

1982ൽ അദ്ദേഹം ജപ്പാനിൽ നിന്ന് പാരീസിലേക്ക് താമസം മാറി. പണ്ട് അദ്ദേഹം വട്ടച്ചിലവിനായി  ലേഖനങ്ങൾ എഴുതിയിരുന്ന പത്രത്തിൻ്റെ ചീഫ് എഡിറ്ററായി ചുമതലയേറ്റപ്പോഴായിരുന്നു ഇത്. 2007 വരെ അദ്ദേഹം ഈ ചുമതലയിൽ തുടർന്നു. ഇപ്പോൾ അദ്ദേഹം വൻകിട ഓഡിയോ ഇലക്ട്രോണിക്സ് കമ്പനികളുടെ പ്രൊഡക്റ്റ് റിവ്യൂവർ ,പ്രൊഡക്റ്റ് അനലിസ്റ്റ് എന്നീ ചുമതലകൾ നിർവ്വഹിച്ച് ഈ 80 ആം വയസിലും അദ്ദേഹം തൻ്റെ ജീവിതയാത്ര തുടരുന്നു.

ജീൻ ഹിരാഗയെപ്പോലെ ഇത്രയധികം ഓഡിയോ പ്രൊഡക്റ്റുകൾ റിവ്യൂ ചെയ്തിട്ടുള്ള വ്യക്തികൾ ലോകത്ത് വേറെയില്ല. വെറുതെ റിവ്യൂ ചെയ്യുകയല്ല ആ ഉൽപ്പന്നത്തിൻ്റെ പോരായ്മകൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യും എന്നതിനാൽ ഓഡിയോ കമ്പനികൾ ഹിരാഗയുടെ വാക്കുകൾ വേദ വാക്യം പോലെ കരുതുന്നു.

കമ്പ്രഷൻ ട്യൂട്ടറുകളും, പേപ്പർ കോൺ സ്പീക്കറുകളും, അവയുടെ തടികൊണ്ടുള്ള എൻക്ലോഷറുകളുമാണ് ജീൻ ഹിരാഗയുടെ മറ്റ് ഇഷ്ട ഗവേഷണ വിഷയങ്ങൾ. സബ് വൂഫറാണ് എൻ്റെ ശത്രു എന്നാണ് ഹിരാഗപറയാറുള്ളത്.

ജീൻ ഹിരാഗയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നിർമ്മിക്കുന്ന ലിമിറ്റഡ് എഡിഷൻ  ആംപ്ലിഫയറുകളുടെ ചുരുങ്ങിയ വില നാൽപ്പതിനായിരം പൗണ്ട് സ്റ്റെർലിങ് ( 39 ലക്ഷം രൂപ) വരും കോടീശ്വരൻമാർക്ക് മാത്രമേ അവയെല്ലാം ആഗ്രഹിക്കാൻ പോലും സാധിക്കൂ .ആംപ്ലിഫയറുകളിലെ റോൾസ് റോയ്സ് എന്നാണ് ഹിരാഗബ്രാൻഡ് സെറ്റുകൾ ഓഡിയോഫൈലുകൾക്കിടയിൽ അറിയപ്പെടുന്നത്.

ജീൻ ഹിരാഗ ആംപ്ലിഫയർ സർക്യൂട്ട്സ് എന്ന് നെറ്റിൽ സെർച്ച് ചെയ്താൽ നമുക്കും  ചെയ്ത് നോക്കാൻ പറ്റിയ ഏതാനും ക്ലാസ് A ട്രാൻസിസ്റ്റർ സർക്യൂട്ടുകൾ ലഭിക്കും.30 വാട്ടൊക്കെയേ കാണൂ. നൂറ് ശതമാനവും ആഡിയോ ഫൈലായതിനാലും, ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ കേട്ട് മനസിലാക്കാനുള്ള തൻ്റെ ചെവിയുടെ ശേഷി നിലനിറുത്താനുമായി നിരന്തര ശ്രദ്ധ പുലർത്തുന്നതിനാൽ അദ്ദേഹത്തെ പുറം ലോകത്തും ,ഇൻ്റർനെറ്റിലും  അങ്ങനെ കാണാൻ കഴിയില്ല.

കുടുംബവും വ്യക്തി ജീവിതവും രഹസ്യത്മകമായി സൂക്ഷിക്കുന്നതിനാൽ അവയും ഇൻ്റർനെറ്റിൽ പോലും ലഭ്യമല്ല.  ഇക്കാര്യങ്ങളാൽ ജീൻ ഹിരാഗയും, അദ്ദേഹത്തിൻ്റെ സർക്യൂട്ടുകളും സാധാരണ ഇലക്ട്രോണിക്സ് പ്രേമികൾക്കിടയിൽ  ഓഡിയോ ഗുരു നെൽസൺപാസിനെ പോലെ അത്ര പോപ്പുലറല്ല. എഴുതിയത് #അജിത്കളമശേരി,
#Ajith_kalamassery, 05.01.2023

ചിത്രത്തിൽ തൻ്റെ ഒരു മോഡൽ പവേർഡ് സ്പീക്കറിനൊപ്പം ജീൻ ഹിരാഗ

Wednesday, January 4, 2023

ഓഡിയോ രംഗത്തെ മഹാരഥൻമാർ-1

 ഓഡിയോ രംഗത്തെ മഹാരഥൻമാർ-1

 നെൽസൺ. എസ്. പാസ്.

 


 ഇലക്ട്രോണിക്സ് വ്യവസായ രംഗത്തെ സംബന്ധിച്ച്  സുപ്രധാനമായ ഒരു വർഷമാണ് 1951. ആ വർഷമാണ് ലോകത്തിലാദ്യമായി കളർ ടെലിവിഷൻ പ്രക്ഷേപണം ന്യൂയോർക്കിൽ CBS ടെലിവിഷൻ നെറ്റ് വർക്ക് തങ്ങളുടെ 5 സ്റ്റേഷനുകളിൽ നിന്നും ആരംഭിച്ചത്.1951 ജൂൺ 25 നായിരുന്നു ഈ ചരിത്ര മുഹൂർത്തം.

 

അതുവരെ കറുപ്പിലും, വെളുപ്പിലും  സ്വീകരണമുറികളെ അലങ്കരിച്ചിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ്  ടെലിവിഷനുകൾ അരങ്ങൊഴിഞ്ഞുതുടങ്ങി.അതിവേഗം അമേരിക്കൻ ഭവനങ്ങളുടെ സ്വീകരണ മുറികൾ   വർണ്ണ വൈവിദ്ധ്യത്താൽ ദൃശ്യ സമ്പന്നമായിത്തുടങ്ങി.

 

ഇതോടെ കളർ ടെലിവിഷൻ വിൽപ്പന  കുതിച്ചുയരുകയും ധാരാളം കമ്പനികൾ കളർ ടെലിവിഷൻ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.ഇതോടെ ഇലക്ട്രോണിക്സ് വ്യവസായ രംഗത്ത് ലോക വ്യാപകമായി ഒരു പുത്തനുണർവ്വ് ദൃശ്യമാവുകയും ചെയ്തു.

ഇലക്ട്രോണിക്സ് രംഗത്ത് മറ്റൊരു താരോദയത്തിനും അതിനടുത്ത ദിവസം തന്നെ ന്യൂയോർക്കിന് സമീപസ്ഥമായ മസാച്ചുസെറ്റ്സ് സാക്ഷ്യം വഹിച്ചു.

1951 ജൂൺ 27 ന് അമേരിക്കയിലെ മസാച്ചുസെറ്റ്സിൽ ലോക ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ അതികായരിൽ ഒരാളായ നെൽസൺ പാസ് ഭൂജാതനായി.

ഇന്ന് ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും പ്രഗത്ഭനായ ഓഡിയോ ആംപ്ലിഫയർ ഡിസൈനർമാരിൽ തലതൊട്ടപ്പനാണ് നെൽസൺ എസ് പാസ്



 1972 ൽ യൂണിവേഴ്സിറ്റി ഓഫ്  കാലിഫോർണിയയിൽ  ഫിസിക്സിൽ ബാച്ചിലർ ഡിഗ്രി ക്ക് പഠിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ  സുഹൃത്തായ മൈക്ക് മേഹറുമായി ചേർന്ന്  PMA എന്നൊരു ലൗഡ് സ്പീക്കർ കമ്പനി നെൽസൺപാസ് ആരംഭിച്ചിരുന്നു. പഠനത്തോടൊപ്പം വട്ടച്ചിലവിനായി തുടങ്ങിയ ഈ ചെറു സംരംഭം സാമാന്യം തരക്കേടില്ലാതെ ഓടിത്തുടങ്ങി.. ഇതോടെ തൻ്റെ പ്രവർത്തന മേഘല ഇലക്ട്രോണിക്സ് തന്നെ എന്ന് നെൽസൺ പാസിന് മനസിലായി.

ഇലക്ട്രോ സ്റ്റാറ്റിക് സൗണ്ട്  (ESS )എന്ന കമ്പനി നടത്തിയിരുന്ന ഡോക്ടർ ഓസ്കാർ ഹെയിൽ എന്ന സംരംഭകൻ്റെ ശ്രദ്ധയിൽ നെൽസൺപാസ് ഡിസൈൻ ചെയ്ത സ്പീക്കറുകൾ പെട്ടതോടെ ഓസ്കാർ നിർബന്ധപൂർവ്വം പാസിനെ തൻ്റെ ESS കമ്പനിയിൽ ഡിസൈനറായി നിയമിച്ചു.
ഇതിനിടയിൽ ലൗഡ് സ്പീക്കറുകൾ സംബന്ധമായി 6 പേറ്റൻ്റുകൾ നെൽസൺ പാസ് കരസ്ഥമാക്കി.

1974ൽ  ഫിസിക്സിൽ ബാച്ചിലർ ഡിഗ്രി കരസ്ഥമാക്കിയതോടെ നെൽസൺപാസ് ESS വിട്ട്  സുഹൃത്തുക്കളായ  റെനേ ബിസനും, ജോ സാമുറ്റുമായി ചേർന്ന് ത്രെഷോൾഡ്  എന്ന ഹൈ എൻഡ് ആംപ്ലിഫയർ നിർമ്മാണ കമ്പനി  ആരംഭിച്ചു.

ത്രെഷോൾഡിൻ്റെ സ്റ്റാസിസ് 800 A എന്ന 200 വാട്ട്സ് മോണോ ബ്ലോക്ക്  ആംപ്ലിഫയർ ക്ലാസ് A കോൺഫിഗറേഷനിലുള്ള ട്രിപ്പിൾ സീരീസ് ,ട്രിപ്പിൾ പാരലൽ ഫൈവ് സ്റ്റേജ് ഡയനമിക് ബയാസിങ്ങോടു കൂടിയ ലോകത്തിലെ ആദ്യ മോഡൽ എന്ന നിലയിൽ ഓഡിയോ റിവ്യൂവർമാരുടെയും, ഓഡിയോഫൈലുകളുടെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.

 

1975 ലായിരുരുന്നു ഈ ഉൽപ്പന്നം വിപണിയിലെത്തിയത്.തുടർന്ന് 400 A എന്ന 100 വാട്ട്സ് മോഡലും പുറത്തിറക്കി. ഇവയുടെ സവിശേഷ സർക്യൂട്ടുകളുടെ പേറ്റൻ്റും നെൽസൺ പാസിന് തന്നെയായിരുന്നു.

അതു വരെയുള്ള ഹോം ഓഡിയോ ആംപ്ലിഫയറുകളുടെ മുഖമുദ്രയായ ക്യൂട്ട് ബോയി ലുക്ക് നെൽസൺപാസിൻ്റെ ത്രെഷോൾഡ് സ്റ്റാസിസ്  ബ്രാൻഡിൻ്റെ രംഗപ്രവേശത്തോടെ അസ്തപ്രഭമായി.

റഫ് ആൻഡ് ടഫ് ലുക്കായിരുന്നു പാസിൻ്റെ ആംപ്ലിഫയറുകളുടെ മുഖമുദ്ര! ഒറ്റനോട്ടത്തിൽ വിരൂപമെന്ന് തോന്നുന്ന വിധം ബ്രഷ് ഡ് അലൂമിനിയം ഫ്രണ്ട് പാനലുകളും, റോമൻ ശിൽപ്പങ്ങളുടേത് പോലെ  ഉരുണ്ടു കയറിയ മസിലുകളെന്ന് തോന്നത്തക്ക വിധമുള്ള  ഒളിപ്പിച്ച് വയ്ക്കാത്ത ഹീറ്റ്സിങ്കുകളോടും കൂടിയ ഇവ കറുപ്പിലും, വെള്ളി നിറത്തിലും, തിളക്കമില്ലാത്ത ഫിനിഷിൽ   ഓഫായിരിക്കുന്ന വേളയിലും   ശക്തി പ്രസരിപ്പിക്കുന്നുണ്ടെന്ന തോന്നൽ  അനുവാചകരിലുളവാക്കി.

ജാപ്പാനീസ് ബ്രാൻഡായ നക്കാമിച്ചി നെൽസൺപാസിൽ നിന്നും 1985 കളിൽ ത്രെഷോൾഡ് ബ്രാൻഡിൻ്റെ നിർമ്മാണ അവകാശം പേറ്റൻ്റുകൾ സഹിതം സ്വന്തമാക്കി.

ഹോം ഓഡിയോ വിപണിയിൽ ഹോം തീയേറ്റർ എന്ന പുതു സെഗ്മെൻ്റ് ഉരുത്തുരിഞ്ഞ 1990 കളോടെ ഹൈ എൻഡ് ആംപ്ലിഫയറുകളുടെ വിപണി കാര്യമായി ഇടിഞ്ഞു.ഇതോടെ നഷ്ടം മൂലം 1991 ൽ നെൽസൺപാസ് ത്രെഷോൾഡ് കമ്പനിയുടെ പ്രവർത്തനം നിറുത്തുകയും  പാസ് ലാബ്സ് എന്ന പുതിയ നിർമ്മാണ കമ്പനി ആരംഭിക്കുകയും ചെയ്തു.

ക്ലാസ് A കോൺഫിഗറേഷനിൽ സൂപ്പർ സിമെട്രി എന്ന ടോപ്പോളജി 1991 ൽ നെൽസൺപാസ് കണ്ടു പിടിക്കുകയും, "Aleph" എന്ന ബ്രാൻഡിൽ പാസ് ലാബിൻ്റെ ആദ്യ ഉൽപ്പന്നമായി പുറത്തിറക്കുകയും ചെയ്തു. സിംഗിൾ എൻഡഡ് ഉൽപ്പന്നങ്ങളിലാണ് പാസ് ലാബ്സ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ത്. സൂപ്പർ സിമെട്രി ടോപ്പോളജിയിൽ എക്സ്ട്രീം ലോ ഡിസ്റ്റോർഷനുമായി പുറത്തിറങ്ങുന്ന Aleph X സീരീസ് ആംപ്ലിഫയറുകൾ സ്വന്തമാക്കുക എന്നത് ലോകത്താകമാനമുള്ള  ഓഡിയോഫൈലുകളുടെ സ്വപ്നമാണ്.

ആംപ്ലിഫയറുകൾക്കൊപ്പം തൻ്റെ ആദ്യ തട്ടകമായ സ്പീക്കർ നിർമ്മാണവും പാസ് ലാബ്സ് എന്ന കമ്പനിയിലൂടെ നെൽസൺപാസ് തുടരുന്നുണ്ട്.

