PLEASE VISIT OUR SOLAR PAGE ..CLICK ON TOP "SOLAR"

Wednesday, January 31, 2024

ഐസികളുടെ ജാതകം വായിക്കാം

 ഐസികളുടെ ജാതകം വായിക്കാം

 അജിത് കളമശേരി

 

 


 ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ എന്ന ഐസി ചിപ്പുകൾ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഹൃദയഭാഗമാണല്ലോ.


ഒരു സെറ്റ് സർവ്വീസിങ്ങിനായോ, കൗതുകം കൊണ്ടോ അഴിച്ച് നോക്കിയാൽ അതിനുള്ളിൽ ഒന്നിലധികം ഐ സി ചിപ്പുകൾ കണ്ടെന്ന് വരാം.ഇവയുടെ പുറത്ത് അവയുടെ പാർട്ട് നമ്പരിന് പുറമേ പിന്നേയും ചില  ഇംഗ്ലീഷ് അക്ഷരങ്ങളിലും അക്കങ്ങളിലുമായി കുറേ വിവരങ്ങൾ എൻഗ്രേവ് ചെയ്തിരിക്കുന്നതായി കാണാം.


ഐ സി നമ്പരിന് പുറമേ അധികമായി കാണുന്ന വിവരങ്ങൾ നമ്മൾ അവഗണിക്കുകയാണ് പതിവ് .അവ കൊണ്ട് സാധാരണ ടെക്നീഷ്യൻമാർക്ക് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല എന്നതിനാലാണ് ഈ അവഗണന.

എന്നാൽ ഐസി ചിപ്പുകളുടെ ജനനസമയം, മാതാപിതാക്കളുടെ പേര്, ജനിച്ച സ്ഥലം എന്നിവയെല്ലാം കൃതമായി നമ്മളെ അറിയിക്കുന്ന ജാതക കുറിപ്പുകളാണ് ഈ കോഡുകൾ എന്നറിയാമോ?

ഈ ചെറു ലേഖനം വായിച്ച് കഴിഞ്ഞ ശേഷം ഒരു ഐസിയെടുത്ത് പരിശോധിക്കുമ്പോൾ ഇത്ര സിമ്പിളായിരുന്നോ ഐ സി കളുടെ ജാതക പരിശോധന!..
ഇതുവരെ  എന്ത് കൊണ്ട് ഈ കോഡുകൾ ഡീകോഡ് ചെയ്യാൻ പഠിക്കാൻ ഞാൻ ശ്രമിച്ചില്ല എന്ന്  സ്വയം കരുതിപ്പോകും.

പഴയ ഓഡിയോ  സെറ്റുകളുടെ ചരിത്രം വിവരിക്കുന്ന ലേഖനങ്ങൾ ഞാൻ ഇടയ്ക്കിടെ എഴുതാറുണ്ട്. കയ്യിൽ കിട്ടുന്നവ  അഴിച്ച് പരിശോധിച്ച് അവയുടെ പഴക്കം മനസിലാക്കിയാണ് ഈ സെറ്റുകൾ ഏത് കാലഘട്ടത്തിൽ നിർമ്മിച്ചു എന്ന് ഞാൻ കൃത്യമായി പറയാറുള്ളത്.



ടേപ്പ് റിക്കോർഡറുകൾ പോലെ മോട്ടോറുകൾ ഉപയോഗിക്കുന്നവയിൽ മോട്ടോറിൻ്റെ നിർമ്മാണ തീയതി അതിന് പുറമേ  രേഖപ്പെടുത്തിയിരിക്കും. ഒറിജിനൽ മോട്ടോർ മാറിയിട്ടില്ലെങ്കിൽ നിർമ്മാണ തീയതി കണ്ടെത്താനെളുപ്പമാണ്.

 ഇതിലും എളുപ്പമായി ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണ വർഷം കണ്ടെത്താൻ
അവയിൽ ഐ സി കൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സാധിക്കും.ഇതിനായി  ഞാൻ മനസിലാക്കിയ  ഡീ കോഡിങ്ങ് ടെക്നിക്കാണ് ഇനി വിവരിക്കുന്നത്.


1970 മുതൽ 2010 വരെയാണ് തറവാട്ടിൽ പിറന്ന ജാതകവും ജനനസമയവും തറവാട്ട് പേരും, വീട്ട് പേരുമെല്ലാം രേഖപ്പെടുത്തിയ ഐ സികൾ വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നത്.

ചൈനയിൽ നിർമ്മിച്ച ഐ സി കൾ ധാരാളമായി വിപണിയിൽ ലഭ്യമായതോടെയും, SMD ചിപ്പുകളുടെ വ്യാപനത്തോടെയും  ഈ പഴയ രീതിയിലുള്ള  ജാതക കുറിപ്പുകൾ മിക്ക ഐസികളിൽ നിന്നും അപ്രത്യക്ഷമായി.

 പാശ്ചാത്യ   കമ്പനികൾ ജാതക കുറിപ്പുകൾ SMD ചിപ്പുകളിലും അൽപ്പം ചില വ്യത്യാസങ്ങളോടെയാണെങ്കിലും ഇപ്പോഴും രേഖപ്പെടുത്തുന്നുണ്ട് എന്ന കാര്യം അഭിനന്ദനീയമാണ്.




ഐ സി യുടെ പാർട്ട് നമ്പർ രേഖപ്പെടുത്തിയത്  ഏതൊരു ടെക്നീഷ്യനും എളുപ്പം മനസിലാകും.. അത് കൂടാതെ തുടർച്ചയായ നാലക്കങ്ങൾ ഒരു ഇംഗ്ലീഷ് അക്ഷരം മുൻപിലോ പുറകിലോ  ഒപ്പം ചേർത്ത് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

സാധാരണയായി K, A,C,Q, B എന്നെല്ലാമുള്ള അക്ഷരങ്ങളാണ് കാണാറുള്ളത് .വ്യത്യസ്തമായ അക്ഷരങ്ങളും കമ്പനി വ്യത്യാസമനുസരിച്ച് കാണാറുണ്ട്.

ഈ നാലക്കങ്ങളിൽ ആദ്യ രണ്ടക്കം നിർമ്മാണ വർഷത്തെ സൂചിപ്പിക്കുന്നു. ചിത്രം നോക്കുക ഇടത് വശം കാണുന്ന CD 4016 ഐസി അൽപ്പം വലുതാക്കി നോക്കൂ.
മലേഷ്യ എന്ന പേരിന് മുകളിലെ ലൈനിൽ S991A എന്ന ബാച്ച് നമ്പരിന് ശേഷം 9914 എന്ന് പ്രിൻ്റ് ചെയ്തിരിക്കുന്നത് കാണാം. ഇതിൽ 99 എന്നത് 1999 ൽ നിർമ്മിക്കപ്പെട്ടത് എന്നതിൻ്റെ ചുരുക്കെഴുത്താണ്. 14 എന്നത് 99 ലെ പതിനാലാമത്തെ ആഴ്ചയിൽ നിർമ്മിക്കപ്പെട്ടു എന്നും മനസിലാക്കണം. അതായത് 1999ലെ ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ചയിലെ ഏതോ ദിവസം നിർമ്മിക്കപ്പെട്ടു എന്ന് മനസിലാക്കാം.

വേറൊരു ഉദാഹരണം നോക്കാം :ചിത്രത്തിലെ GI എന്ന് വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഐസി നോക്കുക. അതിൻ്റെ മൂന്നാമത്തെ ലൈനിൽ 8332 CCA എന്ന് കാണാം. ഇതിൽ 83 എന്നത് 1983 നെയും 32 എന്നത് 83 ലെ 32 മത്തെ ആഴ്ച വരുന്ന  ആഗസ്റ്റ് മാസത്തിലെ ഏതോ ഒരു ദിവസം നിർമ്മിക്കപ്പെട്ടു എന്നും മനസിലാക്കാം! CCA എന്നത്  ബാച്ച് നമ്പരാണ്.അത് നമ്മൾ ഇപ്പോൾ അറിഞ്ഞിട്ട് വലിയ കാര്യമൊന്നുമില്ലല്ലോ.

ചില ഐസി നിർമ്മാതാക്കൾ വർഷത്തിൻ്റെ രണ്ടക്കം ആഴ്ചക്ക് ശേഷം എഴുതുന്നതായും കണ്ട് വരാറുണ്ട്.

അതായത് YY WW എന്ന ഫോർമാറ്റിന് പകരം, WW YY എന്ന് രേഖപ്പെടുത്തും. YY എന്നാൽ വർഷത്തിൻ്റെ ലാസ്റ്റ് രണ്ട് സംഖ്യ, WW എന്നത് വീക്ക് അഥവാ ആഴ്ച,.

ഹിറ്റാച്ചി പോലുള്ള ചില കമ്പനികൾ വർഷം സൂചിപ്പിക്കാൻ ഇംഗ്ലീഷ് അക്ഷരങ്ങളും, ചിലപ്പോൾ ഒറ്റ അക്കം മാത്രമായും ഉപയോഗിക്കാറുണ്ട്. അത് അവരുടെ ഡാറ്റാഷീറ്റിൽ രേഖപ്പെടുത്തിയിരിക്കും.

എന്നാലും ഈ YY WW കോഡ് ലോകത്തിലെ ഭൂരിപക്ഷം ചിപ്പ് നിർമ്മാണ  കമ്പനികളും പിൻതുടരുന്നതിനാൽ നമുക്ക് ഇവ ഐസിയിൽ എവിടെയെങ്കിലും കാണാം. ചിലപ്പോൾ  ഐസി ബോർഡിൽ നിന്ന് ഊരി നോക്കേണ്ടി വരും ,അടിഭാഗത്തായിരിക്കും ചിലരുടെ പ്രിൻ്റിങ്ങ്!.

7652 എന്നാൽ  1976 ലെഡിസംബർ മാസത്തിലെ അവസാന ആഴ്ചയിലെ ഏതോ ഒരു ദിവസം നിർമ്മിക്കപ്പെട്ടത്( 52 മത്തെ ആഴ്ചയിൽ നിർമ്മിക്കപ്പെട്ടത് ) , 8332 എന്നാൽ 1983 ലെ മുപ്പത്തിരണ്ടാം ആഴ്ച നിർമ്മാണം.
9901 എന്നാൽ 1999ലെ ഒന്നാമത്തെ അഴ്ച. 0115 എന്നത് 2001 ലെ 15 ആം ആഴ്ച നിർമ്മിച്ചത്.0909 എന്നാൽ 2009 ലെ ഒമ്പതാമത്തെ ആഴ്ച നിർമ്മിക്കപ്പെട്ടത്.

 ഒരു വർഷം എന്നത് 52 ആഴ്ചകളാണ് ഇതിലും വലിയ അക്കം വന്നാൽ അത് വേറെ എന്തോ ആണെന്ന് കരുതണം. ശരിയായ ലൈൻ വേറെ ഉണ്ടാകും.

ഒരു പഴയ സെറ്റ് കിട്ടിയാൽ അത് അഴിച്ച് പണിതിട്ടില്ലെങ്കിൽ  അതിലെ മിക്കവാറും ഐസികളെല്ലാം ഒരേ വർഷം നിർമ്മിക്കപ്പെട്ടതായിരിക്കുമെന്ന് കാണാം ചിത്രത്തിലെ PCB യിൽ കാണുന്ന ഐസികൾ നോക്കൂ. എല്ലാം 1984 നിർമ്മിതികൾ ആഴ്ചയിൽ മാത്രം വ്യത്യാസമുണ്ട്.

ഐ സി ചിപ്പുകളുടെ ജാതകത്തിൽ സാങ്കേതികമായി അൽപ്പം  കൗതുകം കൂടുതലുള്ളവർ അറിയാനാഗ്രഹിക്കുന്ന ചില കാര്യങ്ങൾ മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളൂ.

ഫിലിപ്സ് ഐ സി കളുടെ കാര്യത്തിൽ ചെറിയ ഒരു അപ്ഡേറ്റ് ഉണ്ട്.  സാധാരണ കോഡിങ്ങിന് പുറമേ ഫിലിപ്സ് നിർമ്മാണ വർഷം  YY ക്ക് ശേഷം മാസം M ആഴ്ച W എന്ന ക്രമത്തിലാണ് ചില രാജ്യങ്ങളിലെ പ്രെഡക്ഷൻ യൂണിറ്റുകളിൽ നിന്ന് പുറത്തിറക്കിയിരുന്നത്.  മറ്റ് ചില  യൂണിറ്റുകൾ വർഷം സൂചിപ്പിക്കാൻ ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിച്ചിരുന്നു. ഫിലിപ്പ്സ് ലൈസൻസ് കൊടുത്ത് അതിൻ പ്രകാരം ഐ സി കൾ  നിർമ്മിച്ചിരുന്ന സിംഗപ്പൂർ, മലേഷ്യ,തെയ് വാൻ ,യൂണിറ്റുകൾ വിവിധ രീതികളാണ് നമ്പറിങ്ങ് കോഡിനായി അനുവർത്തിച്ചിരുന്നത്. ഇവയുടെ കൃത്യമായ ഐഡൻ്റിഫിക്കേഷൻ ഡാറ്റാഷീറ്റുകളിൽ മാത്രമേ കാണൂ.

