എല്‍ ഇ ഡി ബള്‍ബുകളുടെ രഹസ്യങ്ങള്‍
ഏറ്റവും കുറഞ്ഞ വൈദ്യുതിയില്‍ ഏറ്റവും കൂടുതല്‍ പ്രകാശം തരുന്ന ബള്‍ബേത്? ഈ ചോദ്യം പലരും ചോദിച്ചുതുടങ്ങിയിട്ട് കാലമേറെയായി. വിറകു കത്തിച്ചു തീയുണ്ടാക്കുന്ന ഇടം മുതല്‍ ഇപ്പോള്‍ എല്‍ ഇ ഡി വരെ എത്തിനില്‍ക്കുന്നു വെളിച്ചത്തിനായുള്ള മനുഷ്യരുടെ ശ്രമം. നമ്മള്‍ കൊടുക്കുന്ന ഊര്‍ജ്ജത്തെ എത്രത്തോളം മികവോടെ പ്രകാശമാക്കി മാറ്റാന്‍ കഴിയുന്നു എന്നതാണ് ഒരു ബള്‍ബിന്റെ കഴിവിനെ സൂചിപ്പിക്കുന്നത്.
ലൂമന്‍/വാട്ട് എന്ന അളവുകോലുപയോഗിച്ചാണ് ഈ മികവിനെ അളക്കുന്നത്. ഇക്കാര്യത്തില്‍ ഒരു മെഴുകുതിരിയുടെ കഴിവ് വളരെയേറെ താഴെയാണ്. വെറും 0.3ലൂമന്‍/വാട്ട് മാത്രം. നാം ഉപേക്ഷിച്ചു തുടങ്ങിയ ടംങ്സ്റ്റന്‍ ഫിലമെന്റുള്ള ബള്‍ബ് (ഇന്‍കാന്‍ഡസന്റ് ബള്‍ബ്) മെഴുകുതിരിയെക്കാള്‍ ഇക്കാര്യത്തില്‍ മികവേറിയതാണ്. ഏതാണ്ട് 6ലൂമന്‍/വാട്ട് മുതല്‍ 15ലൂമന്‍/വാട്ട് വരെയൊക്കെ കൊടുക്കുന്ന ഊര്‍ജ്ജത്തെ നമുക്കു കാണാവുന്ന പ്രകാശമാക്കി അങ്ങേര്‍ മാറ്റിത്തരും. ഫ്ലൂറസന്റ് ബള്‍ബുകള്‍ (റ്റ്യൂബ്-ലൈറ്റുകള്‍) വന്നതോടെയാണ് ഇക്കാര്യത്തില്‍ ഏറെ മുന്നേറ്റമുണ്ടായത്.
60ലൂമന്‍/വാട്ട് വരെയൊക്കെ ശേഷി പഴയ വലിപ്പംകൂടിയ റ്റ്യൂബ്‍ലൈറ്റുകള്‍ പ്രകടമാക്കിയിരുന്നു. വണ്ണംകുറഞ്ഞ റ്റ്യൂബ്‍ലൈറ്റുകളും ഇലക്ട്രോണിക് ബല്ലാസ്റ്റും (ഇലക്ട്രോണിക് ചോക്ക്) വന്നതോടെ ഈ ശേഷി 100ലൂമന്‍/വാട്ട് വരെയൊക്കെ ആവുകയും ചെയ്തു. T5 എന്ന പേരിലാണ് ഇത്തരം വണ്ണംകുറഞ്ഞ റ്റ്യൂബ്‍ലൈറ്റുകള്‍ അറിയപ്പെടുന്നത്.
