ബാറ്ററിയുടെ അകാലമരണം ഒഴിവാക്കാം.
ബാറ്ററിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയുമോ? ടോർച്ചിൽ, വാച്ചിൽ, റിമോട്ടിൽ, മൊബൈൽ ഫോണിൽ, ക്യാമറയിൽ കാൽകുലേറ്ററിൽ, ലാപ്ടോപ്പിൽ വാഹനത്തിൽ ഇങ്ങനെ നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളിലും ബാറ്ററി നമ്മെ സഹായിക്കുന്നു. ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ. എന്നാൽ ഈ ബാറ്ററി ശാസ്ത്രലോകത്തെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. ബാറ്ററിയുടെ സംഭരണശേഷി ഒരു പരിധിവിട്ട് വർധിപ്പിക്കാനാകാത്തത് ഇന്നും ശാസ്ത്ര ലോകത്തിനു വെല്ലുവിളിയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിനു ഏറ്റവും വലിയ തടസവും ഈ ബാറ്ററിയുടെ സംഭരണ ശേഷിക്കുറവു തന്നെയാണ്.ഓരോ ഉപകരണത്തിനും അതിന്റെ പ്രവർത്തന രീതിക്കു അനുസരിച്ച് ഉള്ള ബാറ്ററികളാണ് നിർമ്മിക്കാറുള്ളത്. വാഹനങ്ങളിലാണെങ്കിൽ ഉയർന്ന വോൾട്ടേജും കറണ്ടും നൽകുന്ന ലെഡ് ആസിഡ് ബാറ്ററികളും, വാച്ചിലാണെങ്കിൽ അവസാന നിമിഷം വരെ ഒരെ അളവിൽ കറണ്ട് നൽകുന്ന നിക്കൽ കാഡ്മിയം ബാറ്ററികളും, ടോർച്ച്, ക്യാമറ എന്നിവയിൽ കുറഞ്ഞ വിലയിൽ ലഭ്യമായ NiMH ബാറ്ററികളും, മൊബൈൽ, ലാപ്ടോപ് എന്നിവയിൽ ലിഥിയം അയോൺ ബാറ്ററികളും ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എങ്ങനെയൊക്കെയാണെങ്കിലും ബാറ്ററിയിൽ ചാർജ് നിൽക്കുന്നില്ല എന്ന പരാതി വളരെ സാധാരണമായി കേട്ടു വരുന്ന ഒന്നാണ്. ഇത് ഒരിക്കലും ബാറ്ററിയുടേയോ നിർമ്മാതാവിന്റെയോ കുറ്റമല്ല, മറിച്ച് നിങ്ങൾ ആ ബാറ്ററിയെ ശരിയായി കൈകാര്യം ചെയ്യാത്തതുകൊണ്ടാണ്. ലിഥിയം അയോൺ ബാറ്ററികളും, NiMH ബാറ്ററികളും അതിന്റെ ആദ്യ ഉപയോഗത്തിൽ തന്നെ പരമാവധി ചാർജ് ശേഖരിക്കുന്ന രീതിയിൽ പരുവപ്പെടുത്തി എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അതു വളരെ വേഗത്തിൽ തന്നെ ഉപയോഗപ്രദമല്ലാതെ ആയിത്തീരുന്നതാണ്. ലെഡ് ആസിഡ് ബാറ്ററികൾ ഇത്തരത്തിൽ പരുവപ്പെടുത്തണ്ട കാര്യമില്ല എന്നുകൂടി ഓർമിപ്പിക്കട്ടെ.
