CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Friday, November 17, 2023

ഒരു കാസറ്റ് കടയുടെ തിരുശേഷിപ്പ്

 ഒരു കാസറ്റ് കടയുടെ തിരുശേഷിപ്പ്

 അജിത് കളമശേരി


 

 

പൊളിഞ്ഞ ബിസിനസ്സിൻ്റെ കഥകൾക്കായി കാത്തിരിക്കുന്നവർക്കായി ഇതാ എൻ്റെ ആദ്യ ബിസിനസിൻ്റെ കഥ. ഫോട്ടോ യഥാർത്ഥം
1987 ൽ ITI പാസായ ഉടൻ ബാങ്കിൽ നിന്നും ഒരു പതിനായിരം രൂപയുടെ IRDP ലോണും, വീട്ടിൽ നിരാഹാരമിരുന്ന് സംഘടിപ്പിച്ച 3000 രൂപയും ചേർത്ത് ഒരു കാസറ്റ് കട കം ഇലക്ട്രോണിക് സർവ്വീസ് സെൻ്റർ തുടങ്ങിയതാണ് എൻ്റെ ആദ്യ ബിസിനസ് സംരംഭം.
ഇന്നത്തെ പിള്ളാര് മേലും, കീഴും നോക്കാതെ, യാതൊരു വിധ മാർക്കറ്റ് സ്റ്റഡിയുമില്ലാതെ നാല് പേര് കൂടുന്ന ഏത് കവലയിലും മുട്ടിന്, മുട്ടിന് മൊബൈൽ ഷോപ്പും, കുഴി മന്തിയും, ഷവർമ്മ തട്ടും ,തുടങ്ങുന്നത് പോലെ 80 കളിലെ വസന്തങ്ങളുടെ സ്റ്റാർട്ടപ്പ് സംരംഭങ്ങളായിരുന്നു കാസറ്റ് കടകൾ.
ചില പുത്തൻ പണക്കാർ പണിയില്ലാതെ മൊബൈലും ചുരണ്ടിയിരിക്കുന്ന സ്വന്തം വീട്ടിലെ കെട്ട് പ്രായം തികഞ്ഞ തൊഴിൽ രഹിതരായ ചുള്ളൻ മാർക്ക് പെണ്ണ് വീട്ട് കാരുടെ മുന്നിൽ ഞെളിഞ്ഞ് നിന്ന് "മോൻ മൊബൈൽ ഷാപ്പ് നടത്തുവാ "എന്ന് പറയാൻ ഒരു തൊഴിലായും മേൽപ്പറഞ്ഞ സ്ഥാപനങ്ങൾ തുടങ്ങിക്കൊടുക്കാറുണ്ടെന്നത് ഒരു പച്ച പരമാർത്ഥം മാത്രമാണ്.
1987 ൽ തരംഗിണിയും, നിസരിയും രഞ്ജിനി കാസറ്റ്സും, പോളിക്രോമും, പിരമിഡും, HMV യും ,Tസീരീസും, സത്യം ഓഡിയോസും, പോലുള്ള കാസറ്റ് കമ്പനികൾ ആഴ്ചയിൽ പത്ത് വീതം കാസറ്റുകൾ പുറത്തിറക്കിയിരുന്ന കാലം.
ഇറങ്ങുന്ന കാസറ്റുകൾ ചൂടപ്പം പോലെ വിറ്റ് പോയിരുന്നു.45 രൂപക്ക് തരംഗിണി കാസറ്റ് വിറ്റാൽ 5 രൂപ കിട്ടും, മറ്റ് കമ്പനികൾ 15 രൂപ വരെ തരും..
പ്രൈവറ്റ് ബസിൽ പാട്ട്, ചായക്കടയിൽ പാട്ട്, മുക്കിന് മുക്കിന് കാണുന്ന ബാർബർ ഷാപ്പിൽ പാട്ട്,കള്ള് ഷാപ്പിൽ VD രാജപ്പൻ്റെ ഹാസ്യകഥാപ്രസംഗം ഹെഡ് തേഞ്ഞ് തീരുന്നത് വരെ നിറുത്താതെ പാടിക്കുന്നു.
സാംബ ശിവൻ്റെ കറകറ ശബ്ദത്തിലുള്ള കഥാപ്രസംഗം പാടി പാടി എത്രയോ സ്പീക്കറ്റുകളുടെ കോൺപേപ്പർ തെറിച്ച് പോയിരിക്കുന്നു.
അങ്ങനെ കാസറ്റ് പാട്ടുകളുടെ പുഷ്കര കാലത്താണ് കാസറ്റ് കടയുമായി എൻ്റെ രംഗപ്രവേശം.
എറണാകുളം റേഡിയോ കമ്പനിയിൽ പോയി അക്കാലത്തെ ഏറ്റവും മികച്ച റെക്കോഡിങ്ങ് ഡെക്കുകളായ ഫിലിപ്സിൻ്റെ AW 529 ഉം AW 569 ഉം വാങ്ങുന്നു.
മാമ്പലക ബോക്സിന് ബെസ്റ്റാണെന്ന് ഏതോ കുരുട്ടു ബുദ്ധി പറഞ്ഞത് കേട്ട് വീട്ടിലെ കശുമാവ് വെട്ടിമറിച്ചിട്ട് മില്ലിൽ കൊണ്ടുപോയി അറപ്പിച്ച് മരപ്പണിക്കാരൻ രാജൻ ചേട്ടനെ ഇടവും വലവും തിരിയാൻ സമ്മതിക്കാതെ രണ്ട് ഘടാഘടിയൻ സ്പീക്കർ ബോക്സുകളും, കാസറ്റ് വയ്ക്കാൻ ചില്ലിട്ട അലമാരികളും ഉണ്ടാക്കുന്നു.
അന്ന് മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല സ്പീക്കറുകളായ ഫിലിപ്സിൻ്റെ 8 ഇഞ്ച് ഹൈ ക്യു സ്പീക്കറുകളും ഡോംട്വീറ്ററും, ബോൾട്ടൺ കമ്പനിയുടെ മിഡ് റേഞ്ചും വാങ്ങുന്നു. ആഘോഷപൂർവ്വം എൻ്റെ നാദം ഓഡിയോസിലെ സ്പീക്കറ്റുകൾ യേശുദാസിൻ്റെയും, ബപ്പി ലഹരിയുടെയും, RD ബർമ്മൻ്റെയും ശബ്ദത്തിൽ ചുറ്റുമുള്ള കടകളിൽ വരുന്നവരുടെ ചെവി പൊട്ടത്തക്കവണ്ണം അഹോരാത്രം അലറി വിളിക്കാൻ തുടങ്ങി.
പത്ത് പാട്ട് കൊള്ളുന്ന കാസറ്റിൽ പത്ത് സിനിമയിൽ നിന്നും ഇരുപത് പാട്ട് റിക്കോഡ് ചെയ്യണമെന്ന ആവശ്യത്തോടെ വരുന്നവർ ക്യൂ നിന്നു.
എല്ലാവരോടും 60 മിനിറ്റ് കാസറ്റിന് പത്ത് രൂപ 90 മിനിറ്റിന് 15 രൂപ മെറ്റൽ കാസറ്റിൽ പാട്ട് പിടിക്കാൻ 20 രൂപ കണക്കിൽ വാങ്ങിപ്പോന്നു. മെൽ ട്രാക്കിൻ്റെ സുതാര്യമായ ബ്ലാങ്ക് കാസറ്റുകൾ ലോഡ് കണക്കിന് വേണ്ടി വന്നിരുന്നു എല്ലാ പാട്ട് പ്രേമികളെയും തൃപ്തിപ്പെടുത്താൻ..
അതൊരു കാലം .. കാലക്രമേണ കാസറ്റ് എടുത്തവനെല്ലൊം വെളിച്ചപ്പാട് അല്ല കാസറ്റ് കട മുതലാളിമാർ ആയതോടെ പത്ത് മീറ്റർ നടന്നാൽ ഒരു കാസറ്റ് കട എന്ന നിലയിലേക്ക് നാട് മാറി.
പകലന്തിയോളം യേശുദാസിനെക്കൊണ്ട് തൊള്ള തുറപ്പിച്ച് പാടിച്ചാലും മാസം വാടക കൊടുക്കാൻ വയറിങ്ങ് പണിക്ക് പോകണമെന്ന ഗതിയിലായി.
കാസറ്റ് റിക്കോഡ് ചെയ്തും റേഡിയോ നന്നാക്കിയും കിട്ടിയ കാശ് മുഴുവൻ കൂട്ടുകാരുടെ ഇടയിലെ ഏക അംബാനിയായ ഞാൻ ശിവമയം ഹോട്ടലിലെ പൊറോട്ടയും, ബീഫും തട്ടിയും, സിനിമാ തീയേറ്ററിൽ കൊടുത്തും തീർത്തതിനാൽ ഒറ്റ പൈസ തിരിച്ചടയ്ക്കാതെ ബാങ്കിലെ കടം പെരുകി.
കോടതിയിൽ നിന്ന് ആമീൻ വന്ന് ജപ്തി നോട്ടീസ് തന്ന ദിവസം വൈകിട്ട് 5 വർഷം നടത്തിയ കാസറ്റ് കടയിലെ കാസറ്റുകളും, കാസറ്റ് ഡെക്കും ,ബോക്സുകളുമെല്ലാം ഒരു വണ്ടി വിളിച്ച് വീട്ടിലെ ചായ്പ്പിൽ കൊണ്ടെത്തട്ടി.
അന്ന് ഷട്ടർ പ്രചാരത്തിൽ ഇല്ലാതിരുന്നതിനാൽ നിരപ്പലക വച്ച് കട അടച്ച് പൂട്ടി താക്കോൽ കെട്ടിട ഉടമസ്ഥന് കൈമാറി.
കട പൊളിഞ്ഞ് കടം കയറിയതിനാൽ നാട്ട് നടപ്പ് പോലെ കള്ളവണ്ടി വരുന്നത് വരെ കാത്തിരുന്ന് അതിൽ കയറി T T R ൻ്റെ കണ്ണിൽ പെടാതെ ഒളിച്ചിരുന്ന് രായ്ക്ക് രാമാനം ബോബെയ്ക്ക് പുറപ്പെട്ടു.
ദശാബ്ദങ്ങൾ കടന്ന് പോയി കഴിഞ്ഞ ദിവസം യാദൃശ്ചികമായി തട്ടിൻ പുറത്ത് നിന്നും പണ്ടത്തെ കാസറ്റ് കടയുടെ ബാക്കിപത്രമായ ഇവൻമാരെ കണ്ട് കിട്ടി.രാജനാശാരി മാമ്പലകയിൽ കരവിരുത് കാണിച്ച് പണിതെടുത്ത എൻ്റെ രണ്ട് പാട്ട് പെട്ടികൾ.. കോൺപേപ്പർ അവിടവിടെ പാറ്റ തിന്നെങ്കിലും ഇപ്പോഴും നന്നായി പാടുന്നു... നിങ്ങൾക്കായി ഈ അനുഭവക്കുറിപ്പ് എഴുതിയത്#ajith_kalamassery,#business,#ksg