ഓരോ ഐസിയും ഏത് തരത്തിൽ പെട്ടതാണ്, അവ ഏത് കമ്പനി നിർമ്മിച്ചു, ഏത് കമ്പനിക്ക് വേണ്ടി നിർമ്മിച്ചു, എന്നെല്ലാമുള്ള അധികവിവരങ്ങൾ വായിച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ  കൂടുതൽ ഗഹനമായ മറ്റൊരു ലേഖനത്തിനുള്ള വകുപ്പാണ് ആയതിനാൽ അവ ഇവിടെ  ഒഴിവാക്കുന്നു. എഴുതിയത് അജിത് കളമശേരി,31.01.2024 #ajithkalamassery,



Monday, January 22, 2024

സ്റ്റീരിയോ സംഗീതത്തിൻ്റെ പിതാവ് അലൻ ബ്ലൂംലിൻ

 സ്റ്റീരിയോ സംഗീതത്തിൻ്റെ പിതാവ്

 അലൻ ബ്ലൂംലിൻ.

 എഴുതിയത് അജിത് കളമശേരി


അലൻ ബ്ലൂംലിൻ
സ്റ്റീരിയോ സംഗീതത്തിൻ്റെ പിതാവ്.

കാലത്തിൻ്റെ കുത്തൊഴുക്കിൽ ഓർക്കേണ്ടവർ പോലും ഓർക്കാതെ വിസ്മൃതിയിലാണ്ട് പോയ ധാരാളം മനുഷ്യ ജൻമങ്ങളുണ്ട്. അതിലൊരാളാണ് അലൻ ഡോവർ ബ്ലൂം ലിൻ എന്ന സംഗീത സ്നേഹിയായ  സൗണ്ട് എഞ്ചിനീയർ.

 അദ്ദേഹമില്ലായിരുന്നെങ്കിൽ നമ്മുടെ  ലോകം എത്ര വിരസമായേനെ എന്ന് ഈ കഥ വായിക്കുമ്പോൾ നമുക്ക് മനസിലാകും.


ലണ്ടനിലെ ഹാംസ്റ്റഡിൽ  കുത്തിത്തിരുപ്പിൽ തൽപ്പരനായ കുട്ടിയുണ്ടായിരുന്നു. അലൻ ഡോവർ ബ്ലൂം ലിൻ എന്നായിരുന്നു അവൻ്റെ പേര്.

കുട്ടികളുടെ കുത്തിത്തിരുപ്പ് ഒരു നല്ല കാര്യമായി  ഇന്നത്തെപ്പോലെ തന്നെ അന്നും രക്ഷിതാക്കൾ കരുതിയിരുന്നില്ല.

അതിനായി ഇറങ്ങിപ്പുറപ്പെടുന്നവർ ധാരാളം അടിയും, ഇടിയും, ചീത്തയുമൊക്കെ ഏറ്റ് വാങ്ങേണ്ടി വരും!

ഈ താഡനങ്ങളെല്ലാം ഏറ്റ് വാങ്ങിയാലും പിന്നേയും പഴയ ഒരു സ്ക്രൂ ഡ്രൈവറോ, കുടക്കമ്പിയോ സംഘടിപ്പിച്ച് കയ്യിൽ കിട്ടുന്ന എന്ത് ഉപകരണങ്ങളും  കുത്തി തിരിച്ച് തുറന്ന് അകത്ത് ആരെല്ലാമാണ് ഇരിക്കുന്നതെന്ന് നോക്കി കൊണ്ടേയിരിക്കും വികൃതികളായ ഈ കുത്തിത്തിരുപ്പുകാർ !.

വീട്ടിൽ പൊളിച്ച് പണിയാൻ പറ്റിയ ഉപകരണങ്ങൾ ഒന്നുമില്ലാതിരുന്നതിനാൽ അയൽവക്കത്തെ വീടുകളിൽ നിന്ന് ഉപയോഗശൂന്യമായി കളയുന്ന അക്രി സാധനങ്ങളേ നമ്മുടെ ബ്ലുംലിന്ന് പണി പഠിക്കാനായി ലഭ്യമായിരുന്നുള്ളൂ.

അങ്ങനെയിരിക്കെ നമ്മുടെ ഏഴുവയസുകാരൻ മെക്കാനിക്കിന് ഏതോ വീട്ടുകാർ കേടായതിനാൽ കളഞ്ഞ ഒരു ഇലക്ട്രിക് ഡോർ ബെൽ കിട്ടി.

ബ്ലും ലിൻ  അൽപ്പനേരം കൊണ്ട് അത് പൊളിച്ച് പണിത്  ശരിയാക്കിയെടുത്തു. ബ്ലൂം ലിൻ ഡോർബൽ ശരിയാക്കിയ വിവരം കേട്ടറിഞ്ഞ്  അയൽവക്കം കാരിൽ പലരും ബല്ലുകൾ റിപ്പയർ ചെയ്യാൻ ആ ഏഴ് വയസുകാരനെ തേടിയെത്താൻ തുടങ്ങി.

തൊട്ടടുത്ത സ്ട്രീറ്റിൽ ഒരു ചെറുകിട ഇലക്ട്രിക് ഡോർ ബൽ നിർമ്മാതാവ് ഉണ്ടായിരുന്നു.  അദ്ദേഹം ഈ കുട്ടിയെപ്പറ്റി കേട്ടറിഞ്ഞു. ബ്ലൂം ലിന്നിനെ  തിരക്കിപ്പിടിച്ച് തൻ്റെ പണിശാലയിലേക്ക് കൊണ്ടുപോയ ആ ചെറുകിട നിർമ്മാതാവ് താൻ ഉണ്ടാക്കി വിറ്റതിൽ കേടായി തിരികെയെത്തിയ ഡോർബല്ലുകൾ  സമയം കിട്ടുന്നതനുസരിച്ച് നന്നാക്കിത്തരാമോ എന്ന് അവനോട്  ചോദിച്ചു.

അന്നത്തെ ഇലക്ട്രിക് ഡോർ ബല്ലുകൾക്ക്  ജന്മനാൽത്തന്നെ ഒരു തകരാറുണ്ടായിരുന്നു. ഒരു മിനിറ്റിൽ കൂടുതൽ സ്വിച്ച് ഞെക്കിപ്പിടിച്ചാൽ അതിൻ്റെ കോയിൽ കത്തിപ്പോകും. നന്നാക്കുന്നതിന് പുതിയത് വാങ്ങുന്നതിനേക്കാൾ കാശാകുമെന്നതിനാൽ മിക്കവരും അതങ്ങ് ഉപേക്ഷിക്കും.

 ഫാക്ടറി ഉടമയുടെ അപേക്ഷ സ്വീകരിച്ച്  സന്തോഷപൂർവ്വം ആ പണി ഏറ്റെടുത്ത ബ്ലൂം ലിൻ  എത്ര നേരം അമർത്തിപ്പിടിച്ചാലും കോയിൽ കത്തിപ്പോകാത്ത വിധം പരമ്പരാഗത ഇലക്ട്രിക്  ഡോർബല്ലുകളുടെ ഡിസൈനിൽ ചെറിയ ഒരു മാറ്റം വരുത്തുകയാണ് ആദ്യം ചെയ്തത്. സ്വിച്ച്  അമർത്തി പിടിച്ചാൽ ഏതാനും സെക്കൻഡ് കഴിയുമ്പോൾ ഒരു തകിട് ചൂടായി ബല്ലിൻ്റെ  വൈദ്യുതി ബന്ധം ഓട്ടോമാറ്റിക്കായി ഡിസ്കണക്റ്റാകും ഏതാനും സെക്കൻഡുകൾക്കകം  തകിട് തണുക്കുമ്പോൾ വീണ്ടും കറണ്ട് കിട്ടും ബല്ലടിക്കും.എത്ര നേരം ഞെക്കിപ്പിടിച്ചാലും കോയിൽ കത്തില്ല, കൂടാതെ കാതിനിമ്പം നൽകുന്ന ശബ്ദവും.

 ഇന്നത്തെ ഇലക്ട്രിക്  തേപ്പ് പെട്ടികളിൽ ചൂട് നിയന്ത്രിക്കാൻ  ഉപയോഗിക്കുന്ന തെർമ്മോ സ്റ്റാറ്റിൻ്റെ ആദ്യ രൂപമായിരുന്നു 1910 ൽ ബ്ലും ലിൻ തൻ്റെ ഏഴാം വയസിൽ കണ്ടെത്തിയത്.

ബ്ലൂം ലിൻ മോഡിഫിക്കേഷൻ ചെയ്ത ബല്ലുകൾ വിപണിയിൽ താരമായി. സന്തോഷ സൂചകമായി ആ ഇലക്ട്രിക് ബൽ നിർമ്മാതാവ് ബ്ലൂം ലിന്നിൻ്റെ പിതാവിനെ വീട്ടിലെത്തി കണ്ട് നന്ദി പറയുകയും കുറച്ച് പണം പ്രതിഫലമായി അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു.

പണത്തേക്കാളുപരി ബ്ലൂം ലിന്നിനെ സന്തോഷിപ്പിച്ചത് ആ ഫാക്ടറി ഉടമ തൻ്റെ കമ്പനി ലറ്റർ ഹെഡിൽ ടൈപ്പ് ചെയ്ത് അവന് നൽകിയ പ്രശംസാപത്രമാണ്. അലൻ ഡോവർ ബ്ലൂം ലിൻ. ഇലക്ട്രിക്കൽ  എഞ്ചിനീയർ എന്നായിരുന്നു ആ  ഏഴ് വയസുകാരനെ പ്രശംസാപത്രത്തിൽ വിശേഷിപ്പിച്ചിരുന്നത്.

തൻ്റെ കരിയർ രൂപപ്പെടുത്തുന്നതിൽ ആ പ്രശംസാപത്രത്തിന് വളരെയധികം പ്രാധാന്യമുണ്ടായിരുന്നുവെന്ന് ബ്ലൂം ലിൻ പിന്നീട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു നല്ല കാര്യം ആര് ചെയ്താലും  വലിയവനെന്നോ ചെറിയവനെന്നോ നോക്കാതെ പ്രശംസിക്കാൻ പിശുക്ക് കാണിക്കല്ലേ ഭാവിയിൽ അവരിലൂടെയാകും ചരിത്രത്തിൽ നമ്മുടെ പേര് പതിയുന്നത്.
സ്കൂൾ -കോളേജ് പഠനം പൂർത്തിയാക്കിയ അലൻ ബ്ലൂം ലിൻ വീട്ടിലെ സാമ്പത്തിക നില അത്ര മെച്ചമല്ലാതിരുന്നതിനാൽ 1924ൽ  തൻ്റെ ഇരുപത്തിയൊന്നാം വയസിൽ തനിക്ക് താൽപ്പര്യമുള്ള ഒരു ജോലി കണ്ടെത്തി അതിൽ പ്രവേശിച്ചു. അന്നത്തെ പ്രശസ്തമായ ടെലിഫോൺ അനുബന്ധ ഉപകരണ നിർമ്മാതാക്കളായ  വെസ്റ്റേൺ ഇലക്ട്രിക് കമ്പനിയുടെ ഫാക്ടറിയിലായിരുന്നു ജോലി.


ജോലിയിൽ ചേർന്ന വർഷം തന്നെ ഒരു സുപ്രധാന കണ്ട് പിടുത്തം ബ്ലൂം ലിൻ നടത്തി. ഹൈ ഫ്രീക്വൻസിയിൽ ഉപയോഗിക്കുന്ന റസിസ്റ്റൻസുകളുടെ ഇൻലൈൻ മെഷർമെൻ്റ് നടത്തുന്നതിനുള്ള സംവിധാനമാണ് അദ്ദേഹം കണ്ടെത്തിയത്.ഇതിന് IEE യുടെ 1924 ലെ  ഏറ്റവും മികച്ച കണ്ട് പിടുത്തത്തിനുള്ള അവാർഡ് ലഭിച്ചു.

