PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Sunday, January 7, 2024

അഞ്ച് പൈസക്ക് അഞ്ച് പൈസ ലാഭം കിട്ടുന്ന ബിസിനസ്

അഞ്ച് പൈസക്ക് അഞ്ച് പൈസ 

ലാഭം കിട്ടുന്ന ബിസിനസ്

അജിത് കളമശേരി


 
അഞ്ച് പൈസക്ക് അഞ്ച് പൈസ ലാഭം കിട്ടുന്ന ബിസിനസ്

 ഒരു 1995 കാലഘട്ടം. കേരളത്തിലെ ഗ്രാമീണ മേഖലകളിലെങ്ങും വോൾട്ടേജ് ക്ഷാമം അതിരൂക്ഷമായിരുന്നു.

അന്ന് ഈ വോൾട്ടേജ് ക്ഷാമം മൂലം അരി മേടിച്ചിരുന്ന  ഒരു വിഭാഗം ടെക്നീഷ്യൻമാരുണ്ടായിരുന്നു. അവരാണ് സ്റ്റെപ്പ് അപ്പ് സ്റ്റെബിലൈസർ നിർമ്മാതാക്കൾ!

ഒരു മെറ്റൽ ക്യാബി നെറ്റ്, ഒരു മൾട്ടി ടാപ്പിങ്ങ് ഓട്ടോ ട്രാൻസ്ഫോർമർ, ഒരു വോൾട്ട് മീറ്റർ, ഒരു സ്വിച്ച് ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ സ്റ്റെപ്പ്അപ്പ് റഡി.

ഓ ... ഒരു കാര്യം വിട്ടു പോയി കട്ടോഫ് ബോർഡും റിലേയും!

സ്റ്റെപ്പ് അപ്പ് വോൾട്ടേജ് കൂടിയാൽ റിലേ കട്ടായി ബസർ അടിക്കും അപ്പോൾ നമ്മൾ സ്വിച്ച് തിരിച്ച് വോൾട്ടേജ് അഡ്ജസ്റ്റ് ചെയ്യണം..


ഈ കട്ടോഫ്  ബോർഡാണ്  സ്റ്റെപ്പ് അപ്പിൻ്റെ ഹൃദയം .ഇത് മോശമാണെങ്കിൽ ട്രാൻസ്ഫോർമർ പുകയും, കൊടുത്തിരിക്കുന്ന ഉപകരണം കത്തും!

അക്കാലത്ത് വിപണിയിൽ നല്ല കട്ടോഫ് ബോർഡുകൾ ലഭ്യമായിരുന്നില്ല. സ്ഥിരം നിർമ്മാതാക്കൾ PCBയൊക്കെ സ്വന്തമായി നിർമ്മിച്ച് ടാറൊക്കെ ഉരുക്കിയൊഴിച്ച് രഹസ്യം പുറത്ത് പോകാതെ  ഉപയോഗിക്കും. PCB പുറത്ത് കടകളിൽ ഇവ വിൽപ്പനയ്ക്ക് കൊടുക്കുകയുമില്ല.

അങ്ങനെയിരിക്കെ നല്ല ലാഭം കിട്ടുന്ന സ്റ്റെപ്പ് അപ്പ് നിർമ്മാണത്തിലേക്ക് കടന്നാലെന്തെന്നായി എൻ്റെ ചിന്ത. ഇതിനായി ട്രാൻസ്ഫോർമറുകൾ നിർമ്മിച്ച് നൽകുന്ന എറണാകുളം പദ്മജംങ്ങ്ഷനിൽ പവർ ട്രാൻസ്ഫോർമർ വൈൻഡിങ്ങ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ചോറ്റാനിക്കര സ്വദേശിയായ മനോഹരൻ ചേട്ടനെ സമീപിച്ചു.

മനോഹരൻ ചേട്ടൻ എനിക്കൊരു ഉപദേശം നൽകി എടാ നീ ഈ സ്റ്റെപ്പ് അപ്പ് ഒക്കെ ഉണ്ടാക്കി കൊടുത്താൽ ആരും അഞ്ചിൻ്റെ പൈസ തരില്ല നീ നിനക്കറിയാവുന്ന പണി ചെയ്യ് !


