CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Monday, September 1, 2025

ഓഫാക്കിയാലും കെടാത്ത LED ബൾബുകൾ

 ഓഫാക്കിയാലും കെടാത്ത LED ബൾബുകൾ


 

കറണ്ടിന് വലിയ വിലയില്ലാതിരുന്ന 1980 കളിലും,90 കളിലും നമ്മൾ 60 വാട്ടിൻ്റെയും, 100 വാട്ടിൻ്റെയും ചില്ല് ബൾബുകൾ വീടുകളിൽ ധാരാളമായി ഉപയോഗിച്ചിരുന്നു. വീടിൻ്റെ മുൻവശത്ത് ഒരു ട്യൂബ് ലൈറ്റ് ഇടുന്നത് തന്നെ ആഡംബരം!
അങ്ങനെയിരിക്കെ രാജ്യത്ത് പതിയെ പതിയെ കറണ്ടിന് വില കൂടിത്തുടങ്ങി 100 ൻ്റെയും 60 ൻ്റെയും ബൾബുകൾ ' ഉപയോഗിച്ചിട്ടാണ് കറണ്ട് ചാർജ് ഇങ്ങനെ കൂടുന്നത് നിങ്ങൾ ഇത്തിരി കറണ്ടിൽ ഒത്തിരി വെളിച്ചം തരുന്ന CFL ബൾബുകളിലേക്ക് മാറുവിൻ...
CFL വെറും 9 വാട്ട് കറണ്ടിൽ 100 വാട്ട് സാദാ ബൾബിൻ്റെ വെളിച്ചം തരും! ഒരിക്കൽ ഇട്ടു കഴിഞ്ഞാൽ പിന്നെ അത് കാക്കത്തൊള്ളായിരം മണിക്കൂറുകൾ തെളിച്ചിട്ടാലും ഫ്യൂസാകില്ല എന്നെല്ലാം കറണ്ട് വിദഗ്ദർ സ്റ്റേജ് കെട്ടി പ്രസംഗം തുടങ്ങി.
നമ്മുടെ ഇലക്ട്രിസിറ്റി ബോർഡ് പോലും ചായക്കാശ് കൊടുത്താൽ 2 CFL ആളാം പ്രതി വീട്ടിൽ കൊണ്ട് തരാമെന്ന് വരെ പറഞ്ഞു.
ഇനി നമ്മളായിട്ട് അത് പരീക്ഷിച്ചില്ലെന്ന് വേണ്ടെന്ന് കരുതി. വെറും 10 രൂപയ്ക്ക് വീടിനടുത്തുള്ള പലചരക്ക് കടയിൽ പോലും സുലഭമായി ലഭിച്ചിരുന്ന സാദാ ബൾബുകളെല്ലാം ഊരി വലിച്ചെറിഞ്ഞു കളഞ്ഞു.
അവിടെയെല്ലാം നൂറും നൂറ്റമ്പതും രൂപ വിലയുള്ള CFL എന്ന പരിഷ്കാരി ബൾബിനെ തൂക്കി..
തൂവെള്ള വെളിച്ചം വീട് മുഴുവൻ നിറഞ്ഞു കുറച്ച് പുറത്തേക്കും ഒഴുകി... കാശിത്തിരി പൊടിച്ചാലെന്താ നമ്മളും പരിഷ്കാരിയായി....അഭിമാന വിജുംഭ്രിതനായി അടുത്തമാസത്തെ കറണ്ട് ബില്ല് വരുവാൻ കാത്തിരുന്നു. കറണ്ട് ചാർജിൽ ലാഭം കിട്ടുന്ന തുക കൊണ്ട് ഒരു മൂന്നാർ ട്രിപ്പ് പോലും പ്ലാൻ ചെയ്തു.!
എടാ മക്കളേ ആ ആട്ടും കൂട്ടിലെ ബൾബ് ഓഫാക്കടാ ...
അതൊന്നും വേണ്ടമ്മേ ഇത് ഇമ്മിണി കറണ്ടിൽ കത്തുന്ന CFL ബൾബാ... ഒരു മാസം കത്തിയാൽ 9X5X 30 = ആ എത്രയാന്ന് ആർക്കറിയാം കുറച്ച് കറണ്ടേ ചിലവാകൂ...
ഞാൻ ഓംസ് ലോ മറന്ന് പോയതിനാൽ കണക്ക് കൂട്ടൽ അത്ര ശരിയായില്ല.
പിറ്റേ മാസത്തെ കറണ്ട് ബില്ല് വന്നപ്പോൾ കണ്ണ് തള്ളി !
തലേമാസം കൊടുത്തതിൻ്റെ ഇരട്ടി ബില്ല്... എന്ത് പറ്റി.. സർക്കാര് പറഞ്ഞത് പോലെ എല്ലാ ബൾബും മാറ്റി CFL ആക്കിയല്ലോ... എന്നിട്ടും ചാപ്പാ....
ഡാ ഷിഹാബേ നിൻ്റെ കറണ്ട് ബില്ല് എത്രയാടാ നന്നായിട്ട് കുറഞ്ഞോ?
ഞാൻ വേലിക്കൽ ചെന്ന് എൻ്റെ പ്രഭാഷണം കേട്ട് വീട് മുഴുവൻ CFL ആക്കിയ കൂട്ടുകാരനോട്...വിളിച്ച് ചോദിച്ചു.
abcdefgh@##****... എൻ്റെ ചെവി അടഞ്ഞ് പോയി ...
ഇനി നമ്മളായിട്ട് KSEB ക്കാർക്ക് ശമ്പളം കിട്ടാതെ വരണ്ട..ഞാൻ ഷർട്ടുമെടുത്തിട്ട് കറണ്ട് കാശടക്കാൻ പോയി..
കവലയിൽ അതാ ഒരാൾകൂട്ടം ഞാനൊന്നു ശ്രദ്ധിച്ചു.. CFL ട്യൂബുകൾ മാരകമാണ്. അതിനകത്ത് മെർക്കുറി അടങ്ങിയിരിക്കുന്നു. അതിലൊരൽപ്പം അകത്ത് ചെന്നാൽ ആള് അപ്പഴേ തട്ടിപ്പോകും. CFL വലിച്ചെറിയരുത്. അതിലെ വിഷം മണ്ണിൽ കലരും, പുല്ലിൽ കയറും, പശു പുല്ല് തിന്നും, നമ്മൾ പാല് കുടിക്കും വിഷം അകത്തെത്തും.. ഠിം..
ഇതിന് പരിഹാരമായി ഇതാ എത്തിയിരിക്കും LED ബൾബുകൾ .. ഒരു റേഷൻ കാർഡിന് 5 LED ബൾബുകൾ സഹായ വിലയ്ക്ക് കിട്ടും. നിങ്ങളുടെ CFL ഇങ്ങോട്ട് തരൂ ഇതാ പുതിയ LED ബൾബുമായി പോകൂ.. കറണ്ടിൻ്റെ മണമടിച്ചാൽ കത്തുന്ന LED ബൾബ്... സ്വിച്ച് ഓഫാക്കിയാലും കത്തുന്ന LED ബൾബ്.. ഒരിക്കൽ ഇട്ടാൽ പിന്നെ ഫ്യൂസാവുകയേ ഇല്ല.
ഞാനും വരിയിൽ കയറി നിന്നു. എനിക്കും വേണം ഓഫാക്കിയാലും കത്തുന്ന LED ബൾബ് .
CFL എല്ലാം ഊരി മാറ്റി LED ബൾബുകൾ ഇട്ടു.. എന്തൊരാശ്വാസം,എന്ത് വെളിച്ചം എന്ത് കുളിർമ്മ...
മീറ്ററിലെ അക്കങ്ങൾക്ക് കഴിഞ്ഞ മാസത്തേക്കാൾ വലിയ വ്യത്യാസമൊന്നും കാണാത്തത് കൊണ്ട്.ഇവിടെ ആരും ബൾബൊന്നും ഇടുന്നില്ല എന്ന് കരുതി. വീട്ടിൽ റീഡിങ്ങെടുക്കാൻ വരുന്ന KSEB ക്കാരൻ . ചമ്മി തിരിച്ച് പോകട്ടെ ..
ചില മുറികളിലെ LED ബൾബുകൾ സ്വിച്ച് ഓഫാക്കിയിട്ട് പോലും പതിയെ കത്തുന്നുണ്ട് നൈറ്റ് ലാമ്പ് വേറെ വേണ്ട! കറണ്ടിൻ്റെ മണമടിച്ചിട്ടാകും ഇങ്ങനെ കത്തുന്നത്.
പാൽകാരൻ അണ്ണാച്ചി ലൂണയുമായി മുന്നിലെ റോഡിലൂടെ പോയതിന് പെട്രോൾ പമ്പ് കാരൻ വഴക്ക് പറയുന്നത് കണ്ടായിരുന്നു. പെട്രോളിൻ്റെ മണമടിച്ചാൽ തൻ്റെ വണ്ടി ഓടും അതവർക്ക് നഷ്ടമാണെന്ന് ...
അത് പോലെ LED ബൾബ് ഇട്ടതിന് ഇനി KSEB ക്കാര് വഴക്ക് പറയുമോ ആവോ?
ഇല്ലായിരിക്കും ... അവരല്ലേ ഇത് സഹായവിലയ്ക്ക് തന്നത്..
തങ്ങളുടെ സ്വന്തം ഉൽപ്പന്നം എല്ലാവരും കുറച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രചാരണം നടത്തുന്ന ഒരു കമ്പനിയേ ലോകത്തുള്ളൂ അത് നമ്മടെ KSEB യാണല്ലോ!.
ദിവസങ്ങൾക്കെന്നാ സ്പീഡാ.... മാസം 2 കഴിഞ്ഞു.. കറണ്ട് ബില്ല് വന്നു.. CFL ഉണ്ടായിരുന്നതിലും കൂടി LED ഇട്ടപ്പോൾ കറണ്ട് കാശ്.
മീറ്റർ നോക്കാൻ വന്നയാൾ പടി കടന്ന് തിരിച്ച് പോകാൻ തുടങ്ങുന്നു.
സാറേ ഒന്ന് നിന്നേ ഇതെന്നാ പരിപാടിയാ കറണ്ട് കാശ് കുറയാൻ ബൾബ് മാറ്റി CFL ഇടാൻ നിങ്ങൾ പറഞ്ഞു... ഞാനിട്ടു... കറണ്ട് കാശ് കൂടിയതല്ലാതെ കുറഞ്ഞില്ല.
പിന്നെ നിങ്ങൾ CFL മാറ്റി LED ഇടൂ കാശ് കുറയും എന്ന് പറഞ്ഞു. അതും ചെയ്തു.. ദേ പിന്നെയും കറണ്ട് കാശ് കൂടി ..
നിങ്ങൾ 5 സ്റ്റാർ റേറ്റിങ്ങുള്ള ഇൻവെർട്ടർ ഫ്രിഡ്ജാണോ ഉപയോഗിക്കുന്നത്?
അല്ല സാദാ ഫ്രിഡ്ജ്.
നിങ്ങൾ 5 സ്റ്റാർ റേറ്റിങ്ങുള്ള BLDC ഫാനാണോ ഉപയോഗിക്കുന്നത്?
അല്ല സാദാ ഫാൻ ..
നിങ്ങൾ 3 സ്റ്റാർ റേറ്റിങ്ങുള്ള LED TV യാണോ ഉപയോഗിക്കുന്നത്?
അല്ല പഴയ പെരു വയറൻ TV.
എന്നിട്ടാണോ കറണ്ട് കാശ് കൂടി എന്ന് പരാതി പറയുന്നത്.
പഴയത് കൊടുത്ത് ഫ്രിഡ്ജ് 5 സ്റ്റാർ വാങ്ങുക..
ഫാനെല്ലാം BLDC ആക്കുക
TV പുതിയത് മേടിക്കുക .
എന്നിട്ടും കറണ്ട് കാശ് കൂടിയാൽ ഒരു പരാതി എഴുതി KSEB യിൽ കൊടുത്താൽ മതി.
എന്തിന്?
മീറ്റർ മാറ്റി വച്ച് തരാൻ!!
സാർ ഒരു സംശയം..
എന്താ?
LED ബൾബ് ഓഫാക്കിയാലും കത്തുന്നു.. അതിന് ചാർജ് വരുമോ?
അജിത് കളമശേരി..08.10.2024