ഒരു സംഗീതപ്രേമിയായ ബ്ലൂം ലിൻ കമ്പനി ഗവേഷണങ്ങൾക്കൊപ്പം തൻ്റെ സ്വന്തം ഗവേഷണവും തുടർന്നു പോന്നു.1924 ൽ തന്നെ മനുഷ്യരുടെ ചെവികളുടെ ഫ്രീക്വൻസിയും, ആംപ്ലിറ്റ്യൂഡും അളക്കുന്നതിനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത് പേറ്റെൻ്റ് ചെയ്തു.

തുടർന്ന് ലാബുകളിൽ ഉപയോഗിക്കുന്ന പ്രിസിഷൻ മൂവിങ്ങ്കോയിൽ മൾട്ടി മീറ്ററുകൾ ഓവർ ലോഡ് ആകാതിരിക്കാനുള്ള വെയിങ്ങ് ബ്രിഡ്ജ് നെറ്റ് വർക്ക് സംവിധാനം വികസിപ്പിച്ചെടുത്തു. വളരെ പ്രാധാന്യമേറിയ ഒരു കണ്ടുപിടുത്തമായിരുന്നു ഇത്.

1925ൽ ഒരു ടെലിഫോൺ കമ്പിയിലൂടെ നൂറ് കണക്കിന് സന്ദേശങ്ങൾ ക്രോസ് ടാക്കില്ലാതെ കടത്തിവിടാനുള്ള ലോഡിങ്ങ് കോയിൽ സംവിധാനം വികസിപ്പിച്ചെടുത്തു.


അത് വരെ ഒരു ഫോണിന് ഒരു വയർ എന്ന നിലയിലായിരുന്നു ടെലിഫോൺ എക്സേ ഞ്ചുകൾ തമ്മിൽ  കണക്ഷൻ ബന്ധിപ്പിച്ചിരുന്നത് .ഈ കണ്ടെത്തലോടെ അത് 100 മുതൽ 250 വയറുകൾക്ക് വരെ പകരം ഒറ്റ വയർ എന്ന നിലയിലേക്ക് മാറി.ഇതോടെ വൻ തോതിൽ പ്രവർത്തന ചിലവ് കുറഞ്ഞു.. ടെലിഫോൺ വ്യാപകമായി.

1929ൽ ബ്ലൂംലിൻ വെസ്റ്റേൺ ഇലക്ട്രിക് വിട്ടു. തൻ്റെ ഇഷ്ടപ്രൊഫഷനായ സൗണ്ട് എഞ്ചിനീയറിങ്ങിലേക്ക് വഴി മാറി. അക്കാലത്തെ ലോക പ്രശസ്തമായ സംഗീത നിർമ്മാണ വിതരണ കമ്പനിയായ  കൊളംമ്പിയ ഗ്രാമഫോൺ റിക്കോഡ് കമ്പനിയിൽ ചേർന്നു.

ബ്ലും ലിന്നിൻ്റെ സൗണ്ട് എഞ്ചിനീയറിങ്ങിലെ കഴിവുകൾ തിരിച്ചറിഞ്ഞ കൊളംബിയ റിക്കോഡ് കമ്പനി GM ഐസക്ക് ഷൂൺബർഗ്  അദ്ദേഹത്തെ വെസ്റ്റേൺ ഇലക്ട്രിക്കിൽ നിന്ന് അടിച്ച് മാറ്റുകയായിരുന്നു.!


അക്കാലത്ത് ഗ്രാമഫോൺ റിക്കോഡുകൾ നിർമ്മിക്കുന്നതിൻ്റെ ടെക്നോളജിയുടെ കുത്തകാവകാശം എഡിസൺ ബെൽ കമ്പനിക്കായിരുന്നു. ലോകത്ത് എവിടെ ഗ്രാമഫോൺ റിക്കോഡുകൾ നിർമ്മിച്ചാലും ആ ടെക്നോളജിയുടെ റോയൽറ്റി പേറ്റെൻ്റ് ഹോൾഡറായ എഡിസൻ്റെ കമ്പനിക്ക് കൊടുക്കണം.

ലോകത്തിലെ അന്നത്തെ ഏറ്റവും വലിയ ഗ്രാമഫോൺ റിക്കോഡ് നിർമ്മാതാക്കളായ കൊളംമ്പിയ വൻ തുകയാണ് ഓരോ മാസവും റോയൽറ്റിയായി എഡിസണ് നൽകിയിരുന്നത്.

 കൊളംമ്പിയ റിക്കോഡിൽ ജോലിക്ക് ചേർന്ന ബ്ലൂം ലിൻ ആദ്യമായി ചെയ്തത് ഗ്രാമഫോൺ റിക്കോഡുകൾ നിർമ്മിക്കുന്നതിനുള്ള പുതിയ ടെക്നോളജി വികസിപ്പിക്കുകയാണ്.

 ഗ്രാമഫോൺ റിക്കോഡുകളുടെ മാസ്റ്റർ കോപ്പി പഞ്ച് ചെയ്യുന്നതിനുള്ള മൂവിങ്ങ്കോയിൽ റോട്ടറി കട്ടിങ്ങ്  ലേത്ത് എന്ന നവീന സംവിധാനം ഇതിനായി അദ്ദേഹം കണ്ടു പിടിച്ചു.

ഇതോടെ കൊളംമ്പിയ റിക്കോഡ്സ് എഡിസണ് വർഷം തോറും നൽകിയിരുന്ന ലക്ഷക്കണക്കിന് ഡോളർ ലാഭിക്കാനായി. കൂടാതെ എഡിസൻ്റെ ടെക്നോളജിയേക്കാൾ വളരെയധികം മെച്ചപ്പെട്ട റോട്ടറി ലേത്ത് ടെക്നോളജി റിക്കോഡുകളുടെ സൗണ്ട് ക്വാളിറ്റി പലമടങ്ങ് മെച്ചപ്പെടുത്തി.

ഇതോടെ ഗ്രാമഫോൺ റിക്കോഡുകളുടെ ഉപഞ്ജാതാവായ എഡിസൻ്റെ ടെക്നോളജി തന്നെ കാലഹരണപ്പെട്ടു പോയി!.



തികഞ്ഞ ഒരു സിനിമാ ഭ്രാന്തനായിരുന്നു ബ്ലൂം ലിൻ അദ്ദേഹത്തിന് തികച്ചും അനുയോജ്യയായ ഒരു ഭാര്യയും ഡോറിൻ ലിൻ.. ഇവർ രണ്ടു പേരും പുതുതായി ഇറങ്ങുന്ന ഓരോ സിനിമയും എന്ത് തിരക്കിട്ട പരിപാടി ഉണ്ടെങ്കിലും അത് മാറ്റി വച്ച് റിലീസ് ദിവസം തന്നെ കാണുന്ന ശീലമുള്ളവരുമായിരുന്നു.

1930 കളിലെ ഒരു വെള്ളിയാഴ്ച MGM കോർപ്പറേഷൻ്റെ ബിഗ് ബഡ്ജറ്റ് മൂവി... 'ബിഗ് ഹൗസ്' റീജൻ്റ് തീയേറ്ററിൽ റിലീസായിരുന്നു. ഫസ്റ്റ് ഷോ കാണാൻ പതിവ് പോലെ ബ്ലൂം ലിന്നും ഭാര്യയും എത്തി.

സിനിമാ അടിപൊളിയായിരുന്നു. ഇടവേളയിൽ ഭാര്യക്കൊരു സംശയം എന്ത് കൊണ്ട് ഇടത്ത് വശത്ത് നിന്ന് വലത്തേക്ക് പോകുന്ന കുതിരകളുടെ ശബ്ദം നടുക്കുള്ള ഒരു സ്പീക്കറിൽ നിന്ന് മാത്രം കേൾക്കുന്നു?. ഇടത് വശം നിന്ന് സംസാരിക്കുന്ന നായികയുടെയും, വലത് വശം നിൽക്കുന്ന നായകൻ്റെയും ശബ്ദം അവർ നിൽക്കുന്ന സൈഡിൽ നിന്ന്  തന്നെ കേട്ടാൽ നല്ല ഒർജിനാലിറ്റി തോന്നില്ലേ?


ചോദ്യം അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു.ബ്ലൂം ലിന്നിൻ്റെ ശ്രദ്ധ സിനിമാ കാണുന്നതിൽ നിന്ന് പോയി! സിനിമയിലെ ശബ്ദത്തിന് എങ്ങനെ ഒറിജിനാലിറ്റി കൊണ്ടുവരാമെന്നതിൽ മാത്രമായിരുന്നു എന്നതായി അദ്ദേഹത്തിൻ്റെ ആലോചന.
ഒരാഴ്ച പിന്നിട്ടില്ല അതിന് മുന്നേ അദ്ദേഹം ലോകത്തിലെ ആദ്യ സ്റ്റീരിയോ ഫോണിക് സൗണ്ട് സിസ്റ്റത്തിൻ്റെ ബേസിക് ഡിസൈൻ തയ്യാറാക്കി.

വാക്കിങ്ങ് ആൻഡ് ടോക്കിങ്ങ് എന്ന പേരിൽ വെറും  ഒന്നര മിനിറ്റ് മാത്രം ദൈർഘ്യമുള്ള ശബ്ദചിത്രം സ്റ്റീരിയോ  പരീക്ഷണങ്ങൾക്കായി അദ്ദേഹം ഷൂട്ട് ചെയ്തു.. ഇത് യൂട്യൂബിൽ ലഭ്യമാണ്.തുടർന്ന് ട്രയിൻസ് അറ്റ് ഹെയ്സ് എന്ന കൂടുതൽ മെച്ചപ്പെട്ട സ്റ്റീരിയോ ഇഫക്റ്റ് ഉള്ള ലഘുചിത്രവും അദ്ദേഹം ഷൂട്ട് ചെയ്തു.

1931 ൽ തൻ്റെ ഇരുപത്തി ഏഴാം വയസിൽ പേറ്റെൻ്റ് നമ്പർ 394325 ആയി ലോകത്തിലെ ആദ്യ സ്റ്റീരിയോ ഫോണിക് സൗണ്ട് സംബന്ധമായ പേറ്റെൻ്റ് അലൻ ഡോവർ ബ്ലൂം ലിൻ സ്വന്തമാക്കി.. ഇതുകൊണ്ടും നിറുത്താതെ വെറും രണ്ട് വർഷം കൊണ്ട് തുടർച്ചയായി 71 പേറ്റെൻ്റുകളാണ് സ്റ്റീരിയോ ഫോണിക്  സൗണ്ട് സിസ്റ്റം സംബന്ധമായി അദ്ദേഹം കരസ്ഥമാക്കിയത് ..

വിനൈൽ റിക്കോഡിൻ്റെ ഒറ്റ ഗ്രൂവിൽ തന്നെ ലഫ്റ്റ് ചാനലും, റൈറ്റ് ചാനലും പഞ്ച് ചെയ്യുന്ന അത് വരെ ആരും ചിന്തിക്കുക പോലും ചെയ്യാത്ത  ബ്ലൂം ലിന്നിൻ്റെ ടെക്നോളജി കണ്ട് അന്നത്തെ വമ്പൻ ഇലക്ട്രോണിക്സ് എഞ്ചിനീയർമാരുടെ തല പോലും പെരുത്തു പോയി !

നാമിന്ന് ആസ്വദിക്കുന്ന സ്റ്റീരിയോ സൗണ്ട് സിസ്റ്റം സംബന്ധമായ എല്ലാ കണ്ടുപിടുത്തങ്ങൾക്ക് പിന്നിലും അലൻ ബ്ലൂം ലിൻ എന്ന മഹാനായ സൗണ്ട് എഞ്ചിനീയറാണ്.


സ്റ്റീരിയോ വിനൈൽ റിക്കോഡ്
സ്റ്റീരിയോ മൈക്രോഫോൺ
സ്റ്റീരിയോ ആംപ്ലിഫയർ
ഹൈ ഫിഡിലിറ്റി ഹൈ എൻഡ് ആംപ്ലിഫയർ
സ്റ്റീരിയോ സറൗണ്ട്  സൗണ്ട് സിസ്റ്റം
നെഗറ്റീവ് ഫീഡ്ബാക്ക് ഇൻ ആംപ്ലിഫയർ.
സ്പീക്കറുകളും, മൈക്രോഫോണുകളും തൊട്ടടുത്ത് ചേർന്നിരുന്നാലും സ്റ്റീരിയോ ഇഫക്റ്റ് നന്നായി ലഭ്യമാക്കുന്ന ആംബിയൻസ് സ്റ്റീരിയോ.
മൾട്ടി ചാനൽ റിക്കോഡിങ്ങ്
റിബൺ മൈക്രോഫോൺ
സ്പ്രിങ്ങ് ബാലൻസ് മൈക്രോഫോൺ
സ്റ്റീരിയോ ടെലിവിഷൻ സൗണ്ട്
ട്രാൻസിസ്റ്ററുകളുടെ കണ്ട് പിടുത്തത്തിലേക്ക് നയിച്ച വാക്വം ട്യൂബുകൾ ഉപയോഗിച്ചുള്ള ഡിഫറൻഷ്യൽ ആംപ്ലിഫയർ. വാക്വം ട്യൂബുകൾ ഉപയോഗിച്ചുള്ള ഓപ്പറേഷണൽ ആംപ്ലിഫയർ.സൗണ്ട് റിക്കോഡിങ്ങിൻ്റെ ക്വാളിറ്റി കൂട്ടാനുള്ള ബയാസിങ്ങ് ഓസിലേറ്റർ.