എന്ത് പണി?

എടാ മാർക്കറ്റിൽ നല്ല കട്ടോഫ്  ബോർഡില്ല നീ അതുണ്ടാക്ക് ഞാൻ തന്നെ മാസം 100 എണ്ണം വാങ്ങാം. പിന്നെ എറണാകുളം കോട്ടയം, തൃശൂർ, ആലപ്പുഴ ഒക്കെയുള്ള ഇലക്ട്രോണിക്സ് കടകളിൽ വിൽക്കാം....


എങ്ങനെ പോയാലും മാസം ഒരു ആയിരം കട്ടോഫ് വിൽക്കാം ഒരു കട്ടോഫ് ബോർഡിന് ചുരുങ്ങിയത് 20 രൂപ ലാഭം കിട്ടും ... അപ്പോൾ ഒരു മാസം എത്ര കിട്ടും?

ഞാനും ചോദിച്ചു എത്ര കിട്ടും?

1000 x 20 സമം ഇരുപതിനായിരം രൂപാ....

ഒരു ദിവസം മുഴുവൻ  കുത്തിയിരുന്ന് റേഡിയോ നന്നാക്കിയാൽ  തന്നെ 15 രൂപാ തന്നെ കിട്ടുന്ന കാര്യം സംശയമുള്ള കാലമാണ് അപ്പോഴാണ് മാസം ഇരുപതിനായിരം രൂപ


 നല്ല ഒരു സർക്യൂട്ട് കോപ്പിയടിച്ചു.അതിൻ്റെ PCB ഡിസൈൻ രൂപരേഖ കൈ കൊണ്ട് റഫ് വരച്ചു. ഒരു DTP ക്കാരനെ തപ്പിപ്പിടിച്ച് കോറൽ ഡ്രോ സോഫ്റ്റ് വെയറിൽ അത് വരച്ചെടുത്തു. അന്ന് PCB വരയ്ക്കുന്ന സോഫ്റ്റ് വെയറൊന്നുമില്ല.

എവിടുന്നൊക്കെയോ കുറച്ച് രൂപ സംഘടിപ്പിച്ച് തൃപ്പൂണിത്തുറ മലയർ പ്രോസസിൽ പോയി 500 PCB ഉണ്ടാക്കി മേടിച്ചു.

റോണി ഇലക്ട്രോണിക്സിൽ പോയി കമ്പോണെൻ്റുകൾ എല്ലാം വാങ്ങി  പിന്നെ രാവും പകലും അസംബ്ലിങ്ങോടസംബ്ലിങ്ങ് !


ഒരാഴ്ചയെടുത്ത് 100 പീസിബി പണിത് ടെസ്റ്റ് ചെയ്ത് പാക്കറ്റിലാക്കി. നേരേ ആദ്യം കിട്ടിയ ബസ്സിൽ കയറി  എറണാകുളത്തേക്ക്.

ഭാഗ്യം ഒരു സീറ്റ് കിട്ടി ഇരുന്ന പടിയേ ഒന്ന് മയങ്ങിപ്പോയി.
ഉറക്കത്തിൻ്റെ തിരശീലയിൽ ചില ദൃശ്യങ്ങൾ ഓടിത്തുടങ്ങി!

അന്നത്തെ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു ഉരുണ്ട ഹെഡ് ലൈറ്റുള്ള നീല മാരുതി ഓംനി .സിനിമകളിൽ കൊള്ളക്കാരും, ഗുണ്ടകളും സ്ഥിരമായി കൊണ്ടു നടന്നിരുന്ന വാഹനം!


എന്നെ പീഠിപ്പിക്കൂ എന്ന് വിളിച്ച് പറയും പോലെ കൂടെക്കൂടെ തിരിഞ്ഞ് നോക്കി ,ആവശ്യമില്ലാതെ പരിഭ്രമിച്ച് സന്ധ്യ മയങ്ങിയ നേരത്ത് ഒറ്റക്ക് നടക്കുന്ന സുന്ദരികളുടെ പുറകിൽ കീ കീ എന്ന ഒച്ചയോടെ സഡൻ ബ്രേക്കിട്ട് ചതക്ക് ,പതക്ക് എന്ന ശബ്ദത്തോടെ സ്ലൈഡിങ്ങ് ഡോറുകൾ വലിച്ച് തുറന്ന് നായികയെ  വണ്ടിക്കകത്തേക്ക് തള്ളിയിട്ട് പാഞ്ഞ് പോകുന്ന മാരുതി  ഓംനി ഏതൊരു കൊള്ളക്കാരൻ്റെയും സോറി കച്ചവടക്കാരൻ്റെയും സ്വപ്നമായിരുന്നു.