ഓഡിയോ ഇലക്ട്രോണിക്സ് പുസ്തകങ്ങൾ മേക്ക് മൈ ആംമ്പ് പാർട്ട് വൺ ''ഇടുക്കി പവർ "

ഓഡിയോ ഇലക്ട്രോണിക്സ് 

പുസ്തകങ്ങൾ  

മേക്ക് മൈ ആംമ്പ് പാർട്ട് വൺ

ഇടുക്കി പവർ 


 

അജിത് കളമശേരി എഴുതിയ ഓഡിയോ ഇലക്ട്രോണിക്സ് സംബന്ധിയായ രണ്ട് കനപ്പെട്ട പുസ്തകങ്ങൾ പുറത്തിറങ്ങി.
ഇന്ത്യൻ നിർമ്മിതമായ കോമ്പോണെൻ്റുകൾ ഉപയോഗിച്ച് ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങൾ അറിയാവുന്നവർക്ക് പോലും സ്ട്രെയിറ്റ് ഫോർവേഡ് രീതിയിൽ കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ക്ലാസ് A, ക്ലാസ് AB ആംപ്ലിഫയറുകൾ സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിനും, അതിൽ നമുക്കിഷ്ടപ്പെട്ട ടോൺ സെറ്റ് ചെയ്യുന്നതിനും മേക്ക് മൈ ആംമ്പ് പാർട്ട് വൺ ''ഇടുക്കി പവർ " എന്ന പുസ്തകത്തിലൂടെ പഠിക്കാം.
കൂടാതെ ബാസ് & ട്രബിൾ സർക്യൂട്ടുകൾ
ബഫർ ആംപ്ലിഫയർ
ക്രോസ് ഓവർ നെറ്റ് വർക്കുകൾ.
ഷോക്കടിക്കാത്ത പവർ സപ്ലേ.
ട്രാൻസ്ഫോർമർ ടെസ്റ്റർ
തുടങ്ങി നിങ്ങൾ അറിയാനാഗ്രഹിക്കുന്ന ധാരാളം ടെസ്റ്റഡ് ഓക്കേ സർക്യൂട്ടുകളും.
ഇതിൻ്റെ തുടർച്ചയായ മേക്ക് മൈ ആമ്പ് പാർട്ട് 2 "തൃശൂർ പൂരം " എന്ന പുസ്തകത്തിൽ കുറഞ്ഞ ചിലവിൽ ഒരു 400 വാട്ട് ഡിജിറ്റൽ ഫിഡിലിറ്റി ക്ലാസ് D ആംപ്ലിഫയർ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്നു.
ക്ലാസ് Dയുടെ ഫീഡ്ബാക്ക്.
ക്ലാസ് Dയുടെ ലോ പാസ് ഫിൽറ്റർ എന്നിവയൊക്കെ തികച്ചും വ്യത്യസ്തമാണ് ഈ ഡിജിറ്റൽ ഫിഡിലിറ്റി ആംപ്ലിഫയറിൽ.
ഇൻവെർട്ടർ, UPS ബോർഡുകളിൽ ഉപയോഗിക്കുന്ന ഏത് മോസ് ഫെറ്റും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം.
രണ്ട് പുസ്തകങ്ങളും അവ നിർമ്മിക്കാനുള്ള വിദേശ നിർമ്മിത ഡബിൾ സൈഡ് ഗ്ലാസ് എപ്പോക്സി PCB സഹിതം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
7012358500 എന്ന നമ്പരിലേക്ക് വാട്സാപ്പ് book എന്ന് മെസേജ് വിട്ടാൽ മതിയാകും.

ഓഡിയോ ഇലക്ട്രോണിക്സ് മേക്ക് മൈ ആമ്പ് പാർട്ട് 2 "തൃശൂർ പൂരം "

 ഓഡിയോ ഇലക്ട്രോണിക്സ് 

 മേക്ക് മൈ ആമ്പ് പാർട്ട് 2 

"തൃശൂർ പൂരം "


 

അജിത് കളമശേരി എഴുതിയ ഓഡിയോ ഇലക്ട്രോണിക്സ് സംബന്ധിയായ രണ്ട് കനപ്പെട്ട പുസ്തകങ്ങൾ പുറത്തിറങ്ങി.
ഇന്ത്യൻ നിർമ്മിതമായ കോമ്പോണെൻ്റുകൾ ഉപയോഗിച്ച് ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങൾ അറിയാവുന്നവർക്ക് പോലും സ്ട്രെയിറ്റ് ഫോർവേഡ് രീതിയിൽ കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന ക്ലാസ് A, ക്ലാസ് AB ആംപ്ലിഫയറുകൾ സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിനും, അതിൽ നമുക്കിഷ്ടപ്പെട്ട ടോൺ സെറ്റ് ചെയ്യുന്നതിനും മേക്ക് മൈ ആംമ്പ് പാർട്ട് വൺ ''ഇടുക്കി പവർ " എന്ന പുസ്തകത്തിലൂടെ പഠിക്കാം.
കൂടാതെ ബാസ് & ട്രബിൾ സർക്യൂട്ടുകൾ
ബഫർ ആംപ്ലിഫയർ
ക്രോസ് ഓവർ നെറ്റ് വർക്കുകൾ.
ഷോക്കടിക്കാത്ത പവർ സപ്ലേ.
ട്രാൻസ്ഫോർമർ ടെസ്റ്റർ
തുടങ്ങി നിങ്ങൾ അറിയാനാഗ്രഹിക്കുന്ന ധാരാളം ടെസ്റ്റഡ് ഓക്കേ സർക്യൂട്ടുകളും.
ഇതിൻ്റെ തുടർച്ചയായ മേക്ക് മൈ ആമ്പ് പാർട്ട് 2 "തൃശൂർ പൂരം " എന്ന പുസ്തകത്തിൽ കുറഞ്ഞ ചിലവിൽ ഒരു 400 വാട്ട് ഡിജിറ്റൽ ഫിഡിലിറ്റി ക്ലാസ് D ആംപ്ലിഫയർ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്നു.
ക്ലാസ് Dയുടെ ഫീഡ്ബാക്ക്.
ക്ലാസ് Dയുടെ ലോ പാസ് ഫിൽറ്റർ എന്നിവയൊക്കെ തികച്ചും വ്യത്യസ്തമാണ് ഈ ഡിജിറ്റൽ ഫിഡിലിറ്റി ആംപ്ലിഫയറിൽ.
ഇൻവെർട്ടർ, UPS ബോർഡുകളിൽ ഉപയോഗിക്കുന്ന ഏത് മോസ് ഫെറ്റും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം.
രണ്ട് പുസ്തകങ്ങളും അവ നിർമ്മിക്കാനുള്ള വിദേശ നിർമ്മിത ഡബിൾ സൈഡ് ഗ്ലാസ് എപ്പോക്സി PCB സഹിതം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
7012358500 എന്ന നമ്പരിലേക്ക് വാട്സാപ്പ് book എന്ന് മെസേജ് വിട്ടാൽ മതിയാകും

ഫെബ്രുവരി 13 ലോക റേഡിയോ ദിനം.