ഇലക്ട്രോണിക്സ് ബസർ നിർമ്മാണം

 ഇലക്ട്രോണിക്സ് ബസർ നിർമ്മാണം

 അജിത് കളമശേരി
 

 
ഞാൻ തുടങ്ങാനായി പ്ലാനും പദ്ധതിയുമെല്ലാം തയ്യാറാക്കി വച്ചിരുന്ന നൂറുകണക്കിന് ബിസിനസ് ഐഡിയകൾ ഉണ്ട് .പല പല കാരണങ്ങളാൽ അവയൊന്നും നടക്കാതെ പോയി.
അവയിൽ പലതും ടെക്നോളജി മാറിയപ്പോൾ കാലഹരണപ്പെട്ടു പോയി. മറ്റ് പലതും ആരും ഇത് വരെ തുടങ്ങിയുമില്ല.
അത്തരം ചില വ്യവസായം പദ്ധതികൾ ഓരോന്നായി സമയം കിട്ടിമ്പോലെ ഇവിടെ എഴുതാം. നിങ്ങളിൽ ആർക്കെങ്കിലും ഇവയിൽ നിന്നും ചില സ്പാർക്കുകൾ കിട്ടിയേക്കാം.
കുറഞ്ഞ ചിലവിൽ തുടങ്ങാൻ സാധിക്കുന്ന ഇലക്ട്രോണിക്സ് വ്യവസായങ്ങൾ.പാർട്ട്-1
ബസർ/ ബീപ്പർ നിർമാണം
വാഹനങ്ങളുടെ സൈഡ് ടേൺ ഇൻഡിക്കേറ്ററുകൾ ഇടുമ്പോൾ അത് പ്രവർത്തിക്കുന്നുണ്ടെന്ന് ഡ്രൈവറെ അറിയിക്കാനും, ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യാനുള്ള മുന്നറിയിപ്പ് നൽകാനുമായി വാഹനങ്ങളിൽ വിട്ട്, വിട്ട് ബീപ്പ്, ബീപ്പ് ശബ്ദം പുറപ്പെടുവിക്കാൻ ഈ ഉപകരണം കൂടുതലായി ഉപയോഗിക്കുന്നു.
ടൂ വീലറുകൾ അലക്ഷ്യമായി വാട്ടർ സർവ്വീസ് ചെയ്യുമ്പോഴും, മഴ നനഞ്ഞും ഇവ ഇടയ്ക്കിടെ തകരാറിലാകാറുണ്ട്. അതിനാൽ ഇരുചക്ര വാഹനപ്പെരുപ്പമുള്ള കേരളത്തിൽ ഇതിൻ്റെ നിർമ്മാണത്തിന് നല്ല സ്കോപ്പുണ്ട്.
ഇരട്ടിയിലധികം മാർജിൻ ലഭിക്കുന്ന ഒരുൽപ്പന്നമാണ് ഇത്തരം ഇലക്ട്രോണിക് ബസറുകൾ.
നിർമ്മാണ ചിലവ് വളരെ കുറവുമാണ്.
വാഹനങ്ങളിൽ കൂടാതെ, ഇൻവെർട്ടറുകൾ, UPS,തുടങ്ങിയവയിലും ഓവർ ലോഡ്, പവർ കണ്ടീഷൻ തുടങ്ങിയവയുടെ ഓഡിയോ ഇൻഡിക്കേറ്ററായി ബസറുകൾ ഉപയോഗിക്കുന്നു.
ഫിറ്റ് ചെയ്യുന്ന ക്യാമ്പിനെറ്റിൽ അൽപ്പം വ്യത്യാസങ്ങൾ വരുത്തിയാൽ ഈ ബസറിനെ 110 ഡസിബൽ ശബ്ദം പുറപ്പെടുവിക്കുന്ന അലാറമായി മാറ്റാനും സാധിക്കും.
ഇതുപയോഗിച്ച് ടിപ്പറുകൾ ,മറ്റ് വാഹനങ്ങൾ തുടങ്ങിയവയുടെ റിവേഴ്സ് ഹോണായും, ഹെവി എർത്ത് മൂവിങ്ങ് എക്യുപ്മെൻ്റുകൾ, ഫോർക്ക് ലിഫ്റ്റ്, ക്രയിനുകൾ തുടങ്ങിയവയുടെ റൊട്ടേഷൻ പെരിഫറൽ വാണിങ്ങ് ഡിവൈസായും ഉപയോഗിക്കാം.
പാനിക് സയറൺ,സെക്യൂരിറ്റി അലാം മേഖലയിലും നല്ല വിപണി ഉണ്ട്.
സൈക്കിൾ ഹോൺ, ഗ്ലാസ് ബ്രേക്ക് ഡിറ്റക്റ്റർ, വൈബ്രേഷൻ സെൻസർ, മെക്കാനിക്കൽ ഷോക്ക് സെൻസർ തുടങ്ങിയ മൂല്യവർദ്ധിത ഉപോൽപ്പന്നങ്ങളും ഇതിൻ്റെ ഭാഗമായി നിർമ്മിക്കാം.മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ചാൽ 10 ഇരട്ടി വരെ വരുമാനം ലഭിക്കാം
ഇതിനാവശ്യമായ അടിസ്ഥാന അസംസ്കൃത പദാർത്ഥം പീസോ ഇലക്ട്രിക് ബസർ പ്ലേറ്റാണ്.പിന്നെ ഇത് ഫിറ്റ് ചെയ്യാനുള്ള വിവിധ തരം ക്യാബി നെറ്റുകൾ ,PCB, ട്രാൻസിസ്റ്റർ മുതലായ ഇലക്ട്രോണിക് കോമ്പോണെൻ്റുകൾ തുടങ്ങിയവയാണ്.
കുറഞ്ഞ മാനുഷിക അധ്വാനത്തിൽ ചെയ്യാം, കുറഞ്ഞ വൈദ്യുതി ഉപയോഗം മൂലം പ്രത്യേക കണക്ഷൻ എടുക്കാതെ വിടുകളിൽ കുടിൽ വ്യവസായമായി ചെയ്യാം, മലിനീകരണ പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ പരിസരവാസികളുടെ NOC വേണ്ട എന്നിങ്ങനെ നിരവധി പോസിറ്റീവ് സൈഡുകൾ ഉള്ളതിനാൽ, അംഗ പരിമിതർക്കും, സ്ത്രീകൾക്കും ഇതിൻ്റെ നിർമ്മാണം നല്ലൊരു ജീവന ഉപാധിയായിരിക്കും.
ഓട്ടോമൊബൈൽ കടകളിലും,വർക്ക്ഷോപ്പുകളും, ഇൻവെർട്ടർ, സെലൂരിറ്റി അലാറം പോലുള്ള ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കളുമാണ് പ്രധാന ഉപഭോക്താക്കൾ. എൻഡ് കസ്റ്റമർ മാരെ നേരിട്ട് കണ്ടെത്താൻ സാധിച്ചാൽ വിപണനം വളരെ എളുപ്പമായിരിക്കും.
ഷോപ്പുകളിൽ വിൽപ്പനയ്ക്ക് ഏൽപ്പിച്ചാൽ പണം തിരികെ വരാൻ വളരെ ബുദ്ധിമുട്ടാണ്.
നല്ല ഒരു ബ്രാൻഡ് പേരും, ആകർഷകമായ പാക്കേജിങ്ങും ഇതിൻ്റെ വിപണനത്തിന് അത്ര പ്രാധാന്യമില്ല എങ്കിലും ഉണ്ടെങ്കിൽ വിപണി പിടിക്കാൻ എളുപ്പമായിരിക്കും. ഇലക്ട്രോണിക്സ് കേരളം പോലുള്ള ഫേസ്ബുക്ക് പേജുകളിൽ പരസ്യങ്ങൾ കൊടുക്കുന്നത് വേഗത്തിൽ ആവശ്യക്കാരിലേക്ക് ഉൽപ്പന്നത്തിൻ്റെ വിവരങ്ങൾ എത്താൻ സഹായകമാകും.

FM Booster circuit FM ബൂസ്റ്റർ സർക്യൂട്ട്

 FM Booster circuit 

FM ബൂസ്റ്റർ സർക്യൂട്ട്

 അജിത് കളമശേരി


 


വളരെയധികം പേർ നിരന്തരം ആവശ്യപ്പെടുന്ന ഒരു സർക്യൂട്ടാണ് എഫ്.എം സിഗ്നൽ ബൂസ്റ്ററിൻ്റേത്.
ഇതാ ഇവിടെ റേഡിയോേ കേൾക്കാൻ താൽപ്പര്യമുള്ളവർക്കായി ഒരു ഹൈ ഗയിൻ സിഗ്നൽ എഫ് എം ബൂസ്റ്ററിൻ്റെ സർക്യൂട്ട് കൊടുക്കുന്നു.
വളരെ ലളിതമായി ചെറിയ ഒരു കോമൺ pcb യിൽ ഈ സർക്യൂട്ട് നിങ്ങൾക്ക് അസംബിൾ ചെയ്യാം.
Q1, Q 2 എന്ന രണ്ട് NPN സിലിക്കോൺ ട്രാൻസിസ്റ്ററുകളാണ് ഈ സർക്യൂട്ടിൻ്റെ ക്രിട്ടിക്കൽ കോമ്പോണെൻ്റുകൾ.
2 N3904 എന്ന നമ്പരാണ് ഇതിനായി ഉപയോഗിക്കുന്നത്
L1, L2 എന്നീ രണ്ട് കോയിലുകൾ നമ്മൾ സ്വന്തമായി നിർമ്മിച്ചെടുക്കണം ഇത് പുറത്ത് വാങ്ങാൻ കിട്ടില്ല.
22 SWG എന്ന ഗേജിലുള്ള ഇൻസുലേറ്റഡ് കോപ്പർ വയർ 5 മില്ലിമീറ്റർ ഡയ മീറ്ററുള്ള ഫോർമറിൽ 4 ചുറ്റ് വൈൻഡ് ചെയ്തെടുത്ത് ഇവ നിർമ്മിക്കാം.
ഒരു ജൽ പേനയുടെ റീഫില്ലറോ,5mm ഡ്രിൽ ബിറ്റോ ഫോർമറായി ഉപയോഗിക്കാം.
L1, L2 എന്നീ കോയിലുകളുടെ സമീപത്തായി സർക്യൂട്ടിൽ കാണുന്നത് 30 pfൻ്റെ ട്രിമ്മർ കപ്പാസിറ്ററുകളാണ്. ഇവയുടെ വാല്യു ക്രിട്ടിക്കൽ അല്ല. വിപണിയിൽ ലഭ്യമായത് ഉപയോഗിക്കാം.
സർക്യൂട്ട് നോക്കി ബൂസ്റ്റർ അസംബിൾ ചെയ്യുക. 6 വോൾട്ട് മുതൽ 12 വോൾട്ട് വരെ ഈ സർക്യൂട്ടിൽ നൽകാം.
റഗുലേറ്റഡ് വോൾട്ടേജ് കിട്ടിയാൽ സർക്യൂട്ട് സ്റ്റബിൾ ആയിരിക്കും. ഇതിന് വേണ്ടി 12 വോൾട്ട് കൊടുത്ത് അതിനെ ഒരു 9 വോൾട്ട് സെനർ ഡയോഡ് വഴി ഒരു 100uf കപ്പാസിറ്റർ ഉപയോഗിച്ച് സ്റ്റേബിൾ ചെയ്ത് കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കൂ.
സെനർ ഡയോഡിന് സമീപമുള്ള 150 ഓംസ് റസിസ്റ്റർ ഹാഫ് വാട്ട് ഉപയോഗിക്കണം.
സപ്ലേ കൊടുത്തതിന് ശേഷം Q1 ൻ്റെ ബേസിൽ 0.68 വോൾട്ടും ,കളക്റ്ററിൽ 3.85 വോൾട്ടും, Q 2 വിൻ്റെ ബേസിൽ 0.68 വോൾട്ട് വരുന്നുണ്ടെങ്കിൽ സർക്യൂട്ട് OKയാണ്.
കോമ്പോണെൻ്റുകളുടെ വാല്യൂ വേരിയേഷൻ മൂലവും, ട്രാൻസിസ്റ്ററിൻ്റെ Hfe വ്യത്യാസം മൂലവും ഈ വോൾട്ടിൽ ചെറിയ വ്യത്യാസങ്ങൾ വന്നാലും സാരമില്ല.സർക്യൂട്ട് പ്രവർത്തിക്കും.
അധികം വേരിയേഷനുണ്ടെങ്കിൽ അസംബിൾ ചെയ്ത സർക്യൂട്ട് ഒന്നുകൂടി ചെക്ക് ചെയ്യുക.
Q1 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ നിന്നും ഒരു കേബിൾ കണക്റ്റർ ഉപയോഗിച്ച് വീടിന് പുറത്ത് സ്ഥാപിച്ച എക്സ്ട്രേണൽ ആൻ്റിനയിലേക്ക് കണക്ഷൻ കൊടുക്കുക. Q2 വിൻ്റെ കളക്റ്ററിൽ കൊടുത്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ഒരു കണക്ഷൻ വയർ നമ്മുടെ FM റേഡിയോയുടെ ആൻ്റിനയിലേക്ക് കൊടുക്കുക..
വീക്കായ FM റേഡിയോ സ്റ്റേഷനുകൾ പോലും നല്ല സ്റ്റീരിയോ മോഡിൽ അടിപൊളിയായി പ്രവർത്തിക്കും.
ഗയിൻ കൂടുതലാണെങ്കിൽ Q2 ട്രാൻസിസ്റ്ററിൻ്റെ ബേസിൽ കണക്റ്റ് ചെയ്തിരിക്കുന്ന 33 pf കപ്പാസിറ്ററിൽ നിന്നും ആൻ്റിനാ ഔട്ട് എടുക്കാം.
നല്ല ക്വാളിറ്റിയിൽ വൈഡ് റേഞ്ച് FM സിഗ്നൽ ബൂസ്റ്റ് ചെയ്യുന്ന സർക്യൂട്ടാണിത്. ഫ്രിഞ്ച് ഏരിയയിൽ പോലും നന്നായി പ്രവർത്തിക്കും.
ബൂസ്റ്ററിലേക്ക് FM സിഗ്നൽ നൽകാൻ വീടിന് പുറത്തേക്കിട്ട വയറുകളോ. ഡൈ പോളോ ഉപയോഗിക്കാം.
ട്രിമ്മറുകൾ തിരിച്ചും, L1, L2 കോയിലുകളുടെ ചുറ്റുകൾ അകത്തിയും അടുപ്പിച്ചും FM ബൂസ്റ്റർ ഫൈൻ ട്യൂൺ ചെയ്യാം. ഏതെങ്കിലും വീക്ക് സിഗ്നൽ ആദ്യം റേഡിയോയുടെ ആൻ്റിന ഉപയോഗിച്ച് റിസീവ് ചെയ്യുക. അതിന് ശേഷം ബൂസ്റ്റർ ഓൺ ചെയ്ത് കൂടുതൽ വ്യക്തമായ റിസപ്ഷന് വേണ്ടി ശ്രമിക്കാം.
വിദൂരതയിൽ നിന്നുള്ള FM സിഗ്നലുകൾ സ്റ്റീരിയോ മോഡിൽ ലഭിക്കണമെങ്കിൽ നല്ല ഒരു FM ആൻ്റിന ഈ ബൂസ്റ്ററിനൊപ്പം കണക്റ്റ് ചെയ്യണം.നല്ല ഒരു സ്റ്റീരിയോ FM ആൻ്റിന എങ്ങനെ നിർമ്മിക്കാമെന്ന് അധികം താമസിയാതെ വിവരിക്കാം. ഈ സർക്യൂട്ട് ഞാൻ നിർമ്മിച്ച് പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. ധൈര്യമായി അസംബിൾ ചെയ്യാം പ്രവർത്തിക്കും.
റേഡിയോയുടെ സമീപം തന്നെ ഈ സർക്യൂട്ട് വയ്ക്കാം. ചെറിയ ഒരു പ്ലാസ്റ്റിക് ബോക്സിനുള്ളിൽ സുരക്ഷിതമാക്കിയാൽ ഉത്തമം. ട്രാൻസ്ഫോർമർ പവർ സപ്ലേ തന്നെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.SMPS കൊടുത്താൽ FM കിട്ടില്ല. ബൂസ്റ്റർ LED ട്യൂബ്, LED ബൾബ് എന്നിവയിൽ നിന്നും 2, 3 മീറ്റർ അകലം പാലിക്കുന്നത് അനാവശ്യ ഓസിലേഷനുകൾ ഒഴിവാക്കും! .#Ajithkalamassery