അത്തരമൊരെണ്ണം വാങ്ങി അതിൽ ഞാൻ അസംബിൾ ചെയ്യുന്ന PCB കൾ നിറച്ച് കേരളം മുഴുവനുള്ള ഇലക്ട്രോണിക്സ് കടകളിൽ സോൾഡർ ചെയ്ത ലെഡിൻ്റെ  ചൂട് മാറുന്നതിന് മുൻപ് എത്തിക്കുന്ന രംഗംങ്ങൾ ഞാൻ ബസ്സിലിരുന്ന് സ്വപ്നം കണ്ടു കൊണ്ടിരുന്നു.


ഞാൻ എൻ്റെ സ്വന്തം ഓംനിയിൽ പള്ളിമുക്കിലെ കടകൾക്ക് മുന്നിൽ എത്തുന്നു... വണ്ടി നിറുത്തുന്നതിന് മുന്നേ കടക്കാർ ചാടി വീഴുന്നു .. മുഴുവൻ സ്റ്റോക്കും ഉടനെ തീരുന്നു. കടക്കാർ എനിക്ക് റഡി ക്യാഷ് തരുന്നു.. കടക്കാർ എന്നോട് വാങ്ങിയ കട്ടോഫ് PCB അവർ  അലമാരിയിൽ ഡിസ്പ്ലേക്ക് പോലും  നിരത്തും മുമ്പ് തന്നെ കടയിൽ ക്യൂ നിൽക്കുന്ന സ്റ്റെപ്പ്അപ്പ് നിർമ്മാതാക്കൾ  ചോദിക്കുന്ന വില നൽകി എൻ്റെ ബോർഡ് വാങ്ങുന്നു അതുമായി അവരവരുടെ സർവ്വീസ് സെൻ്ററിലേക്കോട്ടുന്നു ...
സ്റ്റെപ്പ് അപ്പ് ഉണ്ടാക്കുന്നു.  വീണ്ടും എൻ്റെ PCBവാങ്ങാൻ ഷോപ്പിലേക്കോടുന്നു....

പള്ളി മുക്കെത്തി പരിചയക്കാരൻ കണ്ടക്റ്റർ എന്നെ വിളിച്ചുണർത്തി.
അപ്പോഴും ബസ്സിൽ വച്ച് കണ്ട ദിവാസ്വപ്നത്തിൻ്റെ ഹാങ്ങോവർ മാറാത്ത
ഞാൻ എൻ്റെ കയ്യിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയിലേക്ക് നോക്കി.വെറും നൂറെണ്ണം!

ഹോ ഈ ഉണ്ടാക്കിയതൊന്നും പോര ഉടനെ ഒരു ആയിരം PCB കൂടി വേണ്ടിവരും! ഇത് കൊടുക്കുമ്പോൾ കിട്ടുന്ന കാശിന് മുഴുവൻ സ്പെയറുകളും വാങ്ങി ഉടനെ ബാക്കിയിരിക്കുന്ന PCB കൂടി ചെയ്യണം !
ഞാൻ വലതുകാൽ വച്ച് ഒരു പരിചയക്കാരൻ്റെ ഷോപ്പിലേക്ക് കയറി..കട്ടോഫ്  ബോർഡ് എത്ര കൊണ്ടു വന്നാലും എടുക്കാം എന്ന് ഓഫർ തന്നയാളാണ്.

ഞാൻ സഞ്ചിയിൽ നിന്ന് എൻ്റെ PCB ഒരെണ്ണംഎടുത്ത് ഐശ്വര്യമായി അങ്ങേരുടെ കയ്യിലേക്ക് കൊടുത്തു.

