ELECTRONICS KERALAM

Sunday, February 12, 2012

കരണ്ടു വേണ്ടാത്ത മിക്സി കുട്ടികളുടെ ദുരുപയോഗം തടയുന്ന മൊബൈല്‍ ഫോണും ,കരണ്ടു വേണ്ടാത്ത മിക്സിയുമായി  ഗിരീശന്‍


ദുരുപയോഗം തടയുന്ന മൊബൈല്‍ ഫോണുമായി ഗിരീശന്‍
കായംകുളം: കൗമാരക്കാരുടെ ഫോണ്‍ ദുരുപയോഗം തടയാന്‍ കഴിയുന്ന മൊബൈല്‍ ഫോണുമായി കോളജ് അധ്യാപകന്‍.  ഇലക്ട്രിക-ഇലക്‌ട്രോണിക്‌സ് മേഖലയില്‍ നിരവധി കണ്ടുപിടിത്തങ്ങളോടെ ശ്രദ്ധേയനായ ഗിരീശനാണ് (27) നിയന്ത്രണാധികാരങ്ങള്‍ രക്ഷാകര്‍ത്താക്കള്‍ക്ക് നല്‍കുന്ന ഫോണ്‍ കണ്ടുപിടിച്ചത്. എല്ലാ പ്രായക്കാര്‍ക്കും വേണ്ടി ഒരേതരത്തിലെ ഫോണുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. ഇത്തരം ഫോണുകള്‍ കൗമാരക്കാരില്‍ എത്തുന്നത് ദുരുപയോഗ സാധ്യത വര്‍ധിപ്പിക്കുന്നു എന്നതാണ് പുതിയ പരീക്ഷണത്തിന് ഗിരീശനെ പ്രചോദിപ്പിച്ചത്.
പാസ്‌വേര്‍ഡ് മുഖാന്തരം മാത്രമേ ഗിരീശന്റെ കണ്ടുപിടിത്തമായ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയൂ. പാസ്‌വേര്‍ഡ് അറിയുന്നവര്‍ക്കു മാത്രമേ ഫോണിലേക്ക് വിളിച്ച് സംസാരിക്കാന്‍ കഴിയുകയുള്ളൂ. പാസ്‌വേര്‍ഡില്ലാതെ വിളിച്ചാല്‍ ഫോണില്‍ ബെല്ലടിക്കുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. മുന്‍കൂട്ടി ക്രമീകരിച്ചിട്ടുള്ള രണ്ടോ മൂന്നോ നമ്പരുകളിലേക്ക് മാത്രമെ തിരികെ വിളിക്കാനും കഴിയൂ. സ്‌ക്രീന്‍പ്ലേ ഇല്ലാത്ത ഫോണില്‍ എസ്.എം.എസ് സൗകര്യവും ഉണ്ടാകില്ല.


.
മിക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ കറണ്ട് വേണ്ട, കൈ മതി  കറണ്ട് പോയാല്‍ അടുക്കളയില്‍ അരയ്ക്കലും പൊടിക്കലും മുടങ്ങുമെന്ന പേടിവേണ്ട. വൈദ്യുതി ഇല്ലാതെ അരയ്ക്കലും പൊടിക്കലുമൊക്കെ ചെയ്യുന്ന മിക്‌സി കണ്ടുപിടിച്ചു. കൊച്ചുകൊച്ചു വലിയ കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധ നേടിയ യുവ അധ്യാപകന്‍ കായംകുളം ചേരാവള്ളി പന്തപ്ലാവില്‍ മങ്ങാട്ട് എം.ജി.ഗിരീശന്റെ പുതിയ കണ്ടുപിടിത്തമാണ് 'കറണ്ടുവേണ്ടാമിക്‌സി'. പെരിനാട് കാര്‍മ്മല്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപകനായ ഈ 27കാരന്റെ നൂറാമത്തെ കണ്ടുപിടുത്തമാണിത്.

ഷോക്കടിക്കുന്ന വൈദ്യുതിബില്ലില്‍നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗംകൂടിയാണ് ഗിരീശന്റെ പുതിയ കണ്ടുപിടിത്തം. ഉപയോഗശൂന്യമായ മിക്‌സിയില്‍നിന്നാണ് ഏറെ ഉപയോഗമുള്ള പുതിയ മിക്‌സി ഗിരീശന്‍ രൂപപ്പെടുത്തിയത്. ചെറുതും വലുതുമായ രണ്ട് ചക്രങ്ങള്‍ മിക്‌സിയില്‍ ചേര്‍ത്തുവച്ചാണ് ഇതിന്റെ നിര്‍മ്മാണം. തകരാറിലായ മിക്‌സിയുടെ ഉള്ളില്‍നിന്ന് കോയില്‍ഭാഗം മാറ്റി ചെറിയ ചക്രം സ്ഥാപിക്കുന്നു. ഈ ചക്രത്തോട് ചേര്‍ത്ത് മിക്‌സിയുടെ പുറംചട്ടയോടടുപ്പിച്ച് വലിയചക്രവും അത് തിരിക്കുന്നതിനുള്ള ലിവറും സ്ഥാപിക്കുന്നു. ചെറിയ സൈക്കിളിന്റെയും കളിപ്പാട്ടമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ചക്രങ്ങളാണ്മിക്‌സി പ്രവര്‍ത്തിപ്പിക്കാനായി ഉപയോഗിക്കുന്നത്.