ടെലിവിഷൻ ഓഫ് ഓൾ സിസ്റ്റം ഓഫ് സർക്യൂട്ട്

 ടെലിവിഷൻ ഓഫ് 

ഓൾ സിസ്റ്റം ഓഫ് സർക്യൂട്ട്

 അജിത് കളമശേരി


 

കേരളത്തിൽ എന്തെങ്കിലും ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ആലോചിക്കുന്ന സംരംഭകർ കുറച്ച് കാശുമെടുത്ത് ചാടിയിറങ്ങും ഒന്നുകിൽ LED ഉപയോഗിക്കുന്ന ബൾബോ, ട്യൂബോ അല്ലെങ്കിൽ ഇൻവെർട്ടർ, UPS, സ്റ്റെബിലൈസർ !
പുതിയ പുതിയ ആശയങ്ങൾ കണ്ടെത്തി വിപണിയിലെത്തിച്ചാൽ ചിലപ്പോൾ ക്ലിക്കാകും. ഇതാ ഒരു പുതിയ ഐഡിയ.
നമ്മളിൽ മിക്കവരും എഴുന്നേറ്റ് പോയി പവർ സ്വിച്ച് ഓഫ് ചെയ്യാനുള്ള മടി കൊണ്ട് നമ്മുടെ ടെലിവിഷൻ റിമോട്ടിൽ ഓഫ് ചെയ്യുകയാണ് പതിവ്. ഇങ്ങനെ ചെയ്താൽ പല പല ദൂഷ്യങ്ങളുമുണ്ട്. ഒന്നാമത് റിമോട്ടിൽ ഓഫ് ചെയ്താലും ടെലിവിഷൻ്റെ പവർ സപ്ലേ സ്റ്റാൻഡ് ബൈ മോഡിലും കുറച്ച് വൈദ്യുതി ഉപയോഗിക്കുന്നുണ്ട്.
കൂടാതെ ടെലിവിഷൻ ഓഫായാലും ഒപ്പം കണക്റ്റ് ചെയ്തിരിക്കുന്ന അനുബന്ധ ഉപകരണങ്ങളായ ഹോം തീയേറ്റർ, സൗണ്ട് ബാർ, സെറ്റ് ടോപ്പ് ബോക്സ് മുതലായവ ഓഫായിരിക്കില്ല. അവ തുടർന്നും വൈദ്യുതി ഉപയോഗിച്ചു കൊണ്ടിരിക്കും.
ഇങ്ങനെ നമ്മുടെ അശ്രദ്ധമൂലം ശ്രദ്ധയിൽ പെടാതെ ഓണായിരിക്കുന്ന ഉപകരണങ്ങൾ. ...ലൈനിൽ വല്ല തകരാർ മൂലമോ, അവിചാരിതമായ ഇടിമിന്നൽ ,സർജ് എന്നിവ മൂലവും അമിത വൈദ്യുതി പ്രവഹിച്ച് തകരാറിലാകാൻ സാദ്ധ്യത കൂടുതലാണ്.
ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കാൻ ഈ സർക്യൂട്ടിന് കഴിയും.
നമ്മുടെ ടെലിവിഷനുകൾ എല്ലാം ഒന്നിലധികം USBപോർട്ടുകളുമായാണ് വരുന്നത്. ഈ സർക്യൂട്ടിൽ ഓപ്റ്റോ കപ്ളറിനോട് ചേർന്ന് വരുന്ന USB കേബിൾ TV യുടെ ഏതെങ്കിലും USB പോർട്ടിൽ കുത്തുക.
നിങ്ങളുടെ കൈവശമുള്ള സാധാരണ ഷോപ്പുകളിൽ ലഭിക്കുന്ന 4 പിൻ ടൈപ്പോ, 6 പിൻ ടൈപ്പോ ഏത് ഓപ്റ്റോ കപ്ളറും ഈ സർക്യൂട്ടിൽ ഉപയോഗിക്കാം. നമ്പർ നെറ്റിൽ അടിച്ച് നോക്കി ഇൻ്റേണൽ ഡയഗ്രം ഒന്ന് വെരിഫൈ ചെയ്യണം എന്ന് മാത്രം.
ഓട്ടോ പവർ ഓഫ് സർക്യൂട്ടിൻ്റെ ഔട്ട്പുട്ടിൽ കണക്റ്റ് ചെയ്തിരിക്കുന്ന പ്ലഗ് സോക്കറ്റുകളിൽ നിന്ന് വേണം TV ഉൾപ്പടെയുള്ള എല്ലാ ഉപകരണങ്ങൾക്കും വൈദ്യുതി നൽകേണ്ടത്.
ഇനി റിമോട്ട് കൊണ്ട് TV ഓഫ് ചെയ്താൽ ഏതാണ്ട് 2 മിനിറ്റിന് ശേഷം നമ്മുടെ ഈ ഉപകരണം വഴി കണക്റ്റ് ചെയ്ത എല്ലാ ഉപകരണങ്ങളുടെയും വൈദ്യുതി പൂർണ്ണമായും ഡിസ്കണക്റ്റ് ആകുന്നതാണ്.
C 1 എന്ന 1000 uf കപ്പാസിറ്ററാണ് ഈ 2 മിനിറ്റ് എന്ന ഡിലേ ടൈം തീരുമാനിക്കുന്നത്.ഇതിൻ്റെ വാല്യൂ ഉയർത്തിയാൽ ഡിലേ കൂട്ടാം. D1,D2 1N 4007
വളരെ സിമ്പിളായ ഈ സർക്യൂട്ട് പഴയൊരു set top ബോക്സിൻ്റെ 12 വോൾട്ട് SMPS പവർസപ്ലേ കൊടുത്താണ് ഞാൻ ഉപയോഗിക്കുന്നത്.
ഡബിൾ കോൺടാക്റ്റ് റിലേ ഉപയോഗിച്ചാൽ ന്യൂട്രലും ഫേസും ഒരേ സമയം കട്ടാകും.ഇത് കൂടുതൽ സുരക്ഷിതത്വം നൽകും.
ഈ സർക്യൂട്ടിൽ നിന്ന് നമ്മൾ TV യിൽ കുത്താൻ ഉപയോഗിക്കുന്ന USB കേബിളിൻ്റെ ഡാറ്റാ ലൈൻ ( വെളുപ്പും, പച്ചയും വയർ ) തമ്മിൽ ഒരു 56 ഓംസ് റസിസ്റ്റർ ഉപയോഗിച്ച് ഷോർട്ട് ചെയ്യണം.
TV ഓണായിരിക്കുമ്പോൾ എല്ലാ USB പോർട്ടിലും 5 Vപവർ ഉണ്ടാകും. ഈ പവർ ഓപ്റ്റോ കപ്ളർ ഡിറ്റക്റ്റ് ചെയ്ത് Q1 ട്രാൻസിസ്റ്ററിനെ കണ്ടക്റ്റ് ചെയ്യിച്ച് റിലേ ഓണാക്കും.
റിമോട്ടിൽ TV യുടെ പവർ ഓഫ് ചെയ്താൽ ഓപ്റ്റോ കപ്ളറിലേക്കുള്ള പവർ ഓഫാകും ഇതുമൂലം ഓപ്റ്റോയ്ക്കുള്ളിലെ ട്രാൻസിസ്റ്റർ ഓഫാവുകയും D1 വഴി പോസിറ്റീവ് വോൾട്ട് പുറത്തേക്ക് വരുന്നത് നിൽക്കുകയും ചെയ്യും.
തുടർന്ന് C 1 കപ്പാസിറ്ററിൽ സ്റ്റോറായിരിക്കുന്ന വൈദ്യുതി ലഭ്യമാകുന്ന അത്രയും സമയം മാത്രം Q1 ഓണായിരിക്കും. ശേഷം Q1 ഓഫായി റിലേ കട്ടാകും സർക്യൂട്ടിലെ പ്ലഗ്ഗ് സോക്കറ്റിൽ കണക്റ്റ് ചെയ്ത എല്ലാ ഉപകരണങ്ങളും പൂർണ്ണമായും ഓഫാകും.
ഇങ്ങനെ ഓഫായാൽ വീണ്ടും എല്ലാ ഉപകരണങ്ങളുടെയും പവർ ഓൺ ചെയ്യണമെങ്കിൽ സർക്യൂട്ടിലെ പുഷ് ബട്ടൺ ഓൺ ചെയ്യണം.
ഈ സർക്യൂട്ട് പ്രൊഡക്റ്റായി പുറത്തിറക്കണമെങ്കിൽ അൽപ്പം ചില കൂട്ടിച്ചേർക്കലുകൾ കൂടി വേണ്ടി വരും. #Ajith_kalamassery