സൊസൈറ്റിയിലെ  അപ്രൈസർ  നമ്മൾ സ്വർണ്ണം പണയം വയ്ക്കാൻ ചെല്ലുമ്പോൾ നോക്കുന്നത് പോലെ ഒര് ലെൻസ് ഒക്കെ എടുത്ത് വച്ച് എൻ്റെ PCB യുടെ ഗുണമേൻമാ പരിശോധന പുള്ളിക്കാരൻ ആരംഭിച്ചു.

അൽപ്പനേരത്തെ ഗവേഷണത്തിന് ശേഷം ആരോടെന്നില്ലാതെ അന്തരീക്ഷത്തിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു.

റസിസ്റ്റർ  10 എണ്ണം ഒരു രൂപ
കപ്പാസിറ്റർ 3 എണ്ണം ഒന്നര രൂപ
പ്രീ സെറ്റ് ഒരു രൂപ
PCB ഒരെണ്ണം രണ്ടര രൂപ
റിലേ ഒരെണ്ണം 10 രൂപ
ട്രാൻസിസ്റ്റർ 3 എണ്ണം ഒന്നര രൂപ
പണിക്കൂലി രണ്ടര രൂപ
മൊത്തം 20 രൂപ.
എത്രയെണ്ണം കൊണ്ടു വന്നിട്ടുണ്ട് ?

എൻ്റെ ചീട്ട് കൊട്ടാരം സെക്കൻഡുകൾ കൊണ്ട് തകർന്നു വീണു. എന്തൊക്കെയായിരുന്നു എൻ്റെ മനസിൽ!
ഒരു PCB യിൽ നിന്ന് 20 രൂപ ലാഭം മാസം ഇരുപതിനായിരം രൂപാ.....കുന്തം കൊടച്ചക്രം

എല്ലാം പോയ് പോച്ച്!

20 രൂപയ്ക്ക് PCBവിറ്റാൽ വണ്ടിക്കൂലി പോലും കിട്ടില്ല. വേണ്ട ഈ പണിക്ക് പോയാൽ കുടുംബം തറവാടാകും.

എത്രയെണ്ണം കൊണ്ടു വന്നിട്ടുണ്ട് എന്ന ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞു. സാമ്പിൾ മാത്രമേയുള്ളൂ..
ഓ ശരി എന്നാൽ ഉണ്ടാക്കുമ്പോൾ ഒരു നൂറ് പീസ് കൊണ്ട് പോര്.OK ചേട്ടാ ഞാൻ സാമ്പിളും തിരിച്ച് വാങ്ങി അവിടെ നിന്നിറങ്ങി.

എന്നെ ഈ കുഴിയിലേക്ക് ചാടിച്ച മനോഹരൻ ചേട്ടൻ്റെ അടുത്തേക്ക് ചെന്നാൽ പുള്ളി ഇത് മുഴുവൻ അവിടെ മേടിച്ച് വയ്ക്കും. കാശ് പിന്നെ അഞ്ചും പത്തുമായി മാത്രമേ കിട്ടൂ.. അതിനാൽ അങ്ങോട്ടും പോയില്ല.

അങ്ങനെ ചവറ് കത്തിച്ചതിൽ ചികഞ്ഞപ്പോൾ കാല് വെന്ത കോഴിയെപ്പോലെ എറണാകുളം പള്ളിമുക്കിലൂടെ ലക്ഷ്യമില്ലാതെ നടന്നുകൊണ്ടിരിന്ന എന്നെ ഒരാൾ വിളിച്ചത്. എന്താടാ സഞ്ചിയിൽ വല്ല അക്രി പെറുക്കിയതുമാണോ?

പള്ളിമുക്കിൽ ട്രാൻസ്‌ഫോർമർ വൈൻഡിങ്ങ് നടത്തുന്ന ശശിച്ചേട്ടനാണ്. ഞാൻ കാര്യമെല്ലാം പറഞ്ഞു.


ശശിച്ചേട്ടൻ എന്നോട് ചോദിച്ചു എന്ത് വിലയ്ക്കാണ് നീ ഇത് കടക്കാർക്ക് കൊടുക്കാൻ പോകുന്നത് ? ഞാൻ പറഞ്ഞു 25 രൂപ മുടക്കായി ഒരെണ്ണം ഒരു 40 രൂപയ്ക്ക് കടയിൽ കൊടുക്കും കടക്കാർ അത് 50 ന് വിൽക്കണം..

