PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Tuesday, November 24, 2015

കേരളത്തില്‍ ഇന്‍വെര്‍ട്ടര്‍ നിരോധിക്കുന്നു



അടുത്ത ജൂണ്‍ 20 നു ശേഷം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖലയില്‍ നിന്ന്‌ ഇന്‍വെര്‍ട്ടര്‍ ചാര്‍ജ്‌ ചെയ്യാന്‍ അനുവാദമുണ്ടാകില്ല..!
-------------------------
ഇന്‍വെര്‍ട്ടറുകള്‍ക്കായി പ്രത്യേകം മീറ്റര്‍ ഘടിപ്പിക്കണം.
വീടുകളില്‍ സാധാരണ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നവര്‍2016 ജൂണ്‍ 20-നകം സോളാര്‍ ഇന്‍വെര്‍ട്ടറിലേക്കു മാറണമെന്നു സംസ്‌ഥാന സര്‍ക്കാരിന്റെ ഉത്തരവ്‌. .!
എല്ലാ വിഭാഗം ഉപയോക്‌താക്കള്‍ക്കും വൈദ്യുതി ഉപയോഗത്തിനു നിയന്ത്രണമുണ്ടാകും. വലിയ വീടുകളില്‍ സൗരോര്‍ജ പ്ലാന്റും സൗരോര്‍ജ വാട്ടര്‍ ഹീറ്ററും നിര്‍ബന്ധമാക്കുകയും ചെയ്യുന്ന ഉത്തരവ്‌ സര്‍ക്കാര്‍ ഗസറ്റില്‍ വിജ്‌ഞാപനം ചെയ്‌തു.
നിലവില്‍ ഉപയോഗിക്കുന്ന സാധാരണ ഇന്‍വെര്‍ട്ടറുകള്‍ക്കു പകരം അടുത്ത ജൂണ്‍ 20-നകം സോളാര്‍ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കണം. അതിനു ശേഷം കെ.എസ്‌.ഇ.ബിയുടെ വിതരണശൃംഖലയില്‍ നിന്ന്‌ ഇന്‍വെര്‍ട്ടര്‍ ചാര്‍ജ്‌ ചെയ്യാന്‍ അനുവാദമുണ്ടാകില്ല. തുടര്‍ച്ചയായി മൂന്നു ദിവസം മഴയാണെങ്കില്‍ മാത്രം ഇളവ്‌ ലഭിക്കും.
2000 ചതുരശ്രയടിക്കു മുകളില്‍ വിസ്‌തീര്‍ണമുള്ള എല്ലാ പുതിയ വീടുകളിലും ചൂടുവെള്ളത്തിനായി 100 ലിറ്ററെങ്കിലും ശേഷിയുള്ള സൗരോര്‍ജ ഹീറ്റര്‍ ഉപയോഗിക്കണം. 3000 ചതുരശ്രയടിക്കു മുകളിലുള്ള പുതിയ കെട്ടിടങ്ങളില്‍ നിര്‍ബന്ധമായും സൗരോര്‍ജ പ്ലാന്റ്‌ സ്‌ഥാപിക്കണം. നിലവിലുള്ള വീടുകളില്‍ അടുത്ത ജൂണ്‍ 20-നുള്ളില്‍ സൗരോര്‍ജ പ്ലാന്റ്‌ സ്‌ഥാപിച്ച്‌ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ സൗരോര്‍ജമാക്കണം. 2000 മുതല്‍ 3000 ചതുരശ്ര അടി വരെയുള്ള കെട്ടിടങ്ങള്‍ക്ക്‌ 500 വാട്ട്‌ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റ്‌ നിര്‍ബന്ധമാക്കി.
നിലവില്‍ സാധാരണ ഇന്‍വെര്‍ട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ ഘട്ടംഘട്ടമായി സൗരോര്‍ജത്തിലേക്കു മാറണം. സൗരവൈദ്യുതി ഉല്‍പ്പാദനവും ഉപയോഗവും കണക്കാക്കാനായി ഇന്‍വെര്‍ട്ടറുകള്‍ക്കായി പ്രത്യേകം മീറ്റര്‍ ഘടിപ്പിക്കണം. ഉയരമുള്ള കെട്ടിടങ്ങളില്‍ കാറ്റാടി യന്ത്രമോ സൗരോര്‍ജ പ്ലാന്റോ ഉപയോഗിച്ച്‌ ആവശ്യങ്ങള്‍ നിറവേറ്റണം.