 2000 ൽ ത്രെഷോൾഡ് കമ്പനി  പുതിയ ഉടമകൾക്ക് കൈമാറുകയും അവർ ഈ പേരിൽ പുതു തലമുറ ആംപ്ലിഫയറുകൾ നെൽസൺപാസിൻ്റെ സർക്യൂട്ടറി ഉപയോഗിച്ച് ഇപ്പോഴും നിർമ്മിച്ച് വരുകയും ചെയ്യുന്നുണ്ട്.

തൻ്റെ ഓഡിയോ ഭ്രാന്തിനിടയിൽ വിവാഹം കഴിക്കാൻ പോലും മറന്ന് പോയ നെൽസൺപാസ് ഓഡിയോ പ്രേമികളുടെ ഇടയിൽ പാപാ എന്നാണ് അറിയപ്പെടുന്നത്. DIYഫോറം എന്ന തൻ്റെ വെബ്സൈറ്റിലൂടെ ലോകത്താകമാനമുള്ള ഓഡിയോ പ്രേമികളുടെ സംശയങ്ങൾക്ക് മറുപടി പറയാനും അവർക്കായി പുതിയ പുതിയ സർക്യൂട്ടുകൾ ഡിസൈൻ ചെയ്യാനുമാണ് പാസ് തൻ്റെ സമയത്തിൽ ഏറിയ പങ്കും ഇപ്പോൾ ചിലവഴിക്കുന്നത്.

വളരെ കുറഞ്ഞ കോമ്പോണെൻ്റ് കൗണ്ടിൽ കർണ്ണാനന്ദകരമായ ശബ്ദം പുറപ്പെടുവിക്കുന്ന ആംപ്ലിഫയർ ഡിസൈനുകളാണ് DIY ഫോറത്തിൽ കൂടുതലും ചർച്ച ചെയ്യപ്പെടുന്നത്. എന്നാൽ ലോകത്തിൽ ആദ്യമായി ഏറ്റവുമധികം ട്രാൻസിസ്റ്റുകൾ ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിച്ചയാൾ എന്ന റിക്കോഡും നെൽസൺ പാസിന് സ്വന്തം.

തോഷിബ ജപ്പാൻ നിർമ്മിക്കുന്ന 2SJ 74 എന്ന Pചാനൽ J ഫെറ്റും ,

2 SK 170 എന്ന N ചാനൽ J ഫെറ്റ് ട്രാൻസിറ്ററുകൾ   2352 എണ്ണം ഉപയോഗിച്ച് ക്ലാസ് A കോൺഫിഗറേഷനിൽ 4 ഓംസിൽ 50 വാട്ട്സ് കിട്ടുന്ന ആംപ്ലിഫയർ ഉണ്ടാക്കിയാണ് നെൽസൺപാസ് ഈ റിക്കോഡ് സൃഷ്ടിച്ചത്.

 6000 ൽ അധികം സൂക്ഷ്മ നേത്രങ്ങൾ അടങ്ങിയ തുമ്പിയുടെ കണ്ണാണ് തന്നെ ഈ ഭ്രാന്തൻ ആശയത്തിലേക്ക് നയിച്ചതെന്ന് നെൽസൺപാസ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ചെറിയ ട്രാൻസിസ്റ്റുകൾ കൂടുതലെണ്ണം കപ്പിൾ ചെയ്തുണ്ടാക്കുന്ന  ആംപ്ലിഫയറിൻ്റെ വാം സൗണ്ട് വളരെ ഹൃദയാവർജ്ജകമാണെന്നാണ് പാസിൻ്റെ അഭിപ്രായം!

ഒരു മനുഷ്യന് കേൾക്കാൻ ഒരു വാട്ട് ശബ്ദം മതിയെന്നാണ് നെൽസൺപാസിൻ്റെ പക്ഷം.മുറിയുടെ വലിപ്പം അനുസരിച്ച്  കൂടിപ്പോയാൽ അത്  5 വാട്ട്സ് വരെയാക്കാം... ഈ ശബ്ദത്തിൽ 24 മണിക്കൂറും പാട്ട് കേട്ടാലും ഉൻമേഷം വർദ്ധിക്കുകയല്ലാതെ  തല ചെകിടിച്ചു പോകുന്ന അനുഭവം ഉണ്ടാകില്ലെന്നും, അതിനും മേലോട്ട് ശബ് ദ തീവ്രത ഉയരുമ്പോൾ തലച്ചോറിൽ പാട്ടിനോടുള്ള വിരക്തി അനുഭവപ്പെടുകയും, തലവേദന, മനംമടുപ്പ് ,ആസ്ഥലത്ത് നിന്നും ഓടി രക്ഷപെടാനുള്ള ത്വര എന്നിവ ഉണ്ടാകുമെന്നാണ് പാസിൻ്റെ അഭിപ്രായം.

ആക്റ്റീവ് ബയാസിങ്ങ് ഫോർ പുഷ്പുൾ ക്ലാസ് AB ആംപ്ലിഫയറിന് 1976 ൽ 3995228 പേറ്റൻ്റ് നമ്പർ

കോൺസ്റ്റൻ്റ് വോൾട്ടേജ് ,കോൺസ്റ്റൻ്റ് കറണ്ട് ഹൈ ഫിഡിലിറ്റിക്ക് 1978ൽ 4107619 പേറ്റൻ്റ് നമ്പർ

ഒപ്റ്റോ ഐസോലേറ്റഡ് ബയാസിങ്ങ് പുഷ്പുൾ ക്ലാസ് ABആംപ്ലിഫയറിന് 1988ൽ 4752745  പേറ്റൻ്റ് നമ്പർ

ലോ ഫ്രീക്വൻസി അക്വാസ്റ്റിക് റിസോണൻസ് സംബന്ധമായി 1990 ൽ 4899387
പേറ്റൻ്റ് നമ്പർ


കാസ്കേഡഡ് എഫിഷ്യൻ്റ് ഗയിൻ കൺട്രോൾ സംബന്ധമായി 1993 ൽ 5343166    പേറ്റൻ്റ് നമ്പർ.

ആംപ്ലിഫയർ ഗയിൻ സ്റ്റേജുകളിൽ ഡിഫറൻഷ്യൽ എറർ കറക്ഷൻ ഉപയോഗിക്കുന്നത് സംബന്ധമായി 1994 ൽ 5376899  പേറ്റൻ്റ് നമ്പർ

ആംപ്ലിഫയറുകളിൽ ആക്റ്റീവ് കറണ്ട്സോഴ്സ് ഉപയോഗിക്കുന്നത് സംബന്ധിച്ച് 1998 ൽ 5710522 പേറ്റൻ്റ്  നമ്പർ.


എന്നിവയാണ് നെൽസൺപാസിൻ്റെ പേരിൽ ലോകവ്യാപകമായി ആംപ്ലിഫയർ സർക്യൂട്ടുകളിൽഉപയോഗിക്കപ്പെടുന്ന പ്രധാന കണ്ടുപിടുത്തങ്ങൾ

ഇതോടൊപ്പമുള്ള ചിത്രത്തിൽ നെൽസൺപാസിന് സമീപം സ്പീക്കർ ബോക്സ് പോലെ കാണുന്നത് അദ്ദേഹം 2352 +2352 എണ്ണം ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിച്ച 50 + 50 ആംപ്ലിഫയർ !.


നമ്മൾ നിർമ്മിക്കുന്ന പല പല  ആംപ്ലിഫയർ സർക്യൂട്ടുകളുടെയും മൂലരൂപം  നെൽസൺ പാസ് ഡിസൈൻ ചെയ്തതാണെന്ന് പലർക്കും അറിവില്ല. ഇൻ്റർനെറ്റിൽ പാസ് ലാബ്സ്, first watt എന്നോ DIY ഓഡിയോ കമ്യൂണിറ്റി എന്നോ നെൽസൺപാസ് ആംപ്ലിഫയർ സർക്യൂട്ടുകൾ എന്നെല്ലാം തിരഞ്ഞാൽ അദ്ദേഹം ഡിസൈൻ ചെയ്ത ധാരാളം ഒറിജിനൽ സർക്യൂട്ടുകൾ ലഭിക്കും.. 

 

 

ഒരു തുടക്കക്കാരന് പോലും   അദ്ദേഹത്തിൻ്റെ സർക്യൂട്ടുകൾ അസംബിൾ ചെയ്യാം ,അത്ര ലളിതമായ സർക്യൂട്ടുകളും അദ്ദേഹത്തിൻ്റേതായി ഉണ്ട്. എല്ലാ ക്ലാസിഫിക്കേഷനിലുമുള്ള ആംപ്ലിഫയറുകൾ അദ്ദേഹം ചെയ്യാറുണ്ട് എങ്കിലും തൻ്റെ മനം കവരുന്നത് ലോ വാട്ടേജ് ക്ലാസ് A ആംപ്ലിഫയറുകളാണെന്ന് അദ്ദേഹം എപ്പോഴും പറയും.


തൻ്റെ 72 ആം വയസിലും നവ മാദ്ധ്യമങ്ങളിലൂടെ ഓഡിയോ പ്രേമികളുടെ സംശയങ്ങൾ പരിഹരിച്ചു കൊണ്ട് വളരെ സജീവമാണ് നെൽസൺപാസ്.ഇന്ത്യയിലും അദ്ദേഹത്തിൻ്റെ സുഹൃദ് വലയം വ്യാപിച്ച് കിടക്കുന്നുണ്ട്.  നമ്മുടെ ആരാദ്ധ്യനും ഗുരുതുല്യനുമായ ശ്രീ അച്ചുതവാര്യർ കാളികാവ്, ആഗ്രയിലുള്ള വേദമിത്ര ശർമ്മ എന്നിവർ അദ്ദേഹത്തിൻ്റെ സജീവ ബന്ധമുള്ള ഇന്ത്യൻ സുഹൃത്തുക്കളാണ്.ഈ ലേഖനം എഴുതാനുള്ള പ്രേരണ ശ്രീ വാര്യർ സാറാണെന്ന വിവരം നന്ദിപൂർവ്വം അനുസ്മരിക്കുന്നു. എഴുതിയത് #അജിത്കളമശേരി #Ajith_kalamassery, 03.01.2023

Saturday, October 1, 2022

ജി.ഡി. നായിഡു എഡിസൺ ഓഫ് ഇന്ത്യ.

 ജി.ഡി. നായിഡു എഡിസൺ ഓഫ് ഇന്ത്യ.

 


 

1898 കളിൽ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള കളങ്കൽ ഗ്രാമത്തിൽ അദ്ധ്യാപകർക്ക് പേടി സ്വപ്നമായ ഒരു തലതെറിച്ച കുട്ടി ജീവിച്ചിരുന്നു. കർഷകനായ ഗോപാൽ സ്വാമിയുടെ അരുമ സന്താനമായ ദൊരൈസ്വാമിയായിരുന്നു ആ തല തെറിച്ച പയ്യൻ.. അദ്ധ്യാപകരെ എവിടെക്കണ്ടാലും അവൻ കല്ലെടുത്തെറിയും, പറ്റിയാൽ തലയിൽ മണ്ണ് വാരിയിടും .. പിതാവ് അവനെ പല പല സ്കൂളുകളിൽ മാറി മാറി ചേർത്തു നോക്കി. വേപ്പ് മരത്തിൽ കെട്ടിയിട്ട് വടി ഒടിയും വരെ അടിച്ചു... ഒരു രക്ഷയുമില്ല. അങ്ങനെ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തൻ്റെ സ്ലേറ്റും, പുസ്തകവും തോട്ടിലെറിഞ്ഞ് സ്കൂൾ പഠനം എന്നെന്നേക്കുമായി അവസാനിപ്പിച്ച് ദൊരൈസ്വാമി വീട്ടിലേയ്ക്ക് തിരികെയെത്തി.



പിതാവ് അവനെ വീട്ടിൽ കയറ്റിയില്ല. ഈ തലതെറിച്ച ബാലകനെ നന്നാക്കാൻ പറ്റുമോ എന്ന് പരീക്ഷിക്കാൻ അവസാന കയ്യെന്ന നിലയിൽ അവൻ്റെ അമ്മാവൻ അവനെ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി.


ആ സ്ഥലം ദൊരൈസ്വാമിക്കങ്ങ് ഇഷ്ടപ്പെട്ടു..ധാരാളം കൃഷിസ്ഥലങ്ങളുള്ള അമ്മാവൻ്റെ തോട്ടത്തിലെ കാവൽക്കാരനായി തോട്ടത്തിൽ നടുവിലെ കാവൽ പുരയിൽ അവൻ കൂടി...


അവിടെ അവന് സമപ്രായക്കാരായ ധാരാളം കൂട്ടുകാരെ കിട്ടി. സ്കൂളിൽ പോകില്ല എന്ന കാര്യ മൊഴികെ വളരെ മര്യാദക്കാരൻ...


അമ്മാവൻ്റെ തോട്ടത്തിലെ അല്ലറ ചില്ലറ പണി കഴിഞ്ഞാൽ ഗ്രാമത്തിലെ ഇരുമ്പാശാരിമാരുടെ ആലകളിൽ പോയിരിക്കും. അവർ ചെയ്യുന്ന പണികളെല്ലാം കണ്ട് പഠിക്കും ഉല ഊതാൻ സഹായിക്കും.


അവർ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ സ്വന്തമായി പണി തുടങ്ങും. സ്ക്രൂ ഡ്രൈവർ, സ്പാനർ,പ്ലയർ പോലുള്ള ടൂൾസുകൾ സ്വന്തമായി ഉണ്ടാക്കിയെടുക്കും. അന്നത്തെ കാലത്ത് ഇവയൊന്നും നാട്ടിൻ പുറത്തെ കടകളിൽ ലഭിക്കുമായിരുന്നില്ല. ലഭിച്ചാൽ തന്നെ വാങ്ങാൻ കാശുമില്ല.



തോട്ടത്തിൻ്റെ മരഗേറ്റ് തുറക്കുമ്പോൾ ആ ശക്തി കൊണ്ട് ഒരു ബക്കറ്റ് വെള്ളം തേകിയൊഴിക്കുന്ന ഒരു സൂത്രം ദൊരൈസ്വാമി ഉണ്ടാക്കി വച്ചു. കുട്ടികളെല്ലാം ഈ സംഭവം കാണാൻ ദിവസവും വരാൻ തുടങ്ങിയതോടെ വെള്ളം തേകൽ ഫ്രീയായി നടന്ന് തുടങ്ങി.


അങ്ങനെ നാട്ടിൽ ചുറ്റി നടക്കുന്നതിനിടെ ഒരു സായിപ്പ് കുടു, കുടു ശബ്ദത്തോടെ ചവിട്ടാതെ ഓടുന്ന ഒരു സൈക്കിളുമായി നാട്ടുപാതയിലൂടെ വരുന്നത് ദൊരൈസ്വാമിയുടെ ശ്രദ്ധയാകർഷിച്ചത്.


ദൊരൈസ്വാമിയെ കണ്ട സായിപ്പ് വണ്ടി നിറുത്തി. അൽപ്പം മണ്ണെണ്ണ കിട്ടുമോ ഇതിൻ്റെ പെട്രോൾ തീരാറായി മണ്ണെണ്ണ കിട്ടിയാൽ പെട്രോൾ പമ്പ് വരെ ഓടിക്കാം.