 


ഇന്ന് ഫെബ്രുവരി 13 ലോക റേഡിയോ ദിനം. ശബ്ദ സൗകുമാര്യത്തിന് പേരു കേട്ട FM റേഡിയോയുടെ കഥ തന്നെയാകട്ടെ ഇന്ന്.
FM റേഡിയോ ഒരു ചതിയുടെ കഥ!
ശബ്ദ സൗകുമാര്യത്തിന് കേൾവികേട്ട FM റേഡിയോയുടെ ടെക്നോളജി നമ്മൾക്കായി വികസിപ്പിച്ച് നൽകിയ എഡ്വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ശാസ്ത്രജ്ഞനാണ്.
ശാസ്ത്രലോകത്തിലെ കുതികാൽ വെട്ടും, പാരവയ്പും, ചതിയും നിമിത്തം മനം മടുത്ത അദ്ദേഹം 1954 ജനുവരി 31 അർദ്ധരാത്രിയിൽ ന്യൂയോർക്ക് സിറ്റിയിലെ ഒരു റേഡിയോ ടവറിൽ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ഇന്ന് നാം കേൾക്കുന്ന FM പ്രക്ഷേപണത്തിന് പിന്നിൽ ആ വഞ്ചനയുടെ നീറുന്ന കഥയുണ്ട്.
റേഡിയോ പ്രക്ഷേപണത്തിൻ്റെ തുടക്കകാലത്ത് AM ബാൻഡിലായിരുന്നു പ്രക്ഷേപണം.
AM പ്രക്ഷേപണത്തിൻ്റെ പ്രധാന പോരായ്മ അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ റേഡിയോ സ്വീകരണത്തെ വികലമാക്കും എന്നതായിരുന്നു.
ഇടിവെട്ട്, അയണോസ്ഫിയറിലെ മാറ്റങ്ങൾ, സൂര്യ കളങ്കങ്ങൾ എന്നിവയെല്ലാം റേഡിയോയിൽ ലഭിക്കുന്ന സിഗ്നലുകളെ വക്രീകരിച്ച് പൊട്ടലും ചീറ്റലുമായി ശ്രോതാക്കളുടെ മനം മടുപ്പിച്ചു. പക്ഷേ റേഡിയോയ്ക്ക് വേറൊരു പകരക്കാരൻ ഇല്ലാത്തതിനാൽ ജനങ്ങൾ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു കൂടി.
വാക്വം ട്രയോഡ് വാൽവ് കണ്ട് പിടിച്ച ലീ ഡേ ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞൻ്റെ സഹായിയായി തൻ്റെ കോളേജ് പഠനകാലാത്ത് തന്നെ ആംസ്ട്രോങ്ങ്‌ കൂടി.
ഫോറസ്റ്റിൻ്റെ ലാബിൽ സഹായിയായി നിന്ന് വാക്വം ട്യൂബുകളുടെ സാങ്കേതിക രഹസ്യങ്ങൾ ആംസ്ട്രോങ്ങ് പഠിച്ചെടുത്തു.
1912 ൽ വാക്വം ട്യൂബുകൾ ഉപയോഗിച്ച് റീ ജനറേറ്റീവ് റിസീവറുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തു.
FM റേഡിയോ റിസീവറുകളുടെ കണ്ട് പിടിത്തത്തിന് വഴിമരുന്നിട്ട കണ്ടുപിടുത്തമായിരുന്നു അത്. 1914 ൽ അദ്ദേഹത്തിന് ഈ ടെക്നോളജിക്ക് പേറ്റെൻ്റ് ലഭിച്ചു.
അതുവരെ തൻ്റെ ശിഷ്യൻ്റെ കണ്ട് പിടുത്തങ്ങള വളരെ നിസാരമായി കണ്ടിരുന്ന ആശാനായ ലീ ഡേ ഫോറസ്റ്റ് ഇതിൽ അസൂയാലുവാകയും തൻ്റെ കണ്ട് പിടുത്തങ്ങൾ കോപ്പിയടിച്ചാണ് ആംസ്ട്രോങ്ങ് പേറ്റെൻ്റ് എടുത്തതെന്ന് കാട്ടി കേസ് കൊടുക്കുകയും ചെയ്തു. FM റേഡിയോ ചരിത്രത്തിലെ ആദ്യ വഞ്ചന ഇവിടെ തുടങ്ങി.
അതീവ ബുദ്ധിമാനായിരുന്ന ആംസ്ട്രോങ്ങ് തൻ്റെ കണ്ട് പിടുത്തങ്ങളിലേക്ക് എത്താൻ എടുത്ത വഴികൾ പന്ത്രണ്ടോളം നോട്ട് ബുക്കുകളിൽ വളരെ വിശദമായി എഴുതി സൂക്ഷിച്ചിരുന്നു.
തൻമൂലം നീണ്ട നിയമയുദ്ധത്തിൽ ആശാൻ തോറ്റു ശിഷ്യൻ ജയിച്ചു.
ഇതോടെ അമേരിക്കയിലെ അന്നത്തെ വൻകിട റേഡിയോ നിർമ്മാണ കമ്പനികളായ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്ക എന്ന RCA, വെസ്റ്റേൺ ഇലക്ട്രിക് എന്നിവർ ലക്ഷക്കണക്കിന് ഡോളർ നൽകി ആംസ്ട്രോങ്ങിനോട് ഈ പേറ്റെൻ്റ് വാങ്ങാൻ തയ്യാറായി.
എന്നാൽ RCA തൻ്റെ പേറ്റെൻ്റ് കേസിൽ ആശാനൊപ്പം നിന്നതിനാൽ തൻ്റെ കണ്ട് പിടുത്തം വെസ്റ്റേൺ ഇലക്ട്രിക്കിന് ആംസ്ട്രോങ്ങ് കൈമാറി.
ഈ ടെക്നോളജി പുർണ്ണമായും FM എന്ന സാങ്കേതിക വിദ്യ ആയിരുന്നില്ല. അന്തരീക്ഷ വ്യതിയാനങ്ങൾ ഈ പ്രക്ഷേപണത്തെയും ബാധിച്ചിരുന്നു.
സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആംസ്ട്രോങ്ങ് പരീക്ഷണങ്ങൾ തുടർന്നു.
അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ വിജയം കണ്ടു. 1933 ഫെബ്രുവരിയിൽ ആംസ്ട്രോങ്ങിന് FM റേഡിയോ ട്രാൻസ്മിറ്ററിൻ്റെയും, റിസീവറിൻ്റെയും പേറ്റെൻ്റ് അവകാശം ലഭിച്ചു.
ജനറൽ ഇലക്ട്രിക് കമ്പനിക്ക് സ്വന്തം പണം നൽകി ഒരു FM ട്രാൻസ്മിറ്ററും, 25 FM റേഡിയോകളും ആംസ്ട്രോങ് നിർമ്മിച്ചെടുത്തു.
അങ്ങനെ ലോകത്തിലെ ആദ്യ FM റേഡിയോ നിർമ്മാതാക്കളായി ജനറൽ ഇലക്ട്രിക് മാറി.
ഇന്നത്തെപ്പോലെ 88 MHz മുതൽ 108 MHz വരെയായിരുന്നില്ല ആംസ്ട്രോങ്ങിൻ്റെ ഫ്രീക്വൻസി. 41 മുതൽ 44 MHz വരെയായിരുന്നു.
ടെസ്ല കോയിലുകൾ ഉപയോഗിച്ച് ഇടിമിന്നൽ കൃത്രിമമായി നിർമ്മിച്ച് അതിൻ്റെ ചുവട്ടിൽ തൻ്റെ FM റേഡിയോ ട്യൂൺ ചെയ്താണ് ആംസ്ട്രോങ്ങ് FM ൻ്റെ ശബ്ദ ശുദ്ധി തെളിയിച്ചത്.
1937ൽ നടന്ന ഒരു ഇലക്ട്രോണിക് പ്രദർശനത്തിൽ FM റേഡിയോയിലൂടെ ബിഥോവൻ്റെ സിംഫണി പ്രക്ഷേപണം ചെയ്തപ്പോൾ അത് റേഡിയോയിൽ നിന്നല്ല തൊട്ടടുത്ത മുറിയിൽ ഒളിപ്പിച്ച് നിറുത്തിയ വാദ്യകലാകാരൻമാർ അവതരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ് ബഹളം പോലുമുണ്ടാക്കി ചിലർ!
1937 മുതലാണ് FM റേഡിയോ വ്യാവസായികമായി നിർമ്മിച്ച് GE വിപണിയിലെത്തിച്ച് തുടങ്ങിയത്.
വെറും 4 വർഷം കൊണ്ട് ,നാല് ലക്ഷത്തിലധികം FM റേഡിയോകൾ GE വിറ്റഴിച്ചിരുന്നു.
FM റേഡിയോ ഇങ്ങനെ അടിച്ച് കയറിയാൽ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് മനസിലാക്കിയ RCA മറ്റ് റേഡിയോ നിർമ്മാതാക്കളെ കൂട്ട് പിടിച്ച് FM റേഡിയോകൾക്കെതിരേ പല വിധ പാരകൾ വയ്ക്കാൻ ആരംഭിച്ചു.
TV പ്രക്ഷേപണത്തെ ബാധിക്കുന്നു എന്ന് പറഞ്ഞ് കള്ളത്തെളിവുകൾ ഉണ്ടാക്കി ഫ്രീക്വൻസി അലോട്ട് ചെയ്യുന്ന അതോറിട്ടിയെ തെറ്റിദ്ധരിപ്പിച്ച് കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി FM ന് അലോട്ട് ചെയ്ത 41-44 MHz ഫ്രീക്വൻസി RCA പിൻ വലിപ്പിച്ചു.
TV യുടെ ശബ്ദ പ്രക്ഷേപണത്തിന് FM സാങ്കേതിക വിദ്യ വികസിപ്പിച്ച് ആംസ്ട്രോങ്ങ് ഇതിന് പരിഹാരം കണ്ടെത്തിയെങ്കിലും, എതിർ പക്ഷം ശക്തമായതിനാൽ FM ഫ്രീക്വൻസി ആംസ്ട്രോങ്ങ് വികസിപ്പിച്ചെടുത്ത 41-44 MHz ൽ നിന്നും ഒഴിവാക്കപ്പെട്ടു.
ഇതാടെ 4 ലക്ഷത്തിലധികം FM റേഡിയോകൾ വെറും എലിപ്പെട്ടികളായി മാറി. ഇതാണ് ചരിത്രത്തിൽ FM ടെക്നോളജിക്ക് ഏതിരേ നടന്ന രണ്ടാമത്തെ വൻ ചതിപ്രയോഗവും തിരിച്ചടിയും.
FM ന് പുതിയതായി അനുവദിക്കപ്പെട്ട 88-108 MHz ൽ നിന്ന് പഴയ ഫ്രീക്വൻസിയിലേക്ക് തിരികെ പോകാനായി വൻ തുക മുടക്കി വിവിധ കേസുകൾ നടത്തിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. വൻ കടബാദ്ധ്യതയിൽ മുങ്ങി ആംസ്ട്രോങ്ങ്.
ഇതിനിടയിലും തൻ്റെ 4 ലക്ഷത്തിലധികം വരുന്ന റേഡിയോ ശ്രോതാക്കൾക്കായി 41-44 MHz ട്യൂണർ 88-108 MHz ആയി മാറ്റുന്നതിനുള്ള കൺവെർട്ടർ അദ്ദേഹം ഡിസൈൻ ചെയ്തിരുന്നു.
100 കിലോവാട്ട് മീഡിയം വേവ് ട്രാൻസ്മിറ്റർ ഉപയോഗിച്ചാൽ റേഡിയോ സിഗ്നൽ എത്തുന്നതിലും അധികം ദൂരം 10 കിലോവാട്ട് FM സിഗ്നലുകൾ എത്തുമെന്നതിനാൽ പുതിയ റേഡിയോ ട്രാൻസ്മിറ്ററുകൾ FM ടെക്നോളജിയിലേക്ക് മാറാൻ കമ്പനികൾ തിരക്ക് കൂട്ടി.
