CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Saturday, November 1, 2025

സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ കഥ സബ് വൂഫറിൻ്റെയും !

 സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ കഥ

സബ് വൂഫറിൻ്റെയും !

 
സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ കഥ
സബ് വൂഫറിൻ്റെയും !
2001 ലെ ഒരു സുപ്രഭാതം
നേരം പര പരാ വെളുത്തു വരുന്നു
ഭർത്താവിനെയും, തന്നെയും രാത്രി മുഴുവൻ ഉറക്കാതെ കളിയും, ചിരിയും ,കരച്ചിലുമായി നേരം വെളുപ്പിച്ച കാന്താരിമുളകിനെ ഒരു പരുവത്തിൽ ഒന്ന് മയക്കി കിടത്തി അടുക്കളയിലേക്ക് പോകാൻ കാലെടുത്തു വച്ചേയുള്ളൂ പെട്ടെന്ന് ഹാളിൽ നിന്ന് സ്റ്റീൽ പാത്രങ്ങൾ മറിഞ്ഞ് വീഴുന്നതും, പള്ളിപ്പെരുന്നാളിന് ബാൻഡ്സെറ്റ് അടിക്കുന്നതു പോലെയുമുള്ള അതിഭയങ്കര ശബ്ദത്തിൽ
ബാബാ സൈഗാളെന്ന കൊടും ഭീകരൻ ടണ്ടാ ... ടണ്ടാ പാനീ പാനീന്ന് കിടന്ന് അലറാൻ തുടങ്ങിയത്.
ഞെട്ടിപ്പോയ സ്വപ്ന ഓടിച്ചെന്നു.
കൈ രണ്ടും കൊണ്ട് ചെവിയും പൊത്തി അമ്മ ഹാളിൽ നിൽക്കുന്നുണ്ട്.
സ്വപ്ന സ്വിച്ച് ഓഫാക്കി .പക്ഷേ കാര്യമുണ്ടായില്ല കാന്താരിമുളക് ചാടി എഴുനേറ്റ് ബാബാ സൈഗാളിനെ മറികടക്കുന്ന ശബ്ദത്തിൽ അലറാൻ തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം കെട്ടിയോൻ എറണാകുളത്ത് പോയി വാങ്ങിക്കൊണ്ടു വന്ന ചൈനക്കാരൻ്റെ CD പ്ലയറും ,ക്രിയേറ്റീവിൻ്റെ സബ് വൂഫറെന്ന മാരണവും ചേർന്നാണ് ഈ ശബ്ദകോലാഹലങ്ങൾ സൃഷ്ടിച്ചത് .. അമ്മ ലൈറ്റിൻ്റെ സ്വിച്ചാണെന്ന് കരുതി ഇട്ടത് ഹോം തീയേറ്റർ കുത്തി വച്ചിരുന്ന പ്ലഗ്ഗായിരുന്നു. ഇത്തിരി കുഞ്ഞനാണെങ്കിലും അതിൽ നിന്ന് വരുന്ന ശബ്ദവും ,അവലിടിക്കുന്നതുപോലുള്ള ഇടിയും ഹൃദയത്തിൽ കൊള്ളുന്നത് പോലെ തോന്നും.
അന്നു മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഹൃദ് രോഗികളുടെയും, കൊച്ചു കുട്ടികളുള്ള അമ്മമാരുടെയും നിതാന്ത ശത്രുവും, യുവജനങ്ങളുടെ ഹരവുമായ സബ് വൂഫറുകളുടെ കഥ ആരംഭിക്കുകയായി.
ചൈനീസ് ഉൽപ്പന്നങ്ങൾക്കായി ഇന്ത്യൻ വിപണി മലർക്കെ തുറന്ന് കിട്ടിയ രണ്ടായിരാമാണ്ട് മുതലാണ് നമ്മുടെ നാട്ടിൽ സബ് വൂഫറുകൾ എന്ന മാരക ഉപകരണം വ്യാപകമായി തുടങ്ങിയത്.