ഗാര്‍ഹിക ഉപയോക്‌താക്കള്‍ ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സി അംഗീകരിക്കുന്ന ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ വ്യവസ്‌ഥകള്‍ പാലിക്കുന്നില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കാന്‍ വിതരണ ലൈസന്‍സിക്ക്‌ പൂര്‍ണ അധികാരമുണ്ടായിരിക്കുമെന്നും വിജ്‌ഞാപനത്തില്‍ വ്യക്‌തമാക്കുന്നു. സര്‍ക്കാരിന്റെ കെട്ടിടങ്ങളില്‍ വൈദ്യുതോപകരണങ്ങള്‍ ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സിയുടെ ഫോര്‍ സ്‌റ്റാര്‍ അല്ലെങ്കില്‍ ഫൈവ്‌ സ്‌റ്റാര്‍ അംഗീകാരമുള്ളവയായിരിക്കണം.
സാധാരണ ബള്‍ബുകളും (ഇന്‍കാന്‍ഡസെന്റ്‌ ബള്‍ബ്‌) മോശമായ മാഗ്‌നറ്റിക്‌ ചോക്കുകളും ഉപയോഗിക്കുന്നതു നിരോധിച്ചു. എക്‌സ്‌ട്രാ ഹൈടെന്‍ഷന്‍ ഉപയോക്‌താക്കള്‍ ഒഴികെയുള്ളവര്‍ പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ച്‌ പഠനം നടത്തണം. ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ്‌ കോംപ്ലക്‌സ്‌, സ്വകാര്യ ആശുപത്രികള്‍, ഗോഡൗണുകള്‍ തുടങ്ങിയ വാണിജ്യ കെട്ടിടങ്ങളില്‍ ഊര്‍ജസംരക്ഷണ കെട്ടിട നിര്‍മാണച്ചട്ടം നിര്‍ബന്ധമായും പാലിക്കണം.
സോഡിയം വേപ്പര്‍ ലാമ്പ്‌, മെര്‍ക്കുറി വേപ്പര്‍ ലാമ്പ്‌ എന്നിവ ഒഴിവാക്കണം. 10 കിലോവാട്ടിനു മുകളില്‍ കണക്‌ടഡ്‌ ലോഡുള്ള കെട്ടിടങ്ങളില്‍ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം സൗരോര്‍ജമായിരിക്കണം. ബ്യൂറോ ഓഫ്‌ എനര്‍ജി എഫിഷ്യന്‍സിയുടെ ഫോര്‍ സ്‌റ്റാര്‍ ഉപകരണങ്ങള്‍ മാത്രമേ കാര്‍ഷിക ആവശ്യത്തിന്‌ ഉപയോഗിക്കാന്‍ പാടുള്ളൂ. നിലവില്‍ ഈ മാനദണ്ഡം പാലിക്കാത്തവര്‍ മുന്ന്‌ വര്‍ഷത്തിനകം ഇത്‌ നിര്‍ബന്ധമായും നടപ്പാക്കണം.
ഇന്‍വെര്‍ട്ടറുകളുടെ ഉപയോഗം ഏറെ വൈദ്യുതി പാഴാക്കുന്നെന്നു കണ്ടെത്തിയതോടെയാണ്‌ ഇവയ്‌ക്കു കര്‍ശന നിയന്ത്രണം വരുന്നത്‌. 10 യൂണിറ്റ്‌ വൈദ്യുതി ഉപയോഗിച്ച്‌ ചാര്‍ജ്‌ ചെയ്‌താല്‍ മാത്രമേ അഞ്ചു യൂണിറ്റിന്റെ പ്രയോജനം ലഭിക്കൂ എന്ന്‌ എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ പറയുന്നു. ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കാത്തപ്പോള്‍ പോലും അതു ചാര്‍ജ്‌ ചെയ്യാനായി വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്ന്‌ എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ ഡയറക്‌ടര്‍ ധരേശന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

2 comments:

  1. സോളാര്‍ ഇന്‍ വേര്‍ട്ടറൂകളിലെക്ക് മാറട്ടെ എല്ലാരും ,അതല്ലേ നല്ലത് ...

    ReplyDelete
  2. സകലവിധ ടാക്സും കൊടുത്ത് വിലയ്ക്ക് വാങ്ങിയ സാധനം എങ്ങിനെ ഉപയോഗിക്കണം എന്ന് പറയാൻ ഗവ്ണ്മെന്റിന് അധികാരമില്ലാത്തിടത്തോളം ഈ നിയമം നിലനിൽക്കാൻ സാധ്യത കുറവാണ്. ആരെങ്കിലും കേസുകൊടുത്താൽ അസാധുവാകാവുന്നതേയുള്ളു എന്നാണ് തോന്നുന്നത്..?

    ReplyDelete