ലിവര്‍ കറക്കുമ്പോള്‍ വലിയ ചക്രവും ഇതിനോട് ചേര്‍ത്തുവച്ചിട്ടുള്ള ചെറിയ ചക്രവും കറങ്ങുന്നു. വലിയചക്രം ഒരു തവണ കറങ്ങുമ്പോള്‍ ചെറിയ ചക്രം 50 തവണ കറങ്ങും. ചെറിയ ചക്രം തിരിയുന്ന വേഗത്തില്‍ മിക്‌സിയിലെ ബ്ലേഡും കറങ്ങും. ലിവര്‍ വേഗത്തില്‍ തിരിച്ചാല്‍ ബ്ലേഡിന്റെ വേഗംകൂട്ടാം. സാധനങ്ങള്‍ പൊടിക്കാനും ചമ്മന്തി അരയ്ക്കാനും മിക്‌സി പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതിയെ ആശ്രയിക്കേണ്ടതില്ല. ഉപയോഗശൂന്യമായ മിക്‌സി കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രൂപത്തിലാക്കാന്‍ 250 രൂപ മാത്രമേ ചെലവുള്ളുവെന്ന് ഗിരീശന്‍ പറയുന്നു.

കാവല്‍ക്കാരന്‍ വേണ്ടാത്ത റെയില്‍വേ ഗേറ്റ്, നാണയം ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് കഫേ, ഇലക്‌ട്രോണിക് ചൂല്‍, എ.സി.ഹെല്‍മറ്റ് തുടങ്ങിയവയാണ് ഗിരീശന്റെ മറ്റ് കണ്ടുപിടിത്തങ്ങള്‍.

വൈദ്യുതി ബില്ല് നിയന്ത്രിക്കാനും സമയനഷ്ടം ഒഴിവാക്കാനും കഴിയുന്ന ചെലവുകുറഞ്ഞ മികച്ച കണ്ടെത്തലാണ് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മിക്‌സിയെന്ന് കേരള സര്‍വ്വകലാശാലാ ബയോ ഇന്‍ഫോ മാറ്റിക്‌സ് ഡയറക്ടര്‍ ഡോ.അച്യുത് ശങ്കര്‍ എസ്.നായര്‍ സാക്ഷ്യപ്പെടുത്തുന്നു. സാധാരണക്കാര്‍ക്ക് സ്വന്തമായി കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന മിക്‌സി നിര്‍മ്മിക്കുന്ന രീതി പറഞ്ഞുകൊടുക്കാനും ഗിരീശന്‍ തയ്യാറാണ്.

ഇലക്ട്രിക് -ഇലക്‌ട്രോണിക്‌സ് രംഗത്ത് നൂറ്റിയെട്ടോളം നൂതന കണ്ടുപിടിത്തങ്ങളാണ് ഇതിനോടകം ഗിരീശന്‍ നടത്തിയിട്ടുള്ളത്. വയര്‍ലെസ് വോട്ടുയന്ത്രം, എയര്‍കണ്ടീഷന്‍ ഹെല്‍മറ്റ്,കോയിന്‍ സൗകര്യമുള്ള ഇന്റര്‍നെറ്റ് കഫേ, ഇലക്‌ട്രോണിക്‌സ് ചൂല്‍, പണം നിക്ഷേപിക്കാന്‍ കഴിയുന്ന എ.ടി.എം കൗണ്ടര്‍ തുടങ്ങിയവയാണ് ശ്രദ്ധകവര്‍ന്നത്. കായംകുളം ചേരാവള്ളി പന്തപ്ലാവില്‍ മങ്ങാട്ട് ഗോപാലമേനോന്റെയും ഗിരിജാദേവിയുടെയും മകനായ ഗിരീശന്‍ റാന്നി പെരുനാട് കാര്‍മല്‍ എന്‍ജിനീയറിങ് കോളജ് അധ്യാപകനാണ്. ഫോണ്‍: 9495308311.

3 comments:

 1. ഇദ്ദേഹത്തിന്റെ നമ്പര്‍ കിട്ടുമോ

  ReplyDelete
 2. നമ്പര്‍ കണ്ടില്ലേ ...ആണ്ടെ കിടക്കുന്നു ഏറ്റവും അവസാനം

  ReplyDelete
  Replies
  1. ഫോണ്‍ എന്ന് മാത്രമല്ലെ ഉള്ളൂ നമ്പർ ഇല്ലല്ലോ .ഉണ്ടെങ്കിൽ ദയവായ് നല്കൂ

   Delete