സർജ് പ്രൊട്ടക്റ്റർ ഫ്രം സ്ക്രാപ്പ്

 സർജ് പ്രൊട്ടക്റ്റർ ഫ്രം സ്ക്രാപ്പ്

 അജിത് കളമശേരി

 


വീട്ടിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പഴയ LED ബൾബിൻ്റെ പവർ സപ്ലേ ഉപയോഗിച്ച് ഒരു സർജ് പ്രൊട്ടക്റ്റർ എങ്ങനെ നിർമ്മിക്കാം എന്ന് പഠിക്കാം.
ഇത് ഇലക്ട്രോണിക്സിൽ താൽപ്പര്യമുള്ള കുട്ടികൾക്കായുള്ള ഒരു ഹോബി സർക്യൂട്ടാണ് .വായിച്ച ശേഷം ഇതെന്ത് പറ്റിക്കലാണ് എന്ന് മുതിർന്നവർ പറയരുതേ!
ഫിലിപ്സ്, സിസ്ക, ഹാവെൽസ്, ഓശ്രം, ബജാജ്, വിപ്രോ, വാട്ട്സ്, എവറെഡി തുടങ്ങിയ പോലുള്ള കമ്പനികളുടെ LED കൾ മാത്രം പോയ ബൾബുകൾ വേണം സർജ് പ്രൊട്ടക്റ്റർ ഉണ്ടാക്കാനായി എടുക്കേണ്ടത്.
ഇവയുടെ പവർ സപ്ലേ ബോർഡുകൾ അങ്ങനെ തകരാറിലാകാറില്ല. LED യാണ് പോകാറുള്ളത്. വീട്ടിൽ ഇല്ലെങ്കിൽ അടുത്തുള്ള സ്ക്രാപ്പിൽ തപ്പിയാൽ മതി. 10 രൂപയൊക്കെ കൊടുത്താൽ മതിയാകും.
ചിത്രത്തിൽ കൊടുത്തിരിക്കുന്നത് സിസ്കയുടെ 12 വാട്ട് LED സർക്യൂട്ടാണ്. മിക്ക കമ്പനിയുടേയും സർക്യൂട്ട് ഇതൊക്കെത്തന്നെയായിരിക്കും.
LED ബൾബ് പൊളിച്ച് ബോർഡ് വെളിയിലെടുക്കാൻ ഒരു സിമ്പിൾ പരിപാടിയുണ്ട്. അദ്യം ഒരു തുണി ഉപയോഗിച്ച് ബലമായി പിടിച്ച് ബൾബിൻ്റെ ലൈറ്റ് ഡിഫ്യൂസർ (വെളുത്ത ഡൂം ) ഊരിമാറ്റുക .ലാമ്പ് ബോഡിയും - ഡിഫ്യൂസറും വിപരീത ദിശയിൽ പുറത്തേക്ക് വളച്ച് ഒടിക്കുന്നത് പോലെ അൽപ്പം ബലം പ്രയോഗിച്ച് തിരിച്ചാൽ മതി.. ക്ലിപ്പിൽ നിന്നും വിട്ട് പോരും.
LED ഹീറ്റ് സിങ്കിൽ ഫിറ്റ് ചെയ്ത സ്ക്രൂ ഊരുക. അതിന് ശേഷം സോൾഡറിങ്ങ് അയേൺ ഉപയോഗിച്ച് ബൾബിന് പുറകിലെ ഹോൾഡറിൽ മുട്ടുന്ന ഭാഗത്തെ ലെഡ് ഉരുക്കുക. വയറുകൾ വിട്ട് അവിടെ ചെറിയ രണ്ട് ഹോൾ വരും. ആ ഹോളിലൂടെ ഒരു വണ്ണം കുറഞ്ഞ് നീളമുള്ള കമ്പിയോ, സ്ക്രൂ ഡ്രെവറോ കടത്തി രണ്ട് മുട്ട് മുട്ടിയാൽ ഹീറ്റ് സിങ്കും,PCB യും സുരക്ഷിതമായി കേടുപാടുകളില്ലാതെ ഊരിയെടുക്കാം.
LED പോയ ബൾബുകൾ വേറേ LED ആ സ്ഥാനത്ത് മാറ്റിയിട്ട് വീണ്ടും ഉപയോഗിക്കാം. പോയ LED ഷോർട്ട് ചെയ്യുന്ന രീതി പ്രയോഗിച്ചാൽ അത് പിന്നെയും വേഗം ചീത്തയാകും.
LED മാറ്റുന്ന ടെക്നോളജി യൂട്യൂബിൽ ഇഷ്ടം പോലെയുണ്ട്. അത് വേറേ വിഷയം. ഇവിടെ നമ്മൾ സർജ് പ്രൊട്ടക്റ്റർ ഉണ്ടാക്കുകയാണല്ലോ.
ഊരിയെടുത്ത PCB ഒന്ന് ഇൻസ്പെക്റ്റ് ചെയ്ത് ഇവിടെ തന്നിരിക്കുന്ന സർക്യൂട്ടുമായി കമ്പയർ ചെയ്ത് സർജ് പ്രൊട്ടക്ഷൻ സൈഡ് കണ്ടു പിടിക്കുക.ആ ഭാഗം കരിഞ്ഞ് പുകഞ്ഞ് ഇരിക്കുന്നുവെങ്കിൽ ആ pcb നമ്മുടെ ആവശ്യത്തിന് പറ്റിയതല്ല. വേറെ ഒരെണ്ണം എടുക്കുക. കൂടുതൽ സർക്യൂട്ടുകൾ ആദ്യ കമൻ്റായി ചേർത്തിട്ടുണ്ട്.
ബ്രിഡ്ജ് റക്റ്റിഫയർ മോഡ്യൂളിന് തൊട്ട് മുന്നിൽ വച്ച് PCB track കട്ട് ചെയ്ത് AC ഔട്ട് പുറത്തേക്കെടുക്കാം.
ഇനി ഈ സർജ് പ്രൊട്ടക്റ്റർ നിങ്ങളുടെ ആവശ്യാനുസരണം BLDC ഫാനിനോ, LED TVക്കോ പവർ പോകുന്ന പ്ലഗ് സോക്കറ്റിൽ കണക്റ്റ് ചെയ്ത് അവയ്ക്ക് ഒരു അഡീഷണൽ സേഫ്റ്റി ഉറപ്പ് വരുത്താം.
ഒരു കാര്യം ശ്രദ്ധിക്കണേ LED ബൾബിൻ്റെ PCB യിൽ R1, R2 എന്നിവ 10 ഓംസ് 1 വാട്ട് അല്ല കിടക്കുന്നതെങ്കിൽ LED TV വർക്ക് ചെയ്യാനുള്ള ആമ്പിയർ അവ വിട്ടുകൊടുക്കില്ല. ചൂടായി പുകയും. അതിനാൽ അവ 10 E 1 W ആക്കി മാറ്റുക. അല്ലെങ്കിൽ ഈ സർജ് പ്രൊട്ടക്റ്റർ ഭാഗം മാത്രം ഒരു കോമൺ PCBയിൽ ചെയ്തെടുക്കുക.
LED ബൾബുകൾ റിപ്പയർ ചെയ്ത് നോക്കാൻ താൽപ്പര്യമുള്ളവർക്കായി ആദ്യ കമൻ്റായി 7 വാട്ട്, 9 വാട്ട് LED ബൾബ് സർക്യൂട്ടുകളും കൊടുത്തിട്ടുണ്ട്.
പഴയ കമ്പ്യൂട്ടർ SMPS ൽ നല്ല അടിപൊളി സർജ് പ്രൊട്ടക്റ്റർ ഉണ്ടാകും പക്ഷേ അവ എർത്ത് കണക്ഷൻ ഉണ്ടെങ്കിലേ ശരിയായി പ്രവർത്തിക്കൂ.#Ajith - kalamassery

നാലാം ക്ലാസും ഗുസ്തിയും പിന്നെ പ്രോട്ടോ ടൈപ്പും!

 