ദൊരൈസ്വാമി മണ്ണെണ്ണ സംഘടിപ്പിച്ച് കൊടുത്തു. സായിപ്പ് പോയി. അതോടെ ആ ബാലകൻ്റെ ഉറക്കം നഷ്ടപ്പെട്ടു. എങ്ങനെയാണ് ചവിട്ടാതെ ഈ സൈക്കിൾ ഓടുന്നത്. വിളക്ക് കത്തിക്കാനുള്ള മണ്ണെണ്ണ ഒഴിച്ചാൽ ഇത് എങ്ങനെ ഓടും.?


പിറ്റേ ദിവസം രാവിലെ ആരോടും പറയാതെ ദൊരൈസ്വാമി അമ്മാവൻ്റെ തോട്ടത്തിൽ നിന്നിറങ്ങി. സായിപ്പ് പോയ വഴിയേ ചോദിച്ച് ചോദിച്ച് അങ്ങനെ പോയി. അവസാനം ആകെ നടന്ന് വലഞ്ഞ് വൈകുന്നേരത്തോടെ സായിപ്പിനെ കണ്ടെത്തി..


 25 കിലോമീറ്ററോളം നടന്ന് ദൊരൈസ്വാമി എത്തിയത് കോയമ്പത്തൂർ നഗരത്തിലായിരുന്നു.


അവിടെ താലൂക്ക് ഓഫീസിലെ തഹസീൽദാർ പോലുള്ള ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ആ സായിപ്പ് .അദ്ദേഹം ഓഫീസിൽ നിന്ന് ഇറങ്ങുന്നത് വരെ കാത്തിരുന്ന ദൊരൈസ്വാമി ചോദിച്ചു സർ ഈ വണ്ടിക്ക് എത്ര രൂപ വില വരും?


ചിരിച്ച് കൊണ്ട് സായിപ്പ് പറഞ്ഞു ഒരു 300 രൂപ തന്നാൽ ഈ വണ്ടി നിനക്ക് തരാം.


പിന്നെ ദൊരൈസ്വാമി വീട്ടിലേക്ക് തിരിച്ച് പോയില്ല. ടൗണിലെ ഒരു ഹോട്ടലിൽ സപ്ലയറായി ജോലിക്ക് കയറി. മാസം 3 രൂപയായിരുന്നു ശമ്പളം... ഭക്ഷണം, താമസം ഫ്രീ.


ഈ ശമ്പളത്തിന് ജോലി ചെയ്താൽ തൻ്റെ സ്വപ്നം അടുത്ത കാലത്തൊന്നും യാഥാർത്ഥ്യമാവില്ല എന്ന് ആ കുട്ടിക്ക് മനസിലായി.


1917കളിൽ കോയമ്പത്തൂർ ഇന്നത്തെപ്പോലെ വലിയ വ്യവസായ നഗരമായി ഉയർന്നിട്ടില്ല. പഞ്ഞിയിൽ നിന്നും പരുത്തി നൂൽ ഉണ്ടാക്കുന്ന ഏതാനും ചെറുകിട കമ്പനികളാണ് അന്നത്തെ പ്രധാന വ്യവസായ ശാലകൾ.



ദൊരൈസ്വാമി ഹോട്ടലിൽ വരുന്ന പരുത്തിക്കച്ചവടക്കാരെ പരിചയപ്പെട്ട് ഇടവേളകളിൽ അവരുടെ സഹായിയായി കൂടി.


അങ്ങനെ 3 വർഷം കൊണ്ട് 300 രൂപ സമ്പാദിച്ച് ദൊരൈസ്വാമി സായിപ്പിൻ്റെ വീട്ടിലേക്ക് ചെന്നു. ഭാഗ്യവശാൽ സായിപ്പ് ജോലി നിറുത്തി ഇംഗ്ലണ്ടിലേക്ക് പോകാൻ തീരുമാനിച്ച സമയമായിരുന്നു അത്. 300 രൂപയ്ക്ക് അങ്ങനെ ദൊരൈസ്വാമി ആ മോട്ടോർ സൈക്കിൾ സ്വന്തമാക്കി.



3 വർഷങ്ങൾക്ക് ശേഷം തൻ്റെ സ്വന്തം ഗ്രാമത്തിലേക്ക് ദൊരൈസ്വാമി സ്വന്തം മോട്ടോർ സൈക്കിൾ ഓടിച്ച് പോയി.വലിയ പണക്കാർക്ക് പോലും ഒരു മോട്ടോർ സൈക്കിൾ സ്വപ്നമായ അക്കാലത്ത് ദൊരൈസ്വാമി തൻ്റെ ഗ്രാമത്തിലെ ശ്രദ്ധാകേന്ദ്രമായി മാറി.



വീട്ടിലെത്തിയ ആ യുവാവ് തൻ്റെ മോട്ടോർ സൈക്കിൾ അഴിച്ച് പീസ് പീസാക്കി.. അന്നത്തെ മോട്ടോർ സൈക്കിളുകൾക്ക് പല ഡിസൈൻ പോരായ്മകളും ഉണ്ടായിരുന്നു. വലിയ ശബ്ദം പുറപ്പെടുവിക്കും എന്നതാണ് പ്രധാന പോരായ്മ.. ഇത് മൂലം കന്ന് കാലികൾ കയറ് പൊട്ടിച്ചോടും, നായകൾ പുറകേ കുടും... കൂടാതെ ദീർഘമായ സവാരി പറ്റില്ല എഞ്ചിൻ വളരെയധികം ചൂടാകും.


ഒരാഴ്ചകൊണ്ട് ദൊരൈസ്വാമി തൻ്റെ മോട്ടോർ സൈക്കിളിൻ്റെ പോരായ്മകൾ പരിഹരിച്ചു.സയലൻസറിൽ മാറ്റം വരുത്തി ശബ്ദം കുറച്ചു.പ്രത്യേകം ഓയിൽ ടാങ്ക്‌ നിർമ്മിച്ച് എഞ്ചിൻ സ്മൂത്താക്കി. അതോടെ ശബ്ദ ശല്യവും, എഞ്ചിൻ ചൂടാകലും ഒഴിവായി.


ഇത് കേട്ടറിഞ്ഞ് മോട്ടോർ സൈക്കിൾ ഉള്ളവർ വിദൂരങ്ങളിൽ നിന്ന് പോലും ദൊരൈസ്വാമിയെ തേടിയെത്താൻ തുടങ്ങി.ഇതോടെ ഒരു വരുമാനമാർഗ്ഗമായി.കൂടാതെ സ്വന്തം വണ്ടി ഉള്ളതിനാൽ ഉൾനാടുകളിൽ പോയി പരുത്തി ശേഖരിച്ച് കോയമ്പത്തൂരിൽ എത്തിച്ച് വിൽക്കാൻ തുടങ്ങി.


അൽപ്പ നാളുകൾക്കുള്ളിൽ തന്നെ ദൊരൈസ്വാമിയുടെ പരുത്തിക്കച്ചവടം നന്നായി മെച്ചപ്പെട്ടു.ധാരാളമായി സമ്പാദിക്കാൻ തുടങ്ങി.


കാശുള്ളവരെ ഊറ്റാൻ ചിലർക്ക് പ്രത്യേക മിടുക്കാണല്ലോ.. പരുത്തി നൂൽ കോയമ്പത്തൂരിൽ നിന്നും വാങ്ങി ബോംബെയിൽ എത്തിച്ച് വിറ്റാൽ ഇരട്ടി ലാഭം ലഭിക്കുമെന്ന് അടുത്തുകൂടിയ തൽപ്പരകക്ഷികൾ ദൊരൈസ്വാമിയെ ഉപദേശിച്ചു.

ഈ ഐഡിയ കൊള്ളാമെന്ന് ദൊരൈസ്വാമിക്കും തോന്നി.


അതുവരെ സമ്പാദിച്ച ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് വരുന്ന കാശെല്ലാം മുടക്കി വൻതോതിൽ പരുത്തി നൂൽ സംഭരിച്ച് ട്രയിനിൽ കയറ്റി ബോംബെയ്ക്ക് വിട്ടു.



 കണക്കോ, ഇംഗ്ലീഷോ, ഹിന്ദിയോ വശമില്ലാത്ത ദൊരൈസ്വാമിയെ ബോംബെയിലെ ഇടനിലക്കാർ ഭംഗിയായി പറ്റിച്ചു.നൂലെക്കല്ലാം വിറ്റുപോയി 5 പൈസ കിട്ടിയില്ല. ഒരു പരാതി കൊടുക്കാൻ ഭാഷ പോലും അറിയാതിരുന്ന അദ്ദേഹം എങ്ങനെയെക്കൊയോ കോയമ്പത്തൂരിൽ തിരിച്ചെത്തി.


1918 ലാണ് ഈ സംഭവങ്ങൾ നടക്കുന്നത് .മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയ കഥ പോലെ ഒന്നുമില്ലായ്മയിൽ നിന്ന് നല്ല വരുമാനം ലഭിച്ചിരുന്ന ബിസിനസ് ചെയ്തിരുന്ന ദൊരൈസ്വാമി വെറും ദരിദ്രനായി മാറി...


പഴയ പണിയായ ഹോട്ടൽ സപ്ലയറുടെ തൊഴിൽ വീണ്ടും ചെയ്യാൻ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായില്ല. ജോലി ചെയ്തിരുന്ന ഹോട്ടലിന് സമീപമായിരുന്നു ഷവർലേ ട്രക്കുകൾ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്ന റോബർട്ട് സ്റ്റെയിൻസ് എന്ന സായിപ്പിൻ്റെ വാഹന ഷോറൂം. സായിപ്പിന് ഫിൽറ്റർ കോഫിയുമായി പതിവായി ആ ഷോറൂമിലേക്ക് ചെല്ലുന്ന നിഷ്കളങ്കനായ ദൊരൈസ്വാമിയെ സായിപ്പിൻ്റെ ഭാര്യയായ മാഡം സ്റ്റയിൻസിന് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.


അതോടെ ഹോട്ടലിലെ പണി വിട്ട് റോബർട്ട് സ്റ്റെയിൻസിൻ്റെ വീട്ടിൽ തോട്ടക്കാരനായും, കടയിൽ പോകാനുമെല്ലാം ഒരു സഹായിയായി ദൊരൈസ്വാമി കൂടി.


മാഡം സ്റ്റെയിൻസിനോട് സംസാരിച്ച് ഇംഗ്ലീഷ് പഠിച്ചെടുക്കുക എന്ന ഗൂഡ ലക്ഷ്യമായിരുന്നു അവരുടെ വീട്ടിൽ ജോലിക്ക് ചേരാൻ ദൈാരൈക്ക് പ്രജോദനമായത്.



ഇതിനിടെ ഇടനേരങ്ങളിൽ വാഹന ഷോറൂമിലും,വർക്ക് ഷോപ്പിലും പോയിരുന്ന് ഡ്രൈവിങ്ങും, വണ്ടി റിപ്പയറിങ്ങുമെല്ലാം പഠിച്ചെടുത്തു.


 ... താൻ സമ്പാദിക്കുന്ന ഓരോ ചില്ലിക്കാശും അദ്ദേഹം മാഡം സ്റ്റെയിൻസിനെ ഏൽപ്പിച്ചു പോന്നു.രണ്ട് വർഷം കൊണ്ട് ആ തുക നാലായിരം രൂപയായി..


ഒരു ബസ് വാങ്ങാൻ എത്ര രൂപ വേണ്ടി വരും ?.ഒരു ദിവസം ദൊരൈസ്വാമി റോബർട്ട് സ്റ്റെയിൻസ് സായിപ്പിനോട് ചോദിച്ചു.8000 രൂപയുണ്ടെങ്കിൽ ഒരു ബസ് പുറത്തിറക്കാം..... സായിപ്പ് മറുപടി നൽകി. എന്താ നിനക്ക് ബസ് വേണോ കയ്യിൽ എത്ര കാശുണ്ട് സായിപ്പ് ചോദിച്ചു.ഇത് കേട്ടിരുന്ന മാഡം സ്റ്റെയിൻസ് പറഞ്ഞു. ദൊരൈ എൻ്റെ കയ്യിൽ സൂക്ഷിക്കാനേൽപ്പിച്ച തുക 4000 രൂപയോളമുണ്ട്.


സായിപ്പ് അത്ഭുതപ്പെട്ടു.. ശരി നിനക്ക് ഞാൻ ആ തുകയ്ക്ക് ഇപ്പോൾ ബസ് തരാം ബാക്കി തുക പിന്നാലെ അടച്ച് തീർത്താൽ മതി. ഒരു മാസത്തിനുള്ളിൽ ബോഡി കെട്ടിയ പുത്തൻ ഷവർലേ ബസ് റോബർട്ട സ്റ്റെയിൻസ് ദൊരൈസ്വാമിക്ക് കൈമാറി.1920 ലായിരുന്നു ഈ ടേണിങ്ങ് പോയൻ്റ് അന്ന് ദൊരൈക്ക് 27 വയസ്.


UMS എന്ന് പേരിട്ട ഈ ബസ് കയ്യിലെത്തിയതോടെ നിരന്തരമായ അദ്ധ്വാനത്തിൻ്റെ ദിനങ്ങളായിരുന്നു. രാവും പകലുമില്ലാതെ ദൊരൈയുടെ ബസ് ഓടിത്തുടങ്ങി. പഴനി പൊള്ളാച്ചി റൂട്ടിലായിരുന്നു ആദ്യ സർവ്വീസ്.. മറ്റ് ബസുകൾ ഓട്ടം നിറുത്തുന്ന രാത്രി കാലങ്ങളിൽ കച്ചവടക്കാരുടെ സൗകര്യത്തിനായി നൈറ്റ് സർവ്വീസ് ബസ് ഇന്ത്യയിൽ ആദ്യമായി ദൊരൈസ്വാമി തുടങ്ങി.


ബസ് ഒരു യന്ത്രമാണ് അതിന് വിശ്രമം ആവശ്യമില്ല. മനുഷ്യർക്കാണ് വിശ്രമം ആവശ്യം എന്നതായിരുന്നു ദൊരൈയുടെ പോളിസി താൻ വിശ്രമം എടുക്കുമ്പോൾ വേറേ ഡ്രൈവർമാരെ വച്ച് ബസ് ഓടിക്കൊണ്ടിരുന്നു. റിപ്പയറിങ്ങ് എല്ലാം സ്വയം ചെയ്യുന്നതിനാൽ ആ ചിലവുമില്ല.ആദ്യ ബസിൻ്റെ കടം വെറും ഒരു വർഷം കൊണ്ട് വീട്ടി.5 വർഷം കഴിഞ്ഞപ്പോൾ ബസുകളുടെ എണ്ണം 50 ആയി.1944 ബസ് വ്യവസായത്തിൽ നിന്ന് പിൻവാങ്ങുമ്പോൾ ബസുകളുടെ എണ്ണം 280 ആയിരുന്നു. ഇന്ത്യയിലെ ഏറ്റവുമധികം ബസുകളുള്ള മുതലാളി!.. തൻ്റെ ബസുകളെല്ലാം ജീവനക്കാർക്ക് കൈമാറുകയാണ് അദ്ദേഹം ചെയ്തത്. ബസ് വ്യവസായം നിറുത്തുമ്പോൾ അദ്ദേഹത്തിൻ്റെ ബസ് സർവ്വീസിലും വർക്ക് ഷോപ്പുകളിലുമായി 2800 ജീവനക്കാർ ഉണ്ടായിരുന്നു.