എന്നാൽ നീ ഒരു 10 ബോർഡ് ഇവിടെ വച്ചേക്ക് കട്ടോഫ് PCB നല്ലത് കിട്ടാനില്ല ശശിച്ചേട്ടൻ പറഞ്ഞു. 10 എണ്ണത്തിൻ്റെ വിലയായി 400 രൂപ ഉടൻ തരുകയും ചെയ്തു.

ഞാൻ എൻ്റെ സഞ്ചി ശശിച്ചേട്ടൻ്റെ വർക്ക്ഷോപ്പിൽ വച്ച് ശ്രീധർ തീയേറ്ററിൽ പോയി ഒരു പടത്തിന് കയറി... വൈകുന്നേരം പടമൊക്കെ കഴിഞ്ഞ് അവിടെയും ഇവിടെയും നോക്കി നിന്ന് തിരികെ ശശിച്ചേട്ടൻ്റെ ഷോപ്പിൽ എത്തിയപ്പോൾ ഞാൻ വച്ച സ്ഥലത്ത് എൻ്റെ സഞ്ചി കാണാനില്ല.. ശശിച്ചേട്ടൻ്റെ മുഖത്ത് പതിവ് നിഷ്കളങ്കമായ ചിരി...
വാടാ വാ ചായ കുടിക്കാം ഞങ്ങൾ പുള്ളിക്കാരൻ്റെ ഇലക്ട്രോ വൈൻഡ് എന്ന ഷോപ്പിൻ്റെ എതിർ വശമുള്ള ഹോട്ടൽ ഉണ്ണികൃഷ്ണയിലേക്ക് കയറി... ചായ കുടിക്കുന്നതിനയിൽ പുള്ളി പറഞ്ഞു. എടാ PCB സഞ്ചിയടക്കം വിറ്റു.. ട്രാൻസ്ഫോർ മേടിക്കാൻ വന്നവരെയെല്ലാം ഞാനാ PCB കാണിച്ചു എല്ലാവരും പതിപ്പത്ത് വീതം കൊണ്ടുപോയിട്ടുണ്ട്.

 ഇന്നാ നിൻ്റെ കാശ് ശശിച്ചേട്ടൻ കുറേ രൂപ എൻ്റെ നേരേ നീട്ടി.

ഞാനാ രൂപയും വാങ്ങി നേരേ വീട്ടിലേക്കുള്ള വണ്ടി പിടിച്ചു.
വണ്ടിയിലിരുന്നപ്പോൾ മനസിൽ അന്നത്തെ എൻ്റെ ബിസിനസിൻ്റെ തുടക്കവും ഒടുക്കവുമായിരുന്നു.

രാവിലെ 20 രൂപയ്ക്ക് PCB വിറ്റിരുന്നെങ്കിൽ? എൻ്റെ കമ്പനി അതോടെ പൂട്ടിയേനെ! ഇപ്പോളിതാ അടുത്ത ലോട്ട് പ്രൊഡക്റ്റ് ഇറക്കാനുള്ള പ്ലൻ്റി മണി പോക്കറ്റിൽ.. 

 

 

നമ്മളുടെ ഓരോ ഉൽപ്പന്നത്തിനും യഥാർത്ഥ ആവശ്യക്കാരും, യഥാർത്ഥ വിപണിയുമുണ്ട്. അത് കണ്ടെത്തി കച്ചവടം നടത്തണം. ഇല്ലെങ്കിൽ കമ്പനി എപ്പോൾ പൂട്ടിയെന്ന് കരുതിയാൽ മതി.

ഈ കഥ എഴുതാൻ കാരണം ഇന്ന് നമ്മളുടെ ഇലക്ട്രോണിക്സ് വിപണി അസംബിൾഡ് ബോർഡുകൾ കൊണ്ട് നിറഞ്ഞ് കവിഞ്ഞിട്ടും വെറും പത്തോ നൂറോ രൂപ മാത്രം ലാഭം പ്രതീക്ഷിച്ച് ആംപ്ലിഫയർ ,പ്രീആംപ്ലിഫയർ, സബ് ഫിൽറ്റർ, ബേസ് ആൻഡ് ട്രബിൾ അസംബിൾഡ് ബോർഡുകൾ ഇറക്കുന്ന കൂട്ടുകാരുടെ ഗതികേട് കണ്ടാണ്.

