ആംപ്ലിഫയർ കണ്ട് പിടിച്ച LDF ൻ്റെ കഥ.
ആംപ്ലിഫയർ കണ്ട് പിടിച്ച LDF ൻ്റെ കഥ.
ഇലക്ട്രോണിക്സ് ശാസ്ത്ര ശാഖയിൽ താൽപ്പര്യമുള്ള പലരും പലപ്പോഴും ആലോചിക്കാറുള്ള ഒരു കുഴഞ്ഞ് മറിഞ്ഞ പ്രശ്നമാണ് മാർക്കോണി റേഡിയോ കണ്ട് പിടിച്ചത് 1896 ലാണ്.പക്ഷേ ഓഡിയോ സിഗ്നലുകളെ ചെവികൾക്ക് കേൾക്കാനാകുന്ന വിധം വർദ്ധിപ്പിക്കുന്ന റേഡിയോയുടെ ഓഡിയോ സ്റ്റേജിൽ ഉപയോഗിക്കുന്ന ആംപ്ലിഫയർ കണ്ട് പിടിച്ചത് 1906 ൽ മാത്രവും! അത് മാർക്കോണിയല്ല ലീ-ഡീ ഫോറസ്റ്റ് എന്ന വ്യക്തിയും!
അന്തരീക്ഷത്തിലൂടെ വരുന്ന വളരെ കുറഞ്ഞ വൈദ്യുതി ചാർജ് മാത്രം വഹിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളെ പിടിച്ചെടുക്കുന്ന റേഡിയോ അവയെ ആംപ്ലി ഫൈ ചെയ്ത് ശക്തി കൂട്ടിയാൽ മാത്രമേ സ്പീക്കറിലൂടെ ശബ്ദമായി നമ്മുടെ ചെവിയിലെത്തൂ എന്ന് ഇലക്ട്രോണിക്സിൻ്റെ ബാലപാഠങ്ങളിൽ ഒന്നാണ്.
അപ്പോൾ 1896 മുതൽ ആംപ്ലിഫയർ കണ്ടെത്തുന്ന 1906 വരെയുള്ള പത്തു വർഷങ്ങൾ റേഡിയോകൾ എങ്ങിനെ പ്രവർത്തിച്ചു?
മുട്ടയാണോ, കോഴിയാണോ ആദ്യമുണ്ടായത് എന്നത് പോലെ ഒരു കുഴപ്പിക്കുന്ന ചോദ്യമാണ് ഞങ്ങൾ ശാസ്ത്ര കുതുകികൾക്ക് ഈ പ്രശ്നം .
മാർക്കോണി കണ്ടു പിടിച്ച റേഡിയോയ്ക്ക് ആപ്ലിഫയർ ഉണ്ടായിരുന്നില്ല എന്നതാണ് ശരിയായ വസ്തുത. ആംപ്ലിഫയർ മാത്രമല്ല ,അന്ന് വാൽവുകൾ പോലും കണ്ടു പിടിക്കപ്പെട്ടിട്ടില്ല.സ്റ്റേഷനുകൾ സെലക്റ്റ് ചെയ്യാനുള്ള ഗാങ്ങ് കണ്ടൻസർ, ഫ്രീക്വൻസി വേർതിരിക്കാനുള്ള ഓസിലേറ്റർ കോയിൽ, ഐ.എഫ്.റ്റി തുടങ്ങി ഒന്നുമുണ്ടായിരുന്നില്ല.
പിന്നെങ്ങിനെ അതിനെ റേഡിയോ എന്ന് വിളിച്ചു ?
ക്രിസ്റ്റൽ റേഡിയോ എന്ന് നമ്മൾ ഇന്ന് വിളിക്കുന്ന റേഡിയോയുടെ പ്രാകൃത രൂപമാണ് മാർക്കോണി കണ്ടു പിടിച്ചത്.
പുറത്ത് വലിച്ച് കെട്ടിയ വലിയ ഒരു ചെമ്പ് കമ്പി അതിനോട് ബന്ധിപ്പിച്ച ഒരു ഹെഡ് ഫോൺ പോലുള്ള സാധനം ഇതിനെ ഒരു വലിയ പെട്ടിയിലടച്ചതായിരുന്നു ആദ്യ കാല റേഡിയോ !