100 KW മീഡിയം വേവ് ട്രാൻസ്മിറ്റർ ഒരു ചെറു നഗരത്തിന് വേണ്ട കറണ്ടും വൻതോതിൽ സ്ഥല സൗകര്യവും ഉപയോഗിക്കുമ്പോൾ ഒരു ബഹുനില മന്ദിരത്തിൽ ഉപയോഗിക്കുന്ന കറണ്ടും ഒരു മുറിയിൽ ഒതുങ്ങുന്ന ട്രാൻസ്മിറ്ററും FM പ്രക്ഷേപണം വൻതോതിൽ ചിലവ് കുറച്ചു..
FM ഫ്രീക്വൻസി നേർ രേഖയിലേ സഞ്ചരിക്കൂ കുന്നും മലയും FM താണ്ടില്ല എന്ന വ്യാപക പ്രചരണം മറ്റ് കമ്പനികൾ നടത്തിയെങ്കിലും അതൊന്നും ഏറ്റില്ല. FM വിദൂരതയിലും വ്യക്തമായി കിട്ടാനുള്ള ആൻ്റിന ഡിസൈൻ ചെയ്ത് ആംസ്ട്രോങ്ങ് ഈ പ്രചരണത്തിൻ്റെ വായടച്ചു. ന്യൂയോർക്കിൽ നിന്നുള്ള FM പ്രക്ഷേപണം 125 കിലോമീറ്റർ അകലെ വരെ വിജയകരമായി സ്വീകരിക്കുന്ന പ്രദർശനങ്ങൾ ഇതിന് വേണ്ടി നടത്തി.
FM റേഡിയോ നിർമ്മിക്കാനുള്ള അവകാശം GEക്ക് മാത്രമായി ആംസ്ട്രോങ്ങ് നൽകിയിരുന്നതിനെ മറികടക്കാൻ നേരായ മാർഗ്ഗത്തിൽ പോയാൽ നടക്കില്ല എന്ന് കണ്ട് അദ്ദേഹത്തിൻ്റെ FM ടെക്നോളജിൽ 5 മാറ്റങ്ങൾ വരുത്തി പുതിയ ടെക്നോളജിയായി പേറ്റെൻ്റ് എടുത്ത് RCA അടക്കമുള്ള കമ്പനികൾ FM റേഡിയോകൾ വൻതോതിൽ പുറത്തിറക്കി.ഇത് FM ചരിത്രത്തിലെ മൂന്നാം വഞ്ചന!
ഈ തിരിച്ചടികൾക്കിടയിലും FM ഉപയോഗിച്ചുള്ള റഡാർ സിസ്റ്റവും സാറ്റലൈറ്റുകളിലേക്കും, ചന്ദനിലേക്കും വരെ റേഡിയോ സിഗ്നലുകൾ എത്തിക്കാനുള്ള ടെക്നോളജികളും അദ്ദേഹം വികസിപ്പിച്ചെടുത്തു.
FM ലൂടെ സ്റ്റീരിയോ ആയി ശബ് ദം പ്രക്ഷേപണം ചെയ്യാൻ പറ്റും എന്ന ഐഡിയയും ആംസ്ട്രോങ്ങ് തന്നെയാണ് കണ്ടെത്തിയത്. സ്റ്റീരിയോ പ്രക്ഷേപണത്തിനും എതിരാളികൾ പാര വച്ചതിനാൽ അദ്ദേഹത്തിൻ്റെ മരണശേഷം മാത്രമേ കൊമേഴ്സ്യൽ പ്രക്ഷേപണത്തിനായി ആ ടെക്നോളജിക്ക് അനുമതി ലഭിച്ചുള്ളൂ. 1961 ജൂൺ 1 ന് ന്യൂയോർക്കിലും, ചിക്കാഗോയിലുമായി 2 റേഡിയോ സ്റ്റേഷനുകൾ FM സ്റ്റീരിയോ പ്രക്ഷേപണം ആരംഭിച്ചു. തുടർന്ന് TV ശബ് ദ പ്രക്ഷേപണവും സ്റ്റീരിയോ മോഡിലായി.
തൻ്റെ ടെക്നോളജിയിൽ നാമമാത്രമായ മാറ്റങ്ങൾ വരുത്തി മറ്റ് കമ്പനികൾ റേഡിയോകൾ നിർമ്മിക്കാനരംഭിച്ചത് FM പേറ്റെൻ്റിൽ നിന്നും ആംസ്ട്രോങ്ങിന് ലഭിച്ചു കൊണ്ടിരുന്ന വൻ തുകകൾ നഷ്ടപ്പെടുത്തി.
ഇതിനെതിരേ വീണ്ടും കേസുകൾ നൽകിയെങ്കിലും, സാമ്പത്തിക നില ആകെ പരിതാപകരമായി. മനസു മടുത്ത അദ്ദേഹം 1954 ജനുവരി 31ന് അർദ്ധരാത്രിയിൽ ഗവേഷണത്തിനായി റേഡിയോ ടവർ സ്ഥാപിച്ചിരുന്ന മൻഹാട്ടൻ സിറ്റിയിലെ റിവർ ഹൗസ് എന്ന ബഹുനില മന്ദിരത്തിൻ്റെ മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു.
64 വയസായിരുന്നു അപ്പോൾ പ്രായം
അദ്ദേഹത്തിൻ്റെ മരണശേഷം ഭാര്യ കേസുകളെല്ലാം തുടർന്ന് നടത്തി.എല്ലാ കേസുകളും ജയിച്ച് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരമായി ലഭിച്ചു.1955 ൽ നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ നല്ലൊരു പങ്ക് ചിലവാക്കി ആംസ്ട്രോങ്ങ് മെമ്മോറിയൽ റിസർച്ച് ഫൗണ്ടേഷൻ ന്യൂയോർക്കിൽ അവർ സ്ഥാപിച്ചു. റേഡിയോ, വയർലസ് സംബന്ധമായ കണ്ട് പിടുത്തങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷൻ്റെ ഉദ്ദേശലക്ഷ്യം.
FM റേഡിയോ ട്രാൻസ്മിഷൻ സംബന്ധിയായ 55 ൽ അധികം പേറ്റെൻ്റുകൾ എഡ് വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ആ ശാസ്ത്രകാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
നമ്മൾ ഓരോ തവണ FM റേഡിയോ ഓൺ ചെയ്യുമ്പോഴും ആ മഹാനായ ശാസ്ത്രകാരനുള്ള ആദരവാകട്ടെ.
മാർക്കോണിക്ക് ശേഷം റേഡിയോ പ്രക്ഷേപണ സാങ്കേതിക വിദ്യയിൽ ഇത്രമേൽ സ്വാധീനം ചെലുത്തിയ മറ്റൊരാളില്ല.
സംഗീതലോകം എന്നെന്നും ആംസ്ട്രോങ്ങിനോട് കടപ്പെട്ടിരിക്കും.
1977 ജൂലൈ 23 ന് ഇന്ത്യയിലെ ആദ്യ സ്റ്റേഷൻ മദ്രാസിൽ (ചെന്നൈ )ആരംഭിച്ചതോടെ ഇന്ത്യയും FM യുഗത്തിലേക്ക് കാൽ വച്ചു.
ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റേഷൻ 2001 ൽ ബാംഗ്ലൂരിൽ ആരംഭിച്ച റേഡിയോ സിറ്റിയാണ്.ഇന്ത്യയിലെ ആദ്യ സ്വകാര്യ FM സ്റ്റീരിയോ പ്രക്ഷേപണവും ഇവിടെ നിന്നായിരുന്നു.
കേരളത്തിലെ ആദ്യ FM ന് സ്റ്റേഷൻ 1989 നവംബർ 1 ന് എറണാകുളം ജില്ലയിലെ കാക്കനാട് ആരംഭിക്കപ്പെട്ടു.
കേരളത്തിലെ ആദ്യ സ്വകാര്യFM സ്റ്റേഷൻ 2007 നവംബർ 29 ന് കോഴിക്കോട് നിന്നാരംഭിച്ച റേഡിയോ മാംഗോയാണ്.
വില കുറഞ്ഞ LED ബൾബുകളും- ട്യൂബുകളും ഇറക്കി ചൈനക്കാർ ലോകത്തിലെ FM റേഡിയോ പ്രക്ഷേപണത്തിൻ്റെ കടയ്ക്കൽ കത്തിവച്ചിരിക്കുന്നു എന്ന ദു:ഖവാർത്തയും ഇതോടൊപ്പം ചേർത്ത് വായിക്കണം.
LED ബൾബുകൾ ഉണ്ടാക്കുന്ന ഇൻ്റർഫിയറൻസ് മൂലം FM ഒട്ടും വ്യകതമല്ലാതെയാണ് ലഭിക്കുന്നത്. ഇത് FM ൻ്റെ കുഴപ്പമല്ല ഓരോ LED ബൾബും ഓരോ FM ട്രാൻസ്മിറ്റർ പോലെ പ്രവർത്തിച്ച് ഇലക്ട്രിക്കൽ ഓസിലേഷനുകൾ പുറപ്പെടുവിക്കുന്നതാണ്. വില കുറഞ്ഞ ക്ലാസ് D ആംപ്ലിഫയറുകളും FM സിഗ്നലുകളെ അപശ്രുതിയാക്കുന്നതിൽ നല്ല പങ്ക് വഹിക്കുന്നുണ്ട്.
ഇത് മൂലം FM റേഡിയോ പ്രക്ഷേപണം പൂർണ്ണമായും വെറുത്ത് മൊബൈലും, ഇൻ്റർനെറ്റും ഉപയോഗിച്ച് FM സ്റ്റേഷനുകൾ കേൾക്കുന്ന അവസ്ഥയിലേക്ക് നമ്മളിൽ പലരും മാറിയിട്ടുണ്ട്.
ഇൻ്റർനെറ്റിലൂടെയുള്ള FM റേഡിയോ പ്രക്ഷേപണത്തിൻ്റെ പ്രചാരം വർദ്ധിച്ചതിനേത്തുടർന്ന് വിദേശ രാജ്യങ്ങളിൽ FM (ഫ്രീക്വൻസി മോഡുലേഷൻ)ട്രാൻസ്മിറ്ററുകൾ ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുകയാണ്.
നമ്മുടെ നാട്ടിൽ ഇപ്പോൾ കാലഹരണപ്പെട്ട AM ടെക്നോളജി ഉപയോഗിക്കുന്ന MW (ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ) സ്റ്റേഷനുകളാണ് ഷട്ട് ഡൗൺ ചെയ്തു കൊണ്ടിരിക്കുന്നത്.
റേഡിയോ ഓൺ ചെയ്യാൻ തന്നെ മടിയാകുന്ന വിധത്തിൽ ചെവിക്ക് അസ്വസ്ഥതയുളവാക്കുന്ന പൊട്ടലും ചീറ്റലും, മൂളലുമാണ് ഇപ്പോൾ ഏത് FM റേഡിയോ സ്റ്റേഷൻ.വച്ചാലും ലഭിക്കുന്നത്.
LED ട്യൂബുകളുടെയും, LED ബൾബുകളുടെയും ഇലക്ട്രോണിക് സർക്യൂട്ടാണ് ഈ പ്രശ്നത്തിന് പിന്നിൽ. ഇവയിൽ നിന്നും കുറച്ച് ദൂരെ മാറ്റി വച്ചോ, ഓഫ് ചെയ്ത ശേഷമോ ആണ് പലരും റേഡിയോ കേൾക്കുന്നത്.
നല്ല കമ്പനികൾ ഇറക്കിയിരുന്ന LED ബൾബുകളിൽ അവ വൈദ്യുതി ലൈനിലേക്ക് ഇലക്ട്രിക്കൽ നോയിസും, ഹാർമോണിക്സും കടത്തിവിടുന്നത് തടയുന്ന സർക്യൂട്ടകൾ ഉണ്ടായിരുന്നു. പക്ഷേ വില 500-600 രൂപ റേഞ്ചിൽ വന്നിരുന്നു. ഇപ്പോൾ LED കത്താൻ മാത്രം ഉള്ള അത്യാവശ്യ സാധനങ്ങൾ മാത്രം ഉൾക്കൊള്ളിച്ച് LED ബൾബിൻ്റെ വില 60- 100 രൂപ റേഞ്ചിലേക്ക് കുറഞ്ഞു. അപ്പോൾ വൈദ്യുതി ലൈനുകൾ മുഴുവൻ റേഡിയോ ഇൻ്റർ ഫിയറൻസ് കൊണ്ടു നിറഞ്ഞു.
RF ഇലക്ട്രിക്കൽ ഇൻ്റർ ഫിയറൻസ്.(നോയ് സ്) ഇല്ലാത്ത LED ബൾബുൾ സർക്കാർ പോത്സാഹിപ്പിച്ചില്ലെങ്കിൽ നമ്മുടെ നാട്ടിലും FM റേഡിയോ സ്റ്റേഷനുകൾ പൂട്ടിപ്പോകുന്ന കാലം വിദൂരമല്ല.ഇത് ഒരു പുന:സംപ്രേഷണം ! എഴുതിയത് #അജിത്_കളമശേരി,#ajith_kalamassery, .13.02.2025