 പാട്ടിനോടുള്ള താൽപ്പര്യം കൊണ്ടും, ഒരു ഇലക്ട്രോണിക്സ് നിർമ്മാതാവ് എന്ന ഗമ ചുളുവിൽ കൈക്കലാക്കുന്നതിന് വേണ്ടിയും അറിയാവുന്ന പണിയൊക്കെ മാറ്റിവച്ച് ഭാര്യയുടെ കെട്ട് താലി പണയം വച്ചും, കടം വാങ്ങിയും കുറേ കാശ് സംഘടിപ്പിച്ച് ഏതെങ്കിലും തലയ്ക്കകത്ത് ആള് താമസമുള്ളവൻ നിർമ്മിച്ചിറക്കിയ PCB കോപ്പിയടിച്ച് കുറേ ബോർഡുകൾ നിർമ്മിക്കും.

ബോർഡുകൾ നിർമ്മിക്കാനായി വാങ്ങുന്ന  സ്പെയറുകളുടെ കാര്യം അതിലും കഷ്ടം. കേരളത്തിലെ ലോക്കൽ മാർക്കറ്റുകളിൽ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കൾക്കായി ഒറിജിനൽ സ്പെയറുകൾ ലഭിക്കുന്ന കടകൾ വളരെ പരിമിതമാണ്. ഏറിയ പങ്കും ചാത്തൻ ചൈനീസ് സ്പെയറുകൾ മാത്രമേ ലഭിക്കൂ. നല്ല ക്വാളിറ്റി ചൈനീസ് സ്പെയറുകൾക്ക് നല്ല വില കൊടുക്കണം.


കസ്റ്റമർമാർ 5 രൂപ വില കുറഞ്ഞാൽ അത് വാങ്ങാൻ പോകും എന്നതിനാൽ വില കൂടിയ സ്പെയർ വാങ്ങിയാൽ അതിട്ട് പണിയുന്ന ബോർഡുകൾ വിറ്റ് മുതലാക്കാൻ പറ്റില്ല.

കഷ്ടപ്പെട്ട് അസംബിൾ ചെയ്ത ബോർഡുകളുമായി  ഷോപ്പുകളിലെത്തുമ്പോൾ അവർ ഞാൻ കഥയിൽ പറഞ്ഞ പോലെ കണക്ക് കൂട്ടി അതിൻ്റെ ജാതകം നിശ്ചയിക്കും. വേറേ ഗതിയില്ലാത്തതിനാൽ ഉണ്ടാക്കിയതെല്ലാം അവിടെ കൊടുത്ത് തിരിച്ച് പോരും.

പിന്നീട് നടന്ന് നടന്ന് ഇഷ്ടം പോലെ ആരോഗ്യവും കിട്ടും, തേഞ്ഞ ചെരുപ്പുകൾ വിറ്റ് ചായയും കുടിക്കാം...

 ഇൻസ്റ്റാം ഗ്രാം, ഫേസ് ബുക്ക്, വാട്സാപ്പ്, യൂട്യൂബ് എന്നിവയിൽ കൂടി കുറച്ചെണ്ണം വിൽക്കും. നെഗറ്റീവും പോസിറ്റീവും തിരിച്ചറിയാത്ത കുറേ പിള്ളേർ ഈ  ബോർഡുകൾ വാങ്ങി കത്തിച്ച് പുകച്ച് കൊതുകിനെ ഓടിച്ച ശേഷം സോഷ്യൽ മീഡിയ മുഴുവൻ നെഗറ്റീവ് കമൻ്റിട്ട് നാറ്റിക്കും.


അപ്പോഴേക്കും ഭാര്യ ചവിട്ടിപ്പുറത്താക്കിയതിനാൽ വീടിൻ്റെ ചായ്പ്പിലായിരിക്കും കിടപ്പ് .. എന്തൊക്കെ തെറി ആരെല്ലാം പറഞ്ഞാലും അതൊന്നും ഏശാത്ത വിധം തൊലിക്കട്ടി വർദ്ധിച്ചിരിക്കുന്നതിനാൽ ചൂടോ തണുപ്പോ അറിയില്ല. എന്തിന് കൊതുക് കടിച്ചാൽ ചൊറിച്ചിൽ പോലും വരില്ല.