നാലാം ക്ലാസും ഗുസ്തിയും 
പിന്നെ പ്രോട്ടോ ടൈപ്പും!
 അജിത് കളമശേരി

 
നമ്മളിൽ ചിലരൊക്കെ പുതിയ പുതിയ ഇലക്ട്രോണിക്സ് പ്രൊഡക്റ്റുകൾ ഡിസൈൻ ചെയ്യാനും, നിലവിലുള്ളവയിൽ മാറ്റം വരുത്താനും അറിവുള്ളവരാണ്.
ഇത്തരക്കാർ എണ്ണത്തിൽ വളരെക്കുറവാണ് ,
കാരണം, മിക്കവർക്കും പൊടിക്കൈകൾ ധാരാളം വശമുണ്ടെങ്കിലും അവയൊക്കെ എടുത്ത് പ്രയോഗിച്ചാൽ ഇത് കാണുന്ന മറ്റുള്ളവർ തന്നെ കളിയാക്കിയാലോ എന്ന ഒരുൾ ഭയം ഭൂരിഭാഗം പേരെയും ഡിസൈൻ മോഡിഫിക്കേഷൻ രംഗത്ത് പ്രവർത്തിക്കാനോ, അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനോ ധൈര്യമില്ലാതെ പിൻ വലിയാൻ പ്രേരിപ്പിക്കുന്നത്.
1980- 90 കളിലെ ഒരു കഥ പറയാം.
പണ്ടത്തെ ഫിലിപ്സ് റേഡിയോകൾ ഒന്ന് രണ്ട് വർഷം പഴയതായി കഴിയുമ്പോൾ പിന്നെ മഴക്കാലത്ത് മിണ്ടാട്ടം മുട്ടി നിന്ന് പോകും! അടുപ്പിൻ്റെ പാതിയാമ്പുറത്ത് കൊണ്ടുപോയി വച്ച് കുറച്ച് തീകായിച്ചാൽ അവൻ അതോ അവളോ പതിയെ പാടിത്തുടങ്ങും!
ചൂട് കാലാവസ്ഥയിൽ ഓസിലേറ്റർ കോയിലിൽ കൊടുത്തിരിക്കുന്ന വാക്സ് കോട്ടിങ്ങ് വേപ്പറൈസ് ചെയ്ത് നഷ്ടപ്പെട്ട് പോകും.
ഇങ്ങനെ കാലാന്തരത്തിൽ കോട്ടിങ്ങ് നഷ്ടപ്പെട്ടാൽ മഴക്കാലത്ത് റേഡിയോയുടെ മീഡിയം വേവ് പ്രവർത്തിക്കില്ല. ഓസിലേറ്റർ കോയിലിൽ തണുപ്പടിച്ച് ഓസിലേറ്റിങ്ങ് ഫ്രീക്വൻസി മാറിപ്പോകുന്നതാണ് കാരണം.
ഇത്തരം സെറ്റുകളെ റിപ്പയറിങ്ങിനായി സർവ്വീസ് സെൻ്ററിൽ എത്തിച്ചാൽ ചിലർ അന്ന് 17 രൂപ വിലവരുന്ന ഒറിജിനൽ ഫിലിപ്സ് ഓസിലേറ്റർ കോയിൽ മാറ്റിയിട്ട് നൽകും, അതിന് നല്ല ചാർജും ചെയ്യും.. പിന്നെയും 2 വർഷം കഴിഞ്ഞാൽ സംഗതി തഥൈവ !
നാലാം ക്ലാസും ഗുസ്തിയും കൈ മുതലായുള്ള പൊടിക്കൈ അറിയാവുന്ന നാടൻ മെക്കാനിക്ക് അന്ന് ഒന്നര രൂപ വിലയുള്ള റോസിയുടെ IFT പായ്ക്കറ്റിൽ നിന്ന് വെള്ള. lFT മാത്രം എടുത്ത് ഓസിലേറ്റർ കോയിലിന് പകരം മാറ്റിയിടും, ഒറിജിനലിൻ്റെ ചാർജും വാങ്ങും. (ഒരു പായ്ക്കറ്റിൽ വെള്ള, പച്ച, മഞ്ഞ എന്നിങ്ങനെ കളർകോഡുള്ള 3 ഇൻ്റർമീഡിയറ്റ് ഫ്രീക്വൻസി ട്രാൻൻസ്ഫോർമർ അഥവാ IFT ഉണ്ടാകും.)
പിന്നെ എന്തൊക്കെ പോയാലും ഈ മാറ്റിയിട്ട ഓസിലേറ്റർ കോയിൽ പോകില്ല. ( ഓ സോറി IFT ) പക്ഷേ വേറേയൊരു സർവ്വീസ് സെൻ്ററിൽ ഈ റേഡിയോ എത്തിയാൽ ഓസിലേറ്റർ കോയിലിന് പകരം IFT ഇട്ട മണ്ടൻ നാടൻ മെക്കാനിക്കിന് പിന്നെ തലയിൽ മുണ്ടിടാതെ നാട്ടിലിറങ്ങാൻ പറ്റാത്ത വിധം അവമതിപ്പും പുലഭ്യം പറച്ചിലും ആ ഒറിജിനൽ മെക്കാനിക്ക് നടത്തിയിരിക്കും.
ഇതു പോലെ സൂത്രപ്പണികൾ ഒന്നുമറിയാത്ത നേരേ വാ നേരേ പോ സ്വഭാവക്കാരായ ഒർജിനൽ മെക്കാനിക്കുകളും, ഡിസൈനർമാരുടെയും വംശം കുറ്റിയറ്റ് പോയിട്ടൊന്നുമില്ല. നമ്മുടെ ഇടയിലും ഇത്തരക്കാർ ഒറ്റയ്ക്കും തെറ്റയ്ക്കും പ്രാഞ്ചി പ്രാഞ്ചി നടക്കുന്നുണ്ട്.
അതിനാലാണ് നമ്മുടെ ഗ്രൂപ്പിൽ നല്ലത് ഉദ്ദേശിച്ച് ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടിയായി സൂത്രപ്പണികൾ പലതുമുണ്ടെങ്കിലും അവ പരിഹരിക്കാൻ അറിയാവുന്ന പ്രായോഗിക പരിചയവും, അനുഭവപരിചയവും ധാരാളമുള്ള ഉടൻ കൊല്ലി മെക്കാനിക്കുകൾ മറുപടിയൊന്നും നൽകാത്തത്.
1980കളിൽ വ്യാപകമായി കാർ സ്റ്റീരിയോകളിൽ ഉപയോഗിച്ചിരുന്ന TDA 2030 എന്ന ഓഡിയോ ഐസിക്ക് പകരമായി TDA 2050, NTE 1380, LM 386 എന്നീ ഐസികൾ ഉപയോഗിക്കാമെന്ന വിവരം പോലുമറിയാതെ ലോകം മുഴുവൻ 2030 തപ്പി നടന്നിരുന്ന മെക്കാനിക്കുകൾ ഉള്ള കാലവും കടന്ന് പോയി. ഇൻ്റർനെറ്റ് ഇല്ലാതിരുന്ന അക്കാലത്ത് 2030ക്ക് പകരം 2050 ഇടാമെന്ന അറിവ് ആറ്റം ബോബിൻ്റെ രഹസ്യമായിരുന്നു!
ഇനി പ്രോട്ടോ ടൈപ്പിലേക്ക് വരാം.
പ്രോട്ടോ ടൈപ്പ് എന്ന് കേൾക്കാത്ത ഇലക്ട്രോണിക്സ് ഡിസൈനർമാരും, ഇനി കേട്ടിട്ടുണ്ടെങ്കിൽ തന്നെ സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് തൊടാത്ത പ്രൊഡക്റ്റ് ഡവലപ്പർമാരും നമ്മുടെ ഇടയിൽ ധാരാളമുണ്ട്. കമ്പ്യൂട്ടറാണ് ഇവരുടെ പണിയായുധം.!
ഇലക്ട്രോണിക്സ് ഡിസൈൻ രംഗത്ത് നിങ്ങൾ മുന്നേറാൻ ആഗ്രഹിക്കുന്നു എങ്കിൽ ആദ്യം പഠിക്കേണ്ടത് പ്രോട്ടോ ടൈപ്പുകളെപ്പറ്റിയാണ്. എന്ത് സർക്യൂട്ട് കിട്ടിയാലും അതൊന്ന് നിർമ്മിച്ച് നോക്കുക. അപ്പോൾ ചില പോരായ്മകൾ ശ്രദ്ധയിൽ പെടും. അറിവുള്ളവരോട് ചോദിച്ച് അതൊന്ന് പരിഹരിക്കുക ഇതാ നിങ്ങളും ഡിസൈൻ രംഗത്തേക്ക് കാൽ വച്ചിരിക്കുന്നു. ഇങ്ങനെ കുറച്ച് പ്രോട്ടോ ടൈപ്പുകൾ സ്വന്തമായി ചെയ്യുമ്പോൾ നിങ്ങളും മറ്റുള്ളവരുടെ സംശയങ്ങൾ പരിഹരിക്കാൻ തക്ക അറിവുള്ള ഒരു ഡിസൈനറായി മാറിത്തുടങ്ങിയിരിക്കും. അല്ലാതെ ആർക്കും നിങ്ങളെ ഡിസൈനിങ്ങ് പഠിപ്പിക്കാനൊന്നും സാദ്ധ്യമല്ല. സ്വയം പഠിക്കണം.!
എന്താണ് ഈ പ്രോട്ടോ ടൈപ്പ്?
പ്രോട്ടോ ടൈപ്പ് എന്നാൽ ഒരു ഉൽപ്പന്നത്തിൻ്റെ ഡിസൈനറുടെ മേൽനോട്ടത്തിൽ അല്ലെങ്കിൽ ഡിസൈനർ തന്നെ നേരിട്ട് അസംബിൾ ചെയ്യുന്ന വർക്കിങ്ങ് മോഡലാണ് എന്ന് ഒറ്റ വാക്യത്തിൽ പറയാം.
പക്ഷേ ആദ്യ പ്രോട്ടോ ടൈപ്പിന് ആ ഉൽപ്പന്നത്തിൻ്റെ വിപണിയിൽ ഇറക്കാൻ പോകുന്ന മോഡലുമായി ചിലപ്പോൾ വിദൂര സാമ്യം മാത്രമേ ഉണ്ടാകൂ താനും!
ഏതൊരു ഉൽപ്പന്നവും വൻതോതിൽ നിർമ്മിച്ച് വിപണിയിൽ ഇറക്കുന്നതിന് മുൻപ് അതിൻ്റെ പ്രവർത്തന ക്ഷമതയും, ദീർഘകാലാടിസ്ഥാനത്തിൽ ഓരോ പാർട്ടിനും ഉണ്ടാകുന്ന തകരാറുകൾ, തേയ്മാനം, വോൾട്ടേജ് ആമ്പിയർ, താപനില എന്നിവ നിശ്ചിത പരിധിയിലും ഉയർന്നാലോ, താഴ്ന്നാലോ സംഭവിക്കാവുന്ന തകരാറുകൾ,വൈബ്രേഷൻ, പൊടി, അന്തരീക്ഷ മലിനീകരണം ,ഹ്യുമിഡിറ്റി, സൂര്യപ്രകാശം പോലുള്ളവ ഉൽപ്പന്നത്തിൽ ഏൽപ്പിക്കുന്ന ആഘാതം മൂലമുള്ള തകരാറുകൾ എന്നിവയെല്ലാം പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെയാണ് പ്രൊഡക്റ്റ് ഡവലപ്പർമാർ കണ്ടെത്തുന്നത്.
അല്ലാതെ ചിലർ ചെയ്യുന്നത് പോലെ നേരിട്ട് കമ്പ്യൂട്ടറിൽ ഒരു സർക്യൂട്ട് ഡിസൈൻ ചെയ്ത് ,അത് സിമുലേറ്റ് ചെയ്ത് നോക്കി കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്നത് കണ്ടാൽ ഉടനെ തന്നെ PCB അടിച്ച് ഉൽപ്പന്നമുണ്ടാക്കി മാർക്കറ്റിലേക്ക് വിടുകയല്ല ശരിയായ രീതി.
ഏതൊരു ഇലക്ടോണിക് ഉൽപ്പന്നവും വിപണിയിലിറക്കും മുൻപ് അതിൻ്റെ തെറ്റുകുറ്റങ്ങൾ കണ്ടെത്താൻ പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ സാധിക്കും.
ഒരു പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് സമയത്ത് പല വിധത്തിലുള്ള പ്രോട്ടോടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കേണ്ടി വരും.
അതിൽ ആദ്യത്തേത് . POC എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പ്രൂഫ് ഓഫ് കൺസെപ്റ്റ് പ്രോട്ടോ ടൈപ്പാണ്. നമ്മളുടെ ആശയം പ്രായോഗികമാണോ അതോ മണ്ടത്തരമാണോ എന്ന് കൈവശമുള്ള പാർട്സുകൾ ഉപയോഗിച്ച് വലിയ ചിലവില്ലാതെ നിർമ്മിച്ച് പരീക്ഷിക്കുന്നതിനെയാണ് POC എന്ന് വിളിക്കുന്നത്.
ഇലക്ട്രോണിക്സ് കമ്പനികൾ POC ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.. ഡിസൈനറുടെ കൈ എത്തും ദൂരത്ത് നാട്ടിൽ ലഭ്യമാകുന്ന പാർട്സുകളുടെ വലിയ ശേഖരം POC ലാബിൽ കമ്പനികൾ ശേഖരിച്ചിരിക്കും.
POC പ്രോട്ടോ ടൈപ്പ് നിർമ്മിച്ച് ഐഡിയ കൊള്ളാമെന്ന് നാല് പേർ പറഞ്ഞാൽ അടുത്തതായി ആൽഫാ പ്രോട്ടോ ടൈപ്പ് നിർമ്മാണത്തിലേക്ക് കടക്കും.
വെരിഫൈഡ് യൂസേഴ്സിൻ്റെ ഫീഡ്ബാക്ക് ലഭിക്കുന്നതിനായി കമ്പനികൾ നിർമ്മിച്ച് നൽകുന്നതാണ് ആൽഫാ പ്രോട്ടോ ടൈപ്പുകൾ.
ഓഡിയോ രംഗത്തെ മുൻനിര കമ്പനികൾക്കായി പ്രൊഡക്റ്റുകൾ വെരിഫൈ ചെയ്ത് കേട്ട് വിലയിരുത്തി വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്ന ചിലരെപ്പറ്റി ഞാൻ മുൻപ് എഴുതിയിട്ടുണ്ട്. ജീൻ ഹിരാഗ, നെൽസൺ,പാസ്, ApEx ൻ്റെ മൈൽ സ്ലോവാനിക്, ഇവരെല്ലാം ഈ ആൽഫാ ടെസ്റ്റിങ്ങ് രംഗത്തെ മുൻനിരക്കാരാണ്.
കേരളത്തിലും ചില ഓഡിയോ ഇലക്ട്രോണിക്സ് ആൽഫാ ടെസ്റ്റർമാരുണ്ട് എന്ന കാര്യം ഇത്തരുണത്തിൽ പരാമർശിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. നമ്മുടെ ഗ്രൂപ്പ് അംഗങ്ങളായ ആദരണീയരായ ശ്രീ അച്ചുത വാര്യർ, ശ്രീ അജിത് കുമാർ തിരുവനന്തപുരം, ശ്രീ വറുഗീസ് തേവയ്ക്കൽ എന്നിവരാണവർ, ഇന്ത്യയിലെ പ്രഗത്ഭനായ മറ്റൊരു ഓഡിയോ ആൽഫാ ടെസ്റ്ററാണ് ശ്രീ വേദമിത്ര ശർമ്മ.
വെറുതെ ഓഡിയോ കേട്ട് വിലയിരുത്തുകയല്ല പോരായ്മകൾ പരിഹരിച്ച് കൊടുക്കുകയും ചെയ്യും എന്നതാണ് ആൽഫാ ടെസ്റ്റർമാരുടെ കഴിവ്.. ഇവരുടെ വരുമാനത്തിൻ്റെ നല്ലൊരു പങ്ക് ഇത്തരം ടെസ്റ്റിങ്ങ് രംഗത്ത് നിന്നാണ് വരുന്നത്.
ആൽഫാ കഴിഞ്ഞാൽ അടുത്ത ഘട്ടം ബീറ്റാ പ്രോട്ടോ ടൈപ്പാണ് .ഫൈനൽ പ്രൊഡക്റ്റിനോട് ഏകദേശം അടുത്ത വരുന്ന നിർമ്മാണ രീതിയും രൂപഘടനയുമായിരിക്കും ബീറ്റാ പ്രോട്ടോ ടൈപ്പിന്.
യഥാർത്ഥ സാഹചര്യങ്ങളിൽ ആ ഉൽപ്പന്നം എങ്ങനെയൊക്കെ പ്രതികരിക്കുന്നു, എന്തൊക്കെ തകരാറുകൾ വരുന്നുണ്ട് എന്ന് മനസിലാക്കാനായി ഈ ബീറ്റാ പ്രോട്ടോ ടൈപ്പുകൾ ആ ഉൽപ്പന്നം വിൽക്കാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൻ്റെ എല്ലാ കാലാവസ്ഥാ മാറ്റങ്ങളും മനസിലാക്കാൻ ഉതകുന്ന വിധം പരിക്ഷിക്കുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ ഇത് കടുത്ത മഞ്ഞുവീഴ്ചയുള്ള ലഡാക്ക്, കാശ്മീർ ഹിമാചൽ പ്രദേശുകളിലും, എക്സ്ട്രീം താപനിലയുള്ള രാജസ്ഥാനിലും, ഹ്യൂമിഡിറ്റിയും മഴയും കൂടിയ കേരളത്തിലും വരണ്ട കാലാവസ്ഥയുള്ള തമിഴ്നാട്ടിലും, പരീക്ഷിക്കപ്പെടുന്നു.നിശ്ചിത മണിക്കൂറുകൾ പ്രവർത്തിപ്പിച്ച് പരീക്ഷിച്ച ശേഷം ഈ ഉപകരണങ്ങൾ തിരികെയെടുത്ത് ലാബിൽ എത്തിച്ച് ഗുണ, ദോഷ പരിശോധനകൾ നടത്തി വിലയിരുത്തി ഫൈനൽ പ്രൊഡക്റ്റിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നു.
വാഹനങ്ങളോട് അഭിനിവേശമുള്ളവർ ചില വാഹനങ്ങൾ ആകെ പൊതിഞ്ഞ് മൂടിയ നിലയിൽ റോഡിലൂടെ പോകുന്നത് അവിചാരിതമായി കണ്ടിട്ടുണ്ടാകും, എത് കമ്പനി, ഏത് ബ്രാൻഡ് എന്നൊന്നും മനസിലാകാതിരിക്കാനാണ് ആകെ മൂടിപ്പൊതിഞ്ഞ് ഇത്തരം ബീറ്റാ പ്രോട്ടോ ടൈപ്പ് വണ്ടികൾ റോഡ് ടെസ്റ്റ് നടത്തുന്നത്.
പ്രോട്ടോ ടൈപ്പുകൾ നിർമ്മിച്ച് പരീക്ഷിക്കുന്നതിലൂടെ പല വിധ നേട്ടങ്ങളാണ് കമ്പനികൾക്കുണ്ടാകുന്നത്.
ഏത് നാട്ടിൽ ഉപയോഗിക്കുമ്പോൾ എന്ത് തകരാറ് ഉൽപ്പന്നത്തിന് വരും എന്ന് മുൻകൂട്ടി മനസിലാക്കി ആ നാട്ടിലെ സർവ്വീസ് ടീമിന് പരിശീലനം നൽകാനും, സ്പെയറുകൾ കരുതി വയ്ക്കാനും സാധിക്കും ഇതുമൂലം കസ്റ്റമർ സാറ്റിസ് ഫാക്ഷൻ ഉയരും, ബ്രാൻഡ് വാല്യൂ കൂടും.
ശരിയായ ഫീഡ് ബാക്ക് ലഭിക്കുന്നത് മൂലം ഉൽപ്പന്നത്തിൻ്റെ വരും മോഡലുകളിൽ പുതിയ ഫീച്ചറുകൾ ചേർക്കാൻ സാധിക്കും.
 