വേൾഡ് റേഡിയോ DAY

 


വേൾഡ് റേഡിയോ DAY ആയ February 13 പ്രമാണിച്ച് പഴയ റേഡിയോ റിപ്പയർ ഓർമ്മക്കായി സൂക്ഷിച്ച 1992ലെ ബിൽ ഷെയർ ചെയ്യുന്നു. എറണാകുളം ഷേണായിസ് തിയേറ്ററിന് എതിർവശമുണ്ടായിരുന്ന എറണാകുളം റേഡിയോ കമ്പനിയുടെ താഴത്തെ നില ഫിലിപ്സ് ഷോറൂമും, മുകൾ നില ഫിലിപ്സ് സർവ്വീസ് സെൻ്ററുമായിരുന്നു. അവിടെയുണ്ടായിരുന്ന തിരുവാണിയൂർ കാരനായ സുരേഷ് എന്ന സർവ്വീസ് എഞ്ചിനീയറെ ഇപ്പോഴും ഓർക്കുന്നു.
റോസിയുടെ വൈറ്റ് കളർ കോഡുള്ള IFT ഫിലിപ്സിൻ്റെ MW ഓസിലേറ്റർ കോയിലായി ഉപയോഗിക്കാമെന്ന രഹസ്യം എന്നെ പഠിപ്പിച്ചത് അദ്ദേഹമാണ്.
റോസി കമ്പനിയുടെ പച്ച, മഞ്ഞ, വെള്ള കളർ കോഡുള്ള ഒരു സെറ്റ് IFTക്ക് 2 രൂപ 70 പൈസ ആയിരുന്നപ്പോൾ ഫിലിപ്സിൻ്റെ MW ഓസിലേറ്റർ കോയിലിന് ഒരെണ്ണം 10 രൂപ 50 പൈസ ആയിരുന്നു.ബില്ലിൽ കാണുന്ന വില കണ്ടോ.
ഒപ്പം വാങ്ങിയത് ഡയൽ കോഡ് കെട്ടുന്നതിനുള്ള സ്പ്രിങ്ങ്. വില ഒന്നര രൂപ!
ഫിലിപ്സിൻ്റെ ഡയൽ കോഡ് കെട്ടുന്നതിൽ സ്പെഷ്യലൈസ് ചെയ്ത ഒരു ടെക്നീഷ്യനായിരുന്നു അന്ന് ഞാൻ. ഒറിജിനൽ ഫിലിപ്സ് സ്പ്രിങ്ങ് ഉണ്ടെങ്കിലേ ഡയൽ കോഡ് കെട്ടിയാൽ റേഡിയോയുടെ സ്റ്റേഷൻ ഇൻഡിക്കേറ്റർ സൂചി ഓടൂ. സ്റ്റേഷൻ മാറൂ.
സാധാരണ ഡല്ലി റേഡിയോ ഗാങ്ങുകൾ പോലും ഡസ്റ്റ് ക്യാപ്പ് ഉള്ള ഗാങ്ങ് കണ്ടൻസറുമായി കിട്ടുമ്പോൾ വല്യ കമ്പനിയായ ഫിലിപ്സ് തങ്ങളുടെ ഗാങ്ങ് കണ്ടൻസറുകൾക്ക് ഡസ്റ്റ് ക്യാപ്പ് ഇല്ലാതെ തുറന്നിരിക്കുന്ന വിധമായിരുന്നു നിർമ്മിച്ചിരുന്നത്. ഇങ്ങനെ
കവറില്ലാതെ തുറന്നിരിക്കുന്ന റേഡിയോയുടെ സ്റ്റേഷൻ പിടിക്കുന്ന ഗാങ്ങ് കണ്ടൻസർ പൊടി കയറി ചീത്തയാകും. വല്ലാത്ത കറ.. കറ..ശബ്ദമായിരിക്കും പിന്നീട്. അൽപ്പം ഒച്ച കൂട്ടിയാൽ റേഡിയോ നിന്ന് പോകും. ഇതാണ് വയറ് വിട്ട് പോയി എന്ന് പറഞ്ഞ് ആളുകൾ മെക്കാനിക്ക് മാരെ സമീപിച്ചിരുന്ന തകരാർ!
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല രണ്ട് തട്ട് കൊടുത്താൽ റേഡിയോ പാടും. അത് വയറ് വിട്ട് പോയിട്ടാണ് റേഡിയോ കുലുക്കിയപ്പോൾ കൂട്ടി മുട്ടി റേഡിയോ വീണ്ടും പാടുന്നു.
ഇങ്ങനെ വയറ് വിട്ടു പോയ റേഡിയോകളുടെ ഗാങ്ങ് കണ്ടൻസർ ഇടയ്ക്കിടെ മാറ്റേണ്ടി വരും.
പകുതി പണിക്കാരായ പലരും വിട്ട് പോയ വയർ കണ്ടെത്താൻ റേഡിയോ തുറക്കും. ചിലർ PCB വരെ പൊക്കി നോക്കും!
PCB ഉയർത്തിയാൽ മിക്കവാറും ഗാങ്ങ് കണ്ടൻസറിനോട് ബന്ധിപ്പിച്ച ഡയൽ ഡ്രമ്മിലെ സ്പ്രിങ്ങ് തെറിച്ച് പോകും.അത് പിന്നെ കിട്ടുകയേ ഇല്ല.
പല പല ടെക്നീഷ്യൻമാരും എന്നെ സമീപിച്ചിരുന്നത് ഡയൽ കോഡ് കെട്ടാൻ വേണ്ടി മാത്രമായിരുന്നു
നാടൻ പണിക്കാർ ലോക്കൽ സ്പ്രിങ്ങ് ഉപയോഗിച്ച് ഒപ്പിക്കും പക്ഷേ സൂചി ഡയലിൽ മുഴുവൻ നീങ്ങില്ല. അതിന് ഒറിജിനൽ തന്നെ വേണം.
ഒരു സ്പ്രിങ്ങിന് ഒന്നര രൂപ അന്ന് അന്യായ വിലയായിരുന്നു. ഒന്നര രൂപക്ക് 25 ലോക്കൽ സ്പ്രിങ്ങ് അടങ്ങിയ പാക്കറ്റ് ലഭ്യമായിരുന്നു. അജിത് കളമശേരി.13.02.2025

ബാറ്ററി കടക്കാരൻ്റെ കാസറ്റ് കമ്പനി

 ബാറ്ററി കടക്കാരൻ്റെ കാസറ്റ് കമ്പനി


 