അതിനാൽ പ്രീയ കൂട്ടുകാരെ നിങ്ങൾ നിർമ്മിക്കുന്ന ബോർഡുകൾ വച്ച് ഫിനിഷ്ഡ് പ്രൊഡക്റ്റുകൾ ഇറക്കുക അതിലൂടെയേ വല്ല മെച്ചവും കിട്ടൂ. ഇന്ന് വിപണിയിലുള്ള പ്രസിദ്ധ അസംബിൾഡ് PCB നിർമ്മാതാക്കൾ എല്ലാവരും സ്വന്തമായി ഫിനിഷ്ഡ് ഓഡിയോസിസ്റ്റങ്ങൾ ഇറക്കുന്നുണ്ട്.

ബോർഡ് വിറ്റ് കാശുണ്ടാക്കാൽ അത്ര എളുപ്പമല്ല. കടയിൽ കൊടുത്താൽ കടം പോകും.നൂറ് വാട്ടിൻ്റെ നൂറ് അസംബിൾഡ് ബോർഡ് ഇറക്കാൻ ചുരുങ്ങിയത് ഒരു ലക്ഷം രൂപ കയ്യിൽ വേണം.. ഈ തുകയുടെ പലിശ പോലും ഇത് നിർമ്മിച്ച് വിറ്റാൽ ലാഭം കിട്ടണമെന്നുമില്ല.

അഞ്ച് പൈസക്ക് അഞ്ച് പൈസ ലാഭം കിട്ടുന്ന ബിസിനസിന് മാത്രമേ ഇറങ്ങിപ്പുറപ്പെടാവൂ. ചേട്ടാ പോകല്ലേ ഈ അഞ്ചു പൈസാക്കഥ പറഞ്ഞില്ല.

ഓ ശരി അത് മറന്നു.പണ്ട് പണ്ടൊരു കാലം അന്ന് നാട്ടിലും വീട്ടിലും, സ്കൂൾ പരിസരത്തുമൊക്കെ  ചെറിയ അമൂൽ പാട്ടയിൽ കപ്പലണ്ടി വിൽക്കുന്ന ചിലരെ കാണാമായിരുന്നു.

വല്യ അവധിക്ക് സ്കൂളടച്ചപ്പോൾ ഞങ്ങൾ ചില കൂട്ടുകാരും അണ്ടിക്കച്ചവടം നടത്താൻ തീരുമാനിച്ചു. ഒരുത്തൻ പറഞ്ഞു അണ്ടിക്കച്ചവടം നഷ്ടമാ.. നമുക്ക് റബർ കാ പെറുക്കി വിൽക്കാം.. പോടാ അണ്ടിക്കച്ചവടം ലാഭമാ ആ മോഹനൻ ചേട്ടൻ എല്ലാ സ്കൂളടപ്പിനും കപ്പലണ്ടി കച്ചവടം ചെയ്ത് എന്നാ കാശാ ഉണ്ടാക്കുന്നത്.

എന്നാൽ നേരിട്ട് ചോദിച്ച് കളയാം ഇപ്പോൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥനും എൻ്റെ സുഹൃത്തുമായ കാലായിൽ മോഹനനെ കണ്ട് കച്ചവടം എങ്ങിനെയുണ്ടെന്ന് ചോദിച്ചു.


അങ്ങേര് പറഞ്ഞു  എന്തോ പറയാനാ.. അഞ്ച് പൈസക്ക് വിറ്റാൽ അഞ്ച് പൈസ ലാഭം കിട്ടും. വല്യ മെച്ചമൊന്നുമില്ല.

ഓ അത് ശരി എന്നാ നമ്മുക്ക് കപ്പലണ്ടിക്കച്ചവടം വേണ്ട അഞ്ച് പൈസ ലാഭം കിട്ടിയിട്ട് എന്താകാനാ?

#അജിത്_കളമശേരി .

 

No comments:

Post a Comment