ഓട്ടത്തിനിടയിൽ കേടാകുന്ന ബസുകൾ മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി പകരമോടിക്കാനായി സ്പെയർ ബസുകൾ ഇന്ത്യയിലാദ്യമായി ഏർപ്പെടുത്തിയത് ദൊരൈസ്വാമിയാണ്.


ബസുകളുടെ എണ്ണം കൂടിയതോടെ അവ റിപ്പയർ ചെയ്യുന്നതിനും, ബോഡി കെട്ടുന്നതിനുമെല്ലാമായി വലിയ വർക്ക് ഷോപ്പുകൾ ആരംഭിച്ചു.. അതോടെ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ കണ്ടു പിടുത്തങ്ങളുടെ യുഗം ആരംഭിച്ചു.


അമേരിക്കൻ എഞ്ചിനുകൾ ഇന്ത്യയിലെ ടോപ്പിക്കൽ സാഹചര്യങ്ങൾക്ക് അനുയോജ്യമായിരുന്നില്ല. ഓരോ 10-15 കിലോമീറ്റർ ഓടുമ്പോഴും റേഡിയേറ്ററിലെ വെള്ളം തിളച്ച് തീരും. അത് ഫില്ല് ചെയ്യാൻ വണ്ടി നിറുത്തേണ്ടി വരും.ഇത് പരിഹരിക്കാനായി ദൊരൈസ്വാമി തൻ്റെ ബസുകളുടെ റേഡിയേറ്റർ റീ ഡിസൈൻ ചെയ്ത് ഈ തകരാർ പരിഹരിച്ചു. അതാണ് നാം ഇപ്പോൾ വണ്ടികളിൽ കാണുന്ന തരം റേഡിയേറ്റർ .ഇത് മൂലം എത്ര ഓടിയാലും എഞ്ചിൻ കൂളായി തന്നെ നിലകൊണ്ടു. ഇതോടെ ഈ ഉൽപ്പന്നത്തിന് വളരെയധികം ഡിമാൻഡായി .റേഡിയേറ്റർ നിർമ്മിക്കാനായി യൂണിവേഴ്സൽ റേഡിയേറ്റർ ഫാക്ടറി എന്ന കമ്പനി കോയമ്പത്തൂരിൽ തുടങ്ങി. തൻ്റെ കണ്ടുപിടുത്തമായ പുതിയ റേഡിയേറ്ററിന് പേറ്റൻ്റ് ഒന്നും ദൊരൈ എടുത്തില്ല കേട്ടറിഞ്ഞ വാഹന നിർമ്മാതാക്കൾ എല്ലാം ലോകവ്യാപകമായി ഈ റേഡിയേറ്ററിനെ അനുകരിച്ച് വാഹനങ്ങൾ നിർമ്മിച്ച് തുടങ്ങി.


വാഹനങ്ങളുടെ എഞ്ചിൻ പണിയാൻ ആവശ്യമായ പ്രിസിഷൻ ലേത്ത് മെഷീനുകൾ അന്ന് വളരെ അപൂർവ്വമായിരുന്നു. ഉള്ളവയിൽ വലിയ ജോലിത്തിരക്കും. ഇത് മൂലം എഞ്ചിൻ പണിയാൻ കയറ്റുന്ന വാഹനങ്ങൾ രണ്ട് മൂന്ന് മാസം ഓട്ടം നിറുത്തേണ്ടി വരും.ഏറിയ പങ്കും വരുന്ന ഒന്നോ രണ്ടോ ബസുകൾ ഉള്ള ചെറുകിട ഓപ്പറേറ്റർമാരെയും, ബസ് ഇല്ലാതെ വരുന്നത് മൂലം ആ റൂട്ടിലെ യാത്രക്കാരെയും ഇത് വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു.



ഈ പ്രതിസന്ധി നേരിട്ട ദൊരൈസ്വാമി തൻ്റെ വർക്ക് ഷോപ്പിലേക്കായി സ്വന്തമായി ഒരു ലേത്ത് മെഷീൻ അങ്ങോട്ട് നിർമ്മിച്ചു.അങ്ങനെ ഇന്ത്യൻ നിർമ്മിതമായ ആദ്യ ലേത്ത് മെഷീനും ദൊരൈ സ്വാമിയുടെ കയ്യിലൂടെ പിറവി കൊണ്ടു.ഇതിനും ആവശ്യക്കാർ വളരെയധികമായിരുന്നു.



അത് വരെ വിദേശ രാജ്യങ്ങളിൽ പണിയെടുപ്പിച്ച് പരിപ്പെടുത്ത കണ്ടം ചെയ്യാറായ ലേത്ത് മെഷീനുകൾ റീ ഫർബിഷ് ചെയ്ത് ഇന്ത്യയിലെത്തിച്ചതാണ് നമ്മൾ ഉപയോഗിച്ചിരുന്നത്.



പിന്നീട് ദൊരൈസ്വാമിയുടെ കണ്ണ് പതിഞ്ഞത് വാഹനങ്ങൾ പുറപ്പെടുവിക്കുന്ന കറുത്ത പുകയിലേക്കാണ്. ഡീസൽ വണ്ടികളുടെ ഇഞ്ചക്റ്ററിൻ്റെ പോരായ്മ നിമിത്തമാണ് ഇന്ധനം പൂർണ്ണമായി കത്താതെ പുക വമിക്കുന്നത് എന്ന് ദൊരൈസ്വാമിക്ക് മനസിലായി അദ്ദേഹം ഡീസൽ ഇഞ്ചക്റ്റർ തൻ്റെ ഡിസൈനിൽ മാറ്റി നിർമ്മിച്ചു.. പരീക്ഷണം വിജയമായി ഇതോടെ വാഹനങ്ങളുടെ മൈലേജ് മെച്ചപ്പെട്ടു, മലിനീകരണ തോത് കുറഞ്ഞു.ഈ ഉൽപ്പന്നത്തിനും ആവശ്യക്കാർ വളരെയധികമായിരുന്നു. ഇത് നിർമ്മിക്കാനായി കോയമ്പത്തൂർ ഡീസൽ പ്രൊഡക്റ്റ്സ് എന്ന പുതിയ കമ്പനി തുടങ്ങി. പേറ്റെൻ്റ് എടുക്കാതിരുന്നതിനാൽ ലോകവ്യാപകമായി ഇതും അനുകരിക്കപ്പെട്ടു.


ഇന്ത്യയിലാദ്യമായി കല്ലാണ ആവശ്യങ്ങൾ, ടൂർ പ്രോഗ്രാമുകൾ എന്നിവയ്ക്കായി പ്രത്യേക ബസുകൾ വാടകയ്ക്ക് ലഭ്യമാക്കുന്ന സംരംഭം ഇന്ത്യയിലാദ്യമായി കൊണ്ട് വന്നത് ദൊരൈസ്വാമിയുടെ ഐഡിയയായിരുന്നു. ഇന്ത്യയിലെ ടൂറിസ്റ്റ് ബസ് വ്യവസായത്തിൻ്റെ പിതാവ് എന്ന് വേണമെങ്കിൽ അദ്ദേഹത്തെ വിളിക്കാം.


ഇന്ത്യയിലാദ്യമായി ദിവസേന ഓടുന്ന ഇൻ്റർ സ്റ്റേറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സർവ്വീസ് തുടങ്ങിയത് ദൊരൈസ്വാമിയായിരുന്നു. പാലക്കാട് - പഴനി റൂട്ടിലായിരുന്നു ഇന്ത്യയിലെ ആദ്യത്തെ രണ്ട് സംസ്ഥാനങ്ങൾ കടന്ന് പോകുന്ന ബസ് സർവ്വീസ്.രണ്ട് ബസുകൾ ഇതിനായി ഏർപ്പെടുത്തി ഒന്ന് പാലക്കാട്ട് നിന്നും, മറ്റേത് പഴനിയിൽ നിന്നും ഒരേ സമയം പുറപ്പെടും.


ലോങ്ങ് റൂട്ട് ബസുകൾ ആരംഭിച്ചതോടെ ഇതിലെ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ദൊരൈസ്വാമി മനസിലാക്കി.

 അവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനുമായി

തൻ്റെ ബസുകൾ ഓടുന്ന പ്രധാന നഗരങ്ങളിൽ സ്വന്തമായി സ്ഥലം വാങ്ങി സ്വന്തമായി ബസ് സ്റ്റാൻഡുകൾ പണിയാനാരംഭിച്ചു. വഴിവക്കിൽ നിന്നും ബസുകൾ യാത്ര പുറപ്പെടുന്ന അക്കാലത്ത് ഇതും പുതുമയുള്ള ഒരു സംരംഭമായിരുന്നു.


എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളും ഉള്ളതായിരുന്നു ഈ ബസ് ടെർമിനലുകൾ.ദീർഘദൂര യാത്രികർക്കായി ഒന്നോ രണ്ടോ ദിവസം താമസിക്കാനായി മുറികൾ, ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ ക്ലോക്ക് റൂമുകൾ,ഇന്ത്യൻ, യൂറോപ്യൻ ഭക്ഷണ ശാലകൾ, ടോയ്ലറ്റുകൾ, വണ്ടികൾ സർവ്വീസ് ചെയ്യാൻ വർക്ക് ഷോപ്പ് ,നല്ല കസേരകൾ ഉള്ള വിശാലമായ കാത്തിരിപ്പ് സൗകര്യം ..



ഈ ബസ് ടെർമിനലുകളിലെ സൗകര്യങ്ങൾ മറ്റ് ചെറുകിട ബസ് ഓപ്പറേറ്റർമാർക്കും സൗജന്യമായി ഉപയോഗിക്കാൻ അനുവാദം നൽകിയതിലൂടെ കൂടുതൽ ജനകീയനായി ദൊരൈസ്വാമി.


ആ സമയത്ത് ജർമ്മനിയിലെ ഒരു വ്യവസായ പ്രമുഖൻ ഇന്ത്യ ചുറ്റിക്കാണാനായി തൻ്റെ ഭാര്യയ്ക്കൊപ്പം വന്നപ്പോൾ യാത്രയ്ക്കിടെ കോയമ്പത്തൂരിലെത്തിയ സമയം .അദ്ദേഹത്തിൻ്റെ ഭാര്യയ്ക്ക് നല്ല യൂറോപ്യൻ ഭക്ഷണം ലഭിക്കാതെ വയറിന് സുഖമില്ലാതായി അന്ന് കോയമ്പത്തൂരിലെ ഹോട്ടലുകളിലൊന്നും യൂറോപ്യൻ ഭക്ഷണം ലഭിക്കില്ലായിരുന്നു.


അപ്പോഴാണ് ആരോ പറഞ്ഞത് ദൊരൈസ്വാമിയുടെ ബസ് ടെർമിനലിൽ നല്ല യൂറോപ്യൻ ഭക്ഷണം ലഭിക്കുമെന്ന്. അവിടെയെത്തിയ ജർമ്മൻ ബിസിനസ് മാഗ്‌നെറ്റിനെ ദൊരൈസ്വാമി നേരിട്ടെത്തി സ്വീകരിക്കുകയും നല്ല ആതിഥേയനാവുകയും ചെയ്തു.

ദൊരൈസ്വാമിയെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ആ ജർമ്മൻകാരൻ അദ്ദേഹത്തെ ജർമ്മനിയിലേക്ക് ക്ഷണിച്ചു.



ഇതിനിടെ 100 ൽ അധികം ബസുകളുമായി ദൊരൈസ്വാമിയുടെ UMS യുണൈറ്റഡ് മോട്ടോർ സർവ്വീസ് വളർന്നിരുന്നു.


തൻ്റെ ബസുകളുടെ ബുക്കും, പേപ്പറും എല്ലാം ധാരാളം തവണ പകർപ്പെടുത്ത് വിവിധ സർക്കാർ ഓഫീസുകളിലും, ബാങ്കുകളിലും എത്തിക്കേണ്ട വളരെ സമയം കൊല്ലിയായ പ്രശ്നം ദൊരൈസ്വാമിയെ ബുദ്ധിമുട്ടിക്കുന്നത്.ഇതിനായി അദ്ദേഹം ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ തന്നെ രൂപപ്പെടുത്തി.. അങ്ങനെ ഇന്ത്യയിലെ ആദ്യ ഫോട്ടോസ്റ്റാറ്റ് മെഷീനും കണ്ട് പിടിക്കപ്പെട്ടു.


ബസിലെ ടിക്കറ്റ് കൊടുക്കാൻ അന്ന് കാർബൺ പേപ്പർ വളരെ അത്യാവശ്യമായിരുന്നു. കാർബൺ പേപ്പർ വിദേശത്ത് നിന്നും ഇറക്ക്മതി ചെയ്യുന്നത് മൂലം വലിയ വിലയുമായിരുന്നു. വരുമാനത്തിൽ ഒരു പങ്ക് കാർബൺ പേപ്പറിന് പോകുന്നത് ഒഴിവാക്കാൻ എന്താണ് വഴി?


അത് സ്വന്തമായി നിർമ്മിക്കുക തന്നെ.. അങ്ങനെ ഇന്ത്യൻ നിർമ്മിത കാർബൺ പേപ്പർ ദൊരൈസ്വാമിയുടെ ഫാക്ടറിയിൽ നിന്നും പുറത്തിറങ്ങി.ടൈപ്പ് റൈറ്ററിനുള്ള ഇങ്ക് റോളറുകളും ഇതോടൊപ്പം സ്വന്തമായി നിർമ്മിച്ച് വിപണിയിലിറക്കി.


100ൽ അധികം ബസുകളായതോടെ അവയുടെ കളക്ഷൻ കണക്ക് കൂട്ടി തിട്ടപ്പെടുത്താൻ ധാരാളം സമയം വേണ്ടി വന്നിരുന്നു. ഇതൊഴിവാക്കാനായി ലോകത്തിലെ ആദ്യ ടിക്കറ്റ് വെണ്ടിങ്ങ് മെഷീൻ ദൊരൈസ്വാമിയുടെ പണിശാലയിൽ പിറന്നു. അദ്ദേഹത്തിൻ്റെ ബസ് സർവ്വീസുകളിലെല്ലാം 1930 കാലഘട്ടത്തിൽ ടിക്കറ്റ് മെഷീനുകൾ ഉണ്ടായിരുന്നു എന്ന് ഇന്ന് ആലോചിക്കാനുമുമോ?


ബസുകളുടെ എണ്ണം കൂടിയതോടെ അവയിൽ ജോലി ചെയ്യാനായി ആവശ്യത്തിന് ഡ്രൈവർമാരെയും തകരാറുകൾ പരിഹരിക്കാൻ മെക്കാനിക്കുകളുടെയും ദൗർലഭ്യം നിമിത്തം ബസ് സർവ്വീസ് മുടങ്ങുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടു.


തന്നെപ്പോലെയുള്ള അത്യാവശ്യം എഴുതാനും വായിക്കാനും അറിയാവുന്ന സ്കൂൾ ഡ്രോപ്പൗട്ടുകളെ അദ്ദേഹം തേടിക്കണ്ടു പിടിച്ചു.