1876 ൽ ഗ്രഹാം ബൽ ടെലിഫോൺ കണ്ടു പിടിച്ചിരുന്നതിനാൽ ഹെഡ് ഫോൺ അതിൻ്റെ ലഭ്യമായിരുന്നു.
ഇടിമിന്നൽ ഉണ്ടായാൽ ടെലിഫോൺ ലൈനിൽ കൂടി കറപറാ ശബ്ദങ്ങൾ വരുന്നത് അന്ന് വലിയ ശല്യമായിരുന്നു.
ഈ ശബ്ദ ശല്യം ഒഴിവാക്കാനായി അന്ന് പലരും ഗവേഷണങ്ങൾ നടത്തിയിരുന്നു. അതിൽ പെട്ട ഒരു ശാസ്ത്രഞ്ജനായിരുന്നു മാർക്കോണിയും.
ഇടിമിന്നലിലെ ഉയർന്ന വോൾട്ടേജ് സ്പൈക്കുകൾ റേഡിയോ തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഫോൺ കണ്ടു പിടിച്ച ഗ്രഹാം ബല്ലിനും ഇദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ പിൻ തുടർന്നിരുന്ന മറ്റ് ഫിസിസിസ്റ്റുകൾക്കും അറിയാമായിരുന്നു.
സെൻ്റിമീറ്ററുകളോളം നീളത്തിൽ സ്പാർക്ക് ഉണ്ടാക്കുന്ന ഉയർന്ന വോൾട്ടേജ് മേശപ്പുറത്ത് വച്ചു പോലും കൃത്രിമമായി നിർമ്മിക്കാവുന്ന ടെസ് ല കോയിൽ എന്ന സംവിധാനം നിക്കോളാ ടെസ്ല എന്ന മഹാനായ ശാസ്ത്രജ്ഞൻ 1891 ൽ കണ്ടു പിടിച്ചു.
ഇതോടെ
മറ്റ് പല ശാസ്ത്രഞ്ജൻമാരും ഈ ഉപകരണത്തിൻ്റെ പ്രായോഗിക വശങ്ങൾ പഠിച്ചു തുടങ്ങി .ഒരു ട്രാൻസ്ഫോർമർ ഉപയോഗിച്ച് ശക്തി വർദ്ധിപ്പിച്ച ഫോൺ സംഭാഷണങ്ങൾ ടെസ്ല കോയിലിലേക്ക് കടത്തിവിട്ടാൽ കോയിലിൽ ഉണ്ടാകുന്ന സ്പാർക്കിന് ശബ്ദത്തിനനുസരിച്ച് മാറ്റം ഉണ്ടാകുന്നത് പലരും ശ്രദ്ധിച്ചു.
ടെസ്ലയുടെയും, ഗ്രഹാംബല്ലിൻ്റെയും സമകാലീനനായിരുന്ന
മാർക്കോണിയും ഇത്തരം പരീക്ഷണങ്ങളിൽ ഏർപ്പെട്ടു.
വലിയ ഒരു ആൻ്റിന കൊടുത്ത് മാർകോണി നടത്തിയ പരീക്ഷണത്തിൽ ഈ സ്പാർക്ക് മൂലം ഉണ്ടാകുന്ന ശബ്ദ വ്യതിയാനം ഏതാനും മീറ്ററുകൾ അകലെ വച്ച മറ്റൊരു ഫോണിലേക്ക് നേരിട്ട് വയർ കണക്ഷൻ ഇല്ലാതെ തന്നെ സ്വീകരിക്കാൻ സാധിക്കുന്നതായി കണ്ടെത്തി.
നല്ല കാശുകാരനും ഒപ്പം ബുദ്ധിമാനായ മാർക്കോണി ഉടനെ പേറ്റെൻ്റ് ഓഫീസിലേക്ക് പാഞ്ഞു... വയറില്ലാതെ ശബ്ദതരംഗങ്ങൾ റേഡിയേറ്റ് ചെയ്യുകയും, ഇങ്ങനെ റേഡിയേറ്റ് ചെയ്ത വൈദ്യുതി സിഗ്നലുകളെ സ്വീകരിക്കുകയും ചെയ്യുന്ന സംവിധാനത്തിന് റേഡിയോ എന്ന പേരിൽ പേറ്റെൻ്റിന് അപേക്ഷ കൊടുത്തു. അന്ന് വരെ ആരും പേറ്റെൻ്റ് ചെയ്യാത്തതിനാൽ 1896 ൽ മാർക്കോണിക്ക് പേറ്റെൻ്റ് ലഭിക്കുകയും ചെയ്തു.