നമ്മുടെ നാട്ടിലെ കാസറ്റ് യുഗം 2000 മാണ്ടോടെ അവസാനിച്ചുവെങ്കിലും ഇന്നും പലരും ഓർമ്മക്കായി ധാരാളം കാസറ്റുകൾ സൂക്ഷിച്ച് വച്ചിട്ടുണ്ട്. അവയിൽ വിദേശ മലയാളികൾ നാട്ടിൽ കൊണ്ടുവന്നതിൽപ്പെട്ട മാക് സെൽ കാസറ്റുകൾ 25 വർഷത്തിന് ശേഷം ഇപ്പോഴും ഒരു കാസറ്റ് പ്ലേയറിൽ ഇട്ടാൽ അടിപൊളിയായി പാട്ട് പാടും! ..രസകരമായ കാര്യം എന്തെന്ന് വച്ചാൽ കോംപാക്റ്റ് കാസറ്റ് കണ്ടു പിടിച്ച ഫിലിപ്സ് പുറത്തിറക്കിയ കാസറ്റിലും ഗുണമേൻമ അതിൻ്റെ ടെക്നോളജി അനുകരിച്ച് ഇറക്കിയ മാക്സെൽ കാസറ്റുകൾക്കായിരുന്നു എന്നതാണ്. അത്രയ്ക്ക് ഗുണമേൻമയിലാണ് മാക്സെൽ കാസറ്റുകൾ വിപണിയിലെത്തിയിരുന്നത്!. ഇന്നും കാസറ്റുകൾ പുറത്തിറക്കുന്ന ജപ്പാൻ കമ്പനിയായ മാക് സെല്ലിൻ്റെ കഥയാവട്ടെ ഇത്തവണ.
1918 ൽ ജപ്പാനിലെ ടോക്കിയോയ്ക്ക് സമീപമുള്ള ഒസാക്കിയിൽ ആരംഭിച്ച നിറ്റോ ഇലക്ട്രിക് എന്ന കമ്പനി ഇലക്ട്രിക്കൽ/ ട്രാൻസ്ഫോർമർ നിർമ്മാണ ആവശ്യങ്ങൾക്കായുള്ള ഇൻസുലേറ്റിങ്ങ് വാർണ്ണിഷ് മെറ്റീരിയലുകളുടെ നിർമ്മാണ, വിതരണത്തിലാണ് ആദ്യകാലങ്ങളിൽ ശ്രദ്ധ പതിപ്പിച്ചിരുന്നത്.
1945ൽ രണ്ടാം ലോക മഹായുദ്ധകാലത്ത് ബോംബാക്രമണത്തിൽ കമ്പനി നശിച്ച് നാമാവശേഷമായി.യുദ്ധമൊക്കെ ഒന്ന് ഒതുങ്ങിയപ്പോൾ നിറ്റോ ഇലക്ട്രിക് കമ്പനി 1947 ൽ ഇബറാക്കി എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.
തുടർന്ന് കമ്പനി പ്ലാസ്റ്റിക്കിലും, കാലിക്കോ എന്ന തുണി ചേർന്ന മെറ്റീരിയൽ കൊണ്ടുള്ള ഇൻസുലേഷൻ ടേപ്പുകളുടെ നിർമ്മാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.ജപ്പാനിലെ ആദ്യ പ്ലാസ്റ്റിക് ഇൻസുലേഷൻ ടേപ്പുകളുടെ നിർമ്മാണം നിറ്റോ കമ്പനിയാണ് ആരംഭിച്ചത്.
വൈദ്യുതി വ്യാപകമല്ലാതിരുന്ന 1957 കളിൽ ട്രാൻസിസ്റ്റർ റേഡിയോകളുടെയും, ടോർച്ചുകളുടെയും പ്രചാരം വൻതോതിൽ വർദ്ധിച്ചു.ഇവയിൽ ഉപയോഗിക്കാൻ ഗുണമേൻമയുള്ള ബാറ്ററികൾ അന്ന് ലഭ്യമല്ലായിരുന്നു. ലഭിച്ചിരുന്നവയുടെ ചാർജ് വേഗം തീരും.
പുതിയ ബാറ്ററി ഇട്ടാൽ റേഡിയോയും , ടോർച്ചുമെല്ലാം കഷ്ടി, മുഷ്ടി രണ്ടാഴ്ച ഓടും പിന്നെ വീണ്ടും കാശു മുടക്കണം.കാശ് മുടക്കുന്നതിൽ പ്രശ്നമില്ലെന്ന് വച്ചാലും വീക്കായ ബാറ്ററിയിൽ നിന്ന് ഒരു കെമിക്കൽ പുറത്ത് വരാൻ തുടങ്ങും! അത് ടോർച്ചിലും, റേഡിയോയിലുമൊക്കെ പടർന്ന് ലോഹ ഭാഗങ്ങളെല്ലാം ദ്രവിച്ച് പോകും.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോർട്ടബിൾ വയർലസുകളും, ഹെഡ് ലൈറ്റുകളും ധാരാളമായി ഉപയോഗിച്ചിരുന്ന ജപ്പാനീസ് മിലിട്ടറി നിറ്റോ ഇലക്ട്രിക് അടക്കമുള്ള കമ്പനികളോട് ഇതിനൊരു പരിഹാരം കണ്ടെത്താൻ നിർദ്ദേശം നൽകി.
മറ്റ് കമ്പനികൾക്കൊപ്പം നിറ്റോ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണ വിഭാഗവും ലാസ്റ്റ് ചെയ്യുന്ന ലീക്ക് വരാത്ത ഒരു പോർട്ടബിൾ ബാറ്ററിക്ക് വേണ്ടി പരീക്ഷണങ്ങൾ ആരംഭിച്ചു.
1959ൽ നിറ്റോ ഇലക്ട്രിക്കിൻ്റെ പരീക്ഷണങ്ങൾ ഫലവത്തായി. ഇതോടെ അവർ മാക്സിമം കപ്പാസിറ്റി ഡ്രൈസെൽ (ജപ്പാനീസിൽ മകുസേറു-കബാഷുക്കി -ഗൈഷ ) എന്ന പേരിൽ ലീക്ക് പ്രൂഫ്
ബാറ്ററി ബ്രാൻഡ് രജിസ്റ്റർ ചെയ്തു.
യുദ്ധത്തെ തുടർന്ന് സാമ്പത്തിക സ്ഥിതി പൊളിഞ്ഞ് പാളീസായ നിറ്റോ ഇലക്ട്രിക്കിന് ബാറ്ററി ഉണ്ടാക്കാൻ സാമ്പത്തിക / ടെക്നോളജി സഹകരണങ്ങൾ നൽകിയത് ഹിറ്റാച്ചി കമ്പനിയാണ്. അതിൻ്റെ ചരിത്ര രേഖകൾ ആദ്യകാല ത്തിറങ്ങിയ മാക്സെൽ ബാറ്ററികളിൽ കാണാം ചിത്രം നോക്കൂ.ഹിറ്റാച്ചി മാക് സെൽ ലിമിറ്റഡ് എന്ന് ബാറ്ററിയിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചോ?.
ജപ്പാനിലെ യുദ്ധസാഹചര്യം അവസാനിച്ചതിനാൽ ജപ്പാൻ സൈന്യത്തിന് അത്ര വലിയ തോതിൽ ബാറ്ററികൾക്ക് ഇനി ആവശ്യം ഇല്ല. ലോക വിപണിയിലേക്ക് ഇത്രയും വലിയ - വായിൽ കൊള്ളാത്ത പേരുമായി ഇറങ്ങിയാൽ പച്ച തൊടില്ലെന്ന് കമ്പനി ഡയറക്ടർ ബോർഡിന് മനസിലായി ..
അവർ അവസാനം ഒരു പേരു കണ്ടെത്തി മാക്സിമം കപ്പാസിറ്റി ഡ്രൈസെൽ എന്ന വലിയ പേരിൻ്റെ ,ആദ്യവും അവസാനവും മുറിച്ചെടുത്ത് മാക് - സെൽ എന്ന പേരങ്ങോട്ട് ബാറ്ററിക്കിട്ടു.
പാനാസോണിക്കും, തോഷിബയും, നാഷണലുമെല്ലാം സാനിയോയുമെല്ലാം ഇതിനോടകം അടിപൊളി ബാറ്ററികൾ വിപണിയിലെത്തിച്ചിരുന്നു. അതിനാൽ പ്രതീക്ഷിച്ച വിപണി മേൽക്കോയ്മ കമ്പനിക്ക് ലഭിച്ചില്ല