സ്റ്റീരിയോ ആംപ്ലിഫയറുകളുടെ ഹമ്മിങ്ങ്‌ സൗണ്ട് ,അപശബ്ദങ്ങൾ മുതലായവ ഒഴിവാക്കുന്നതിനുള്ള ഗ്രൗണ്ട് ലൂപ്പ് എർത്തിങ്ങ് ,ലോങ്ങ് ടെയിൽ പെയർ, അൾട്രാ ലീനിയർ ആംപ്ലിഫയർ ,സ്റ്റീരിയോ സൗണ്ട് ലൈവായി റിക്കോഡ് ചെയ്യുമ്പോൾ ഇടവും വലവും മാറിപ്പോകാതെ പുനരാവിഷ്ക്കരിക്കാനുള്ള ഷഫിൾ ട്രാക്കിങ്ങ് - തുടങ്ങി  സ്റ്റീരിയോ  സൗണ്ടുമായി ബന്ധപ്പെട്ട എല്ലാ ടെക്നോളജികളും അലൻ ബ്ലൂം ലിൻ കണ്ട് പിടിച്ചതാണ്.


രണ്ടാം ലോക മഹായുദ്ധകാലത്ത് അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി സൈന്യം ഏറ്റെടുക്കുകയും എഞ്ചിനീയർമാർ ഉൾപ്പടെ  എല്ലാവരും യുദ്ധോപകരണങ്ങളുടെ കണ്ടുപിടുത്തങ്ങൾക്കായി നിയോഗിക്കപ്പെടുകയും ചെയ്തു.


അവിടെയും തൻ്റെ വ്യക്തിമുദ്ര ബ്ലും ലിൻ പതിപ്പിച്ചു.  100 കണക്കിന് കിലോമീറ്ററുകൾ അകലെ നിന്ന് വരുന്ന മിസൈലുകളെയും കണ്ടെത്തുന്ന കുറ്റമറ്റ ഒരു മിസൈൽ നിരീക്ഷണ റഡാർ സിസ്റ്റം അദ്ദേഹം വികസിപ്പിച്ചു.

കൂടാതെ വിമാനത്തിൽ നിന്നും വിക്ഷേപിക്കുന്ന എയർ ടു എയർ ,എയർ ടു സർഫസ് മിസൈലുകളുടെ  കൺട്രോൾ ആൻഡ് ട്രാക്കിങ്ങ് സിസ്റ്റവും അദ്ദേഹം കണ്ടു പിടിച്ചു.

1942 ജൂൺ മാസം ഏഴാം തീയതി  വിമാനത്തിൽ നിന്നും വിക്ഷേപിക്കുന്ന ഒരു മിസൈൽ പരീക്ഷിക്കുന്നതിനായി യുദ്ധവിമാനത്തിൽ കയറിപ്പോയ അദ്ദേഹം ആ വിമാനം ശത്രുക്കളുടെ ആക്രമണത്തിൽ തകർന്ന് കൊല്ലപ്പെട്ടു.

വെറും 38 വർഷം മാത്രം ഈ ലോകത്ത്‌ ജീവിച്ചിരുന്ന അദ്ദേഹം  സിനിമ, ടെലിവിഷൻ, റേഡിയോ, മേഖലകളിൽ  സ്റ്റീരിയോ ഫോണിക് സൗണ്ടുമായി ബന്ധപ്പെട്ട് നാമിന്ന് ഉപയോഗിക്കുന്ന 71 ഓളം പ്രധാന കണ്ടുപിടുത്തങ്ങളുടെയും പിതാവാണ്. കൂടാതെ ടെലിവിഷൻ ക്യാമറ, ടെലിവിഷൻ പിക്ചർ ട്യൂബ്, ( ഇവ രണ്ടും കണ്ടു പിടിച്ചത് ബ്ലൂം ലിൻ അല്ല. അവയെ ആധുനികവൽക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. )ഹൈവോൾട്ടേജ് സിഗ്നൽ ട്രാൻസ്മിഷൻ, പിക്ചർ ട്യൂബുകളിലെ ഗ്രാഫൈറ്റ് കോട്ടിങ്ങ് തുടങ്ങി 128 മറ്റ് കണ്ടുപിടുത്തങ്ങളും നടത്തിയിട്ടുണ്ട്.


ആംപ്ലിഫയറുകൾ നിർമ്മിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന ഓരോ വ്യക്തിയും മറന്ന് പോകാതെ ഓർത്തിരിക്കേണ്ട ഒരു പേരാണ് അലൻ ഡോവർ ബ്ലൂം ലിന്നിൻ്റേത്.

 നോബൽ സമ്മാനമുൾപ്പടെ യാതൊരു അംഗീകാരവും ലഭിക്കാതെ  വിസ്മൃതിയിലാണ്ട് പോയ അദ്ദേഹത്തോടുള്ള പ്രായശ്ചിത്തമായി ലോകത്തിലെ സൗണ്ട് & ഇലക്ട്രോണിക്സ് എഞ്ചിനീയർമാരുടെ കൂട്ടായ്മയായ ഓഡിയോ എഞ്ചിനീയറിങ്ങ് സൊസൈറ്റി ഏതാനും വർഷം മുൻപ് ലോക ഇലക്ട്രോണിക്സിന് സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞൻമാരിൽ  അലക്സാണ്ടർ ഗ്രഹാംബല്ലിൻ്റെ തൊട്ടു താഴെ രണ്ടാം സ്ഥാനം നൽകി ബഹുമാനിച്ചു.

അകാലത്തിൽ പൊലിഞ്ഞ് പോയിരുന്നില്ലെങ്കിൽ ഓഡിയോ ഇലക്ട്രോണിക്സ് സംബന്ധമായി എത്ര മഹത്തായ കണ്ടുപിടുത്തങ്ങൾ ആ ജീനിയസിൽ നിന്ന് ഉണ്ടാകുമായിരുന്നു എന്നാലോചിക്കുമ്പോൾ മനസിലൊരു വിങ്ങൽ തോന്നും.


ഓഡിയോ ഇലക്ട്രോണിക്സ് കൈകാര്യം ചെയ്യുന്ന ഓരോ വ്യക്തിയും മറന്ന് പോകാതെ ഇപ്പോൾ തന്നെ മന:പാഠമാക്കുക സ്റ്റീരിയോ ആംപ്ലിഫയറിൻ്റെ പിതാവിൻ്റെ പേര്.അതായിരിക്കും നമ്മൾക്ക് അദ്ദേഗത്തിന് കൊടുക്കാൻ സാധിക്കുന്ന ഏറ്റവും വലിയ ആദരവ്.ചിത്രത്തിൽ  മൂവിങ്ങ് കോയിൽ  റോട്ടറി കട്ടിങ്ങ് ലേത്ത്.

 എഴുതിയത് #അജിത്_കളമശേരി 22.01.2024. #ajithkalamassery.

Sunday, January 7, 2024

അഞ്ച് പൈസക്ക് അഞ്ച് പൈസ ലാഭം കിട്ടുന്ന ബിസിനസ്

അഞ്ച് പൈസക്ക് അഞ്ച് പൈസ 

ലാഭം കിട്ടുന്ന ബിസിനസ്

അജിത് കളമശേരി


 
അഞ്ച് പൈസക്ക് അഞ്ച് പൈസ ലാഭം കിട്ടുന്ന ബിസിനസ്

 ഒരു 1995 കാലഘട്ടം. കേരളത്തിലെ ഗ്രാമീണ മേഖലകളിലെങ്ങും വോൾട്ടേജ് ക്ഷാമം അതിരൂക്ഷമായിരുന്നു.

അന്ന് ഈ വോൾട്ടേജ് ക്ഷാമം മൂലം അരി മേടിച്ചിരുന്ന  ഒരു വിഭാഗം ടെക്നീഷ്യൻമാരുണ്ടായിരുന്നു. അവരാണ് സ്റ്റെപ്പ് അപ്പ് സ്റ്റെബിലൈസർ നിർമ്മാതാക്കൾ!

ഒരു മെറ്റൽ ക്യാബി നെറ്റ്, ഒരു മൾട്ടി ടാപ്പിങ്ങ് ഓട്ടോ ട്രാൻസ്ഫോർമർ, ഒരു വോൾട്ട് മീറ്റർ, ഒരു സ്വിച്ച് ഇത്രയും സാധനങ്ങൾ ഉണ്ടെങ്കിൽ സ്റ്റെപ്പ്അപ്പ് റഡി.

ഓ ... ഒരു കാര്യം വിട്ടു പോയി കട്ടോഫ് ബോർഡും റിലേയും!

സ്റ്റെപ്പ് അപ്പ് വോൾട്ടേജ് കൂടിയാൽ റിലേ കട്ടായി ബസർ അടിക്കും അപ്പോൾ നമ്മൾ സ്വിച്ച് തിരിച്ച് വോൾട്ടേജ് അഡ്ജസ്റ്റ് ചെയ്യണം..


ഈ കട്ടോഫ്  ബോർഡാണ്  സ്റ്റെപ്പ് അപ്പിൻ്റെ ഹൃദയം .ഇത് മോശമാണെങ്കിൽ ട്രാൻസ്ഫോർമർ പുകയും, കൊടുത്തിരിക്കുന്ന ഉപകരണം കത്തും!

അക്കാലത്ത് വിപണിയിൽ നല്ല കട്ടോഫ് ബോർഡുകൾ ലഭ്യമായിരുന്നില്ല. സ്ഥിരം നിർമ്മാതാക്കൾ PCBയൊക്കെ സ്വന്തമായി നിർമ്മിച്ച് ടാറൊക്കെ ഉരുക്കിയൊഴിച്ച് രഹസ്യം പുറത്ത് പോകാതെ  ഉപയോഗിക്കും. PCB പുറത്ത് കടകളിൽ ഇവ വിൽപ്പനയ്ക്ക് കൊടുക്കുകയുമില്ല.

അങ്ങനെയിരിക്കെ നല്ല ലാഭം കിട്ടുന്ന സ്റ്റെപ്പ് അപ്പ് നിർമ്മാണത്തിലേക്ക് കടന്നാലെന്തെന്നായി എൻ്റെ ചിന്ത. ഇതിനായി ട്രാൻസ്ഫോർമറുകൾ നിർമ്മിച്ച് നൽകുന്ന എറണാകുളം പദ്മജംങ്ങ്ഷനിൽ പവർ ട്രാൻസ്ഫോർമർ വൈൻഡിങ്ങ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന ചോറ്റാനിക്കര സ്വദേശിയായ മനോഹരൻ ചേട്ടനെ സമീപിച്ചു.

മനോഹരൻ ചേട്ടൻ എനിക്കൊരു ഉപദേശം നൽകി എടാ നീ ഈ സ്റ്റെപ്പ് അപ്പ് ഒക്കെ ഉണ്ടാക്കി കൊടുത്താൽ ആരും അഞ്ചിൻ്റെ പൈസ തരില്ല നീ നിനക്കറിയാവുന്ന പണി ചെയ്യ് !


എന്ത് പണി?

എടാ മാർക്കറ്റിൽ നല്ല കട്ടോഫ്  ബോർഡില്ല നീ അതുണ്ടാക്ക് ഞാൻ തന്നെ മാസം 100 എണ്ണം വാങ്ങാം. പിന്നെ എറണാകുളം കോട്ടയം, തൃശൂർ, ആലപ്പുഴ ഒക്കെയുള്ള ഇലക്ട്രോണിക്സ് കടകളിൽ വിൽക്കാം....


എങ്ങനെ പോയാലും മാസം ഒരു ആയിരം കട്ടോഫ് വിൽക്കാം ഒരു കട്ടോഫ് ബോർഡിന് ചുരുങ്ങിയത് 20 രൂപ ലാഭം കിട്ടും ... അപ്പോൾ ഒരു മാസം എത്ര കിട്ടും?

ഞാനും ചോദിച്ചു എത്ര കിട്ടും?

1000 x 20 സമം ഇരുപതിനായിരം രൂപാ....