റേഡിയോ എന്ന പേരിൽ ഈ ടെക്നോളജി അറിയപ്പെടുന്നതിൻ്റെ മുൻപും ഇത്തരം സംവിധാനത്തെപ്പറ്റി ഗവേഷകർ ചിന്തിച്ചിരുന്നു, പരീക്ഷണങ്ങൾ നടത്തിയിരുന്നു. പക്ഷേ റേഡിയോ എന്നല്ല വയർലസ്സ് എന്ന വിളിപ്പേരിലാണ് ആ പരീക്ഷണങ്ങൾ അറിയപ്പെട്ടിരുന്നത്.!
സംഭവം വയർലസ്സ് തന്നെയെങ്കിലും റേഡിയോ എന്ന പേരിൽ ഈ ടെക്നോളജിക്ക് പേറ്റെൻ്റ് കിട്ടിയതോടെ
ഈ പേരിലുള്ള എന്തിൻ്റെയും കുത്തകാവകാശം മാർക്കോണിക്കായി.
ഇതേ സമയം തന്നെ അമേരിക്കയിൽ
ടെസ്ല കോയിൽ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്ന മറ്റൊരു ശാസ്ത്രജ്ഞനായ ലീ - ഡേ ഫോറെസ്റ്റ് രസകരമായ ഒരു കാര്യം ശ്രദ്ധിച്ചു. ടെസ്ല കോയിൽ പ്രവർത്തിക്കുമ്പോൾ അതിന് സമീപം വയ്ക്കുന്ന മെഴുകുതിരിയുടെ തീ നാളം കോയിൽ പുറപ്പെടുവിക്കുന്ന വൈദ്യുതി തരംഗങ്ങൾക്കനുസരണമായി കമ്പനം ചെയ്യുന്നുണ്ട് എന്നതായിരുന്നു ഇക്കാര്യം.
നേരിട്ട് കാണാൻ കഴിയാത്ത റേഡിയോ തരംഗങ്ങൾ ഭൗതിക സാഹചര്യങ്ങളിൽ പരിമിതമായി ഇടപെടാൻ സാധിക്കുമെങ്കിൽ റേഡിയോ സ്പെക്ട്രത്തിൽ ഇതിലും നന്നായി ഇടപെടുന്നുണ്ടാകണം.
ഇതിനായി പരീക്ഷണങ്ങൾ ആരംഭിച്ച ഫോറസ്റ്റ് ഒരു ടെസ്റ്റ്യൂബിൽ രണ്ട് കമ്പികൾ കടത്തിവച്ച ശേഷം 'അതിൽ ഒന്നിലേക്ക് ടെസ് ല കോയിലിൻ്റെ ഒരു ടെർമിനൽ കണക്റ്റ് ചെയ്തു അടുത്ത കമ്പിയിലൂടെ കടന്ന് വരുന്ന സ്പാർക്ക് ശ്രദ്ധിച്ചു.പിന്നെ പതിയെ ട്യൂബിനുള്ളിലെ വായൂ നീക്കം ചെയ്തു. അപ്പോഴും സ്പാർക്ക് വരുന്നുണ്ട് പക്ഷേ ട്യൂബിനുളളിൽ വായു ഉള്ളപ്പോഴും നീക്കം ചെയ്തപ്പോഴും സ്പാർക്കിൽ കാര്യമായ വ്യത്യാസമൊന്നുമില്ല..
അക്കാലത്ത് പുതിയതായി വിപണിയിലെത്തിയ തെർമയോണിക് ഡയോഡ് എന്ന AC വൈദ്യുതിയെ DC യാക്കുന്ന ഗ്ലാസ് ട്യൂബിനെ അനുകരിച്ച് തൻ്റെ പരീക്ഷണ വസ്തുവായ ടെസ്റ്റ്യൂബിലെ കമ്പികളെ ചൂടാക്കിയാൽ സ്പാർക്കിന് എന്ത് സംഭവിക്കുമെന്നറിയാൻ ഒരു ഫിലമെൻ്റ് കൂടി അതിൽ ഉൾപ്പെടുത്തി ഫോറസ്റ്റ് പരീക്ഷണം ആവർത്തിച്ചു.