അന്ന് സബ് വൂഫർ എന്ന പേര് അത്ര വ്യാപകമായിട്ടില്ല കംപ്യൂട്ടറിൻ്റെ ആക്സസറിയായി ലഭിക്കുന്നതിനാൽ കംപ്യൂട്ടർ സ്പീക്കർ എന്ന പേരിലാണ് ഇത് കൂടുതലും അറിയപ്പെട്ടിരുന്നത്.
ലോജിടെക്ക്, ക്രിയേറ്റീവ്, അൾട്ടെക് ലാൻസിങ്ങ് എന്നിങ്ങനെ പരിമിതമായ ബ്രാൻഡുകളേ അന്ന് നമുക്ക് ലഭ്യമായിരുന്നുള്ളൂ.
എന്നാലും സാധാരണ ആംപ്ലിഫയറുകളിൽ പഠിച്ച പണി പതിനെട്ടും പയറ്റിയാലും ലഭിക്കാത്ത "ഇടി "ഈ ഇത്തിരി കുഞ്ഞൻമാരിൽ നിന്നും ലഭിച്ചിരുന്നതിനാൽ വില അൽപ്പം കൂടിയാലും ഇടി പ്രേമികൾ അതിന് പുറകേ കൂടി.
സബ് വൂഫറിന് ആവശ്യമായ സ്പീക്കർ ടെക്നോളജി കണ്ട് പിടിച്ചത് JBL ആണെന്നുള്ള കാര്യം അറിയാമല്ലോ.
സബ് വൂഫർ എന്ന ടെക്നോളജി വർക്ക് ചെയ്യണമെങ്കിൽ അതിന് അനുയോജ്യമായ സ്പീക്കർ മാത്രം പോര. നല്ലൊരു ലോ പാസ് ഫിൽറ്റർ സർക്യൂട്ട് വേണം ഒപ്പം അനുയോജ്യമായ അളവുകൾ ഉള്ള ബോക്സുകളും വേണം.
ലോ പാസ് ഫിൽറ്റർ സർക്യൂട്ടുകളുടെ തുടക്കം 1910 ൽ ആരംഭിക്കുന്നു. ജോർജ് എ കാമ്പ് ബെൽ എന്ന ബെൽ ലാബോറട്ടറി എഞ്ചിനിയറാണ് ടെലിഫോൺ ലൈനുകളിൽ ഇടിമിന്നൽ മൂലം ഉണ്ടാകുന്ന അപശബ്ദങ്ങൾ ടെലിഫോണിൽ എത്തുന്നത് തടയാൻ വേണ്ടി കോയിലുകളും, കപ്പാസിറ്ററുകളും മാത്രം അടങ്ങിയ ഒരു ലോ പാസ് ഫിൽറ്റർ ആദ്യമായി ഡിസൈൻ ചെയ്തത്.
1920ൽ ബെൽ ലാബിലെ തന്നെ ഓട്ടോ ജെ സോബൽ എന്ന മറ്റൊരു എഞ്ചിനീയർ ഇതിനെ പരിഷ്കരിച്ച് ഏതാനും റസിസ്റ്ററുകൾ ഒപ്പം ചേർത്ത് സോബൽ M ഫിൽറ്റർ രൂപപ്പെടുത്തി.
ഇവയെല്ലാം പാസീവ് ഫിൽറ്ററുകളായിരുന്നു.
( പ്രവർത്തിക്കാൻ പ്രത്യേക വൈദ്യുതി ആവശ്യമില്ലാത്ത സർക്യൂട്ടുകളാണ് പാസീവ് സർക്യൂട്ടുകൾ )
JBL കമ്പനി 1927 മുതൽ സിനിമാ തീയേറ്ററുകളിലും, മ്യൂസിക് കൺസേർട്ടുകളിലും ഇടിമുഴക്കം സൃഷ്ടിച്ചിരുന്നത് അവർ പ്രത്യേകമായി ഡിസൈൻ ചെയ്ത ലോ പാസ് സ്പീക്കർ ബോക്സുകളും ,ഫിൽറ്റുകളുടെയും സഹായത്തോടെയായിരുന്നു. ഇവയൊന്നും ഹോം ഓഡിയോ എന്ന കാറ്റഗറിയിൽ വരുന്നതായിരുന്നില്ല രണ്ടോ മൂന്നോ പേർ ചേർന്ന് പിടിച്ചാലേ ഇവയൊക്കെ ഒന്ന് നീക്കിവയ്ക്കാൻ തന്നെ സാധിക്കുമായിരുന്നുള്ളൂ.