 ആദ്യഘട്ടമായി 40 പേരെ തപ്പിയെടുത്ത് അവർക്കെല്ലാം തൻ്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഡ്രൈവിങ്ങും, വാഹനങ്ങളുടെ റിപ്പയറിങ്ങും ഒരു ക്രാഷ് കോഴ്സ് പോലെ 6 മാസം കൊണ്ട് പഠിപ്പിച്ചെടുത്ത് തൻ്റെ കമ്പനിയിൽ ജോലി നൽകി. അത് വൻ വിജയമായി അങ്ങനെ ഇന്ത്യയിലെ ആദ്യ അനൗദ്യോഗിക I.T.I പിറവി കൊണ്ടു. ഈ പാഠ്യപദ്ധതി അദ്ദേഹം തുടർന്ന് പോന്നു. 


UMS സർട്ടിഫിക്കറ്റുള്ള ഡ്രൈവർമാരുണ്ടെങ്കിൽ വണ്ടി വഴിയിൽ കിടക്കില്ല എന്ന നിലയായതോടെ കോഴ്സും ഹിറ്റായി.വണ്ടിപ്പണികൾക്ക് പുറമേ ലേത്ത് വർക്കുകൾ, ഇലക്ട്രീഷ്യൻ പണികൾ എന്നിവയെല്ലാം ക്രാഷ് കോഴ്സുകളായി അദ്ദേഹം നടത്തിയിരുന്നു.പത്താം ക്ലാസ് പാസാകരുത് എന്ന ഒറ്റ നിബന്ധനയേ ഈ കോഴ്സുകൾക്ക് ചേരാനുള്ള യോഗ്യതയായി നിഷ്കർഷിച്ചിരുന്നുള്ളൂ.


വിധിയുടെ വിളയാട്ടമെന്നല്ലാതെ എന്ത് പറയാൻ അദ്ധ്യാപകരെ കല്ലെറിഞ്ഞ് സ്ലേറ്റും, പുസ്തകവും തോട്ടിലെറിഞ്ഞ് സ്കൂൾ വിട്ടോടിയ ദൊരൈസ്വാമി അങ്ങനെ നല്ലൊരദ്ധ്യാപകനെന്ന പേരും നേടി.


 കമ്പനികൾ തൻ്റെ അസാന്നിദ്ധ്യത്തിലും നന്നായി പ്രവർത്തിക്കുമെന്ന നിലയിലെത്തി എന്ന ബോദ്ധ്യം വന്നപ്പോൾ 1932 ൽ ദൊരൈസ്വാമി ആദ്യ വിദേശ സഞ്ചാരത്തിനൊരുങ്ങി. സുഹൃത്തായ ജർമ്മനിയിലെ ബിസിനസ് മാഗ്‌നെറ്റിൻ്റെ ക്ഷണപ്രകാരം ആദ്യ യാത്ര ജർമ്മനിയിലേക്കായിരുന്നു. ഈ ജർമ്മൻ കാരന്  ക്യാമറ നിർമ്മിക്കുന്ന റോളിഫ്ലക്സ് എന്ന ലോക പ്രശസ്ത    കമ്പനി ഉണ്ടായിരുന്നു. കമ്പനിയിലെത്തിയ ദൊരൈസ്വാമിക്ക് ക്യാമറകൾ വല്ലാതെ ഇഷ്ടപ്പെട്ടു. അക്കാല ക്യാമറകളുടെ ഒരു വലിയ പോരായ്മയായിരുന്നു ഫോക്കസിങ്ങ് ചെയ്യാനുള്ള ബുദ്ധിമുട്ട്. വളരെ വിദഗ്ദ്ധനായ ഒരു ക്യാമറാമാന് മാത്രമേ ശരിയായ ചിത്രങ്ങൾ എടുക്കാൻ സാധിക്കുമായിരുന്നുള്ളൂ.


ഫോട്ടോ എടുത്ത് ഫിലിം വാഷ് ചെയ്ത് കയ്യിൽ കിട്ടാൻ ദിവസങ്ങൾ പിടിക്കും. കിട്ടുമ്പോഴാണ് ഔട്ട് ഓഫ് ഫോക്കസ് പ്രശ്നം ശ്രദ്ധയിൽ പെടുക. മൂവി ക്യാമറയിലൊക്കെ ഇത് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തും.


കമ്പനി സന്ദർശിച്ച് ഒരാഴ്ചക്കുള്ളിൽ വളരെ സിമ്പിളായി ക്യാമറയുടെ ഫോക്കസ് സെറ്റ് ചെയ്യുന്നതിനുള്ള ടെക്നോളജി വികസിപ്പിച്ച് ജർമ്മൻകാരന് ദൊരൈസ്വാമി കൈമാറി.ഡിജിറ്റൽ കാലഘട്ടത്തിന് മുൻപ് വരെ ക്യാമറകളിൽ ലോകവ്യാപകമായി ഉപയോഗിച്ചിരുന്നത് ദൊരൈസ്വാമി കണ്ടു പിടിച്ച ഫോക്കസിങ്ങ് ടെക്നോളജിയാണ്.



ജർമ്മനിയിലെ താമസത്തിനിടയിൽ ഷേവ് ചെയ്യാൻ ബാർബർ ഷോപ്പിലെത്തിയ ദൊരൈസ്വാമി അവിടുത്തെ ചാർജ് കേട്ട് അമ്പരന്ന് പോയി. ചുമ്മാതല്ല ജർമ്മൻകാരെല്ലാം താടിവളർത്തുന്നത് എന്ന് ആത്മഗതം ചെയ്ത ദൊരൈസ്വാമിയുടെ ചിന്ത പോയത് വേറൊരു വഴിക്കാണ്..


അദ്ദേഹം കളിപ്പാട്ട കാറിൻ്റെ മോട്ടോറുകളും ഏതാനും ഷേവിങ്ങ് ബ്ലേഡുകളും വാങ്ങിയാണ് നാട്ടിലേക്ക് മടങ്ങിയത്. അന്നത്തെ ഷേവിങ്ങ് ബ്ലേഡ് ഇന്നത്തെപ്പോലെ തലമുടിയേക്കാളും കനം കുറഞ്ഞതായിരുന്നില്ല ഒരു MM കനം വരുമായിരുന്നു.


നാട്ടിലെത്തിയ ദൊരൈസ്വാമി ടോയ് മോട്ടോറും ബ്ലേഡും സംയോജിപ്പിച്ച് ലോകത്തിലെ ആദ്യ ഇലക്ട്രിക് റേസർ കണ്ടു പിടിച്ചു.കൂടാതെ കട്ടി കുടിയ ഷേവിങ്ങ് ബ്ലേഡിനെ ഇന്നത്തെ രൂപത്തിലേക്ക് മാറ്റി കനം കുറയ്ക്കുകയും അത് വൻ തോതിൽ നിർമ്മിക്കുന്നതിനുള്ള ഓട്ടോമാറ്റിക് മെഷീൻ വികസിപ്പിക്കുകയും ചെയ്തു.


തൻ്റെ അടുത്ത ലോക സഞ്ചാരത്തിൽ ഈ കണ്ട് പിടുത്തങ്ങളുമായാണ് അദ്ദേഹം പോയത്. ജർമ്മനിയിലെ ലോക വ്യവസായ പ്രദർശനത്തിൽ ഇത് പ്രദർശിപ്പിച്ചു.ആ കണ്ട് പിടുത്തത്തിന് അഡോൾഫ് ഹിറ്റ്ലർ നേരിട്ട് അദ്ദേഹത്തിന് പ്രശസ്തി ഫലകം സമ്മാനിച്ചു. ഈ കണ്ട് പിടുത്തങ്ങൾക്കും ദൊരൈസ്വാമി പേറ്റെൻ്റ് എടുത്തില്ല. ലോക പ്രശസ്ത റേസർ ബ്ലേഡ് നിർമ്മാതാക്കൾ കനം കുറഞ്ഞ റേസർ ബ്ലേഡ് ടെക്നോളജി കോപ്പി ചെയ്ത് ഉടനടി വിപണിയിലെത്തിച്ചു.


ലോക സഞ്ചാരത്തിനിടെ ഒരു ബ്രഡ് നിർമ്മാണ ഫാക്ടറി സന്ദർശിക്കാൻ ദൊരൈസ്വാമിക്ക് അവസരം വന്നു.അപ്പോഴാണ് അവിടെ ബ്രഡ് സ്ലൈസ് ചെയ്യുന്ന മെഷീൻ അദ്ദേഹത്തിൻ്റെ കണ്ണിൽപ്പെട്ടത് അതിനു പയോഗിക്കുന്ന കത്തികൾ മെഷീൻ നിറുത്തി കൂടെക്കൂടെ മൂർച്ച കൂട്ടേണ്ടി വരുന്നു.. ഇത് വളരെ സമയം നഷ്ടപ്പെടുത്തുന്ന മിനക്കെട്ട പരിപാടിയായിരുന്നു. ദൊരൈസ്വാമി അതിനും ഉടനടി പരിഹാരം കണ്ടു പിടിച്ചു.


കത്തികൾക്ക് പകരം നൂൽക്കമ്പികൾ ഉപയോഗിച്ച് ബ്രഡ് മുറിക്കാനുള്ള യന്ത്രം ആഴ്ചകൾക്കുള്ളിൽ അദ്ദേഹം രൂപപ്പെടുത്തി. ലോകവ്യാപകമായി ഇന്നും ഉപയോഗിക്കുന്നത് അതേ ടെക്നോളജി തന്നെ.


തൻ്റെ കമ്പനിയിൽ നിർമ്മിക്കുന്ന ലേത്ത് മെഷീനുകൾക്ക് ആവശ്യമായ ഇലക്ട്രിക് മോട്ടോറുകൾ ബ്രിട്ടണിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. അന്ന് ഇന്ത്യയിൽ മോട്ടോറുകൾ നിർമ്മിച്ചിരുന്നില്ല.ചില സമയത്ത് കപ്പൽ സർവ്വീസ് മുടങ്ങുന്നതിനാൽ മോട്ടോറുകൾ സുഗമമായി ലഭ്യമായിരുന്നില്ല. ഇതു മൂലം ലേത്തുകളുടെ വിൽപ്പന തടസപ്പെട്ടു.


എന്നാൽ മോട്ടോർ സ്വന്തമായി നിർമ്മിച്ച് കളയാം ദൊരൈസ്വാമി തീരുമാനിച്ചു. മോട്ടോർ നിർമ്മിക്കാനാവശ്യമായ കോറുകളോ, ലാമിനേഷനുകളോ, ഇൻസുലേറ്റഡ് ചെമ്പ് കമ്പിയോ, കപ്പാസിറ്ററുകളോ ഒന്നും അക്കാലത്ത് ഇന്ത്യയിൽ ഉണ്ടാക്കിയിരുന്നില്ല.



ഇവയെല്ലാം തൻ്റെ പണി ശാലകളിൽ സ്വന്തമായി രൂപപ്പെടുത്തി ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ 1937ൽ UMS ബ്രാൻഡ് നേമിൽ തൻ്റെ 44 ആം വയസിൽ ദൊരൈസ്വാമി പുറത്തിറക്കി.ഇന്ത്യയുടെ വ്യവസായ വളർച്ചയ്ക്ക് ഈ മോട്ടോർ ചെയ്ത സംഭാവന ഒന്നുമതി ദൊരൈസ്വാമി എന്ന പേര് ചരിത്രത്തിൽ രേഖപ്പെടുത്താൻ .


1941 വരെ ഇന്ത്യയിൽ വിറ്റിരുന്ന റേഡിയോകളെല്ലാം വിദേശ നിർമ്മിതമായിരുന്നു. ഇറക്കുമതിച്ചുങ്കം മൂലം അവയ്ക്കെല്ലാം വലിയ വിലയുമായിരുന്നു. ഒരു സമ്പന്നന് പോലും താങ്ങാനാകാത്തതായിരുന്നു റേഡിയോകളുടെ വില. ഒരു രൂപയ്ക്ക് 100 തേങ്ങ കിട്ടിയിരുന്ന ഒരു പവൻ സ്വർണ്ണം 35 രൂപയ്ക്ക് കിട്ടിയിരുന്ന അന്ന് ഒരു റേഡിയോ വാങ്ങണമെങ്കിൽ 300 രൂപ വേണ്ടിയിരുന്നു.


ഒരു റേഡിയോ വാങ്ങി അഴിച്ച് അതിൻ്റെ ഉള്ളുകള്ളികൾ മനസിലാക്കിയ ദൊരൈസ്വാമി സ്പീക്കറും, ഗാങ്ങ് കണ്ടൻസറും, ട്രാൻസ്ഫോർമറും ,ക്യാബിനെറ്റും ഉൾപ്പടെ സാധിക്കുന്നത്ര പാർട്സുകൾ സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ച് വാൽവുകൾ ഇറക്കുമതി ചെയ്ത് സ്വന്തമായി റേഡിയോ നിർമ്മാണം ആരംഭിച്ചു. ജർമ്മനിയിലെ ഗ്രണ്ടിഗ് കമ്പനിയുടെ ടെക്നോളജി സപ്പോർട്ടുമുണ്ടായിരുന്നു.


അങ്ങനെ 1941 ജൂലൈ 19 ന് ആദ്യ ഇന്ത്യൻ നിർമ്മിത റേഡിയോ സെറ്റ് പുറത്തിറങ്ങി. 70 രൂപയായിരുന്നു പ്രാരംഭ വില!. റെക്കോഡ് പ്ലയറുകൾ, ഹോട്ടൽ മ്യൂസിക് സിസ്റ്റം, ഓട്ടോമാറ്റിക് ജൂക്ക് ബോക്സുകൾ എന്നിവയും അക്കാലങ്ങളിൽ UMS റേഡിയോ ഫാകടറിയിൽ നിന്നും പുറത്തിറങ്ങിയിരുന്നു. ടെലിവിഷനുകളും പിൽക്കാലത്ത് UMS നിർമ്മിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ടെലിവിഷൻ ബൂസ്റ്റർ, യാഗി ആൻ്റിനകൾ, ഇന്ത്യയിലെ ആദ്യ ഡിഷ് ആൻ്റിനകൾ എന്നിവയെല്ലാം UMS ഫാക്ടറികളിൽ നിന്നും പുറത്തിറങ്ങിയവയാണ്.ഇന്ത്യൻ നിർമ്മിത കൊതുക് ബാറ്റായ ഹണ്ടർ UMS ൻ്റെ ഒരുൽപ്പന്നമാണെന്നറിയുമോ?