അത്ഭുതം സ്പാർക്കിൻ്റെ തീവ്രത കൂടുന്നുണ്ട്. ആനോഡ്, കാഥോഡ് എന്നീ രണ്ട് കമ്പികളുടെ ഇടയിൽ മറ്റൊരു ചെമ്പ് തകിട് (ഗ്രിഡ് ) കൂടി ചേർത്ത് ഫോറെസ്റ്റ് പരീക്ഷണം തുടർന്നു.
ഗ്രിഡിൽ കൊടുക്കുന്ന പോസിറ്റീവ് വോൾട്ടേജി നനുസരണമായി സ്പാർക്ക് കൂടുകയും കുറയുകയും ചെയ്യുന്നുണ്ടെന്ന കാര്യം ഫോറെസ്റ്റിന് മനസിലായി.
മാർക്കോണിയുടെ റേഡിയോയിൽ നിന്നുള്ള സിഗ്നലുകൾ ടെസ് ല കോയിലിന് പകരം ഉപയോഗിച്ച് പരീക്ഷണം ആവർത്തിച്ചു ഔട്ട്പുട്ടിൽ ഗ്രഹാം ബൽ കണ്ടു പിടിച്ച ഫോണിൻ്റെ സ്പീക്കർ ഉപയോഗിച്ചു നോക്കി. ഏതാനും മീറ്റർ ചുറ്റളവിൽ വ്യക്തമായി കേൾക്കത്തക്കവിധം സാമാന്യം ഉയർന്ന ശബ്ദത്തിൽ അത് പ്രവർത്തിച്ചു.
വൈദ്യുതി സിഗ്നലുകളെ ആംപ്ലി ഫൈ ചെയ്യാൻ താൻ കണ്ടു പിടിച്ച വാക്വം ട്യൂബിന് കഴിയുമെന്ന കാര്യം ഉറപ്പ് വരുത്തിയ ഫോറെസ്റ്റ് ഈ ടെക്നോളജി ഓഡിയോൺ എന്ന പേരിൽ പേറ്റെൻ്റ് ചെയ്യുന്നതിനായി അപേക്ഷ നൽകി. ലോക ഇലക്ട്രോണിക്സ് വ്യവസായ മേഘല ആദ്യമായി കണ്ട ടെക്നോളജി യുദ്ധത്തിന് തുടക്കമായിരുന്നു അത്.
ഈ വിഷയത്തിൽ നിന്ന് മാറിപ്പോകുമെന്നതിനാൽ ആ കഥ പിന്നാലെ പറയാം.
ഉപാധികളോടെ ഫോറെസ്റ്റിന് പേറ്റെൻ്റ് കിട്ടി പക്ഷേ അത് ഓഡിയോ ആംപ്ലിഫയറായി ഉപയോഗിക്കുന്ന ഓഡിയോൺ വാക്വം ട്യൂബ് കണ്ടെത്തിയതിനല്ല ആംപ്ലിഫയർ കണ്ട് പിടിച്ചതിനാണ്..
റേഡിയോ ,ടെലിവിഷൻ ,സാറ്റലൈറ്റ് ഫൈബർ ഒപ്റ്റിക്സ്, മൊബൈൽ ഫോൺ ലേസർ ,എന്നിവയിലെല്ലാം ഉപയോഗിക്കുന്ന സ്വീകരണ, പ്രക്ഷേപണ ഓസിലേറ്റർ ടെക്നോളജി കണ്ടു പിടിച്ചതും ലീ, ഡീഫോറെസ്റ്റാണ്.തൻമൂലം ഇലക്ട്രോണിക്സ് ശാസ്ത്ര ശാഖയുടെ പിതാവായി അദ്ദേഹം ആദരിക്കപ്പെടുന്നു. സിനിമ ഫിലിമിനൊപ്പമുള്ള ശബ്ദലേഖനം, പൊതുപരിപാടികൾ നടത്തുന്നതിനുള്ള ശക്തിയേറിയ (വാട്ട് കൂടിയ ) ആംപ്ലിഫയറുകൾ എന്നിവയടക്കം മുന്നൂറിലധികം കണ്ടുപിടുത്തങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.