അങ്ങനെ കാലം കടന്നു പോയ്ക്കൊണ്ടിരുന്നു.1965 ൽ ടെക്സാസ് ഇൻസ്ട്രുമെൻ്റ്സും, അമേരിക്കയിലെ നാഷണൽ സെമികണ്ടക്റ്റർ കമ്പനിയും സംയുക്തമായി LM 324 എന്ന ക്വാഡ് OP ആമ്പ് IC ഡവലപ്പ് ചെയ്ത് പുറത്തിറക്കിയതോടെ ലോ പാസ് ഫിൽറ്ററുകളുടെ പുതുയുഗം ആരംഭിച്ചു.
റോബർട്ട് മൂഗ് എന്ന അമേരിക്കൻ ഓഡിയോ എഞ്ചിനിയർ LM 324 ഐ സി ഉപയോഗിച്ച് വോൾട്ടേജ് കൺട്രോൾഡ് ലോ പാസ് ,ഹൈപാസ് ഫിൽറ്റർ കോമ്പിനേഷൻ ആക്റ്റീവ് ടോൺ കൺട്രോൾ സർക്യൂട്ട് ഡിസൈൻ ചെയ്ത് ഓഡിയോ എഞ്ചിനിയറിങ്ങ് സൊസൈറ്റി എന്ന ലോക ഓഡിയോ എഞ്ചിനീയർമാരുടെ സംഘടന നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചതോടെ വലിപ്പം കുറഞ്ഞ സ്പീക്കറുകൾ ഉപയോഗിച്ചും ചങ്ക് കലക്കുന്ന ഇടി സാദ്ധ്യമാക്കുന്ന ആക്ടീവ് ലോ പാസ് ഫിൽറ്ററുകളുടെ യുഗം ആരംഭിച്ചു.
ഇതോടെ വീടുകളിലെ സ്വീകരണമുറികളിലെ ആംപ്ലിഫയറുകളിലും, ടെലിവിഷനുകളിലുമെല്ലാം മെഗാ ബാസ് ലഭ്യമായിത്തുടങ്ങി.
ഇതോടെ സബ് വൂഫർ സർക്യൂട്ടുകളുടെ ഉപജ്ഞാതാവ് എന്ന പേരിൽ റോബർട്ട് മൂഗ് പ്രശസ്തനായി. ലോകപ്രശസ്തമായ മൂഗ് സിന്തസൈസർ എന്ന ഇലക്ട്രോണിക് സംഗീത ഉപകരണം കണ്ടു പിടിച്ചതും ഇദ്ദേഹം തന്നെയാണ്.
1980കളുടെ തുടക്കത്തിൽ അമേരിക്കൻ കമ്പനിയായ ബോസ് അക്വാസ്റ്റിമാസ് AM - 5 എന്ന തികച്ചും അദൃശ്യമായ ഒരു മിനിയേച്ചർ ഹോം സബ് വൂഫർ സിസ്റ്റം വിപണിയിലെത്തിച്ചതോടെ കാര്യങ്ങൾ വീണ്ടും മാറി മറിഞ്ഞു. ഒരു ആറിഞ്ച് സബ് വൂഫറും രണ്ടര ഇഞ്ചിൻ്റെ രണ്ട് സ്പീക്കർ വീതമുള്ള രണ്ട് സാറ്റലൈറ്റ് സൈഡ് സ്പീക്കറുകളുമായി പുറത്തിറങ്ങിയ അക്വാസ്റ്റിമാസ് 5 എന്ന ഇത്തിരി കുഞ്ഞൻ ഹോം തീയേറ്റർ സബ് വൂഫർ സിസ്റ്റം 30 ഹെർട്സ് മുതലുള്ള ഡീപ്പ് ബാസ് നൽകിയത് ഓഡിയോ പ്രേമികളുടെ ഹൃദയം പിടപ്പിക്കാൻ തുടങ്ങി.