 

 
ഡൈ മേക്കിങ്ങ് ,പ്രൊഡക്റ്റ് ക്യാബിനെറ്റ്, സ്പെയർ പാർട്സുകൾ ,പ്രൊഡക്റ്റ് ഫിനിഷിങ്ങ് ,വയറുകൾ, നോബുകൾ, സ്വിച്ചുകൾ, ഡയലുകൾ പോലുള്ളവയിൽ ഗുണമേൻമയുള്ള നിർമ്മാതാക്കളെ മുൻകൂട്ടി സോഴ്സ് ചെയ്യാം. ആവശ്യത്തിനനുസരിച്ച് മാത്രം വാങ്ങി ഇനിഷ്യൽ കോസ്റ്റ് കുറയ്ക്കാം.
തകരാറുകൾ വരാനുള്ള സാദ്ധ്യത കുറയ്ക്കാം..
വിദേശ കമ്പനികൾ പ്രോട്ടോ ടൈപ്പിങ്ങ് മേഘലയ്ക്ക് പ്രമുഖമായൊരു സ്ഥാനം നൽകുന്നുണ്ടെങ്കിലും, ഇന്ത്യൻ കമ്പനികൾ ഉപഭോക്താവിൻ്റെ തലയിൽ ബീറ്റാ ടെസ്റ്റിങ്ങ് പ്രോട്ടോ ടൈപ്പുകൾ ഫൈനൽ പ്രൊഡക്റ്റായി കെട്ടി വച്ച് അവരുടെ ചിലവിൽ പ്രൊഡക്റ്റ് ഡവലപ്പ്മെൻ്റ് നടത്തുന്ന രീതി കുറച്ച് കാലം മുൻപ് വരെ അനുവർത്തിച്ചിരുന്നു.
മാറിയ ഉപഭോക്തൃ സംസ്കാരം മൂലം വില കുറച്ച് കൂടിയാലും നല്ല ഉൽപ്പന്നങ്ങൾക്കും വിപണിയിൽ നല്ല ഡിമാൻഡ് വന്ന് തുടങ്ങിയതിനാൽ ഇന്ത്യൻ കമ്പനികളും പ്രോട്ടോ ടൈപ്പിങ്ങിന് പ്രാമുഖ്യം നൽകിത്തുടങ്ങി എന്നതിനാൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്കായി കാത്തിരിക്കുന്ന.ഇന്ത്യൻ ഉപഭോക്താക്കൾക്കും താൽപ്പര്യമുള്ള വാർത്തയാണ്.
ചിത്രത്തിൽ കാണുന്നത് ഡോൾബി ലാബോറട്ടറീസിലെ റേ ഡോൾബി 1984 ൽ അസംബിൾ ചെയ്ത ഡോൾബി SR നോയ്സ് റിഡക്ഷൻ സർക്യൂട്ടിൻ്റെ ആൽഫാ പ്രോട്ടോ ടൈപ്പ് ബോർഡാണ്.ഇതിൻ്റെ ടെസ്റ്റിങ്ങിന് ശേഷം തുടർന്ന് ഡിസൈൻ ചെയ്ത ഡോൾബിയുടെ ബീറ്റാ പ്രോട്ടോ ടൈപ്പ്ചിത്രം താഴെ കൊടുക്കുന്നു.
 
 
 

 
 
ചെറിയ ചെറിയ ഐസികൾ മാറ്റി ബീറ്റാ പ്രോട്ടോ ടൈപ്പിൽ കസ്റ്റം മേഡ് ചിപ്പുകൾ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിച്ചാൽ മനസിലാകും.ഏതാണ് അമ്പതോളം പ്രോട്ടോ ടൈപ്പുകളാണ് ഫൈനൽ പ്രൊഡക്റ്റിലേക്ക് എത്തിച്ചേരുന്നതിന് മുൻപായി റേ ഡോൾബി അസംബിൾ ചെയ്തത്. എത്ര കോംപ്ലിക്കേറ്റഡ് സർക്യൂട്ടാണ് അദ്ദേഹം ചെയ്തതെന്ന് സൂം ചെയ്ത് നോക്കിയാൽ നമ്മൾ അത്ഭുതപ്പെട്ടു പോകും!
ലോകത്തിലെ ഏറ്റവും കോംപ്ലക്സ് ഇലക്ട്രോണിക്സ് പ്രോട്ടോ ടൈപ്പായി ഇത് കണക്കാക്കപ്പെടുന്നു. സാൻഫ്രാൻസിസ്ക്കോയിലെ എയർപോർട്ട് മ്യൂസിയത്തിൽ ഈ പ്രോട്ടോ ടൈപ്പുകൾ സൂക്ഷിച്ചിരിക്കുന്നു.
ഇത്രയും വലിയ ഡിസൈനറായ റേ ഡോൾബി കമ്പനി എന്തിനാണ് ഇങ്ങനെ പോട്ടോ ടൈപ്പ് ഉണ്ടാക്കി കഷ്ടപ്പെട്ടത്? നേരേ കമ്പ്യൂട്ടറൽ ഡിസൈൻ ചെയ്യുക, സിമുലേറ്റ് ചെയ്യുക ,PCB അടിക്കുക പ്രൊഡക്റ്റ് വിൽക്കുക അതല്ലേ ചെയ്യേണ്ടത്? മണ്ടൻ ഡോൾബി.!..#Ajith_kalamassery

ബോസിൻ്റെ കഥ

 

 ബോസിൻ്റെ കഥ

 അജിത് കളമശേരി.

 


 