താൻ ആദ്യകാലങ്ങളിൽ ഏർപ്പെട്ടിരുന്ന കാർഷിക വൃത്തിയിലും ധാരാളം കണ്ട് പിടുത്തങ്ങൾ ദൊരൈസ്വാമി നടത്തിയിട്ടുണ്ട്. ഹൈബ്രിഡ് കൃഷിയുടെ ഇന്ത്യൻ ഉപജ്ഞാതാവ് അദ്ദേഹം തന്നെയാണ്. കുരുവില്ലാത്ത പപ്പായ, തക്കാളി യുടെയും, ആപ്പിളിൻ്റെയും രുചിയുള്ള പപ്പായകൾ, ഒരാൾ പ്പൊക്കത്തിൽ വളരുന്നതും വളരെ വലിയ കായകൾ ഉണ്ടാകുന്നതുമായ പപ്പായ, 20 അടി വരെ ഉയരം വയ്ക്കുന്നതും ഭീമൻ പഴങ്ങൾ ഉണ്ടാകുന്നതുമായ വാഴ ഇനങ്ങൾ, ചോളം, വിളവ് കൂടിയ പരുത്തി എന്നിവയെല്ലാം അദ്ദേഹം തൻ്റെ കൃഷിത്തോട്ടങ്ങളിൽ രൂപപ്പെടുത്തിയിരുന്നു.




ഒരു കൗതുകം എന്നതിലുപരി ഇതിൻ്റെ വ്യവസായ മൂല്യം അക്കാലത്ത് ആരും തിരിച്ചറിയാതിരുന്നതിനാൽ ഈ വിളകളുടെ രഹസ്യമെല്ലാം അദ്ദേഹത്തിൽ തന്നെ ഒതുങ്ങി.


ആദ്യ ഇന്ത്യൻ നിർമ്മിത ഡീസൽ എഞ്ചിനുകൾ നിർമ്മിച്ചതും ദൊരൈസ്വാമിയാണ്.1930 കളിൽ അദ്ദേഹം ഡിസൈൻ ചെയ്ത് തദ്ദേശീയമായി നിർമ്മിച്ച ഡീസൽ എഞ്ചിനുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന വാട്ടർ പമ്പുകളും, വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളും വളരെയധികം ജനപ്രീതി നേടി.


രാവിലെ തറക്കല്ലിട്ടാൽ വൈകുന്നേരം നിർമ്മാണം പൂർത്തിയാകുന്ന റഡിമേഡ് വീടുകൾ അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തങ്ങളിൽ ഒന്നായിരുന്നു.



അന്നത്തെ മദ്രാസ് ഗവർണ്ണർ സർ ആർതർ ഹോപ്പിൻ്റെ നാമധേയത്തിൽ 1945ൽ ഇന്ത്യയിലെ ആദ്യ പോളിടെക്നിക് കോളേജ് കോയമ്പത്തൂരിൽ ആരംഭിച്ചു. പിന്നീട് അത് സർക്കാരിന് വിട്ടുകൊടുത്തു. ഇന്ന് ആ സ്ഥാപനം ഗവൺമെൻ്റ് കോളേജ് ഓഫ് ടെക്നോളജി കോയമ്പത്തൂർ എന്നറിയപ്പെടുന്നു.

 

ഇന്ത്യയിലെ ബാറ്ററിയിൽ ഓടുന്ന ആദ്യ ഇലക്ട്രിക് സൈക്കിൾ നിർമ്മിച്ചതും ദൊരൈസ്വാമി തന്നെ... 1940 ലായിരുന്നു അത്.


ആദ്യ ഇന്ത്യൻ നിർമ്മിത കാർ 1952ൽ ദൊരൈസ്വാമിയുടെ ഫാക്ടറിയിൽ ഉരുവെടുത്തു. ഇന്ത്യയിലെ സമാന വ്യവസായ ഭീമൻമാർ ഉടക്ക് വച്ചത് മൂലം ആവശ്യമായ ലൈസൻസുകൾ ലഭിക്കാതെ ഈ സംരംഭം തുടക്കത്തിലേ ഒടുങ്ങി.


ഇന്ന് സർവ്വസാധാരണമായ വാഹനങ്ങളുടെ ടയർ ചേഞ്ച് ചെയ്യുന്ന മെഷീൻ, വാഹനങ്ങൾ ഉയർത്തി നിറുത്തി കഴുകുന്ന ഹൈഡ്രോളിക് ലിഫ്റ്റ്, തെങ്ങ് കയറുന്ന മെഷീൻ, ലോകത്തിലെ ആദ്യ വോട്ടിങ്ങ് മെഷീൻ, എന്നിവയെല്ലാം ദൊരൈസ്വാമിയുടെ കണ്ട് പിടുത്തങ്ങളിൽ ചിലത് മാത്രമാണ്.കൂടാതെ ഇന്ത്യൻ നിർമ്മിത സിനിമാ പ്രൊജക്റ്റർ ,ഇന്ത്യൻ നിർമ്മിത മൂവി ക്യാമറ ,ബോൾ പേനകൾ, റീ ഫില്ലറുകൾ ,വില കുറഞ്ഞ ക്ലോക്കുകൾ എന്നിവയെല്ലാം നാടൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് തന്നെ  താങ്ങാനാകുന്ന വിലയിൽ  അദ്ദേഹത്തിൻ്റെ ഫാക്ടറികളിൽ നിന്ന് പുറത്ത് വന്നിരുന്നു.

അദ്ദേഹത്തിൻ്റെ ഫാക്ടറികളിലെ കഴിവുള്ള ജീവനക്കാരെയെല്ലാം സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങാനാവശ്യമായ പ്രോത്സാഹനങ്ങൾ അദ്ദേഹം കലവറ കൂടാതെ നൽകി.തൻമൂലം നൂറുകണക്കിന് മോട്ടോർ നിർമ്മാണ യൂണിറ്റുകളും ,ഫൗണ്ടറികളും കോയമ്പത്തൂരിൽ ആരംഭിക്കപ്പെട്ടു.കോയമ്പത്തൂരിനെ ഇന്നത്തെ വൻ വ്യവസായ നഗരമായ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന കോയമ്പത്തൂരാക്കുന്നതിൽ ദൊരൈസ്വാമി വഹിച്ച പങ്ക് നിസ്തർക്കമാണ്.


 ഏതെങ്കിലും പാശ്ചാത്യ രാജ്യത്തായിരുന്നെങ്കിൽ നോബൽ സമ്മാനം വരെ ലഭിക്കേണ്ട കണ്ടുപിടുത്തങ്ങൾ നടത്തിയ ഗോപാൽ സ്വാമി ദൊരൈസ്വാമി നായിഡു എന്ന GD നായിഡു 1974 ജനുവരി നാലിന് തൻ്റെ 81 ആം വയസിൽ ഇഹലോകവാസം വെടിഞ്ഞു.GD നായിഡു സ്ഥാപിച്ച വ്യവസായ സാമ്രാജ്യം GD ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന പേരിൽ ഇപ്പോഴും ഉയരങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു. 


ജീവിത കാലയളവിൽ യാതൊരു വിധ അംഗീകാരവും അദ്ദേഹത്തിൻ്റെ കണ്ട് പിടുത്തങ്ങൾക്ക് ലഭിച്ചില്ല എന്നത് വളരെ ദുഖ:കരമാണ്. അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായിരുന്ന CV രാമൻ അദ്ദേഹത്തെ ഇന്ത്യൻ എഡിസൺ എന്നാണ് വിളിച്ചിരുന്നത്.ആ പേരിൽ പരിമിതമായ ജനസമൂഹത്തിനിടയിൽ ദൊരൈസ്വാമി നായിഡുവിൻ്റെ പേര് ഇക്കാലത്ത് വല്ലപ്പോഴും സ്മരിക്കപ്പെടുന്നു. എഴുതിയത് അജിത് കളമശേരി 01.10.2022 #Ajith_kalamassery,#GDNaidu ,#GDനായിഡു,