ഏത് പ്രതികൂല കാലാവസ്ഥയിലും തളരാത്ത മനസുള്ള സ്ഥിരോൽസാഹികളായ ജപ്പാൻകാർക്ക് ഇതൊന്നും കൊണ്ട് മനസ് മടുക്കില്ലല്ലോ....
അപ്പോഴാണ് 1963ൽ ഫിലിപ്സ് കമ്പനിയിലെ ലൂ ഓട്ടൻസ് കോംപാക്റ്റ് കാസറ്റ് കണ്ടു പിടിച്ച് വിപണിയിലെത്തിച്ചത്.നിറ്റോ ഇലക്ട്രിക് കമ്പനിയിലെ ഗവേഷണ വിഭാഗം ഉടൻ തന്നെ നെതർലാൻഡിലെത്തി കാസറ്റ് നിർമ്മാണത്തിൻ്റെ സകല സൂത്രപ്പണികളും സംഘടിപ്പിച്ച് ജപ്പാനിലെത്തി.ഇൻസുലേഷൻ ടേപ്പുണ്ടാക്കുന്ന .കമ്പനിക്ക് കാസറ്റ് നിർമ്മിക്കാനാവശ്യമായ പ്ലാസ്റ്റിക് ഫിലിം നിർമ്മാണം താരതമ്യേന എളുപ്പമായിരുന്നു.
പ്ലാസ്റ്റിക് ഫിലിമിൽ ഫെറിക്ഓക്സൈഡ് കോട്ട് ചെയ്ത് പ്ലാസ്റ്റിക് ഷെല്ലിൽ അടക്കം ചെയ്ത് ബാറ്ററിക്ക് വേണ്ടി രജിസ്റ്റർ ചെയ്ത മാക്സെൽ എന്ന ബ്രാൻഡ് നെയിമിൽ വിപണിയിലെത്തിച്ചു.
പിന്നീട് വിവിധ തരത്തിലുള്ള ട്രാൻസ്ഫോർമറുകൾ നിർമ്മിക്കുന്നതിനുള്ള
500 പ്രാവശ്യം ടേപ്പ് റിക്കോർഡറിൽ പ്ലേ ചെയ്താലും ക്വാളിറ്റി ലവലേശം കുറയുന്നില്ല എന്ന് ലോകമെമ്പാടുമുള്ള ഓഡിയോ ഫൈലുകൾ സാക്ഷ്യപ്പെടുത്തിയതോടെ മാക്സെൽ കാസറ്റുകൾക്ക് ആവശ്യക്കാരേറി.
ഇതോടെ വൻതോതിൽ കാസറ്റ് ഇറക്കുന്ന സംഗീത കമ്പനികളിലെ ഓഡിയോ എഞ്ചിനീയർമാർ വൻ തോതിൽ മാക് സെൽ കാസറ്റുകൾ ആവശ്യപ്പെടാൻ തുടങ്ങി.
നൈന സൈമൻ്റെ വൈൽഡ് ഈസ് വൈൽഡ് എന്ന ആൽബമാണ്1966 ൽ ലോകത്തിലാദ്യമായി കാസറ്റിൽ റിലീസ് ചെയ്യപ്പെട്ടത് .ഫിലിപ്സ് മ്യൂസിക്കാണ് ഈ സംഗീത ആൽബം പുറത്തിറക്കിയത്. ഫിലിപ്സ് കണ്ടു പിടിച്ച കാസറ്റിൽ പുറത്തിറക്കിയതിലുമധികം അധികം കാസറ്റുകൾ മാക് സെൽ കാസറ്റുകളിൽ ലോക വ്യാപകമായി പകർത്തി വിൽക്കപ്പെട്ടു എന്നാണ് അനൗദ്യോഗിക കണക്കുകൾ.
1970 ൽ പുറത്തിറങ്ങിയ ജോണി മാത്തിസിൻ്റെ ആൽബത്തിനായി 2 കോടി കാസറ്റുകളാണ് മാക് സെൽ നിർമ്മിച്ച് നൽകിയത്.
ബാറ്ററി നിർമ്മാണത്തിനായി സജ്ജീകരിച്ച മികച്ച കെമിക്കൽ ലബോറട്ടറിയും, ശാസ്ത്രജ്ഞൻമാരും കൈവശമുണ്ടെന്നത് മാക് സെല്ലിനെ കാസറ്റ് ടേപ്പുകളിലെ ശബ്ദലേഖനം ചെയ്യാൻ ഉപയോഗിക്കുന്ന കെമിക്കലുകളുടെ കണ്ടുപിടുത്തത്തിൽ മുൻ നിരയിലെത്തിച്ചു.
ലോകത്തിലെ ആദ്യ മെറ്റൽ കാസറ്റ് ടേപ്പ്, ഫെറിക് കോബാൾട്ട് കാസറ്റ് ടേപ്പ് ,ഗാമാ ഫെറിക് ഓക്സൈഡ് കാസറ്റ് ടേപ്പ് എന്നിവയുടെയെല്ലാം കണ്ട് പിടുത്തം നടത്തിയ കമ്പനി എന്ന മേൽക്കൈ നേടാനായി.
റേഡിയോ സ്‌റ്റേഷനുകളിലും, റിക്കോഡിങ്ങ് സ്റ്റുഡിയോകളിലും ആദ്യ ചോയ്സായി മാക്സെൽ കാസറ്റ് ടേപ്പുകൾ മാറി.വീഡിയോ കാസറ്റുകൾ, ലാർജ് ഫോർമാറ്റ് കമ്പ്യൂട്ടർ സ്റ്റോറേജ് സ്പൂളുകൾ ,തുടങ്ങിയവയിലെല്ലാം കമ്പനി മേൽക്കൈ നേടി.
മാക്സെൽ കാസറ്റിലെ സംഗീതം JBL സ്പീക്കറിലൂടെ കേൾക്കുമ്പോൾ അതിൻ്റെ ശക്തിയിൽ പറന്ന് പോകാതെ പിടിച്ചിരിക്കുന്ന Blown Away Guy എന്ന പരസ്യം ലോകപ്രശസ്തമാണ്.
കാസറ്റുകൾ ഇറക്കുന്നതിന് തങ്ങൾക്ക് പേര് സംഭാവന ചെയ്ത ബാറ്ററി കമ്പനി അത് തുടങ്ങി: 30 വർഷത്തിന് ശേഷം ഒരു ചൈനാ കമ്പനിക്ക് കൈമാറി. അവർ മാക് സെൽ എന്ന പേരിൽ പല തരം ബാറ്ററികൾ ഇപ്പോഴും ഇറക്കുന്നുണ്ട്.
2000ത്തോടെ കാസറ്റ് യുഗം അവസാനിച്ചെങ്കിലും അതിന് മുൻപേ തന്നെ കമ്പനി ഉൽപ്പന്ന നിര വൈവിദ്ധീകരിച്ച് ഡിജിറ്റൽ സ്റ്റോറേജ് ഡിവൈസുകൾ, ലേസർ, പ്രൊജക്റ്ററുകൾ, സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ, പ്രിൻ്റബിൾ ബാറ്ററികൾ, സെല്ലോ ടേപ്പുകൾ, തുടങ്ങിയവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
1957ൽ തുടങ്ങിയ ഹിറ്റാച്ചി കമ്പനിയുമായുള്ള സഹകരണം മാക്സെൽ കമ്പനി ഇന്നും തുടരുന്നു. ഹിറ്റാച്ചിക്ക് വേണ്ടി പല പല ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളും നിർമ്മിച്ച് നൽകുന്നത് മാക്സെല്ലാണ്
കാസറ്റ് ടേപ്പുകൾക്ക് വ്യാപക പ്രചാരമുള്ള ജപ്പാൻ, ജർമ്മനി, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കായി മാക്സെൽ ഓഡിയോ കാസറ്റുകൾ ഇന്നും വൻതോതിൽ നിർമ്മിക്കുന്നുണ്ട്.
അങ്ങനെ ബാറ്ററി നിർമ്മിക്കാൻ തുടങ്ങിയ കമ്പനി ഓഡിയോ കാസറ്റുകൾ നിർമ്മിച്ച് 1963 മുതൽ 62 വർഷത്തിന് ശേഷം ഇപ്പോഴും നമ്മളെ സംഗീത സാഗരത്തിൻ്റെ തീരത്തേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നു.അജിത് കളമശേര.07-07-2025