ഒരു ദിവസം മുഴുവൻ  കുത്തിയിരുന്ന് റേഡിയോ നന്നാക്കിയാൽ  തന്നെ 15 രൂപാ തന്നെ കിട്ടുന്ന കാര്യം സംശയമുള്ള കാലമാണ് അപ്പോഴാണ് മാസം ഇരുപതിനായിരം രൂപ


 നല്ല ഒരു സർക്യൂട്ട് കോപ്പിയടിച്ചു.അതിൻ്റെ PCB ഡിസൈൻ രൂപരേഖ കൈ കൊണ്ട് റഫ് വരച്ചു. ഒരു DTP ക്കാരനെ തപ്പിപ്പിടിച്ച് കോറൽ ഡ്രോ സോഫ്റ്റ് വെയറിൽ അത് വരച്ചെടുത്തു. അന്ന് PCB വരയ്ക്കുന്ന സോഫ്റ്റ് വെയറൊന്നുമില്ല.

എവിടുന്നൊക്കെയോ കുറച്ച് രൂപ സംഘടിപ്പിച്ച് തൃപ്പൂണിത്തുറ മലയർ പ്രോസസിൽ പോയി 500 PCB ഉണ്ടാക്കി മേടിച്ചു.

റോണി ഇലക്ട്രോണിക്സിൽ പോയി കമ്പോണെൻ്റുകൾ എല്ലാം വാങ്ങി  പിന്നെ രാവും പകലും അസംബ്ലിങ്ങോടസംബ്ലിങ്ങ് !


ഒരാഴ്ചയെടുത്ത് 100 പീസിബി പണിത് ടെസ്റ്റ് ചെയ്ത് പാക്കറ്റിലാക്കി. നേരേ ആദ്യം കിട്ടിയ ബസ്സിൽ കയറി  എറണാകുളത്തേക്ക്.

ഭാഗ്യം ഒരു സീറ്റ് കിട്ടി ഇരുന്ന പടിയേ ഒന്ന് മയങ്ങിപ്പോയി.
ഉറക്കത്തിൻ്റെ തിരശീലയിൽ ചില ദൃശ്യങ്ങൾ ഓടിത്തുടങ്ങി!

അന്നത്തെ കുട്ടികളുടെ പേടിസ്വപ്നമായിരുന്നു ഉരുണ്ട ഹെഡ് ലൈറ്റുള്ള നീല മാരുതി ഓംനി .സിനിമകളിൽ കൊള്ളക്കാരും, ഗുണ്ടകളും സ്ഥിരമായി കൊണ്ടു നടന്നിരുന്ന വാഹനം!


എന്നെ പീഠിപ്പിക്കൂ എന്ന് വിളിച്ച് പറയും പോലെ കൂടെക്കൂടെ തിരിഞ്ഞ് നോക്കി ,ആവശ്യമില്ലാതെ പരിഭ്രമിച്ച് സന്ധ്യ മയങ്ങിയ നേരത്ത് ഒറ്റക്ക് നടക്കുന്ന സുന്ദരികളുടെ പുറകിൽ കീ കീ എന്ന ഒച്ചയോടെ സഡൻ ബ്രേക്കിട്ട് ചതക്ക് ,പതക്ക് എന്ന ശബ്ദത്തോടെ സ്ലൈഡിങ്ങ് ഡോറുകൾ വലിച്ച് തുറന്ന് നായികയെ  വണ്ടിക്കകത്തേക്ക് തള്ളിയിട്ട് പാഞ്ഞ് പോകുന്ന മാരുതി  ഓംനി ഏതൊരു കൊള്ളക്കാരൻ്റെയും സോറി കച്ചവടക്കാരൻ്റെയും സ്വപ്നമായിരുന്നു.

അത്തരമൊരെണ്ണം വാങ്ങി അതിൽ ഞാൻ അസംബിൾ ചെയ്യുന്ന PCB കൾ നിറച്ച് കേരളം മുഴുവനുള്ള ഇലക്ട്രോണിക്സ് കടകളിൽ സോൾഡർ ചെയ്ത ലെഡിൻ്റെ  ചൂട് മാറുന്നതിന് മുൻപ് എത്തിക്കുന്ന രംഗംങ്ങൾ ഞാൻ ബസ്സിലിരുന്ന് സ്വപ്നം കണ്ടു കൊണ്ടിരുന്നു.


ഞാൻ എൻ്റെ സ്വന്തം ഓംനിയിൽ പള്ളിമുക്കിലെ കടകൾക്ക് മുന്നിൽ എത്തുന്നു... വണ്ടി നിറുത്തുന്നതിന് മുന്നേ കടക്കാർ ചാടി വീഴുന്നു .. മുഴുവൻ സ്റ്റോക്കും ഉടനെ തീരുന്നു. കടക്കാർ എനിക്ക് റഡി ക്യാഷ് തരുന്നു.. കടക്കാർ എന്നോട് വാങ്ങിയ കട്ടോഫ് PCB അവർ  അലമാരിയിൽ ഡിസ്പ്ലേക്ക് പോലും  നിരത്തും മുമ്പ് തന്നെ കടയിൽ ക്യൂ നിൽക്കുന്ന സ്റ്റെപ്പ്അപ്പ് നിർമ്മാതാക്കൾ  ചോദിക്കുന്ന വില നൽകി എൻ്റെ ബോർഡ് വാങ്ങുന്നു അതുമായി അവരവരുടെ സർവ്വീസ് സെൻ്ററിലേക്കോട്ടുന്നു ...
സ്റ്റെപ്പ് അപ്പ് ഉണ്ടാക്കുന്നു.  വീണ്ടും എൻ്റെ PCBവാങ്ങാൻ ഷോപ്പിലേക്കോടുന്നു....

പള്ളി മുക്കെത്തി പരിചയക്കാരൻ കണ്ടക്റ്റർ എന്നെ വിളിച്ചുണർത്തി.
അപ്പോഴും ബസ്സിൽ വച്ച് കണ്ട ദിവാസ്വപ്നത്തിൻ്റെ ഹാങ്ങോവർ മാറാത്ത
ഞാൻ എൻ്റെ കയ്യിൽ തൂങ്ങിക്കിടക്കുന്ന സഞ്ചിയിലേക്ക് നോക്കി.വെറും നൂറെണ്ണം!

ഹോ ഈ ഉണ്ടാക്കിയതൊന്നും പോര ഉടനെ ഒരു ആയിരം PCB കൂടി വേണ്ടിവരും! ഇത് കൊടുക്കുമ്പോൾ കിട്ടുന്ന കാശിന് മുഴുവൻ സ്പെയറുകളും വാങ്ങി ഉടനെ ബാക്കിയിരിക്കുന്ന PCB കൂടി ചെയ്യണം !
ഞാൻ വലതുകാൽ വച്ച് ഒരു പരിചയക്കാരൻ്റെ ഷോപ്പിലേക്ക് കയറി..കട്ടോഫ്  ബോർഡ് എത്ര കൊണ്ടു വന്നാലും എടുക്കാം എന്ന് ഓഫർ തന്നയാളാണ്.

ഞാൻ സഞ്ചിയിൽ നിന്ന് എൻ്റെ PCB ഒരെണ്ണംഎടുത്ത് ഐശ്വര്യമായി അങ്ങേരുടെ കയ്യിലേക്ക് കൊടുത്തു.

സൊസൈറ്റിയിലെ  അപ്രൈസർ  നമ്മൾ സ്വർണ്ണം പണയം വയ്ക്കാൻ ചെല്ലുമ്പോൾ നോക്കുന്നത് പോലെ ഒര് ലെൻസ് ഒക്കെ എടുത്ത് വച്ച് എൻ്റെ PCB യുടെ ഗുണമേൻമാ പരിശോധന പുള്ളിക്കാരൻ ആരംഭിച്ചു.

അൽപ്പനേരത്തെ ഗവേഷണത്തിന് ശേഷം ആരോടെന്നില്ലാതെ അന്തരീക്ഷത്തിലേക്ക് നോക്കി ഇങ്ങനെ പറഞ്ഞു.

റസിസ്റ്റർ  10 എണ്ണം ഒരു രൂപ
കപ്പാസിറ്റർ 3 എണ്ണം ഒന്നര രൂപ
പ്രീ സെറ്റ് ഒരു രൂപ
PCB ഒരെണ്ണം രണ്ടര രൂപ
റിലേ ഒരെണ്ണം 10 രൂപ
ട്രാൻസിസ്റ്റർ 3 എണ്ണം ഒന്നര രൂപ
പണിക്കൂലി രണ്ടര രൂപ
മൊത്തം 20 രൂപ.
എത്രയെണ്ണം കൊണ്ടു വന്നിട്ടുണ്ട് ?

എൻ്റെ ചീട്ട് കൊട്ടാരം സെക്കൻഡുകൾ കൊണ്ട് തകർന്നു വീണു. എന്തൊക്കെയായിരുന്നു എൻ്റെ മനസിൽ!
ഒരു PCB യിൽ നിന്ന് 20 രൂപ ലാഭം മാസം ഇരുപതിനായിരം രൂപാ.....കുന്തം കൊടച്ചക്രം

എല്ലാം പോയ് പോച്ച്!

20 രൂപയ്ക്ക് PCBവിറ്റാൽ വണ്ടിക്കൂലി പോലും കിട്ടില്ല. വേണ്ട ഈ പണിക്ക് പോയാൽ കുടുംബം തറവാടാകും.

എത്രയെണ്ണം കൊണ്ടു വന്നിട്ടുണ്ട് എന്ന ചോദ്യത്തിന് ഞാൻ മറുപടി പറഞ്ഞു. സാമ്പിൾ മാത്രമേയുള്ളൂ..
ഓ ശരി എന്നാൽ ഉണ്ടാക്കുമ്പോൾ ഒരു നൂറ് പീസ് കൊണ്ട് പോര്.OK ചേട്ടാ ഞാൻ സാമ്പിളും തിരിച്ച് വാങ്ങി അവിടെ നിന്നിറങ്ങി.

എന്നെ ഈ കുഴിയിലേക്ക് ചാടിച്ച മനോഹരൻ ചേട്ടൻ്റെ അടുത്തേക്ക് ചെന്നാൽ പുള്ളി ഇത് മുഴുവൻ അവിടെ മേടിച്ച് വയ്ക്കും. കാശ് പിന്നെ അഞ്ചും പത്തുമായി മാത്രമേ കിട്ടൂ.. അതിനാൽ അങ്ങോട്ടും പോയില്ല.

അങ്ങനെ ചവറ് കത്തിച്ചതിൽ ചികഞ്ഞപ്പോൾ കാല് വെന്ത കോഴിയെപ്പോലെ എറണാകുളം പള്ളിമുക്കിലൂടെ ലക്ഷ്യമില്ലാതെ നടന്നുകൊണ്ടിരിന്ന എന്നെ ഒരാൾ വിളിച്ചത്. എന്താടാ സഞ്ചിയിൽ വല്ല അക്രി പെറുക്കിയതുമാണോ?

പള്ളിമുക്കിൽ ട്രാൻസ്‌ഫോർമർ വൈൻഡിങ്ങ് നടത്തുന്ന ശശിച്ചേട്ടനാണ്. ഞാൻ കാര്യമെല്ലാം പറഞ്ഞു.


ശശിച്ചേട്ടൻ എന്നോട് ചോദിച്ചു എന്ത് വിലയ്ക്കാണ് നീ ഇത് കടക്കാർക്ക് കൊടുക്കാൻ പോകുന്നത് ? ഞാൻ പറഞ്ഞു 25 രൂപ മുടക്കായി ഒരെണ്ണം ഒരു 40 രൂപയ്ക്ക് കടയിൽ കൊടുക്കും കടക്കാർ അത് 50 ന് വിൽക്കണം..

എന്നാൽ നീ ഒരു 10 ബോർഡ് ഇവിടെ വച്ചേക്ക് കട്ടോഫ് PCB നല്ലത് കിട്ടാനില്ല ശശിച്ചേട്ടൻ പറഞ്ഞു. 10 എണ്ണത്തിൻ്റെ വിലയായി 400 രൂപ ഉടൻ തരുകയും ചെയ്തു.