#എഡിസൺ_ഓഫ്_ഇന്ത്യ,

#edison_of_India

Wednesday, September 7, 2022


 നാഷണൽ പാനാസോണിക്കിൻ്റെ കഥ.
വെറും നാഷണൽ, വെറും പാനാസോണിക്, ഇതു രണ്ടും കൂടിയ നാഷണൽ പാനാസോണിക് എന്നിങ്ങനെ വിവിധ പേരുകളിൽ ജാപ്പാനീസ് ബ്രാൻഡുകളുടെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വിപണിയിൽ കണ്ടു വരാറുണ്ടല്ലോ. നമ്മളെയെല്ലാം ആശയക്കുഴപ്പത്തിലാക്കുന്ന ഒരു സംഗതിയാണ് ഈ പേരുകൾ.
ഇവയെല്ലാം വേറേ വേറേ കമ്പനികളാണെന്ന് കരുതുന്നു ചിലർ, മറ്റു ചിലർ കരുതുന്നു ഇവയെല്ലാം നാഷണൽ കമ്പനിയുടെ മറ്റ് പേരുകളാണെന്ന് … എന്നാൽ എല്ലാവരും അംഗീകരിക്കുന്ന പൊതുവായ കാര്യമുണ്ട് ഈ പേരുകൾ ഏത് ഉൽപ്പന്നത്തിൻ്റെ നെറ്റിയിൽ കണ്ടാലും അവ വിശ്വസിച്ച് വാങ്ങാം.!
1894 നവംബർ 27 ന് ജപ്പാനിലെ ഒരു ഉൾനാടൻ പ്രദേശമായ വക്കായാമ എന്ന ഗ്രാമത്തിലെ മത് സുഷിത തറവാട്ടിൽ, ആ ഗ്രാമത്തിലെ ഒരു സമ്പന്ന കർഷകനായ മസാകുസു മത് സുഷിതയുടെ 8 മക്കളിൽ ഏറ്റവും ഇളയവനായി ഒരു ആൺ കുഞ്ഞ് പിറന്നു.
ധനിക കർഷകനായിരുന്നെങ്കിലും കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവ് മൂലം സാമ്പത്തികമായി ആകെ തകർന്നിരുന്ന മസാകുസു തൻ്റെ ഈ നവജാത പുത്രൻ ഭാഗ്യം കൊണ്ടുവരുമെന്ന ശുഭപ്രതീക്ഷയിൽ കോണോസുക്കേ എന്ന പേരിട്ടു. നല്ലതു സംഭവിക്കട്ടെ ( good luck) എന്നാണ് ഈ ജപ്പാനീസ് വാക്കിന്നർത്ഥം… എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായി, കടബാദ്ധ്യകൾ മൂലം ആകെ തകർന്ന മസാ കുസുവിൻ്റെ വീടും, കന്നുകാലികളുമെല്ലാം പലിശക്കാർ കയ്യേറി അവരെ വീട്ടിൽ നിന്നും ഇറക്കിവിട്ടു. കോണോ സൂക്കേയുടെ ആറാം വയസിലാണ് ഈ സംഭവം നടന്നത് .തിരിച്ചറിവില്ലാത്ത പ്രായമായിരുന്നെങ്കിലും ഇത് കോണോ സുക്കേയുടെ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
ഒസാക്ക നഗരത്തിലെ വെറും 3 മുറികളുള്ള ഒരു വാടക വീട്ടിലേക്ക് താമസം മാറിയ ആ വലിയ കുടുംബം ആകെ കഷ്ടപ്പാടിലായി .. സാമ്പത്തിക പരാധീനതകൾ മൂലം സ്കൂൾ പഠനത്തിനൊപ്പം നഗരത്തിലെ ഒരു സ്റ്റൗ വിൽപ്പന കടയിൽ സഹായിയായി കോണോ സൂക്കേ തൻ്റെ ഒമ്പതാം വയസിൽ ജോലി ചെയ്യാനാരംഭിച്ചു.
സ്റ്റൗ വിൽപ്പന കടയിൽ ജോലി ചെയ്യവേ സമീപത്തുണ്ടായിരുന്ന സൈക്കിൾ കടക്കാരനുമായി പരിചയത്തിലായി. സാങ്കേതികമായി അൽപ്പ സ്വൽപ്പം താൽപ്പര്യമുണ്ടായിരുന്ന കോണോ സൂക്കേ അവിടെ റിപ്പയറിങ്ങിന് വരുന്ന സൈക്കിളുകളുടെ ഹെഡ് ലാമ്പ്, ഡൈനാമോ എന്നിവയുടെ റിപ്പയറിങ്ങ്‌ പണി ചെയ്തു തുടങ്ങി.
താമസിയാതെ സ്റ്റൗ കടയിലെ ജോലി ഉപേക്ഷിച്ച് സൈക്കിൾ കടയിലെ സ്ഥിരം പണിക്കാരനായി ചേർന്ന കോണോ സൂക്കേ 4 വർഷം അവിടെ ജോലി ചെയ്തു. പുതിയ സൈക്കിളുകളുടെ വിൽപ്പനയും, റിപ്പയറിങ്ങും നടത്തിയിരുന്ന ആ സൈക്കിൾ കടയിൽ ജോലിയിലിരിക്കെ ലേത്ത് വർക്കും, മറ്റ് ഇലക്ട്രിക്കൽ പണികളും കൊണോ സൂക്കേ കരഗതമാക്കി. സൈക്കിൾ കട ഉടമയുടെ പരിചയക്കാരനായ ഒസാക്ക ഇലക്ട്രിക് എന്ന ചെറുകിട കമ്പനിയുടെ ഉടമയ്ക്ക് ഈ പണിക്കാരനെ വളരെ ഇഷ്ടപ്പെട്ടു.അദ്ദേഹത്തിൻ്റെ ക്ഷണപ്രകാരം തൻ്റെ പതിമൂന്നാം വയസിൽ സൈക്കിൾകടയിലെ ജോലി വിട്ട് ഒസാക്ക ഇലക്ട്രിക്കിൽ ജോലിക്ക് ചേർന്നു. ഇലക്ട്രിക് ബൾബുകളുടെ ലാമ്പ് ഷേഡുകളും, ബൾബ്ഹോൾഡറുകളും നിർമ്മിക്കുന്ന ചെറുകിട യൂണിറ്റായിരുന്നു ഒസാക്ക ഇലക്ട്രിക്.
ഒമ്പതു വർഷം അവിടെ ജോലി ചെയ്ത കോണോ സൂക്കേ ജോലിക്കിടയിൽ തൻ്റെ കമ്പനി നിർമ്മിക്കുന്ന ഉപകരണങ്ങളുടെ പരമ്പരാഗത ഡിസൈനുകളിൽ മാറ്റം വരുത്തി സ്വന്തം ശൈലിയിൽ ഓരോന്ന് നിർമ്മിച്ച് നോക്കുമായിരുന്നു. കമ്പനി ഉടമയ്ക്ക് ഈ മാറ്റം വരുത്തിയ ഉൽപ്പന്നങ്ങളിൽ യാതൊരു താൽപ്പര്യവും തോന്നിയില്ല. അദ്ദേഹം കോണോ സൂക്കേയുടെ ഡിസൈനുകൾ നിഷ്കരുണം തള്ളിക്കളഞ്ഞു.
തൻ്റെ സർഗ്ഗശേഷിയിൽ വിശ്വാസമില്ലാത്ത കമ്പനിയിൽ തുടരാൻ താൽപ്പര്യം നശിച്ച കോണോ സൂക്കേ തൻ്റെ 22 ആം വയസിൽ ഒസാക്ക ഇലക്ട്രിക്കിലെ ജോലി ഉപേക്ഷിച്ചു.
ജോലിയിൽ നിന്ന് മിച്ചം പിടിച്ച 1000 യെന്നും ,ചെറിയ അളിയനോട് കടം വാങ്ങിച്ച മറ്റൊരു 1000 യെന്നും ചേർത്ത് 2000 യെൻ (ജാപ്പാനീസ് കറൻസി ) ഒപ്പിച്ച് തൻ്റെ 3 മുറി വാടക വീടിൻ്റെ ഒരു മുറിയിൽ തൻ്റെ 22 ആം വയസിൽ കുടുംബപ്പേരായ മത് സുഷിത എന്ന ബ്രാൻഡ് നെയിമിൽ ഒരു ഇലക്ട്രിക് ഉൽപ്പന്ന നിർമ്മാണ കമ്പനി ആരംഭിച്ചു.1917 ലാണ് ഇത്.
മുമിനോ മത് സുഷിതയെ തൻ്റെ 20 ആം വയസിൽ സൂക്കേ വിവാഹം കഴിച്ചു.കോണോ സൂക്കേയുടെ അളിയനെയും അദ്ദേഹത്തിൻ്റെ കമ്പനി പേര് പറഞ്ഞാൽ നിങ്ങളറിയും..സാനിയോ കമ്പനി സ്ഥാപകനായ തോഷിയോ ല്യൂ ആണ് കോണോ സൂക്കേയുടെ പ്രശസ്തനായ ആ അളിയൻ.! കോണോ സൂക്കേയാക്കാൾ 8 വയസ് കുറവായിരുന്നു ഈ ചെറിയ അളിയന്.. കോണോ സൂക്കേയുടെ ഭാര്യയായ മുമിനോയുടെ ഇളയ സഹോദരനായിരുന്നു തോഷിയോ ല്യൂ.അളിയൻ്റെ കഥ പീന്നീട് ഒരവസരത്തിലാവാം.
ഒറ്റ ഹോൾഡറിൽ രണ്ട് ബൾബുകൾ ഇടാവുന്ന ട്വിൻ ഹോൾഡറായിരുന്നു മത് സുഷിത ഇലക്ട്രിക്കിൻ്റെ ആദ്യഉൽപ്പന്നം.തൻ്റെ മുൻ ജോലി സ്ഥാപനമായ ഒസാക്ക ഇലക്ട്രിക് മുതലാളി മണ്ടത്തരമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ഉൽപ്പന്നമായിരുന്നു. ഈ ട്വിൻ ഹോൾഡർ. നമ്മൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ബൾബ് ഹോൾഡറിൽ തിരിച്ച് കയറ്റി കണക്ഷൻ എടുക്കുന്ന കണക്റ്ററും കോണോ സൂക്കേയാണ് കണ്ട് പിടിച്ചത്.
വിപണിയിൽ വൻ സ്വീകാര്യതയാണ് ഈ ഉൽപ്പന്നങ്ങൾക്ക് ലഭിച്ചത്. അക്കാലയളവിൽ പ്രതിമാസം 5000 ത്തിൽ അധികം ട്വിൻ ബൾബ്ഹോൾഡറുകൾ നിർമ്മിക്കുകയും അവ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്തിരുന്നു..ഇതിനായി 25 തൊഴിലാളികളെ ആദ്യ വർഷം തന്നെ നിയമിക്കേണ്ടി വന്നു.
സൈക്കിളുകളിൽ ഡൈനാമോ ഉപയോഗിച്ച് ഹെഡ് ലൈറ്റ് കത്തിക്കുമ്പോൾ സൈക്കിൾ ചവിട്ട് വളരെ ആയാസകരമാകും .. ഇതിനൊരു പോംവഴി എന്താണ് ?ബാറ്ററി ഉപയോഗിച്ച് ബൾബ് കത്തിച്ചാൽ സംഗതി ഓക്കെയാണ് പക്ഷേ അന്ന് സൈക്കിളിൽ ഉപയോഗിക്കാൻ പറ്റിയ ബാറ്ററികൾ വിപണിയിൽ ലഭ്യമായിരുന്നില്ല. ലഭിച്ചിരുന്നവ വളരെ വലുതും ചാർജ് വേഗം തീരുന്നതുമായിരുന്നു.
കോണോ സൂക്കേ യുടെ ഗവേഷണം ഈ വിഷയത്തിലേക്ക് തിരിഞ്ഞു. താമസിയാതെ പരീക്ഷണങ്ങൾ വിജയം കണ്ടു 45 മണിക്കൂറിലധികം പ്രകാശിക്കുന്ന ഡ്രൈസെൽ ബാറ്ററിയും, ഹെഡ് ലൈറ്റും നാഷണൽ എന്ന ബ്രാൻഡ് നെയിമിൽ 1923 ൽ മ ത് സുഷിത വിപണിയിലിറക്കി. അതും വൻ ജനപ്രീതി നേടി. പ്രതിമാസം ഒന്നര ലക്ഷം സൈക്കിൾ ലാമ്പ് സെറ്റുകളായിരുന്നു വിൽപ്പന !.
ഹോൾഡറുകളുടെ വിൽപ്പന നന്നായി നടന്നു വരവേയാണ് സൂക്കേ തൻ്റെ അടുത്ത ഉൽപ്പന്നമായ സൈക്കിൾ ഹെഡ് ലൈറ്റ് പുറത്തിറക്കിയത്. പരമ്പരാഗത ബാറ്ററി ഹെഡ് ലൈറ്റുകൾ മൂന്നും നാലും മണിക്കൂറുകൾ മാത്രം വെളിച്ചം തരുമ്പോൾ സൂക്കേയുടെ ഹെഡ് ലൈറ്റ് 45 മണിക്കൂറിലധികമാണ് പ്രകാശം പരത്തുന്നത്. എങ്കിലും ഹോൾസെയിൽ ഇലക്ട്രിക് ഡീലർമാർ സൂക്കേയുടെ നാഷണൽ ബ്രാൻഡിൽ പുറത്തിറങ്ങിയ ആദ്യ ഉൽപ്പന്നത്തോട് മുഖം തിരിച്ചു.
ഇതിൽ നിരാശനാകാതെ കോണോ സൂക്കേ തൻ്റെ നാഷണൽ കമ്പനി ആദ്യ ബാച്ചിൽ നിർമ്മിച്ച 5000 സൈക്കിൾ ഹെഡ് ലൈറ്റുകൾ ജപ്പാനിലുടനീളമുള്ള സൈക്കിൾ വ്യാപാരികൾക്ക് ഇടനിലക്കാരില്ലാതെ ഫ്രീ ആയി അയച്ച് നൽകി.കൂടെ ഒരു കത്തും… പ്രീയ വ്യാപാരി സുഹൃത്തേ ഇത് നാഷണൽ കമ്പനി നിർമ്മിക്കുന്ന 45 മണിക്കൂർ പ്രകാശം ഉറപ്പ് തരുന്ന ഹെഡ് ലൈറ്റാണ്.. ഉപയോഗിച്ച് നോക്കുക നല്ലതെങ്കിൽ കൂടുതൽ എണ്ണത്തിനായി കമ്പനിക്ക് നേരിട്ട് ഓർഡർ നൽകുക.
ഫ്രീ ആയി കിട്ടിയ ഹെഡ് ലൈറ്റിൻ്റെ ഗുണദോഷങ്ങൾ വിൽപ്പനക്കാർക്ക് വേഗം പിടി കിട്ടി. കമ്പനിയിൽ ഓർഡറുകൾ കുമിഞ്ഞ് കൂടി .
1929ൽ ജപ്പാനെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യം മൂലം കമ്പനികൾ വൻതോതിൽ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുകയും, ജീവനക്കാരെ പിരിച്ച് വിടാനും ആരംഭിച്ചു.ദാരിദ്യത്തിൻ്റെ ആഴം അറിഞ്ഞിട്ടുള്ള കോണോ സൂക്കേ തൻ്റെ കമ്പനിയിലെ ഒരു ജീവനക്കാരനെയും പിരിച്ച് വിട്ടില്ല. പകരം ജോലി ഉച്ചവരെയാക്കി എന്നാൽ മുഴുവൻ ശമ്പളവും നൽകി, ഉച്ചക്ക് ശേഷം കമ്പനി ജീവനക്കാരെ പുതിയ ഒരു ദൗത്യം ഏൽപ്പിച്ചു.
നഗരത്തിലേക്കിറങ്ങുക തങ്ങളുടെ കമ്പനിയുടെ ഉൽപ്പന്നങ്ങളായ ലൈറ്റ് ഹോൾഡറും, സൈക്കിൾ ഹെഡ് ലൈറ്റുമെല്ലാം വാങ്ങിയ ഉപഭോക്താക്കളെ കാണുക.വെറുതെ വിശേഷങ്ങൾ ചോദിക്കുക. സൗഹൃദ സംഭാഷണങ്ങൾ നടത്തുക.
ഈ പരിപാടി വൻഹിറ്റായി. എല്ലാ കമ്പനികളും പ്രൊഡക്ഷൻ കുറയ്ക്കുമ്പോൾ മത് സുഷിതയുടെ വിൽപ്പന കുതിച്ചുയർന്നു. വിഷമഘട്ടത്തിൽ തങ്ങളുടെ പ്രശ്നങ്ങൾ ചോദിച്ചറിയുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങളുടെ പ്രചാരണം പൊതുജനങ്ങൾ സ്വമേധയാ ഏറ്റെടുത്തു.!.
സാമ്പത്തിക മാന്ദ്യത്തിന് അയവ് വന്നതോടെ നാഷണൽ ബ്രാൻഡിൽ കൂടുതൽ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ സൂക്കേ തീരുമാനിച്ചു. വൃത്തിയുടെ കാര്യത്തിലും, നല്ല വസ്ത്രങ്ങൾ ധരിക്കുന്നതിലും യാഥാസ്ഥിതിക മനോഭാവക്കാരാണ് ജപ്പാൻകാരെല്ലാം. തേച്ച് വടിവൊത്ത വസ്ത്രങ്ങളുമായേ അവർ പുറത്തിറങ്ങൂ.കൽക്കരി, ചാർക്കോൾ എന്നിവയെല്ലാം ഉപയോഗിക്കുന്ന കരിപുരണ്ട തേപ്പ് പെട്ടികളാണ് അക്കാലത്ത് വ്യാപകം. കറണ്ടിൽ പ്രവർത്തിക്കുന്ന ഇസ്തിരി പെട്ടികൾക്ക് വലിയ വിലയും.
ഇതിൽ ഒരവസരം മണത്ത ക്രാന്തദർശിയായ കോണോ സൂക്കേ തൻ്റെ നാഷണൽ കമ്പനിയുടെ അടുത്ത ഉൽപ്പന്നമായി തേപ്പ് പെട്ടി തിരഞ്ഞെടുത്തു. പക്ഷേ അന്ന് വിപണിയിലുള്ള വൈദ്യുതി തേപ്പ് പെട്ടികളിൽ ഏറ്റവും വിലകുറഞ്ഞതിന് 10 യെൻ ആണ് വില.ഒരു സാധാരണക്കാരൻ്റെ ഒരാഴ്ച ജോലി ചെയ്താലേ 10 യെൻ ലഭിക്കൂ.
ഈ വില എങ്ങനെ കുറയ്ക്കാം? കോണോ സൂക്കേ ചിന്തിച്ചു. ഇലക്ട്രിക് അയേൺ നിർമ്മിക്കാനാവശ്യമായ ഏറ്റവും വില കൂടിയ അസംസ്കൃത വസ്തു അതിൻ്റെ ഘനമേറിയ ബേസ് പ്ലേറ്റാണ്.. അതിൻ്റെ നിർമ്മാതാക്കളെ കണ്ട് വിലകൾ തിരക്കി.5000 എണ്ണം വാങ്ങിയാൽ ഒരെണ്ണം ഒരു യെന്നിന് തരാം 10000 എണ്ണം വാങ്ങിയാൽ വീണ്ടും വില കുറയും.. ഈ വിലപേശൽ വിദ്യ എല്ലാ സ്പെയർ നിർമ്മാതാക്കളുടെ മുന്നിലും കോണോ സൂക്കേ പ്രയോഗിച്ചു. വലിയ ക്വാണ്ടിറ്റിയിൽ വാങ്ങിയാൽ വൻതോതിൽ വില കുറയുമെന്ന് മനസിലാക്കി.