AM 5 ൻ്റെ ശബ്ദം കേട്ട് വലിയ ഒരു സെറ്റ് പ്രതീക്ഷിച്ച് ചുറ്റും പരതുന്നവരെ പറ്റിച്ച് ചീവിടിനെപ്പോലെ ഒളിച്ചിരിക്കാൻ മിടുക്കനായിരുന്നു ഈ ബോസ്
ഡൗൺ ഫയറിങ്ങായതിനാലും, കാണാൻ ഒരു ലുക്കില്ലാത്ത രൂപമായതിനാലും മേശയുടെയും, കട്ടിലിൻ്റെയും, അടിയിലും, ബുക്ക് ഷെൽഫിലുമെല്ലാം അധികം ആരുടെയും ശ്രദ്ധയിൽ പെടാതെ ഒളിച്ചിരിക്കാൻ മിടുക്കനായിരുന്നു ബോസിൻ്റെ .ഈ ഇത്തിരിക്കുഞ്ഞൻ.
.
പക്ഷേ അതിൽ നിന്ന് വരുന്ന ശബ്ദമോ വലിയ 12 ഇഞ്ച് സ്പീക്കറുകൾ പോലും തോറ്റു പോകും.
ഇന്ന് ലോകമെമ്പാടും പുറത്തിറങ്ങുന്ന ഹോം ഓഡിയോ സബ് വൂഫറുകളെല്ലാം ബോസ് AM5 നെ കോപ്പിയടിച്ച് ...സോറി AM - 5 ൽ നിന്നും ഐഡിയ കൺസീവ് ചെയ്ത് നിർമ്മിച്ചിരിക്കുന്നതാണ്.
ലുക്കിലല്ല വർക്കിലാണ് കാര്യം എന്നത് ലോകത്തിന് കാണിച്ച് കൊടുത്ത് അവരുടെ നാലിരട്ടി കാശ് മേടിച്ചെടുക്കുന്ന കണ്ണിൽ ചോരയില്ലാത്ത ബോസിനെ അനുകരിച്ച് കളസം കീറി കളം വിട്ടവർ അനവധിയാണ്.
പുറത്തിറങ്ങിയ അന്നു മുതൽ ഇന്ന് വരെ സബ് വൂഫറുകളെ വീടിൻ്റെ പടിക്കകത്ത് കടത്താത്ത ഓഡിയോ ഫൈലുകൾ എന്ന എലൈറ്റ് ക്ലാസ് സംഗീത ആസ്വാദകരുടെ ആജീവനാന്ത എതിർപ്പിനെ മറികടന്നും സംഗീത ലോകത്തെ ബഹളമയമാക്കുന്ന സബ് വൂഫറുകളുടെ പ്രസക്തി കാലം ചെല്ലുംതോറും കൂടി വരുന്നതല്ലാതെ കുറയുന്നില്ല.
അജിത് കളമശേരി.
ചിത്രങ്ങൾ പാസീവ് സബ് ഫിൽറ്റർ സർക്യൂട്ടിൻ്റെ ഡിസൈനറായ റോബർട്ട് മൂഗ് . ഇൻസൈറ്റിൽ ലോകത്തിലെ ലക്ഷണമൊത്ത ആദ്യ സബ് വൂഫറായ ബോസ് AM-5
കുറഞ്ഞ ചിലവിൽ 400 വാട്ടിൻ്റെ ഒരു സബ് വൂഫർ ആംപ്ലിഫയർ എങ്ങനെ നിർമ്മിക്കാമെന്ന് പഠിപ്പിക്കുന്ന ഞാനെഴുതിയ PCB സഹിതമുള്ള പുസ്തകം ഇപ്പോൾ മൂന്നാം എഡിഷനിലേക്ക് കടന്നിരിക്കുകയാണ്. പുസ്തകം ആവശ്യമുള്ളവർ എൻ്റെ 7012358500 നമ്പരിലേക്ക് വാട്സാപ്പ് മെസേജ് വിട്ടാൽ മതി.

No comments:

Post a Comment