ഇലക്ട്രോണിക്സ് ശാസ്ത്ര ശാഖയിൽ റിക്കോഡ് പ്ലയർ കണ്ടു പിടിച്ച എഡിസണെ എല്ലാവരുമറിയും എന്നാൽ അതിലും പ്രയോജനകരമായ ധാരാളം കണ്ടുപിടുത്തങ്ങൾ നടത്തിയ ട്രാൻസിസ്റ്ററുകൾ, ഇൻ്റഗ്രേറ്റഡ് ചിപ്പുകൾ, ലേസർ ,ഉപഗ്രഹങ്ങൾ, മൊബൈൽ ഫോൺ തുടങ്ങി ധാരാളം കണ്ടുപിടുത്തക്കൾക്ക് വഴികാട്ടിയായ ലീ - ഡീ ഫോറെസ്റ്റിനെ ഇലക്ട്രോണിക്സ് ടെക്നീഷ്യൻമാർക്ക് പോലും അറിയില്ല എന്ന കാര്യം വേദനാജനകമാണ്.
താൻ കണ്ടു പിടിച്ച ഓഡിയോൺ ട്രയോഡ് വാക്വം ട്യൂബിനെ പല വിധത്തിൽ മെച്ചപ്പെടുത്തി ശക്തിയേറിയ ആംപ്ലിഫയറുകൾ നിർമ്മിക്കുന്നതിനാവശ്യമായ ട്രയോഡുകൾ, ടെട്രോഡുകൾ, പെൻ്റോഡുകൾ തുടങ്ങിയവയും ഇവ ഉപയോഗിച്ചുള്ള ധാരാളം ആംപ്ലിഫയർ ,പ്രീ ആംപ്ലിഫയർ സർക്യൂട്ടുകളും, ശക്തിയേറിയ ഔട്ട്പുട്ട് ട്രാൻസ്ഫോർമറുകൾ, ലൗഡ് സ്പീക്കറുകൾ എന്നിവയുടെ രൂപകൽപ്പനയിലും, അവ പൊതുജനങ്ങളുടെ കയ്യിലെത്തിക്കുന്നതിനായി വിവിധ കമ്പനികളുമായി സഹകരിക്കുന്നതിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
അക്കാലത്തെ സിനിമാ ,റേഡിയോ വ്യവസായ കമ്പനികളാണ് ഇക്കാര്യങ്ങളിൽ അദ്ദേഹത്തിന് ഉറച്ച സാമ്പത്തിക പിൻതുണ നൽകിയിരുന്നത്.
റേഡിയോ സ്റ്റേഷനുകളിൽ ഉപയോഗിച്ചിരുന്ന വലിയ പുട്ടുകുറ്റി പോലുള്ള കിലോവാട്ട് പവർ കൈകാര്യം ചെയ്യുന്ന ട്രാൻസ്മിഷൻ വാക്വം ട്യൂബ് അദ്ദേഹത്തിൻ്റെ പ്രധാന കണ്ടുപിടുത്തങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ്.
സിനിമാ ഫിലിമിലെ ശബ്ദലേഖനവും, തീയേറ്ററുകളിലെ ശബ്ദവിന്യാസവും, ശക്തിയേറിയ സ്പീക്കറുകളും എല്ലാം ലീ-ഡീ- ഫോറസ്റ്റിൻ്റെ ശാസ്ത ലോകത്തിനുള്ള സംഭാവനകളാണ്.