സംഗീത പ്രേമികളെ ആദ്യ കേഴ് വിയിൽ തന്നെ അത്ഭുത പരതന്ത്രരാക്കുന്ന മ്യൂസിക് സിസ്റ്റങ്ങളാണ് ബോസിൻ്റെ നിർമ്മിതികൾ.
അത് ഇത്തിരി കുഞ്ഞൻ ബ്ലൂടൂത്ത് സ്പീക്കറിൻ്റെ രണ്ടിഞ്ച് വലിപ്പമുള്ള സ്പീക്കറിൽ പോലും ഒരു മുറി മുഴുവൻ കിടുങ്ങുന്ന ബേസും, പഞ്ചും ആദ്യമായി അനുഭവവേദ്യമാക്കിയത് ബോസാണ്.
250 രൂപയ്ക്ക് നാലിഞ്ച് വലിപ്പമുള്ള ചൈനാ സ്റ്റീരിയോ ബ്ലൂടൂത്ത് കിട്ടുമ്പോൾ അതിലും ചെറിയ ബോസിൻ്റെ സ്പീക്കറിന് രൂപാ എണ്ണായിരം കൊടുക്കണം..! അതും മോണോ.
വില കേട്ടാൽ തന്നെ സാധാരണക്കാരൻ ഇത് വാങ്ങാനുള്ള മോഹം ഉപേക്ഷിക്കും.
പക്ഷേ സംഗീതപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ആദ്യ ഇനം തന്നെ ബോസായിരിക്കും.
ലോകം കീഴടക്കിയ ബോസ് കോർപ്പറേഷൻ എന്ന ഓഡിയോ കമ്പനിയുടെ ഇന്ത്യൻ വംശജനായ ഉടമയായ സംഗീതപ്രേമിയുടെ കഥ ചുരുക്കിപ്പറയാൻ ശ്രമിക്കുകയാണ്.
ഞാനെഴുതിയ മറ്റ് ഓട്ടോ ഫിക്ഷൻ സീരീസ് കഥകൾക്ക് നിങ്ങൾ നൽകിയ പിൻതുണ ഇതിനും പ്രതീക്ഷിക്കുന്നു.
1920 ൽ മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാരിനെതിരേ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചു.
ഇതിൽ ആകൃഷ്ടനായ ഒരു 20 വയസുകാരൻ കൽക്കട്ടാ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി; അതിൽ പങ്കെടുക്കുന്ന സമര ഭടൻമാർക്ക് വേണ്ടി കയ്യെഴുത്തു പോസ്റ്ററുകൾ എഴുതിക്കൊടുക്കുകയും തുടർന്ന് നടന്നിരുന്ന സമാധാനപരമായ സമരങ്ങളിലും, ജാഥകളിലും തുടർച്ചയായി പങ്കെടുക്കുകയും ചെയ്തു പോന്നു.
സമര വിളംബര പോസ്റ്ററുകൾ പ്രിൻ്റ് ചെയ്യുന്നത് കൽക്കട്ടാ പോലീസ് കർശനമായി വിലക്കിയിരുന്നതിനാൽ കയ്യെഴുത്തായാണ് സമര വിളംബര പോസ്റ്ററുകൾ അന്ന് തയ്യാറാക്കിയിരുന്നത്.
പോസ്റ്ററുകൾ മനോഹരമായി എഴുതിക്കൊടുക്കുന്ന കോളേജ് വിദ്യാർത്ഥിയെപ്പറ്റി പോലീസിന് വിവരം ലഭിച്ചു.
തൻ്റെ ഡിഗ്രി പരീക്ഷയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ആ വിദ്ധാർത്ഥിയെ കൊടും കുറ്റവാളിയെ പിടിക്കുന്നത് പോലെ വീട് വളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തു.
നോനി ഗോപാൽ ബോസ് എന്ന ആ ചെറുപ്പക്കാരനെ ബ്രിട്ടീഷ് കോടതി വിചാരണ തടവുകാരനായി ജയിലിലടച്ചു..
കോടതി ശിക്ഷ വിധിച്ചാൽ ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിലേക്കയക്കും അവിടെയെത്തിയാൽ പിന്നെ പുറം ലോകം കാണില്ല ക്രൂരമായ പീoനങ്ങളേറ്റ് മരിക്കുകയേയുള്ളൂ. അതിനാൽ എങ്ങനെയും രക്ഷപെടാൻ വിചാരണ തടവുകാരായ നോനി ഗോപാൽ ബോസക്കമുള്ള ചില ചെറുപ്പക്കാർ തീരുമാനിച്ചു.
വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോയ ആദ്യ അവസരത്തിൽ തന്നെ നോനിയും സുഹൃത്തുക്കളും ഹൗറാ റയിൽവേ സ്റ്റേഷനിലെ തിരക്കിൽ അലിഞ്ഞു ചേർന്നു, പോലീസിൻ്റെ പിടിയിൽ നിന്നും രക്ഷപെട്ടു.
കൽക്കട്ടയിൽ നിന്നാൽ വീണ്ടും പിടിയിലാകുമെന്നറിയാവുന്നതിനാൽ അവർ കള്ളവണ്ടി കയറി മദ്രാസിലേക്ക് കടന്നു.
മദ്രാസിൽ നിന്നും അമേരിക്കയിലേക്ക് കയർ കയറ്റി വിടുന്ന ഒരു മലയാളി വ്യാപാരിയെ നോനി ബോസ് പരിചയപ്പെട്ടു. അദ്ദേഹം മുഖേന അമേരിക്കയിലേക്ക് ചരക്ക് കയറ്റിപ്പോകുന്ന ഒരു കപ്പലിൽ കയറി അവർ ഇന്ത്യ വിട്ടു.
കപ്പൽ കൂലിയും വഴിച്ചിലവിന് പൈസയും ഈ വ്യാപാരി നോനി ബോസിന് നൽകി. അമേരിക്കയിൽ എത്തിയാൽ തൻ്റെ കയർ ബിസിനസിന് കുറച്ച് ഓർഡറുകൾ പിടിച്ച് കൊടുത്താൽ മതിയെന്ന ഒറ്റ നിബന്ധനയിലാണ് കയർ വ്യാപാരി കാശു കൊടുത്ത് സഹായിച്ചത്.
അങ്ങനെ 1920 ൽ അമേരിക്കയിലെ എല്ലിസ് ഐലണ്ടിൽ നോനി ഗോപാൽ ബോസ് പാസ്പോർട്ടും വിസയുമൊന്നുമില്ലാതെ കപ്പലിറങ്ങി.
അവിടുത്തെ ഇന്ത്യൻ സമൂഹം സ്വാതന്ത്രസമരത്തിൽ പങ്കെടുത്ത് നാട് വിട്ടു വന്ന നോനി ബോസിനെ ആദരപൂർവ്വം സ്വീകരിച്ചു.
താരക് നാഥ് ദാസ് എന്ന ഇന്ത്യക്കാരൻ നോനി ബോസിന് ഫിലാഡൽഫിയ എന്ന നഗരത്തിൽ ഒരു റേഡിയോ റിപ്പയർ ഷോപ്പിൽ ഹെൽപ്പറായി ജോലി വാങ്ങി നൽകി.
അൽപ്പ വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ അലയടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബിസിനസ് ഇല്ലാതെ ഷോപ്പ് ഉടമ പൂട്ടാനൊരുങ്ങിയപ്പോൾ നോനി ബോസ് ആ റേഡിയോ റിപ്പയർ ഷോപ്പ് ഉടമയിൽ നിന്നും ഏറ്റെടുക്കുകയും അത് ഒരു ഇരുമ്പ് കടയായി മാറ്റുകയും ചെയ്തു.
തുടർന്ന് തനിക്ക് കപ്പൽ കൂലി തന്ന് സഹായിച്ച മലയാളി വ്യാപാരിയെ ബന്ധപ്പെട്ട് കേരളത്തിൽ നിന്നും അമേരിക്കയിലേക്ക് കയർ ഉൽപ്പന്നങ്ങൾ വരുത്തി വിൽപ്പന ആരംഭിക്കുകയും ചെയ്തു.
കൽക്കട്ടാ പോലീസിൻ്റെ പിടിയിൽ നിന്ന് രക്ഷപെട്ട് അമേരിക്കയിൽ എത്തി അൽപ്പ വർഷം കഴിഞ്ഞപ്പോൾ തന്നെ സ്ഥിരോൽസാഹിയായ നോനി ബോസ് അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെയുള്ള ഒരു വ്യാപാരിയായി മാറിയിരുന്നു.
ഇതിനിടെ ഷാർലെറ്റ് എന്ന അമേരിക്കക്കാരിയായ സ്കൂൾ ടീച്ചറെ കണ്ടിഷ്ടപ്പെട്ട് നോനി ബോസ് വിവാഹം ചെയ്തു.
നോനി ഗോപാൽ ബോസിൻ്റെയും, ഷാർലെറ്റിൻ്റെയും സീമന്തപുത്രനായി 1929 നവംബർ 2 ന് അമർ ഗോപാൽ ബോസ് ഭൂജാതനായി.
അമർ ബോസ് സ്കൂളിൽ പോകാൻ തുടങ്ങിയ കാലം മുതൽ സ്കൂൾ വിട്ടാൽ നേരേ അഛൻ്റെ ഹാർഡ് വെയർ ഷോപ്പിലേക്ക് നേരേ വരും.
അതിൻ്റെ പിന്നാമ്പുറത്ത് ഒരു മുറിയിൽ തൻ്റെ പിതാവ് ആദ്യം നടത്തിയിരുന്ന റേഡിയോ റിപ്പയർ ഷാപ്പിൻ്റെ സാമഗ്രികൾ കൂട്ടിയിട്ടിരുന്നു. അതിനിടയിലായി ബോസിൻ്റെ സ്ഥിര പെരുമാറ്റം.
അവിടെ കണ്ട വാൽവ് റേഡിയോകളും, സർക്യൂട്ട് ഡയഗ്രങ്ങളും പിതാവിൻ്റെ സഹായത്തോടെ മനസിലാക്കാൻ കുഞ്ഞ് അമർ ബോസ് ശ്രമമാരംഭിച്ചു.
മകൻ്റെ സാങ്കേതിക വാസന തിരിച്ചറിഞ്ഞ നോനു ബോസ് അവനെ നിരുൽസാഹപ്പെടുത്തിയില്ല.തനിക്കറിയാവുന്ന കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു.
അധികം താമസിയാതെ അമർ ബോസ് വാൽവ് റേഡിയോകൾ അസംബിൾ ചെയ്യുന്നതിലും, പഴയവ നന്നാക്കുന്നതിലും ഒരു വിദഗ്ദനായി മാറി.സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ നല്ല രീതിയിൽ സമ്പാദിക്കുന്ന വിധത്തിൽ അമർ ബോസ് വളർന്നു.
ഇതിനിടെ പിതാവിൻ്റെ ഹാർഡ് വെയർ ബിസിനസ് നഷ്ടത്തിലായി. വൻ കട ബാദ്ധ്യത നിമിത്തം കട പൂട്ടാൻ തീരുമാനിച്ചു.
ഇതറിഞ്ഞ ബോസ് അച്ഛൻ്റെ ഇരുമ്പ് കട ഒരു പൂർണ്ണ സമയ റേഡിയോ റിപ്പയർ ഷാപ്പായി മാറ്റി കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രത നിലനിറുത്തി,
ബോസിൻ്റെ ജോലിയിലുള്ള ആത്മാർപ്പണം മൂലം വർക്കുകൾ കുമിഞ്ഞ് കൂടി.
ഇത് മൂലം തിങ്കളാഴ്ചയും ശനിയാഴ്ചയും ബോസ് സ്കൂളിൽ പോക്ക് നിറുത്തി കടയിൽ തന്നെ കൂടി.
ആഴ്ചയിൽ 4 ദിവസമേ സ്കൂളിൽ വരുന്നുള്ളുവെങ്കിലും നന്നായി പഠിക്കുകയും കൃത്യമായി ഹോം വർക്കുകൾ തീർക്കുകയും ചെയ്യുന്ന ബോസിനെ അദ്ധ്യാപകർ നിരുൽസാഹപ്പെടുത്തിയില്ല.
പെനിസിൽവാനിയയിലെ അബിങ്ങ്ടൺ സീനിയർ ഹൈ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ( MIT ) യിൽ നിന്ന് ഉന്നതനിലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഗ്രാജുവേഷനും, തുടർന്ന് Phd യും കരസ്ഥമാക്കി.