ഞാൻ എൻ്റെ സഞ്ചി ശശിച്ചേട്ടൻ്റെ വർക്ക്ഷോപ്പിൽ വച്ച് ശ്രീധർ തീയേറ്ററിൽ പോയി ഒരു പടത്തിന് കയറി... വൈകുന്നേരം പടമൊക്കെ കഴിഞ്ഞ് അവിടെയും ഇവിടെയും നോക്കി നിന്ന് തിരികെ ശശിച്ചേട്ടൻ്റെ ഷോപ്പിൽ എത്തിയപ്പോൾ ഞാൻ വച്ച സ്ഥലത്ത് എൻ്റെ സഞ്ചി കാണാനില്ല.. ശശിച്ചേട്ടൻ്റെ മുഖത്ത് പതിവ് നിഷ്കളങ്കമായ ചിരി...
വാടാ വാ ചായ കുടിക്കാം ഞങ്ങൾ പുള്ളിക്കാരൻ്റെ ഇലക്ട്രോ വൈൻഡ് എന്ന ഷോപ്പിൻ്റെ എതിർ വശമുള്ള ഹോട്ടൽ ഉണ്ണികൃഷ്ണയിലേക്ക് കയറി... ചായ കുടിക്കുന്നതിനയിൽ പുള്ളി പറഞ്ഞു. എടാ PCB സഞ്ചിയടക്കം വിറ്റു.. ട്രാൻസ്ഫോർ മേടിക്കാൻ വന്നവരെയെല്ലാം ഞാനാ PCB കാണിച്ചു എല്ലാവരും പതിപ്പത്ത് വീതം കൊണ്ടുപോയിട്ടുണ്ട്.

 ഇന്നാ നിൻ്റെ കാശ് ശശിച്ചേട്ടൻ കുറേ രൂപ എൻ്റെ നേരേ നീട്ടി.

ഞാനാ രൂപയും വാങ്ങി നേരേ വീട്ടിലേക്കുള്ള വണ്ടി പിടിച്ചു.
വണ്ടിയിലിരുന്നപ്പോൾ മനസിൽ അന്നത്തെ എൻ്റെ ബിസിനസിൻ്റെ തുടക്കവും ഒടുക്കവുമായിരുന്നു.

രാവിലെ 20 രൂപയ്ക്ക് PCB വിറ്റിരുന്നെങ്കിൽ? എൻ്റെ കമ്പനി അതോടെ പൂട്ടിയേനെ! ഇപ്പോളിതാ അടുത്ത ലോട്ട് പ്രൊഡക്റ്റ് ഇറക്കാനുള്ള പ്ലൻ്റി മണി പോക്കറ്റിൽ.. 

 

 

നമ്മളുടെ ഓരോ ഉൽപ്പന്നത്തിനും യഥാർത്ഥ ആവശ്യക്കാരും, യഥാർത്ഥ വിപണിയുമുണ്ട്. അത് കണ്ടെത്തി കച്ചവടം നടത്തണം. ഇല്ലെങ്കിൽ കമ്പനി എപ്പോൾ പൂട്ടിയെന്ന് കരുതിയാൽ മതി.

ഈ കഥ എഴുതാൻ കാരണം ഇന്ന് നമ്മളുടെ ഇലക്ട്രോണിക്സ് വിപണി അസംബിൾഡ് ബോർഡുകൾ കൊണ്ട് നിറഞ്ഞ് കവിഞ്ഞിട്ടും വെറും പത്തോ നൂറോ രൂപ മാത്രം ലാഭം പ്രതീക്ഷിച്ച് ആംപ്ലിഫയർ ,പ്രീആംപ്ലിഫയർ, സബ് ഫിൽറ്റർ, ബേസ് ആൻഡ് ട്രബിൾ അസംബിൾഡ് ബോർഡുകൾ ഇറക്കുന്ന കൂട്ടുകാരുടെ ഗതികേട് കണ്ടാണ്.

 പാട്ടിനോടുള്ള താൽപ്പര്യം കൊണ്ടും, ഒരു ഇലക്ട്രോണിക്സ് നിർമ്മാതാവ് എന്ന ഗമ ചുളുവിൽ കൈക്കലാക്കുന്നതിന് വേണ്ടിയും അറിയാവുന്ന പണിയൊക്കെ മാറ്റിവച്ച് ഭാര്യയുടെ കെട്ട് താലി പണയം വച്ചും, കടം വാങ്ങിയും കുറേ കാശ് സംഘടിപ്പിച്ച് ഏതെങ്കിലും തലയ്ക്കകത്ത് ആള് താമസമുള്ളവൻ നിർമ്മിച്ചിറക്കിയ PCB കോപ്പിയടിച്ച് കുറേ ബോർഡുകൾ നിർമ്മിക്കും.

ബോർഡുകൾ നിർമ്മിക്കാനായി വാങ്ങുന്ന  സ്പെയറുകളുടെ കാര്യം അതിലും കഷ്ടം. കേരളത്തിലെ ലോക്കൽ മാർക്കറ്റുകളിൽ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമ്മാതാക്കൾക്കായി ഒറിജിനൽ സ്പെയറുകൾ ലഭിക്കുന്ന കടകൾ വളരെ പരിമിതമാണ്. ഏറിയ പങ്കും ചാത്തൻ ചൈനീസ് സ്പെയറുകൾ മാത്രമേ ലഭിക്കൂ. നല്ല ക്വാളിറ്റി ചൈനീസ് സ്പെയറുകൾക്ക് നല്ല വില കൊടുക്കണം.


കസ്റ്റമർമാർ 5 രൂപ വില കുറഞ്ഞാൽ അത് വാങ്ങാൻ പോകും എന്നതിനാൽ വില കൂടിയ സ്പെയർ വാങ്ങിയാൽ അതിട്ട് പണിയുന്ന ബോർഡുകൾ വിറ്റ് മുതലാക്കാൻ പറ്റില്ല.

കഷ്ടപ്പെട്ട് അസംബിൾ ചെയ്ത ബോർഡുകളുമായി  ഷോപ്പുകളിലെത്തുമ്പോൾ അവർ ഞാൻ കഥയിൽ പറഞ്ഞ പോലെ കണക്ക് കൂട്ടി അതിൻ്റെ ജാതകം നിശ്ചയിക്കും. വേറേ ഗതിയില്ലാത്തതിനാൽ ഉണ്ടാക്കിയതെല്ലാം അവിടെ കൊടുത്ത് തിരിച്ച് പോരും.

പിന്നീട് നടന്ന് നടന്ന് ഇഷ്ടം പോലെ ആരോഗ്യവും കിട്ടും, തേഞ്ഞ ചെരുപ്പുകൾ വിറ്റ് ചായയും കുടിക്കാം...

 ഇൻസ്റ്റാം ഗ്രാം, ഫേസ് ബുക്ക്, വാട്സാപ്പ്, യൂട്യൂബ് എന്നിവയിൽ കൂടി കുറച്ചെണ്ണം വിൽക്കും. നെഗറ്റീവും പോസിറ്റീവും തിരിച്ചറിയാത്ത കുറേ പിള്ളേർ ഈ  ബോർഡുകൾ വാങ്ങി കത്തിച്ച് പുകച്ച് കൊതുകിനെ ഓടിച്ച ശേഷം സോഷ്യൽ മീഡിയ മുഴുവൻ നെഗറ്റീവ് കമൻ്റിട്ട് നാറ്റിക്കും.


അപ്പോഴേക്കും ഭാര്യ ചവിട്ടിപ്പുറത്താക്കിയതിനാൽ വീടിൻ്റെ ചായ്പ്പിലായിരിക്കും കിടപ്പ് .. എന്തൊക്കെ തെറി ആരെല്ലാം പറഞ്ഞാലും അതൊന്നും ഏശാത്ത വിധം തൊലിക്കട്ടി വർദ്ധിച്ചിരിക്കുന്നതിനാൽ ചൂടോ തണുപ്പോ അറിയില്ല. എന്തിന് കൊതുക് കടിച്ചാൽ ചൊറിച്ചിൽ പോലും വരില്ല.


അതിനാൽ പ്രീയ കൂട്ടുകാരെ നിങ്ങൾ നിർമ്മിക്കുന്ന ബോർഡുകൾ വച്ച് ഫിനിഷ്ഡ് പ്രൊഡക്റ്റുകൾ ഇറക്കുക അതിലൂടെയേ വല്ല മെച്ചവും കിട്ടൂ. ഇന്ന് വിപണിയിലുള്ള പ്രസിദ്ധ അസംബിൾഡ് PCB നിർമ്മാതാക്കൾ എല്ലാവരും സ്വന്തമായി ഫിനിഷ്ഡ് ഓഡിയോസിസ്റ്റങ്ങൾ ഇറക്കുന്നുണ്ട്.

ബോർഡ് വിറ്റ് കാശുണ്ടാക്കാൽ അത്ര എളുപ്പമല്ല. കടയിൽ കൊടുത്താൽ കടം പോകും.നൂറ് വാട്ടിൻ്റെ നൂറ് അസംബിൾഡ് ബോർഡ് ഇറക്കാൻ ചുരുങ്ങിയത് ഒരു ലക്ഷം രൂപ കയ്യിൽ വേണം.. ഈ തുകയുടെ പലിശ പോലും ഇത് നിർമ്മിച്ച് വിറ്റാൽ ലാഭം കിട്ടണമെന്നുമില്ല.

അഞ്ച് പൈസക്ക് അഞ്ച് പൈസ ലാഭം കിട്ടുന്ന ബിസിനസിന് മാത്രമേ ഇറങ്ങിപ്പുറപ്പെടാവൂ. ചേട്ടാ പോകല്ലേ ഈ അഞ്ചു പൈസാക്കഥ പറഞ്ഞില്ല.

ഓ ശരി അത് മറന്നു.പണ്ട് പണ്ടൊരു കാലം അന്ന് നാട്ടിലും വീട്ടിലും, സ്കൂൾ പരിസരത്തുമൊക്കെ  ചെറിയ അമൂൽ പാട്ടയിൽ കപ്പലണ്ടി വിൽക്കുന്ന ചിലരെ കാണാമായിരുന്നു.

വല്യ അവധിക്ക് സ്കൂളടച്ചപ്പോൾ ഞങ്ങൾ ചില കൂട്ടുകാരും അണ്ടിക്കച്ചവടം നടത്താൻ തീരുമാനിച്ചു. ഒരുത്തൻ പറഞ്ഞു അണ്ടിക്കച്ചവടം നഷ്ടമാ.. നമുക്ക് റബർ കാ പെറുക്കി വിൽക്കാം.. പോടാ അണ്ടിക്കച്ചവടം ലാഭമാ ആ മോഹനൻ ചേട്ടൻ എല്ലാ സ്കൂളടപ്പിനും കപ്പലണ്ടി കച്ചവടം ചെയ്ത് എന്നാ കാശാ ഉണ്ടാക്കുന്നത്.

എന്നാൽ നേരിട്ട് ചോദിച്ച് കളയാം ഇപ്പോൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥനും എൻ്റെ സുഹൃത്തുമായ കാലായിൽ മോഹനനെ കണ്ട് കച്ചവടം എങ്ങിനെയുണ്ടെന്ന് ചോദിച്ചു.


അങ്ങേര് പറഞ്ഞു  എന്തോ പറയാനാ.. അഞ്ച് പൈസക്ക് വിറ്റാൽ അഞ്ച് പൈസ ലാഭം കിട്ടും. വല്യ മെച്ചമൊന്നുമില്ല.

ഓ അത് ശരി എന്നാ നമ്മുക്ക് കപ്പലണ്ടിക്കച്ചവടം വേണ്ട അഞ്ച് പൈസ ലാഭം കിട്ടിയിട്ട് എന്താകാനാ?

#അജിത്_കളമശേരി .

 

Sunday, December 24, 2023

എന്തും ക്ഷമിക്കുന്ന വയസൻ 810

 എന്തും ക്ഷമിക്കുന്ന വയസൻ 810

1970ൽ അമേരിക്കയിലെ RCA കമ്പനി ഡിസൈൻ ചെയ്ത് പുറത്തിറക്കിയ CA 810 എന്ന 7 വാട്ട് ഓഡിയോ ഐസി ശബ്ദ ഗുണമേൻമയിൽ വളരെ മികച്ചതായിരുന്നു.



1973 ൽ ഫിലിപ്സ് ഈ ഐസി ഉപയോഗിച്ച് ഒരു സ്റ്റീരിയോ റിക്കോഡ് പ്ലയർ പുറത്തിറക്കി. ഇതിൻ്റെ ശബ്ദം ഓഡിയോ പ്രേമികൾക്കിടയിൽ വളരെ വേഗം പ്രചാരം നേടി. ഇതോടെ ലോകമെങ്ങുമുള്ള ഓഡിയോ പ്രേമികൾ CA 810നായി ഓട്ടം തുടങ്ങി. 


രണ്ടു വശത്തുമായി 12 പിന്നുകളും മദ്ധ്യഭാഗത്തായി  ചിത്രശലഭത്തിൻ്റെ   ചിറകുകൾ പോലെ ഹീറ്റ്സിങ്ക് ലീഡുകൾ വിടർന്ന് നിൽക്കുന്ന ഒരു വ്യത്യസ്ത രൂപത്തോടെയാണ് ഈ ഐസി പുറത്തിറങ്ങിയത്.