ഇതേ കാലഘട്ടത്തിലാണ് ഫ്ലൂറസന്റ്ബള്‍ബുകളെ 'ചുരുട്ടിക്കെട്ടാ'നുള്ള ശ്രമങ്ങള്‍ അരങ്ങേറിയത്. അതോടെ കോംപാക്റ്റ് ഫ്ലൂറസന്റ് വിളക്കുകള്‍ എന്ന സി എഫ് എല്‍ രംഗപ്രവേശം ചെയ്തു. 40ലൂമന്‍/വാട്ട് മുതല്‍ 75ലൂമന്‍/വാട്ട് വരെയൊക്കെ പ്രകാശകാര്യശേഷി ഇവര്‍ പ്രകടിപ്പിച്ചു. വലിയ റ്റ്യൂബ്‍ലൈറ്റുകളെ സാധാരണ ബള്‍ബിടുന്ന ഇടങ്ങളിലേക്കു ചുരുക്കി എന്നതു മാത്രമാണ് സി എഫ് എല്‍ വിളക്കുകളുടെ ഗുണം. T5നിലവാരത്തിലുള്ള റ്റ്യുബ്‍ലൈറ്റുകളെ വെല്ലാന്‍ CFLകള്‍ക്കു സാധിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഊര്‍ജ്ജത്തെ പ്രകാശമാക്കി മാറ്റുന്ന കാര്യത്തില്‍ ഏറെ മുന്നേറ്റം നടത്തിയ ഒരാള്‍ നമ്മുടെ റോഡുകളില്‍ പണ്ടേ നില്‍ക്കുന്നുണ്ട്. സോഡിയം വേപ്പര്‍ വിളക്കുകള്‍. അടിസ്ഥാനപരമായ് ഗ്യാസ് ഡിസ്ചാര്‍ജ് വിളക്കുകളുടെ ഗണത്തിലാണ് ഇവര്‍ വരിക. ഏതാണ്ട് 100ലൂമന്‍/വാട്ട് മുതല്‍ 200ലൂമന്‍/വാട്ട് വരെ പ്രകാശകാര്യശേഷി ഇവര്‍ പ്രകടിപ്പിക്കുന്നു. ഊര്‍ജ്ജത്തെ പ്രകാശമാക്കുന്നതില്‍ ഏറെ മികച്ചവരെങ്കിലും മനുഷ്യരെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ ഒരു പ്രകാശമല്ല സോഡിയം വേപ്പര്‍ വിളക്കുകള്‍ തരുന്നത്. രണ്ടേ രണ്ടു നിറങ്ങളിലുള്ള പ്രകാശമാണ് ഇവയില്‍നിന്നും മുഖ്യമായും പുറത്തുവരിക. മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍കഴിയാത്തത്ര 'വ്യത്യാസ'മുള്ള രണ്ടു മഞ്ഞ നിറങ്ങള്‍! താഴെ നില്‍ക്കുന്ന ഏതെങ്കിലും വസ്തുവിന്റെ നിറം മനസ്സിലാക്കാന്‍ ഈ പ്രകാശം പര്യാപ്തമല്ല എന്നതാണ് ഇവയെ വഴിവിളക്കുകളില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയത്.
അങ്ങനെയിരിക്കുമ്പോഴാണ് എല്‍ ഇ ഡിയുടെ രംഗപ്രവേശം. വെളുത്തനിറത്തിലുള്ള പ്രകാശം തരുന്ന ആദ്യകാല എല്‍ ഇ ഡികള്‍ പ്രകാശം ഉണ്ടാക്കുന്ന കാര്യത്തില്‍ അത്ര മികവൊന്നും പ്രകടിപ്പിച്ചിരുന്നില്ല. 15 - 25ലൂമന്‍/വാട്ട് ഒക്കെയായിരുന്നു അവരുടെ കാര്യശേഷി. എന്നാല്‍ 2000ത്തിനു ശേഷം വെളുത്ത എല്‍ ഇ ഡികളുടെ ഗവേഷണം കാര്യമായി നടക്കുകയും 2010ഓടെ ഗണ്യമായ വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടാവുകയും ചെയ്തു. 150ലൂമന്‍/വാട്ട് ശേഷിയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ വരെ ഇക്കാലയളവില്‍ പല കമ്പനികളുടെയും ഗവേഷണശാലകളില്‍ പരീക്ഷിക്കപ്പെട്ടു. 100ലൂമന്‍/വാട്ട് ശേഷിയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ 2010നു ശേഷം ചില കമ്പനികള്‍ വിപണിയില്‍ ഇറക്കുകയും ചെയ്തു. തൊട്ടാല്‍ പൊള്ളുന്ന വിലയായിരുന്നു അക്കാലത്ത് ഇത്തരം ബള്‍ബുകള്‍ക്ക്.
എന്നാല്‍ 2015മുതല്‍ ഈ പൊള്ളല്‍ പതിയെ കുറഞ്ഞുതുടങ്ങുന്ന കാഴ്ച കണ്ടുതുടങ്ങിയിരിക്കുന്നു. Cree എന്ന കമ്പനിയാണ് എല്‍ ഇ ഡി ഗവേഷണങ്ങളില്‍ ഏറെ മുന്നോട്ടുപോയവര്‍. ഈയിടെ 300ലൂമന്‍/വാട്ട് ഉള്ള എല്‍ ഇ ഡി ഇവര്‍ ഗവേഷണശാലയില്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. ഒരു എല്‍ ഇ ഡിക്ക് താത്വികമായി കഴിയാവുന്ന ഏറ്റവും ഉയര്‍ന്ന പരിധിയോട് തൊട്ടടുത്താണ് ഈ കാര്യക്ഷമത. ഉയര്‍ന്ന പവര്‍ ഉള്ള എല്‍ ഇ ഡികളുടെ കാര്യത്തില്‍ പക്ഷേ പ്രായോഗികമായി 150ലൂമന്‍/വാട്ട് എന്ന നിലയില്‍നിന്നും ഒരു കമ്പനിയും ഇതുവരെ മുന്നോട്ടുപോയിട്ടില്ല. 100ലൂമന്‍/വാട്ട് മുതല്‍ 120ലൂമന്‍/വാട്ട് വരെ ഉള്ള എല്‍ ഇ ഡികള്‍ ഇപ്പോള്‍ വിപണിയില്‍ ഇഷ്ടംപോലെ ലഭ്യമാണ്.
അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 150 - 200ലൂമന്‍/വാട്ട് ഒക്കെ പ്രകാശശേഷിയുള്ള എല്‍ ഇ ഡി വിളക്കുകള്‍ വിപണികളിലെത്തും എന്നു തന്നെ കരുതാം.
100ലൂമന്‍/വാട്ട് ശേഷിയുള്ള ഒരു 12വാട്ട് എല്‍ ഇ ഡി ബള്‍ബിന് ഇപ്പോള്‍ വിപണിയില്‍ 500 മുതല്‍ 1000രൂപ വരെ വില വരും. പ്രമുഖ കമ്പനികളുടെയെല്ലാം എല്‍ ഇ ഡി ബള്‍ബുകള്‍ക്ക് 100ലൂമന്‍/വാട്ട് ശേഷിയുണ്ട്. മത്സരത്തിന്റെ പരകോടിയിലെത്തി നില്‍ക്കുന്ന ഓണ്‍ലൈന്‍ വിപണി എല്‍ ഇ ഡികളുടെ വില കുറയ്ക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട് എന്നു പറയാം. 120ലൂമന്‍ പ്രകാശം നല്‍കുന്ന 12വാട്ട് എല്‍ ഇ ഡിക്ക് 150രൂപയില്‍ത്താഴെ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്.
വാട്ടേജ് നോക്കി എല്‍ ഇ ഡി വാങ്ങുന്നതില്‍ വലിയ അര്‍ത്ഥമില്ല. പ്രകാശത്തിന്റെ കാര്യത്തില്‍ നോക്കേണ്ടത് ഒരു വാട്ട് വൈദ്യുതിയില്‍ എത്ര ലൂമന്‍ ലഭിക്കും എന്നതു തന്നെയാണ്. 100ലൂമന്‍/വാട്ട് മുതല്‍ 120ലൂമന്‍/വാട്ട് വരെയുള്ള എല്‍ ഇ ഡികള്‍ പ്രമുഖ കമ്പനികളെല്ലാം ഇറക്കുന്നുണ്ട്. ചൈനീസ് എല്‍ ഇ ഡി ബള്‍ബുകള്‍ പരാജയപ്പെടുന്നത് ഇവിടെയാണ്. അത്തരം റേറ്റിങുകള്‍ അത്തരം എല്‍ ഇ ഡികളുടെ കവറില്‍പ്പോലും ഉണ്ടാവില്ല. വില കുറവാണെന്നതുപോലെ തന്നെ പ്രകാശവും കുറവാണ്.
മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് CRI എന്ന Color Rendering Index. വസ്തുക്കളുടെ നിറം എത്ര നന്നായി കാണിക്കാന്‍ വെളിച്ചത്തിനു കഴിയുന്നു എന്ന സൂചകമാണിത്. CRI 100 ആണെങ്കില്‍ ഏറ്റവും മികച്ചത്. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ നമുക്കു കിട്ടുന്ന മിക്ക എല്‍ ഇ ഡികളും CRI വളരെ താഴെയാണ്, പ്രത്യേകിച്ചും ചൈനീസ് എല്‍ ഇ ഡികള്‍. CRI 80ല്‍ താഴെയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ നാം ഉദ്ദേശിച്ച ഫലം നല്‍കില്ല. 80നു മുകളിലുള്ളത് പെട്ടെന്നു കിട്ടാനുമില്ല. മിക്കവരും CRI 80 തന്നെയാണ് റേറ്റിങ് നല്‍കിയിരിക്കുന്നത്. ചുരുങ്ങിയത് ഇത്രയെങ്കിലും CRI ഉള്ള എല്‍ ഇ ഡി ബള്‍ബുകള്‍തന്നെ വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
കളര്‍ടെംപറേച്ചറും പ്രധാനമാണ്. ഇത് കെല്‍വിനിലാണ് പറയാറ്. പഴയ ഇന്‍കാന്‍ഡസന്റ് ബള്‍ബുകള്‍ ഒരു തരം മഞ്ഞവെളിച്ചം നല്‍കുന്നവയായിരുന്നു. അതേ തരത്തില്‍ പ്രകാശം നല്‍കുന്ന എല്‍ ഇ ഡികളും ലഭ്യമാണ്. റ്റ്യൂബ്‍ലൈറ്റുപോലെ പകല്‍വെളിച്ചം നല്‍കുന്ന എല്‍ ഇ ഡികളും ലഭ്യമാണ്. പകല്‍വെളിച്ചത്തോട് അടുത്തുനില്‍ക്കുന്ന വെളിച്ചം വേണമെങ്കില്‍ 5500K യോ അതിനു മുകളിലോ കളര്‍ടെംപറേച്ചര്‍ ഉള്ളവ തിരഞ്ഞെടുക്കണം. 6500K ഉള്ള എല്‍ ഇ ഡി ബള്‍ബുകളാണ് കൂടുതലായും ലഭ്യമായിട്ടുള്ളത്.
ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു മുറിയില്‍ത്തന്നെ ഒന്നിലധികം എല്‍ ഇ ഡി ബള്‍ബുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോഴാണ്. ഒരേ കളര്‍ടെംപറേച്ചറും CRI റേറ്റിങും ഉള്ള എല്‍ ഇ ഡികള്‍ തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ഒരു ഇന്‍കാന്‍ഡസന്റ് ബള്‍ബും റ്റ്യൂബ്‍ലൈറ്റും ഒരു മുറിയില്‍ ഒരുമിച്ചുപയോഗിച്ചാല്‍ ഉണ്ടാകുന്ന അസ്വസ്ഥത ഇവിടെയും ഉണ്ടാകും.
എല്‍ ഇ ഡി ബള്‍ബുകളുടെ വലിപ്പം വളരെ കുറവാണ്. എന്നാല്‍ അവ പുറത്തുവിടുന്നതോ വളരെക്കൂടുതല്‍ പ്രകാശവും. അതിനാല്‍ത്തന്നെ ബള്‍ബുകളിലേക്ക് നോക്കുക അത്ര സുഖകരമായ ഒരു കാര്യമല്ല. അതിതീവ്രമായ പ്രകാശംമൂലം മിക്ക ബള്‍ബുകളിലേക്കും നോക്കാനേ കഴിയില്ല. ഇതു പരിഹരിക്കാനുള്ള ഒരു മാര്‍ഗം എല്‍ ഇ ഡി റ്റ്യൂബ്‍ലൈറ്റുകള്‍ ഉപയോഗിക്കുകയെന്നതാണ്. കൂടുതല്‍ പ്രതലവിസ്തീര്‍ണമുണ്ട് റ്റ്യൂബ്‍ലൈറ്റുകള്‍ക്ക്. അതിനാല്‍ ലൈറ്റിലേക്കു നോക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാകും. മാത്രമല്ല ചെറിയ വസ്തുക്കളുടെ നിഴലുകള്‍ ഒഴിവാക്കാനും കഴിയും.
1800ലൂമന്‍ മുതല്‍ 2600ലൂമന്‍വരെ പ്രകാശമുള്ള റ്റ്യൂബ്‍ലൈറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. 300രൂപ മുതല്‍ ഇവ ലഭ്യമാണിപ്പോള്‍.
ഇനി ഒരു കാര്യംകൂടി പറയാം. ഒരു വാട്ട് വൈദ്യുതിയില്‍ 100മുതല്‍ 120വരെ ലൂമനാണ് ഇപ്പോഴത്തെ എല്‍ ഇ ഡികളുടെ ശേഷി. ഈ ശേഷി നിരന്തരം കൂട്ടിക്കൊണ്ടിരിക്കുകയുമാണ് കമ്പനികള്‍. എന്നാല്‍ ഇങ്ങനെ പ്രകാശശേഷി കൂട്ടാന്‍ തുടങ്ങിയാല്‍ അതെവിടെ വരെ പോകും? 1000ലൂമന്‍/വാട്ട് ഒക്കെയുള്ള ബള്‍ബുകള്‍ ഉണ്ടാവുമോ? സ്വാഭാവികമായ സംശയം. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ഇല്ല എന്നു തന്നെയാണ് ഉത്തരം . ഒരു വാട്ട് ഊര്‍ജ്ജം കൊണ്ട് ഉത്പാദിപ്പിക്കാവുന്ന, മനുഷ്യര്‍ക്ക് കാണാന്‍ പറ്റുന്ന പ്രകാശത്തിന്റെ അളവിന് ഒരതിരുണ്ട്. 683ലൂമനാണ് ഈ പരിധി. അതും പച്ച നിറത്തിലുള്ള പ്രകാശത്തിന്റെ ഉത്പാദനകാര്യത്തില്‍. ഈ അതിരിന്റെ പകുതിക്കരികിലേക്ക് നാം ഇപ്പോള്‍ത്തന്നെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രായോഗികമായി 350 - 450ലൂമന്‍/വാട്ട് വരെയൊക്കെ ഒരു പക്ഷേ എത്തിച്ചേര്‍ന്നേക്കാം. ഇന്നത്തെ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന എല്‍ ഇ ഡികള്‍ ആയിരിക്കില്ല അതെന്നു മാത്രം.