അന്ന് ഇലക്ട്രോണിക്സ് എന്ന പഠനശാഖ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമായിരുന്നു.
MIT യിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കിയതിന് ശേഷം ഒരു വർഷം അമർ ബോസ് നെതർലാണ്ടിലെ ഫിലിപ്സ് കമ്പനിയിൽ ഡിസൈനറായി ജോലി നോക്കി.
പിന്നീട് ഒരു വർഷം അദ്ദേഹം തൻ്റെ പിതാവിൻ്റെ ജന്മനാടായ ഇന്ത്യയിൽ കറങ്ങി. അങ്ങിനെയിരിക്കെ ന്യൂ ഡൽഹിയിൽ വച്ച് അദ്ദേഹം തൻ്റെ ഭാവി വധുവായ പ്രേമയെ കണ്ടെത്തി വിവാഹം കഴിച്ചു.
വിണ്ടും അമേരിക്കയിൽ തിരിച്ചെത്തിയ അമർ ബോസ് താൻ പഠനം പൂർത്തിയാക്കിയ MIT യിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു.
ഒരു ഹാർഡ് കോർ സംഗീതപ്രേമിയായ അമർ ബോസ് വയലിൽ വായനയിൽ അതി പ്രഗത്ഭനായിരുന്നു.
ഒഴിവ് സമയങ്ങളിൽ മുഴുവൻ തൻ്റെ ഹോബിയും ഒരു കാലത്ത് ജീവിതമാർഗ്ഗവുമായിരുന്ന ആംപ്ലിഫയറുകളോടും റേഡിയോ കളോടുമുള്ള പ്രണയം ഒഴിവാക്കിയില്ല.
അതു വരെ വിപണിയിൽ ലഭിച്ചിരുന്ന മറ്റ് കമ്പനികൾ നിർമ്മിച്ചിരുന്ന സ്പീക്കറുകളുടെയും സ്പീക്കർ എൻ ക്ലോഷറുകളുടെയും ക്വാളിറ്റിയിലും, പെർഫോമൻസിലും അമർ ബോസ് സംതൃപ്തനായിരുന്നില്ല.
അവ കൂടുതൽ മെച്ചപ്പെടുത്താനായി അമർ ബോസ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.
ഇതിനിടയിൽ സ്പീക്കർ സംബന്ധമായും, സ്പീക്കർ എൻ ക്ലോഷർ സംബന്ധമായും നിരവധി പുതിയ കണ്ടുപിടുത്തങ്ങളും, പേറ്റൻ്റുകളും അമർ ബോസ് സ്വന്തമാക്കികൊണ്ടിരുന്നു.
ധാരാളം കമ്പനികൾ സമീപിച്ചെങ്കിലും തൻ്റെ പേറ്റെൻ്റുകൾ അദ്ദേഹം ആർക്കും കൈമാറിയില്ല.
1964ൽ തൻ്റെ 35 ആം വയസിൽ അദ്ദേഹം തൻ്റെ MIT ശിഷ്യനായ ഷെർവിൻ ഗ്രീൻ ബ്ലാറ്റിനെ കൂടെ കൂട്ടി ബോസ് കോർപ്പറേഷൻ എന്ന ലോകപ്രശസ്തമായ സ്ഥാപനത്തിന് തുടക്കം കുറിച്ചു.
BOSE 2201 എന്ന അർത്ഥ ഗോളാകൃതിയിലുള്ള സ്പീക്കർ ബോക്സുകളായിരുന്നു ബോസിൻ്റെ ആദ്യ ഉൽപ്പന്നം
ലോകത്തിലെ ആദ്യ ഡയറക്റ്റ് റിഫ്ലക്റ്റിങ്ങ് സ്പീക്കർ ബോക്സുകളായിരുന്നു അത്.
22 നാലിഞ്ച് സ്പീക്കറുകളും, 50 വാട്ട്സിൻ്റെ ആംപ്ലിഫയറുകളും ഉൾക്കൊള്ളിച്ചിരുന്ന ഒരോ ബോക്സുകളും ഹൈ എൻഡ് സംഗീത ലോകത്തിന് ആസ്വാദനത്തിൻ്റെ ഒരു പുതിയ ലോകം തുറന്നുകൊടുത്തു.
ഹോം ഓഡിയോക്ക് വേണ്ടി ഇൻബിൽറ്റ് ആംപ്ലിഫയറുകളുമായി ഇറങ്ങിയ ലോകത്തിലെ ആദ്യ സ്പീക്കർ സിസ്റ്റം അങ്ങനെ ബോസിൻ്റേതായി.
ലോ നോയ്സ് കോ ആക്സിയൽ കേബിൾ വഴി പ്രീ ആമ്പ് സിഗ്നൽ കൊടുത്താൽ കിടിലം സ്റ്റീരിയോ പെർഫോമൻസ് ബോസിൻ്റെ പ്രത്യേകതയായിരുന്നു.
മുറിയുടെ എല്ലാ വശത്തേക്കും തിരിഞ്ഞിരിക്കുന്ന മൾട്ടി ഡയറക്ഷണൽ സ്പീക്കറുകൾ ലോകത്തിലാദ്യമായി പുറത്തിറക്കിയത് ബോസാണ്.
Psycho acoustics സൈക്കോ അക്വാസ്റ്റിക്സ് എന്ന ഓഡിയോ ടെക്നോളജി ബേസ് ചെയ്താണ് ബോസ് ഉൽപ്പന്നങ്ങൾ പ്രവർത്തിക്കുന്നത്.ഇതിൽ ലോകത്തിലെ മുൻ നിര കമ്പനിയും ബോസ് തന്നെയാണ്.
ബോസ് സ്വന്തമായി നിർമ്മിക്കുന്ന സ്പീക്കറുകളുടെ രൂപഘടന മൂലം വെറും 2 ഇഞ്ച് സ്പീക്കറിൽ നിന്നും 8 ഇഞ്ച് സ്പീക്കറിൻ്റെ മുഴങ്ങുന്ന ശബ്ദം പുറപ്പെടുവിക്കും.
ഏറ്റവും ചെറുതിൽ നിന്നും ഏറ്റവും മുഴങ്ങുന്ന വ്യക്തമായ സംഗീതം എന്നതായിരുന്നു ബോസിൻ്റെ പോളിസി.
വാൽവ് ആംപ്ലിഫയറുകളുടെ ശബ്ദം ഇഷ്ടമല്ലായിരുന്ന അമർ ബോസ് തൻ്റെ എല്ലാ ഉൽപ്പന്നങ്ങളിലും ക്ലാസ് AB ട്രാൻസിസ്റ്റർ ആംപ്ലിഫയറുകളാണ് ഉപയോഗിച്ചിരുന്നത്.
ബോസിൻ്റെ ആദ്യകാല 50+ 50 സ്പീക്കർ സിസ്റ്റം അമേരിക്കൻ പാർലമെൻ്റ്, വൈറ്റ് ഹൗസ്, ഇന്ത്യൻ പാർലമെൻ്റ് രാഷ്ട്രപതി ഭവൻ, വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്ക, മക്കയിലെ മസ്ജിദ് അൽ ഹറം എന്നിവിടങ്ങളിലെല്ലാം തുടക്കകാലത്ത് തന്നെ തൻ്റെ ശബ്ദഘോഷം മുഴക്കിത്തുടങ്ങി. ഇത് വൻ പേരും പെരുമയും കമ്പനിക്ക് സമ്മാനിച്ചു.
2201 ൻ്റെ വൻ വിജയത്തെ തുടർന്ന് Bose 901 എന്ന മോഡൽ 1968ൽ പുറത്തിറക്കി.
1978ൽ ലോകത്തിലെ ആദ്യ ആക്റ്റീവ് നോയ്സ് ക്യാൻസലിങ്ങ് ഹെഡ് ഫോൺ ബോസ് വിപണിയിലെത്തിച്ചു.
ബഹിരാകാശ യാത്രികരും, പൈലറ്റ് മാരും, എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരും പോലെ വൻ ശബ്ദകോലാഹലങ്ങൾക്കിടയിൽ ജോലി ചെയ്യുന്നവർ ബോസിൻ്റെ നോയ്സ് ക്യാൻസലിങ്ങ് ഹെഡ് ഫോണിൻ്റെ സ്ഥിരം ഉപഭോക്താക്കളായി മാറി.
പുറത്ത് നിന്നുള്ള നോയിസ് ഒരു മൈക്ക് വഴി പിടിച്ചെടുത്ത് അതിൻ്റെ വിപരീത ദിശയിലുള്ള ഫ്രീക്വൻസികൾ ഉത്പാദിപ്പിച്ച് അതിനെ നിശബ്ദമാക്കുന്ന ഭ്രാന്തൻ ടെക്നോളജി ബോസിൻ്റെ തലയിൽ നിന്നും വന്നതാണ്.
കൂളിങ്ങിനായി സ്പീക്കറിനുള്ളിൽ ഫെറോഫ്ലൂയിഡ് നിറയ്ക്കുന്ന ടെക്നോളജി കണ്ടു പിടിച്ചതും ബോസ് തന്നെ.
എത്ര മോശം പ്രക്ഷേപണത്തെയും കിടിലൻ പെർഫോമൻസിലേക്കുയർത്തുന്ന വേവ് ഗൈഡ് റേഡിയോ ടെക്നോളജിയും ബോസിൻ്റെ കണ്ടുപിടുത്തം തന്നെ.
ബൻസ്, ഫോർഡ്, പോഷേ, മസരാറ്റി, മെയ് ബാക്ക്,കാഡില്ലാക്ക്, റോൾസ് റോയിസ് എന്നിവയുടെയെല്ലാം ആഡംബര കാറുകൾക്ക് വേണ്ടിയും സവിശേഷമായി ട്യൂൺ ചെയ്യപ്പെട്ട ഡോറിൽ സ്പീക്കറുകൾ ഫിറ്റ് ചെയ്ത കാർ സ്റ്റീരിയോകൾ നിർമ്മിച്ച് തുടങ്ങിയതും ബോസാണ്.
ഓഡിയോ സിസ്റ്റങ്ങൾ വിൽക്കുന്ന അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി ഉടമയും, സമ്പന്നനുമായ അമർ ബോസ് 2011 ൽ കമ്പനിയുടെ ഭൂരിഭാഗം ഷെയറുകളും താൻ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത MITക്ക് സംഭാവന ചെയ്തു. MIT അതേപടി വിലയ്ക്ക് വാങ്ങാൻ ഇതിൽ പത്തിലൊരു ഭാഗം ഷെയർ വിറ്റാൽ മതിയാകുമായിരുന്നു.
ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റിയുടെ ഹോണററി മെംബർ, സൈക്കോ അക്വാസ്റ്റിക്സിൻ്റെ തലതൊട്ടപ്പൻ, ഓഡിയോ എഞ്ചിനീയറിങ്ങിലെ ഏറ്റവുമധികം പേറ്റൻ്റുകൾ ഉള്ളവരിൽ ഒരാൾ,
എന്നീ നിലകളിലെല്ലാം അമർ ബോസ് തൻ്റെ വ്യക്തി മുദപതിപ്പിച്ചു. 2013 ജൂലൈ 12ന് തൻ്റെ 83 ആം വയസിൽ ഓഡിയോ ഇലക്ട്രോണിക്സ് രംഗത്തെ ഈ മഹാപ്രതിഭ അന്തരിച്ചു. മരിക്കുന്നത് വരെയും അദ്ദേഹം കർമ്മനിരതനായിരുന്നു.
ബോസിൻ്റെ അസാന്നിദ്ധ്യത്തിലും ബോസ് കോർപ്പറേഷൻ ലോകത്തിലെ മുൻനിര ഓഡിയോ കമ്പനികളിൽ ഒന്നായി നിലകൊള്ളുന്നു.
ആദ്യ ഭാര്യ പ്രേമയിലുണ്ടായ
വേണുബോസ്, കമലാ ബോസ് എന്നിങ്ങനെ രണ്ട് മക്കൾ.വേണുബോസ് സെല്ലുലാർ നെറ്റ് വർക്ക് രംഗത്തെ അതികായരായ വേണു കവറേജ് കമ്പനിയുടെ ഉടമയാണ്.ഇന്ത്യയടക്കം ലോകത്തിലെ4G,5G നെറ്റ് വർക്കുകളുടെ സാങ്കേതിക പിൻബലത്തിന് പിന്നിലെ കമ്പനികളിൽ ഒന്നാണിത്.
പന്ത്രണ്ടായിരത്തിലധികം ജീവനക്കാർ ബോസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്നു. റിട്ടയർമെൻ്റ് ഇല്ലാത്ത ലോകത്തിലെ ആദ്യ കമ്പനി എന്ന പേരും ബോസ് കോർപ്പറേഷനുണ്ട്.
ജോലി ചെയ്യാൻ ആരോഗ്യവും, താൽപ്പര്യവുമുണ്ടെങ്കിൽ എത്ര വയസായാലും ജീവനക്കാരെ പിരിച്ച് വിടില്ല എന്നതാണ് ബോസിൻ്റെ കമ്പനി പോളിസി.
ഓരോ സംഗീതാസ്വാദകനും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബോസ് ഓഡിയോ ഉൽപ്പന്നങ്ങൾ ഓഡിയോ ഫൈലുകൾക്ക് ഇഷ്ടമല്ല എന്നത് ഒരു വൈരുദ്ധ്യമായി നില നിൽക്കുന്നു.
എഴുതിയത് അജിത് കളമശേരി.