നമ്മൾ അധികമാരും തന്നെ ബാറ്ററിയെ കണ്ടീഷൻ ചെയ്യുന്നതിൽ അഥവാ പരുവപ്പെടുത്തിയെടുക്കുന്നതിൽ ഒട്ടും ശ്രദ്ധ കൊടുക്കാറില്ലെന്നതാണ് സത്യം. നമ്മുടെ അശ്രദ്ധമായ ഉപയോഗം അതിന്റെ ആയുസ്സ് കുറയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. നമ്മുടെ പുതിയ മൊബൈലോ, ലാപ്ടോപ്പോ ഉപയോഗിക്കുന്നതിനു മുന്ന് 6 മുതൽ 10 മണിക്കൂർ വരെ ചാർജ് ചെയ്യണം. ഒരുപക്ഷെ നിങ്ങൾ ചാർജ് ചെയ്യുന്ന ഉടനെ തന്നെ ചാർജ് മുഴുവനായി എന്നു കാണിച്ചാലും ഒരിക്കലും അതു മുഴുവായി ചാർജ് ആയിട്ടുണ്ടാകില്ല എന്നു മനസിലാക്കുക. തുടർന്ന് ആ ബാറ്ററി പൂർണ്ണമായും ചാർജ് ഇറങ്ങി പോകുന്നതു വരെയാണ് ഒരു സൈക്കിൾ എന്നു പറയുന്നത്. ഇത്തരം പത്ത് സൈക്കിൾ പൂർത്തിയായാൽ മാത്രമേ നിങ്ങളുടെ ബാറ്ററി പൂർണ്ണമായും കണ്ടീഷൻ ചെയ്യപ്പെട്ടു എന്നു പറയാൻ സാധിക്കൂ. തുടർന്നുള്ള ഉപയോഗത്തിൽ ചാർജിങ്ങ് പൂർത്തിയായി എന്ന അടയാളം ലഭിക്കുന്ന തു വരെ മാത്രം ചാർജ് ചെയ്താൽ മതിയാകും. ബാറ്ററി പൂർണ്ണമായും ചാർജ് ഇറങ്ങിപോകാൻ അനുവദിക്കരുത് എന്ന ധാരണ നിങ്ങൽക്കുണ്ടെങ്കിൽ അതു ലെഡ് ആസിഡ് ബാറ്ററികൾക്കു മാത്രമാണ് ബാധകമായിട്ടുള്ളത്. മറ്റു ബാറ്ററികൾ പൂർണ്ണമായും ഉപയോഗിക്കുന്നതാണ് അതിന്റെ ആയുസ്സിന് നല്ലത്.
നമ്മുടെ ബാറ്ററിയുടെ ആയുസ്സ് കുറക്കുന്ന മറ്റ് ചില കാര്യങ്ങളും കൂടി ഉണ്ട്. കമ്പനി ബാറ്ററി നിർമ്മിക്കുന്നതിനൊപ്പം അതിനു അനുയോജ്യമായ ചാർജിങ്ങ് ഉപകരണവും നിർദ്ദേശിക്കാറുണ്ട്. ബാറ്ററിയുടെ വോൾട്ടേജ്, കറന്റ് ശേഷിക്കനുസരിച്ചാണ് അതിന്റെ ചാർജിങ്ങ് ഉപകരണം തിരഞ്ഞെടുക്കുന്നത്. അനുയോജ്യമല്ലാത്ത ചാർജിങ്ങ് ഉപകരണം ബാറ്ററിയുടെ ആയുസ്സിനെ വളരെ ദോഷകരമായി ബാധിക്കും. രാത്രി മുഴുവൻ ചാർജ് ചെയ്യാൻ വക്കുന്നതാണ് മറ്റൊരു ദോഷം. മൊബൈലിന്റെയും, ലാപ്ടോപ്പിന്റെയും ചാർജിങ്ങ് സമയം 3 മുതൽ 5 മണിക്കൂർ ആണെന്നിരിക്കെ അധിക സമയം ചാർജ് ചെയ്യാൻ വക്കുന്നത് ബാറ്ററി നശിക്കുന്നതിനു കാരണമാകും. അതുപോലെ ബാറ്ററി ഷോർട്ട് ചെയ്യുന്നതും അതിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒന്നാണ്.
ബാറ്ററി കൈകാര്യം ചെയ്യുന്ന പോലെ തന്നെ പ്രധാനമാണ് അതു നശിപ്പിക്കുന്നതും എന്നു ഓർമിപ്പിക്കട്ടെ. നമ്മുടെ പരിസ്ഥിതിക്കു വളരെ ദോഷകരമായ ഒരുപാടു ലോഹങ്ങൾ അതിലടങ്ങിയിട്ടുണ്ട്. അതു അലക്ഷ്യമായി വലിച്ചെറിയുന്നത് മലിനീകരണത്തിനു കാരണമാകും. ബാറ്ററി സുരക്ഷിതമായി നിർമാർജനം ചെയ്യുന്നതു, പരിസ്ഥിതി സംരക്ഷണത്തിൽ നിങ്ങൾ നൽകുന്ന ഒരു വിലപ്പെട്ട സംഭാവനയാണ്.
നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ബാറ്ററി പരുവപ്പെടുത്തേണ്ട സമയം കഴിഞ്ഞെങ്കിലും വിഷമിക്കണ്ട, ഇനിയും പുതിയ ബാറ്ററി കൈകാര്യം ചെയ്യേണ്ട ഒരുപാടു അവസരങ്ങൾ വന്നു ചേരുമല്ലോ. ആ സന്ദർഭത്തിൽ ഈ വിജ്ഞാനം നിങ്ങൾക്കു തീർച്ചയായും ഉപകാരപ്പെടും.
No comments:
Post a Comment