ഇലക്ട്രോണിക്സ് പുസ്തക പ്രകാശനം

 ഇലക്ട്രോണിക്സ് പുസ്തക പ്രകാശനം


 
രണ്ട് ഇലക്ട്രോണിക്സ് സംബന്ധിയായ പുസ്തകങ്ങൾ ബഹു: വ്യവസായ വകുപ്പ് മന്ത്രി P രാജീവ് ,കളമശേരിയിൽ നടന്നുവരുന്ന കാർഷിക / വ്യാവസായിക പ്രദർശന നഗരിയിൽ ഇന്ന് വൈകുന്നേരം (29-08-2025 ) പ്രകാശനം ചെയ്തു. പുസ്തകങ്ങൾ എന്നിൽ നിന്ന് വാങ്ങി കേരളാ സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ
(KSSIA )സ്റ്റേറ്റ് പ്രസിഡണ്ട് ശ്രീ നിസാറുദ്ധീന് കൈമാറിയാണ് അദ്ദേഹം പ്രകാശനം നിർവ്വഹിച്ചത്.
സാങ്കേതിക പുസ്തകങ്ങൾക്ക് ഇടുക്കി പവർ, തൃശൂർ പൂരം എന്നിങ്ങനെയുള്ള മലയാളം പേരുകൾ ഇട്ടതിൻ്റെ സാംഗത്യം മന്ത്രി വേദിയിൽ വച്ച് തന്നെ എന്നോട് ചോദിച്ച് മനസിലാക്കി അതിൽ പ്രത്യേക നല്ല വാക്കുകൾ പറഞ്ഞു.
ആദ്യ പുസ്തകം-പരമ്പരാഗത രീതിയിൽ ശബ്ദകോലാഹലങ്ങൾ ഇല്ലാതെ സംഗീതം ആസ്വദിക്കുന്നവർക്കായി-
ഇടുക്കി പവർ 100 വാട്ട് ക്ലാസ് AB സ്റ്റീരിയോ ആംപ്ലിഫയർ ഡിസൈൻ & മേക്കിങ്ങ്.
രണ്ടാം പുസ്തകം: പാട്ട് വെച്ചാൽ വീട് ഇടിഞ്ഞ് പൊളിഞ്ഞ് വീഴണം അല്ലെങ്കിൽ വണ്ടി വരുന്നത് ഒരു കിലോമീറ്റർ അകലെ നിന്നേ ഡും ഡും സൗണ്ട് കേട്ട് മറ്റുള്ളവർ അറിയണം എന്ന താൽപ്പര്യമുള്ള സബ് വൂഫർ ആംപ്ലിഫയർ ഡീപ്പ് ബാസ് പ്രേമികൾക്കായി-
തൃശൂർ പൂരം! 400 വാട്ട് ക്ലാസ് D ആംപ്ലിഫയർ നിർമ്മാണം എന്നിങ്ങനെയാണ് ഉള്ളടക്കം.
രണ്ട് പുസ്തകങ്ങൾക്കൊപ്പവും അത് നിർമ്മിക്കുവാനുള്ള PCB കളും ലഭിക്കും.
വിദേശങ്ങളിൽ നല്ല പ്രചാരമുള്ള Do it yourself ( DIY ) രീതിയിൽ തയ്യാറാക്കിയ മലയാളത്തിലെ ആദ്യ പുസ്തകങ്ങളാണ് ഇവ.
ഇന്ത്യൻ നിർമ്മിതമായ കോമ്പോണെൻ്റുകൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്ന വിധത്തിൽ പരമ്പരാഗത രീതിയിലാണ് ഡിസൈൻ കൺസെപ്റ്റ്.
ഇലക്ട്രോണിക്സിൽ പരിമിതമായ അറിവുള്ളവർക്ക് പോലും അസംബിൾ ചെയ്യാവുന്ന വിധത്തിൽ സ്ട്രെയിറ്റ് ഫോർവേഡ് രീതിയിലാണ് PCB ഡിസൈൻ. എല്ലാ കോമ്പോണെൻ്റുകളും വാല്യൂ ഉൾപ്പടെ PCB യിൽ പ്രിൻ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലെ പ്രശസ്ത ഓഡിയോ ഡിസൈനർമാരിൽ ഒരാളായ വർഗീസ് ഗാർഡിയൻ ഈ സർക്യൂട്ടുകൾ അസംബിൾ ചെയ്ത് അതിലൂടെ സംഗീതം കേട്ട് വിലയിരുത്തി നല്ല വാക്ക് പറഞ്ഞു എന്നത് പ്രോത്സാഹനമായി.
അദ്ദേഹത്തിൻ്റെ നിർദ്ദേശമായിരുന്നു ഇത്തരം ഹൈക്വാളിറ്റി ,ലോ കോസ്റ്റ് സർക്യൂട്ടുകൾ മറ്റാരും നിർമ്മിക്കാതിരിക്കാൻ പാർട്സുകളുടെ നമ്പർ ചുരണ്ടിമറച്ച് രഹസ്യമാക്കി വയ്ക്കാതെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് .
കൂടാതെ ഒരു പുസ്തകം നൂറ്റാണ്ട് നില നിൽക്കണം എന്ന കൺസെപ്റ്റുള്ള അമർചിത്രകഥകൾ ഉൾപ്പടെ നൂറുകണക്കിന് ചിത്രകഥകൾ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കോട്ടയത്തെ മലയ് പബ്ലിക്കേഷൻ്റെ എല്ലാമെല്ലാമായ തോമസ് മാത്യു സാറിൻ്റെ നിർദ്ദേശപ്രകാരം ഏറ്റവും വില കൂടിയ നാച്വറൽ പേപ്പറിൽ കമനീയമായി അച്ചടിച്ചാണ് 2 പുസ്തകങ്ങളും പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യാ ഗവൺമെൻ്റ് നൽകുന്ന ഇൻ്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർ സഹിതമുള്ള പുസ്തകങ്ങളാണ് രണ്ടും.
ഒരു കാര്യം പറയാൻ വിട്ടു പോയി! -തങ്ങളുടെ തിരക്കുകൾക്കിടയിലും ഈ പുസ്തകങ്ങൾ വായിച്ച് വിലയേറിയ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും നല്ല മുഖവുരകളും എഴുതി നൽകിയ കേരളത്തിൻ്റെ ഓഡിയോ ഇലക്ട്രോണിക്സ് ഗുരു ശ്രീ അച്ചുത വാര്യർ സാറിനും, കേരളത്തിലെ ഏറ്റവും മികച്ച ഹൈ എൻഡ് ക്ലാസ് D ആംപ്ലിഫയറുകൾ സ്വന്തം ഡിസൈനിൽ നിർമ്മിക്കുന്ന , കൊച്ചിയിലെ മൈക്രോ ടെക്ക് ഓഡിയോ ഇൻഡസ്ട്രീസ് ഉടമ ശ്രീ മനോജ് അഞ്ചുമനയ്ക്കും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു
കൂടുതൽ വിവരക്കൾക്കും പുസ്തകം ലഭിക്കുന്നതിനും എൻ്റെ 70123 58500 എന്ന നമ്പരിലേക്ക് വാട്സാപ്പ് മെസേജ് വിടുക. എപ്പോഴും കോൾ എടുക്കാൻ സാധിച്ചെന്ന് വരില്ല. മെസേജ് വിട്ടാൽ തിരികെ മറുപടി നൽകും.