RCA യുടെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങളിൽ ഒന്നു മാത്രമായിരുന്നു CA 810. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഓർഡർ അനുസരിച്ച് മാത്രം CA 810 നിർമ്മിക്കുകയായിരുന്നു RCA കമ്പനി തുടർന്നു വന്ന രീതി. അതിനാൽ  ഈ ഓഡിയോ ഐസി എളുപ്പത്തിൽ പുറം വിപണിയിൽ ലഭിക്കുക അസാദ്ധ്യമായിരുന്നു.

അതിനാൽ മറ്റൊരു അമേരിക്കൻ കമ്പനിയായ മുള്ളാർഡ് - ഫിലിപ്സ് ( അതേ നമ്മുടെ ഫിലിപ്സ് തന്നെ ) RCA യിൽ നിന്ന് CA 810 ഉണ്ടാക്കുന്നതിനുള്ള അവകാശം 1973 ൽ വിലയ്ക്ക് വാങ്ങുകയും TDA 810 എന്ന കോഡ് നെയിമിൽ പ്രൊഡക്ഷൻ ആരംഭിക്കുകയും ചെയ്തു.

 ഫിലിപ്സും സ്വന്തം ആവശ്യം കഴിഞ്ഞ് ബാക്കിയുണ്ടെങ്കിലേ ഈ  810 നെ പുറത്ത് കൊടുക്കുമായിരുന്നുള്ളൂ .അതിനാൽ  ചെറുകിട പ്രൊഡക്ഷൻ കമ്പനികൾക്ക്  പുറം വിപണിയിൽ നിന്ന് ഈ ഐസി സോഴ്സ് ചെയ്യുക ബുദ്ധിമുട്ടായിരുന്നു.

ഈ അവസരം മുതലെടുത്ത് ഫ്രഞ്ച് കമ്പനിയായ SGS തോംസൺ RCA കമ്പനിയോട് 1975 ൽ  CA 810 ഐസി  യൂറോപ്പിൽ  നിർമ്മിക്കുന്നതിനുള്ള  അവകാശം വാങ്ങുകയും TBA 810 എന്ന കോഡ് നെയിമിൽ ഉൽപ്പാദനം ആരംഭിക്കുകയും ചെയ്തു.

1980 ൽ ജപ്പാനിലെ ഹിറ്റാച്ചി കമ്പനി CA 810 ഏഷ്യയിൽ നിർമ്മിക്കുന്നതിനുള്ള അവകാശം RCA കമ്പനിയിൽ നിന്ന് വാങ്ങിയതോടെ   കഥ മാറി

ഹിറ്റാച്ചി TBA 810  വൻതോതിൽ ഉൽപ്പാദനം ആരംഭിച്ചതോടെ ലോകമെങ്ങും ഈ ഓഡിയോ ഐസി കുറഞ്ഞ വിലയിൽ ലഭ്യമായിത്തുടങ്ങി. വെറും 6 രൂപയ്ക്ക് ഈ ഐസി 1980കളിൽ കേരളത്തിൽ പോലും ലഭ്യമായിരുന്നു.

വളരെ കുറഞ്ഞ എക്‌സ്ടേണൽ കോമ്പോണെൻ്റുകൾ ഉപയോഗിച്ച് അനാവശ്യമായ ഒച്ചയും ബഹളവും, മൂളലുമില്ലാത്ത ഒരു ഡീസൻ്റ് ആംപ്ലിഫയർ ഇലക്ട്രോണിക്സിലെ തുടക്കക്കാർക്ക് പോലും നിർമ്മിക്കാൻ സാധിക്കും എന്നത് ഈ  ഓഡിയോ ഐസിയെ ലോക്കൽ  ടെക്നീഷ്യൻമാർക്കും ഒപ്പം  ഹോബിയിസ്റ്റുകളുടെ ഇടയിലും വളരെ വേഗം പോപ്പുലറാക്കി.

ഹിറ്റാച്ചിയിൽ നിന്ന് ചിപ്പ് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ  ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് അഥവാ  ബെൽ ഇലക്ട്രോണിക്സ് BEL810 എന്ന പേരിലും ഈ ഐസി ഇറക്കിയിരുന്നു.ഗയിൻ കൂടുതലായിരുന്നതിനാൽ. പ്രോപ്പറായി ഷീൽഡ് ചെയ്യാത്ത ഇൻപുട്ട് കൊടുത്താൽ    തൊട്ടടുത്തുള്ള മീഡിയം വേവ് റേഡിയോ സ്റ്റേഷനുകൾ കയറി പിടിക്കുന്ന തകരാർ 810 ആംപ്ലിഫയറുകൾക്ക് ഉണ്ടായിരുന്നു.

ഓഡിയോ ടെക്നോളജിൽ പലവിധ മാറ്റങ്ങൾ വന്നതോടെ TBA 810 കാലഹരണപ്പെടുകയും  2000 ത്തിൽ  കമ്പനികൾ ഈ ഓഡിയോ ഐസിയുടെ  നിർമ്മാണം അവസാനിപ്പിക്കുകയും ചെയ്തു.

പ്രതാപകാലത്ത് ലോകമെങ്ങുമായി 12 ൽ അധികം കമ്പനികൾ ഈ പുലിയെ നിർമ്മിച്ചിരുന്നു.

 ചൂട് കൂടിയാൽ തനിയെ വാട്ടേജ് കുറയ്ക്കുന്ന തെർമ്മൽ ഷട്ട് ഡൗൺ ,സ്പീക്കർ ഷോർട്ടായാൽ  ഡ്രൈവ് ഓഫാകുന്ന ഷോർട്ട് സർക്യൂട്ട്
പ്രൊട്ടക്ഷൻ, സർക്യൂട്ടിൽ മാറ്റമൊന്നും വരുത്താതെ  4 മുതൽ 20 വരെ വോൾട്ടിൽ പ്രവർത്തിക്കും, 2 ഓംസ് മുതൽ 16 ഓംസ് വരെ വിവിധ അളവുകളിലുള്ള സ്പീക്കർ ഉപയോഗിക്കാം, വളരെ എളുപത്തിൽ ബ്രിഡ്ജ് ചെയ്ത് പവർ ഇരട്ടിയാക്കാം..എന്നീ പ്രത്യേക തകൾ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഓഡിയോ ഐസിയായിരുന്നു TBA 810.
'
വെറും 35 രൂപയ്ക്ക് ഒരു TBA 810 ആംപ്ലിഫയർ 1985 ൽ ഏത് കൊച്ച് കുട്ടിക്ക് പോലും അസംബിൾ ചെയ്യാമായിരുന്നു.


ഇലക്ടർ, ഇലക്ട്രോണിക്സ് ഫോർ യു എന്നീ മാസികകളിൽ 1984 ൽ 810 ഉപയോഗിച്ച് ആംപ്ലിഫയർ നിർമ്മിക്കുന്ന ഹോബീ സർ ക്യൂട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടത് ഇതിൻ്റെ ഇന്ത്യയിലെ പ്രചാരം വളരെ വേഗത്തിലാക്കി.

2N 3055/2955 അല്ലെങ്കിൽ PT4/PT6 എന്നിങ്ങനെയുള്ള മാച്ച്ഡ് പെയർ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ട്രാൻസിസ്റ്റർ ആംപ്ലിഫയറുകൾ സൂപ്പർ ടെക്നീഷ്യൻമാർ പോലും ഒന്ന്  പണിത് ഒപ്പിക്കാൻ പാടുപെടുമ്പോഴായിരുന്നു TBA 810 ൻ്റെ രംഗപ്രവേശം!

 നമ്മുടെ നാട്ടിലും ആയിരക്കണക്കിന് പേരേ ഇലക്ട്രോണിക്സിൻ്റെ മായിക ലോകത്തിലേക്ക് പിടിച്ച് വലിച്ചിട്ട കൊടും ഭീകരനാണീ TBA 810

ഈ ഐസി സുലഭമായി ലഭ്യമല്ലാതിരുന്ന റഷ്യ പോലുള്ള രാജ്യങ്ങളിലെ ഡിസൈനർമാർ 810 ൻ്റെ സൗണ്ട് ക്വാളിറ്റി ഏകദേശം അനുകരിക്കുന്ന ട്രാൻസിസ്റ്റർ ആംപ്ലിഫയറുകൾ നിർമ്മിച്ച് തങ്ങളുടെ മോഹം അടക്കിയിരുന്നു.

2 വാട്ടിൻ്റെ CA 800, 7 വാട്ടിൻ്റെ CA 810 , 4 വാട്ടിൻ്റെ CA 820 എന്നീ ഓഡിയോ ഐസികൾ ഒന്നിച്ചാണ് RCA കമ്പനി പുറത്തിറക്കിയതെങ്കിലും 810 ലോകമെങ്ങും  ഉണ്ടാക്കിയ ഓളം മറ്റൊരു ഓഡിയോ ഐസിയും ഉണ്ടാക്കിയിട്ടില്ല.

നമ്മൾ എന്ത് അവിവേകം കാണിച്ചാലും ക്ഷമിക്കുന്ന ഈ വയസൻ 810 നെ ഇന്നത്തെ ചെറുപ്പക്കാരായ  തൊട്ടാൽ പൊട്ടിത്തെറിക്കുന്ന, ചൂടൻമാരായ ഓഡിയോ ഐസികൾ മാതൃകയാക്കേണ്ടതാണ്. ജീവിച്ചിരുന്നെങ്കിൽ 2024 ജനുവരി മാസം 54 വയസ് ആഘോഷിക്കേണ്ട വ്യക്തിത്വമായിരുന്നു.എന്ത് ചെയ്യാം നമ്മളാൽ തടുക്കാൻ പറ്റാത്ത  കാലത്തിൻ്റെ കുത്തൊഴുക്കിൽ കാലഹരണപ്പെട്ടു പോയില്ലേ.

നീണ്ട 50 വർഷങ്ങൾക്കിപ്പുറവും   CA 810 ഉണ്ടാക്കിയ ഓളങ്ങൾ ലോകമെങ്ങുമുള്ള ഓഡിയോ പ്രേമികളുടെ മനസിൽ അലയടിക്കുന്നു. എഴുതിയത് അജിത് കളമശേരി24.12.2023
 

Thursday, November 30, 2023

ദോശയും ഫാനും തമ്മിൽ എന്ത് ബന്ധം?

 ദോശയും ഫാനും തമ്മിൽ എന്ത് ബന്ധം?



ഫാനിട്ടാൽ പറന്ന് പോകുന്ന ദോശയെപ്പി നമ്മൾക്കെല്ലാം അറിയാം എന്നാൽ ഇപ്പോൾ തരംഗമായിരിക്കുന്ന ന്യൂ ജനറേഷൻ BLDC ഫാനുകളുമായി ദോശക്ക് ഒരു വലിയ ബന്ധമുണ്ടെന്ന് നിങ്ങൾക്കറിയാമോ?

രാജസ്ഥാൻ ആഗ്ര ഹൈവേയിലെ ഒരു ചെറു പട്ടണമാണ് ദോശ എന്ന് സൗത്തിന്ത്യൻ ട്രക്ക് ഡൈവർമാർ വിളിക്കുന്ന ദൗസ.

ഈ ചെറുപട്ടണത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ ഒരു സാധാരണ  കർഷക കുടുംബത്തിൽ മനോജ് മീണ എന്നൊരു ബാലനുണ്ടായിരുന്നു.

 

പനയോലയും, കടലാസും ,ഉജാലക്കുപ്പിയും, പഴയ ചെരുപ്പുകൾ മുറിച്ചുമെല്ലാം അവൻ പല തരത്തിലുള്ള കാറ്റാടികളും,വണ്ടികളുമടക്കമുള്ള കളിപ്പാട്ടങ്ങൾ നിർമ്മിച്ച് കൂട്ടുകാർക്കെല്ലാം നൽകുകയായിരുന്നു അവൻ്റെ  പഠനശേഷമുള്ള  ഹോബി.

സ്കൂൾ പഠനകാലത്തിന് ശേഷം ഗ്രാമത്തിൽ നിന്ന് ജയ്പ്പൂരിലെ വലിയ കോളേജിൽ പ്രവേശനം കിട്ടിയപ്പോൾ അവൻ്റെ കളിപ്പാട്ടങ്ങൾ ഇലക്ട്രോണിക്സ് ഉപകരണങ്ങളായി.

കൂട്ടുകാരുടെ വീട്ടിൽ പ്രവർത്തനരഹിതമായി കിടക്കുന്ന റേഡിയോകളും, മ്യൂസിക് പ്ലയറുകളും, മൊബൈൽ ഫോണുകളുമെല്ലാം മനോജിൻ്റെ വീട്ടിൽ ജീവൻ വച്ചു.