റിസ്ക്കെടുക്കാൻ യാതൊരു മടിയുമില്ലാത്ത കോണോ സൂക്കേ രണ്ടും കൽപ്പിച്ച് തുനിഞ്ഞിറങ്ങി.ഒരു ലക്ഷം വൈദ്യുത തേപ്പ് പെട്ടികൾ നിർമ്മിക്കാനാവശ്യമായ സ്പെയറുകൾക്ക് ഓർഡർ നൽകി അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്ന കമ്പനികളെ ഞെട്ടിച്ചു.അവർ ഏറ്റവും കുറഞ്ഞ വിലയിൽ നാഷണൽ കമ്പനിക്ക് സാമഗ്രികൾ എത്തിച്ചു നൽകി.
അടുത്തതായി ഉപഭോക്താക്കൾക്ക് ഞെട്ടാനുള്ള അവസരമായിരുന്നു. വെറും മൂന്നരയെന്നിന് നാഷണലിൻ്റെ തേപ്പ് പെട്ടികൾ പുറത്തിറങ്ങി.പൊതു ജനങ്ങൾ സ്റ്റോക്ക് തീരുന്നതിന് മുൻപ് അവ സ്വന്തമാക്കാൻ തിരക്ക് കൂട്ടി.. ആദ്യമാസം തന്നെ ഒരു ലക്ഷം തേപ്പ് പെട്ടികളും വിറ്റഴിഞ്ഞു!. പിന്നീട് പ്രതിമാസം ഒന്നര ലക്ഷം തേപ്പ് പെട്ടികളായി നാഷണലിൻ്റെ പ്രൊഡക്ഷൻ!
കമ്പനിയുടെ വളർച്ച ക്രമമായി പുരോഗതി പ്രാപിച്ചു. ഫാക്ടറികളുടെ എണ്ണം കൂടി വന്നു. വൃത്തിയുടെ കാര്യത്തിൽ ജപ്പാൻകാരുടെ ചിട്ട അറിയാവുന്ന സൂക്കേ തേപ്പ് പെട്ടിയുടെ വൻ വിജയത്തിന് ശേഷം വാഷിങ്ങ് മെഷീൻ നിർമ്മാണത്തിലേക്ക് കടന്നു.
വാഷിങ്ങ് മെഷീനിൻ്റെ പ്രധാന ഭാഗമായ ഇലക്ട്രിക് മോട്ടോർ അന്ന് റിലയബിൾ അല്ലായിരുന്നു. വെള്ളത്തിൻ്റെയും സോപ്പിൻ്റെയും സദാ സാന്നിദ്ധ്യം മൂലം മോട്ടോർ അടിക്കടി കേടാകും.ഇത് പരിഹരിക്കാനായി ഒരു നല്ല മോട്ടോർ തിരക്കി സൂക്കേ അലഞ്ഞു.
സാധനം കിട്ടിയില്ല അന്നത്തെ പ്രമുഖ മോട്ടോർ നിർമ്മാതാക്കൾ ഒന്നും വാഷിങ്ങ് മെഷീന് മാത്രമായി ഒരു മോട്ടോർ നിർമ്മിച്ചിരുന്നില്ല. കുറേ ക്ലാമ്പുകളും ഫിറ്റിങ്ങുകളും വച്ച് ഏതെങ്കിലുമൊരു മോട്ടോർ ഒരു തകരപ്പെട്ടിയിൽ ഉറപ്പിച്ച് മാർക്കറ്റിൽ ഇറക്കും..അധികം ചോയ്സ് ഇല്ലാത്ത നാട്ടുകാർ അവയെല്ലാം വാങ്ങിക്കൂട്ടും. മെക്കാനിക്ക്കൾക്ക് വൻ തൊഴിലവസരങ്ങൾ ലഭ്യമാകും.
നല്ല മോട്ടോർ വാങ്ങാൻ കിട്ടില്ല എന്ന് മനസിലാക്കിയ കോണോ സൂക്കേ സ്വന്തമായി വാഷിങ് മെഷീന് പറ്റിയ ഒരു സീൽഡ് മോട്ടോർ സ്വന്തം കമ്പനിയിൽ ഡവലപ്പ് ചെയ്തെടുത്തു.ഈ മോട്ടോറുകൾ ഉപയോഗിച്ച് പുറത്തിറക്കിയ നാഷണൽ ബ്രാൻഡ് മെഷീനുകൾ വിപണിയിൽ ചൂടപ്പമായി.1933 ൽ ജപ്പാനിലെ കഡോമ സിറ്റിയിലാണ് നാഷണൽ മോട്ടോർ പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചത്.
1930 കളോടെ മത് സുഷിത ഇലക്ട്രിക് കമ്പനി ഇലക്ട്രോണിക് ഉൽപ്പന്ന നിർമ്മാണത്തിലേക്ക് കാൽ വച്ചിരുന്നു..ആദ്യ ഉൽപ്പന്നമായി വാൽവ് റേഡിയോകളുടെ നിർമ്മാണം ആരംഭിച്ചു. നാഷണൽ എന്ന ബ്രാൻഡ് നെയിമിലായിരുന്നു റേഡിയോകളും പുറത്തിറക്കിയത്.
അങ്ങനെ കമ്പനി നവീന ഉൽപ്പന്നങ്ങൾ തുടർച്ചയായി പുറത്തിറക്കി ജപ്പാനിലെ വൻകിട ബ്രാൻഡുകളിൽ പ്രഥമസ്ഥാനത്തേക്ക് കുതിച്ചു കൊണ്ടിരുന്നു.
നാഷണൽ എന്ന ഹിറ്റായ ബ്രാൻഡ് പേര് ഉപേക്ഷിച്ച് പാനാസോണിക് എന്ന വാക്കിലേക്ക് എത്തിച്ചേരാനുള്ള കാരണം രസകരമാണ്.…
ജപ്പാനിൽ പ്രശസ്തമായതോടെ ഗുണമേൻമയും ,താരതമ്യേന വില കുറവുമുള്ള നാഷണൽ ബ്രാൻഡ് ഉൽപ്പന്നങ്ങൾ അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യക്കളിലും മാർക്കറ്റ് ചെയ്യുന്നതിനായി ഡീലർമാർ സമീപിച്ച് തുടങ്ങി.
നാഷണൽ ബ്രാൻഡിൻ്റെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ മത് സുഷിത നാഷണൽ എന്ന പേരിൽ റേഡിയോകൾ അമേരിക്കയിൽഇറക്കാൻ പോകുന്നുവെന്നറിഞ്ഞ് ഒരു പാര പണിതു.
അന്ന് അമേരിക്കയിൽ നാഷണൽ എന്ന പേരിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഒരു കമ്പനി നിലവിലുണ്ടായിരുന്നു. അവരെ കുത്തിപ്പൊക്കി കൊണ്ട് വന്ന ഈ പാര പണിക്കാർ മത് സുഷിതയ്ക്ക് നാഷണൽ എന്ന പേരിൽ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാണ ബ്രാൻഡ് പേര് നൽകുന്നതിനെതിരേ ട്രേഡ് മാർക്ക് രജിസ്ട്രാറുടെ മുന്നിൽ തടസവാദം ഉന്നയിച്ചു.. ഇതിനാൽ നാഷണൽ എന്ന പേര് ലഭിക്കാതെ വന്നു. നിരാശനാകാതെ കോണോ സൂക്കേ തൻ്റെ സ്പീക്കർ നിർമ്മാണ ബ്രാൻഡിൻ്റെ പേരായ പാനാസോണിക് ബ്രാൻഡ് 1950ൽ അമേരിക്കയിൽ രജിസ്റ്റർ ചെയ്തു. പാനാ എന്നാൽ എല്ലാത്തിൻ്റെയും സോണിക് എന്നാൽ ശബ്ദം എന്നുമാണ് വിവക്ഷ.
വിശ്വാസ്യതയ്ക്കും, ഗുണമേന്മയ്ക്കും പേര് കേട്ട നാഷണൽ എന്ന പേര് ഉപേക്ഷിച്ച് പാനാസോണിക് എന്ന ആരും കേട്ടിട്ടില്ലാത്ത പേരിൽ വിപണിയിലെത്തിയാൽ റേഡിയോയുടെ വിൽപ്പനയ്ക്കായി ബ്രാൻഡ് എസ്റ്റാബ്ലിഷ് ചെയ്യുന്നതിന് വേണ്ടി പരസ്യങ്ങൾക്കായി കൂടുതൽ തുക മുടക്കേണ്ടി വരുമെന്ന് വിപണി നന്നായി പഠിച്ച കോണോ സൂക്കിക്ക് അറിയാമായിരുന്നു.
അതിനാൽ പാനാസോണിക് ബൈ നാഷണൽ എന്നായിരുന്നു ആദ്യ പരസ്യങ്ങളിലും, ബ്രോഷറുകളിലും കാണിച്ചിരുന്നത്. പ്രൊഡക്റ്റുകളിൽ പാനാസോണിക് എന്ന് മാത്രവും.എന്തിലും തലതിരിവ് കാണിക്കുന്ന അമേരിക്കക്കാർ ഇതിനെ നാഷണൽ പാനാസോണിക്ക് എന്ന് വായിച്ചു.വില കുറവിലും, ഗുണമേൻമയിലും മുൻപനായ നാഷണൽ കമ്പനി ബ്രാൻഡ് …. നാഷണൽ പാനാസോണിക്ക് എന്ന പേരിൽ ഇതോടെ ലോക പ്രശസ്തമായി.
ഈ പേര് മാറ്റം കോണേ സൂക്കേയ്ക്കും ഇഷ്ടപ്പെട്ടു.. ഇനി മുതൽ നാഷണൽ പാനാസോണിക് എന്ന ബ്രാൻഡിലും ഉൽപ്പന്നങ്ങൾ നിർമ്മിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു.
1947 ൽ ട്രാൻസിസ്റ്ററുകളുടെ കണ്ട് പിടുത്തത്തോടെ ഇലക്ട്രോണിക്സ് ലോകം വാക്വം ട്യൂബുകളിൽ നിന്നും ട്രാൻസിസ്റ്ററുകളിലേക്ക് വളരെ വേഗം മാറി.ടെക്നോളജി നേരായ മാർഗ്ഗത്തിൽ ലഭ്യമല്ലാത്തതിനാൽ ജപ്പാന് പുറത്ത് നാഷണൽ പാനാസോണിക് ഇക്ട്രോണിക്സ് വിപണിയിൽ കാര്യമായ ഇടപെടൽ സാദ്ധ്യമായിരുന്നില്ല.
ഇതിന് ഒരു പരിഹാരമായി വൻകിട വിദേശ ബ്രാൻഡുകളെ ടെക്നോളജി ട്രാൻസ്ഫറിനായി സമീപിച്ചെങ്കിലും എല്ലാവരും കോണോ സൂക്കേയെ അവഗണിച്ചു.നാഷണലിന് ടെക്നോളജി നൽകുന്നത് സ്വന്തം കഞ്ഞിയിൽ മണ്ണ് വാരിയിടുന്നതിന് തുല്യമാണെന്ന് അവർക്കറിയാമായിരുന്നു. അവസാനം നെതർലാൻ്റ് ഫിലിപ്സ് കമ്പനി നാഷണലിന് ടെക്നോളജി ട്രാൻസ്ഫർ ചെയ്യാമെന്ന് സമ്മതിച്ചു. കഴുത്തറപ്പൻ ഷൈലോക്ക് വ്യവസ്ഥകളാണ് ഇതിനായി ഫിലിപ്സ് മുന്നോട്ട് വച്ചത്.തങ്ങളുടെ ടെക്നോളജി പ്രകാരം നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പന ലാഭത്തിൻ്റെ 50 ശതമാനം ഫിലിപ്സിന് നൽകണം.
കമ്പനി മാനേജ്മെൻ്റിലെ എല്ലാവരും എതിർത്തിട്ടും കമ്പനി ചെയർമാനായ കോണോ സൂക്കേ മത് സുഷിത ആ റിസ്ക്ക് ഏറ്റെടുത്തു.1952ൽ നെതർലാണ്ട് ഫിലിപ്സുമായി നാഷണൽ കമ്പനി ടെക്നോളജി ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ടു.തൻമൂലം ലോകത്തിലാദ്യമായി ഫിലിപ്സ് ലബോറട്ടറീസ് കണ്ടെത്തിയ നവീന ഉൽപ്പന്നങ്ങളുടെ ടെക്നോളജികൾ നാഷണലിനും കിട്ടിക്കൊണ്ടിരുന്നു.
1953 ൽ ലോകത്തിലെ ആദ്യ ചതുരാകൃതിയിലുള്ള പിക്ചർ ട്യൂബ് ഉപയോഗിക്കുന്ന പോർട്ടബിൾ ടെലിവിഷനുകൾ നാഷണൽ പുറത്തിറക്കി അതുവരെ വൃത്താകൃതിയിലായിരുന്നു ടെലിവിഷൻ സ്ക്രീനുകൾ! .കൂടാതെ കോംപാക്റ്റ് കാസറ്റ് പ്ലയറുകളുടെ ടെക്നോളജി നാഷണലിനും കിട്ടി. അങ്ങനെ ഫിലിപ്സ് കാസറ്റ് പ്ലയറുകളുമായി രംഗത്തിറങ്ങിയതിനൊപ്പം നാഷണൽ പാനാസോണിക്കും വിപണിയിലെത്തി.
ലോകത്തിലെ ആദ്യ റേഡിയോയും ടേപ്പ് റിക്കാർഡറും ഒന്നിച്ചുള്ള ടു ഇൻ വണ്ണുകൾ പുറത്തിറക്കി ഫിലിപ്സിനെയും നാഷണൽ ഞെട്ടിച്ചു.
നാഷണൽ എന്ന പേരിൽ ഇലക്ട്രിക് ഉപകരണങ്ങളും, നാഷണൽ പാനാസോണിക് എന്ന പേരിൽ ഓഡിയോ ഇലക്ട്രോണിക്സ് ഉപകരണങ്ങളും, പാനാസോണിക് എന്ന പേരിൽ ബാറ്ററി അടക്കമുള്ള ചില ഉൽപ്പന്നങ്ങളും ആദ്യകാലങ്ങളിൽ തീരുമാനിച്ചിരുന്നുവെങ്കിലും, 600 ലധികം സബ്സിഡിയറി കമ്പനികളിലായി 25000 ത്തിൽ അധികം പ്രൊഡക്റ്റുകൾ നിർമ്മിച്ചിരുന്ന മത്സുഷിത ഇലക്ട്രിക്കിൻ്റെ ലോകവ്യാപകമായ കമ്പനികളുടെ മാനേജ്മെൻ്റുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളിൽ നാഷണൽ എന്നും പാനാസോണിക് എന്നും നാഷണൽ പാനാസോണിക് എന്നും തരം പോലെ ഉപയോഗിച്ച് പോന്നു.പ്രൊഡക്റ്റ് ലേബലിൽ സൂക്ഷിച്ച് നോക്കിയാൽ മത് സുഷിത ഇലക്ട്രിക് കോർപ്പറേഷൻ എന്ന പാരൻ്റ് കമ്പനി ലേബൽ കാണാമായിരുന്നു എന്ന് മാത്രം.
ഇതിനൊരു മാറ്റം വന്നത് 2008ൽ പാരൻ്റ് കമ്പനി പേര് മത്സുഷിത ഇലക്ട്രിക് എന്നതിൽ നിന്ന് പാനാസോണിക് ഹോൾഡിങ്ങ് കോർപ്പറേഷൻ എന്ന് ലോക വ്യാപകമായി മാറ്റിയതോടെയാണ്.
നാഷണൽ പാനാസോണിക് അല്ലാതെയും മത്സുഷിത കമ്പനിക്ക് ലോകപ്രശസ്ത ബ്രാൻഡുകൾ പലതുണ്ട്. ഹൈ എൻഡ് ഓഡിയോ ബ്രാൻഡായ ടെക് നിക് സ് ,വീഡിയോ രംഗത്തെ അഗ്രഗണ്യരായിരുന്ന ജെ വീ സീ, ക്വാസർ, ലോക പ്രശസ്തമായ സാനിയോ ,സുമിടോമോ എന്നിങ്ങനെ അവ നീണ്ട് പരന്ന് കിടക്കുന്നു.
നാഷണലുമായി ഫിലിപ്സ് VCR ടെക്നോളജി പങ്കിടുന്നതിനെ അവരുടെ മറ്റൊരു പങ്കാളിയായ സോണിനഖശിഖാന്തം എതിർത്തപ്പോൾ ജെ വീ സീയെ രംഗത്ത് അവതരിപ്പിച്ച് ആ ടെക്നോളജി കൈവശപ്പെടുത്താൻ കോണോ സൂക്കേ മത് സുഷിതയുടെ ബുദ്ധി പ്രവർത്തിച്ചു.
ടെസ്ലയുമായി ചേർന്ന് വൈദ്യുതി വാഹനങ്ങൾക്കുള്ള ബാറ്ററികൾ നിർമ്മിക്കുന്നതിൽ ലോകത്തിലെ ഒന്നാം നമ്പർ കമ്പനിയാണ് പാനാസോണിക്.
ഭാരതത്തിലും പാനാസോണിക് ബ്രാൻഡിൻ്റെ സജീവ ഇടപെടലുണ്ട്. ഇന്ത്യൻ ഇലക്ട്രിക് ബ്രാൻഡായ ആങ്കർ പാനാസോണിക് ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഒന്നാണ്.
ലോക പ്രശസ്തമായ ഈ കമ്പനികളുടെ സ്ഥാപകനും, ചെയർമാനുമായിരുന്ന കോണേ സൂക്കേ മത് സുഷിത തൻ്റെ 95 ആം വയസിൽ 1989 ഏപ്രിൽ 27 ന് അന്തരിച്ചു. അദ്ദേഹം മുന്നോട്ട് വച്ച പുരോഗമന ആശയങ്ങളുമായി പാനാസോണിക് ഇരുപത്തിരണ്ടാം നൂറ്റാണ്ടിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്നു.
നാഷണൽ പാനാസോണിക് എന്ന ബ്രാൻഡ് നെയിമിൻ്റെ പിന്നിലെ കഥ ചുരുക്കമായി പറയാനാണ് ഇവിടെ ശ്രമിച്ചത്.. ഒട്ടനവധി കാര്യങ്ങൾ വിട്ട് കളഞ്ഞിട്ടും ഇത് വളരെ ദീർഘമായിപ്പോയി.. എല്ലാ വായനക്കാർക്കും ഓണാശംസകൾ ' എഴുതിയത് #അജിത്കളമശേരി,#Ajith_kalamassesy,