1873 ആഗസ്റ്റ് 26ന് അമേരിക്കയിലെ കോൺസിൽ ബ്ലഫ്സിൽ ഒരു പള്ളീലച്ചൻ്റെ മകനായി ജനിച്ച ഫോറസ്റ്റിനെ തന്നെപ്പോലെ ഒരു പാസ്റ്ററാക്കണമെന്നായിരുന്നു പിതാവിൻ്റെ ആഗ്രഹം. ഇതിനായി സെമിനാരിയിൽ ചേർത്തെങ്കിലും അവിടെ നിന്ന് ചാടിയ ഫോറസ്റ്റ് ബന്ധുക്കളുടെ സഹായത്തോടെ മസാച്ചുസെറ്റ്സിലെത്തി തനിക്ക് താൽപ്പര്യമുള്ള സാങ്കേതിക വിഷയങ്ങളിൽ പഠനം തുടർന്നു. ഷെഫീൽഡ് സയൻ്റിഫിക് സ്കൂളിൽ അന്നത്തെക്കാലത്തെ വൻതുകയായം 300 ഡോളർ സ്കോളർഷിപ്പ് നേടിയാണ് അദ്ദേഹം പഠിച്ചത്.
എല്ലാ പ്രമുഖ ശാസ്ത്ര കുതുകികളെയും പോലെ അദ്ദേഹവും പഠനേതര വിഷയങ്ങളായ ഉപയോഗശൂന്യമായ വൈദ്യുതി ഉപകരണങ്ങളുടെ അക്രി പെറുക്കലിലും, അവയുപയോഗിച്ചുള്ള പരീക്ഷണങ്ങളിലും തൽപ്പരനായിരുന്നു.
പഠനശേഷം നിക്കോളാ ടെസ് ലയുടെയും, മാർക്കോണിയുടെയും കമ്പനികളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും ഇയാൾ വന്നാൽ തങ്ങളുടെ സ്ഥാനം തെറിക്കുമോ എന്ന് ഭയപ്പെട്ട ചിലരുടെ ഇടപെടലുകൾ മൂലം അവിടങ്ങളിൽ നിന്നും തഴയപ്പെട്ടു.
എങ്കിലും പരിശ്രമ കുതുകിയായ ഫോറസ്റ്റ് ചിക്കാഗോയിലെ ലോക പ്രശസ്തമായ വെസ്റ്റൺ ഇലക്ട്രിക്കിൻ്റെ ടെലിഫോൺ ഡിവിഷനിൽ ജോലി നേടി.
തൻ്റെ ആദ്യകാല പ്രമുഖ കണ്ടുപിടുത്തങ്ങൾക്കെല്ലാം ഈ കമ്പനി ഉറച്ച പിൻതുണ നൽകിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫോൺ വെസ്റ്റൺ ഇലക്ട്രിക്കിനായി കണ്ട് പിടിച്ച് അദ്ദേഹം കമ്പനിയുടെ ഈ പിൻതുണയ്ക്ക് നന്ദി പ്രകടിപ്പിച്ചു.
1902 ൽ ഫോറസ്റ്റ് വെസ്റ്റൺ ഇലക്ട്രിക് വിട്ടു സുഹൃത്തായ അബ്രഹാം വൈറ്റുമായി ചേർന്ന് അമേരിക്കൻ ഡീ ഫോറസ്റ്റ് വയർലസ്സ് ടെലിഗ്രാഫ് എന്ന കമ്പനിയാരംഭിച്ചു.
ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ശാസ്ത്ര ശാഖയിൽ
മഹത്തായ 300 ൽ അധികം കണ്ടുപിടുത്തങ്ങൾക്കുടമയായ ലീ-ഡീ- ഫോറസ്റ്റ് 1961 ജൂൺ 30 ന് തൻ്റെ എൺപത്തിയെട്ടാം വയസിൽ ഭൂമിയിലെ വാസം വെടിഞ്ഞ് കോസ്മിക് സ്പേസിലേക്ക് പോയി...
സംഗീതം ആസ്വദിക്കുന്നവരും, ഇലക്ട്രോണിക്സ് ഉപജീവനമാർഗ്ഗമാക്കിയ ടെക്നീഷ്യൻമാരുമെല്ലാം ഇതിന്ന് വഴിയൊരുക്കിയ ആംപ്ലിഫയറിൻ്റെ ഉപജ്ഞാതാവായ L.D.F എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലീ - ഡീ- ഫോറസ്റ്റിനെ വല്ലപ്പോഴുമെങ്കിലും ഓർക്കണമേയെന്ന അപേക്ഷയോടെ ഒരു LDF ആരാധകൻ..അജിത് കളമശേരി.
No comments:
Post a Comment