നന്നായി പഠിക്കുമായിരുന്ന മനോജ് കോളേജ് പഠനത്തിന് ശേഷം ബോംബെ IIT യിൽ പ്രവേശനം നേടി.

തനിക്ക് താൽപ്പര്യമുള്ള ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് ശാഖയിലായിരുന്നു പ്രവേശനം.

റോബോട്ടിക്സിൻ്റെ ഒരു പ്രധാന ശാഖയായ യാന്ത്രിക ചലനങ്ങളിലും, പ്രോഗ്രാം ഓട്ടോമേഷനിലും മനോജ് ഒരു വിദഗ്ദനായി മാറി.

ബോംബെ IIT യിലെ പഠന കാലയളവിൽ  സമയം കിട്ടുമ്പോഴെല്ലാം തൻ്റെ കൂട്ടുകാരെല്ലാം സിനിമാ കാണാനും, അടിച്ചു പൊളിക്കാനും സമയം ചിലവഴിക്കുമ്പോൾ , പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന ചോർ ബസാറുകളിൽ കറങ്ങുകയായിരുന്നു  മനോജിൻ്റെ  വിനോദം.


അവിടെ നിന്ന്  ഒതുക്കത്തിൽ കൈക്കിണങ്ങിയ വിലയ്ക്ക് കിട്ടുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങൾ  മുറിയിൽ കൊണ്ടുവന്ന് റിവേഴ്സ് എഞ്ചിനീയറിങ്ങ് നടത്തി അതിൻ്റെ ടെക്നോളജി മനസിലാക്കുന്നതിൽ മനോജ് വളരെ സംതൃപ്തി അനുഭവിച്ച് പോന്നു.

 

ഒരിക്കൽ അവിടെ നിന്ന്  അമേരിക്കൻ കമ്പനിയായ Emerson Electric ൻ്റെ ഒരു ഫാൻ കിട്ടി .ഫാനിൻ്റെ ഒപ്പം ഒരു PCBയൊക്കെ കണ്ട് കൗതുകം തോന്നിയാണ്  അതെടുത്തത് .റൂമിലെത്തി അഴിച്ച് പരിശോധിച്ചപ്പോൾ അതൊരു BLDC ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഫാനാണെന്ന് മനസിലായി. ഇങ്ങനെ SMPS പവർ സപ്ലേയൊക്കെ വച്ച് സീലിങ്ങ് ഫാനുണ്ടാക്കാമെന്ന ഐഡിയ അങ്ങനെ മനോജിന് കിട്ടി.

ഇതിനിടെ ഹോസ്റ്റലിൽ തനിക്കൊപ്പം ഉണ്ടായിരുന്ന ഒരു കൂട്ടുകാരനുമായി ചേർന്ന് 2012ൽ  ആറ്റംബർഗ് എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് കമ്പനി മനോജ് ആരംഭിച്ചിരുന്നു.

ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർBARC, പ്രതിരോധ ഗവേഷണ കേന്ദ്രം DRDO, തുടങ്ങിയവ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾക്ക് ഡാറ്റാ അക്വിസിഷൻ, വെഹിക്കിൾ ട്രാക്കിങ്ങ് ,പ്രൊഡക്റ്റ് ഓട്ടോമേഷൻ പോലുള്ള വർക്കുകൾ ചെയ്തു കൊടുത്ത് പോക്കറ്റ് മണിക്കും, പഠന ചിലവിനുമുള്ള പണം അവർ സമ്പാദിച്ചു പോന്നു.

llT യിലെ പഠനം കഴിഞ്ഞു കാമ്പസ് സെലക്ഷനിലൂടെ മനോജിന് ISROയിൽ ജോലി ലഭിച്ചു.ഇതറിഞ്ഞ വീട്ടുകാർക്ക് വലിയ സന്തോഷമായി.

പക്ഷേ മനോജിന് ജോലി കിട്ടിയതിൽ വലിയ സന്തോഷമൊന്നും തോന്നിയില്ല. തൻ്റെ ആറ്റം ബർഗ് കമ്പനി പ്രൊഡക്റ്റ് ഓട്ടോമേഷനിലും, റോബോട്ടിക്സിലും വൻ തരംഗമാകുന്നത് ദിവാസ്വപ്നം കണ്ടിരുന്ന അവൻ ജോലി സ്വീകരിക്കണ്ട എന്ന് തിരുമാനിച്ചു.


തട്ടിമുട്ടി നീങ്ങിയിരുന്ന  കമ്പനിക്ക് ഫണ്ട് ഇൻവെസ്റ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്ന
അവനൊപ്പം ആറ്റംബർഗിൽ പങ്കാളിയായിരുന്ന കൂട്ടുകാരൻ IIT പഠനശേഷം വീട്ടുകാരുടെ നിർദ്ദേശാനുസരണം  സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് പഠിക്കാൻ കമ്പനിയിൽ നിന്ന് പിരിഞ്ഞ് പോയതോടെ കമ്പനിയുടെ സാമ്പത്തിക നില പരിതാപകരമായി. കമ്പനി അടച്ചുപൂട്ടി.

ഒന്നും ചെയ്യാനില്ലാതിരുന്ന ഒരു പകൽ
ബോംബെയിലെ ഒരു ഗല്ലിയിലെ ഒറ്റമുറി വാടക വീട്ടിൽ അതിൻ്റെ മച്ചിൽ കട കട ശബ്ദത്തോടെ കറങ്ങുന്ന പഴയ ഫാനിൽ നോക്കി  മനോജ് ചിന്താമഗ്നനായി കിടന്നു.

ISRO യിലെ നല്ല ശമ്പളമുള്ള ജോലി അന്ന് സ്വീകരിക്കാതിരുന്നത് മണ്ടത്തരമായിപ്പോയോ?


പെട്ടെന്നാണ് കഴിഞ്ഞ മാസത്തെ കറണ്ട് ചാർജ് ഹൗസ് ഓണർക്ക് നൽകിയില്ലല്ലോ എന്ന കാര്യം ഓർമ്മ വന്നത്. ഒരു LED ബൾബും ,ഈ ഫാനും മാത്രമേ  മുറിയിൽ  ഉള്ളൂ എന്നിട്ടും ഇത്ര വലിയ ചാർജ് എങ്ങിനെ വരുന്നു.?

 ഉടനെ ക്ലാമ്പ് മീറ്ററും, ടെസ്റ്ററുമെടുത്ത് അന്വോഷണമാരംഭിച്ചു. അവസാനം കറണ്ട് മോഷ്ടിക്കുന്ന വില്ലനെ കണ്ടെത്തി! തലക്ക് മുകളിൽ കറങ്ങുന്ന സീലിങ്ങ് ഫാൻ!.
ഏതാണ്ട് 100 വാട്ട് കറണ്ടാണ് അവൻ ഉപയോഗിക്കുന്നത്.ചിന്താമഗ്നനായി വീണ്ടും കിടന്ന മനോജിൻ്റെ തലയ്ക്കുള്ളിൽ ഒരുലഡു പൊട്ടി!



പിറ്റേ ദിവസം രാവിലെ തന്നെ റഡിയായി മനോജ് തൻ്റെ പഴയ IIT കാമ്പസിലേക്ക് പോയി. അവിടെ തൻ്റെ ജൂനിയർ ബാച്ചിൽ പഠിക്കുന്ന 
സിബബ്രതാ ദാസ് എന്ന കൂട്ടുകാരനെ കാണുകയാണ് ലക്ഷ്യം. അവൻ അവൻ്റെ അഛനെ ചാക്കിട്ട്  കുറച്ച് തുക സംഘടിപ്പിച്ച് മനോജിൻ്റെ  കമ്പനിയിലേക്ക് ഇൻവെസ്റ്റ് ചെയ്യിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

പുള്ളിക്കാരനും ഒരു സ്വയംതൊഴിൽ പ്രേമിയാണ് സൗന്ദര്യ സംവർദ്ധക ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഒരു ഓൺലൈൻ സ്ഥാപനം അവനും നടത്തുന്നുണ്ട്. പുള്ളിക്കാരൻ്റെ ബിസിനസും പൊളിഞ്ഞ് പാളീസായിരിക്കുകയാണ് .

ദാസിനോട് മനോജ് തൻ്റെ ഐഡിയ പറഞ്ഞു. പരമ്പരാഗത സീലിങ്ങ് ഫാനുകൾ 80 മുതൽ 100 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. നമുക്ക് അതിനെ പുതിയ BLDC ( Brush Less Direct Current )ടെക്നോളജിയിലേക്ക് മാറ്റി പുതിയ ഫാൻ ഇറക്കിയാലോ?
എന്തിനും കൂട്ടുകാരനൊപ്പം നിൽക്കുന്ന ദാസിന് മനോജിൻ്റെ ഐഡിയ ഇഷ്ടപ്പെട്ടു. ഇത് കലക്കും ഈ ഫാൻ നമുക്ക് എൻ്റെ സൈറ്റിൽ കൂടി ഓൺലൈനിൽ വിൽക്കാം ..

അങ്ങനെ 
സിബബ്രതാ ദാസ് ആറ്റംബർഗിൽ പങ്കാളിയായി. നാല് മാസം കൊണ്ട് അവർ പന്ത്രണ്ടോളം പ്രോട്ടോ ടൈപ്പുകൾ പരീക്ഷിച്ച്  നോക്കി അവസാനം വിജയകരമായ ഒന്ന് തയ്യാറാക്കി.

ഫാനിന് അടിപൊളി ഒരു പേരുമിട്ടു. ആര് കേട്ടാലും ഒന്ന് ഞെട്ടും!ഗോറില്ല ഫാൻ!

കുറച്ച് ഫോട്ടോകളൊക്കെ എടുത്ത് സ്വന്തം സൈറ്റിലിട്ടു.  അത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല ഓർഡർ ഒന്നും വരുന്നില്ല ഇനിയെന്ത് ചെയ്യും? നേരിട്ട് ഓർഡർ പിടിക്കാം .

ദാസിന് ക്ലാസിൽ പോകണം അതിനാൽ സാമ്പിളുമായി മനോജ്  തനിയെ ഇലക്ട്രിക്  ഷോപ്പുകളിൽ കയറിയിറങ്ങി.

ഫാൻ കണ്ട ഷോപ്പുകാർ നെറ്റി ചുളിച്ചു ഓറിയൻ്റ്, ഖയ്ത്താൻ, ഉഷാ, അൽ മൊണാർഡ്, റെമി, ഹാവേൽസ്, തുടങ്ങിയ വമ്പൻമാർ അരങ്ങ് വാഴുന്ന ഫാൻ വിപണിയിലേക്ക് ഇതാ ഇത്തിരിപ്പോന്ന ഒരുവൻ ആമസോൺ കാട്ടിലെങ്ങാണ്ട് കിടക്കുന്ന ഗോറില്ലയുടെ പേരുമിട്ട് ഒരു ഫാനുമായി വന്നിരിക്കുന്നു.  എന്നാൽ അതിനോ ലോകത്തില്ലാത്ത വിലയും! 4500 രൂപ.

നല്ല ഒന്നാം തരം ഖയ്ത്താൻ ഫാൻ 1500 രൂപയ്ക്ക് കിട്ടും അപ്പോഴാണ് മൂന്ന് ഫാനിൻ്റെ വിലയുള്ള ഫാനുമായി ആളെ കൊല്ലാൻ വന്നിരിക്കുന്നത് .


സർ ഇത് BLDC ടെക്നോളജി 35 വാട്ട് കറണ്ട് മതി. രണ്ട് വർഷം കൊണ്ട് ഫാനിൻ്റെ കാശ് മുതലാകും എന്നെല്ലാം പറയാൻ മനോജ് ശ്രമിക്കുന്നുണ്ടെങ്കിലും ഒരു വാക്ക് പോലും കേൾക്കാൻ നിൽക്കാതെ കടക്കാരെല്ലാം മനോജിനെ ആട്ടിപ്പുറത്താക്കുന്നത് പോലെ ഓടിച്ച് വിട്ടു.

അപ്പോഴാണ് ഗുജറാത്തിലെ സാനന്ദിൽ ടാറ്റായുടെ പുതിയ നാനോ കാർ ഫാക്ടറി പണി തീർന്ന് വരുന്നത് അവിടെ ചെന്നാൽ ചിലപ്പോൾ ഓർഡർ കിട്ടിയേക്കും എന്ന് ഒരു സുഹൃത്ത് പറഞ്ഞത്.


 ഫാനിൻ്റെ സാമ്പിളും കയ്യിലെടുത്ത് ഉടൻ തന്നെ മനോജ് ഗുജറാത്തിലേക്കുള്ള വണ്ടി പിടിച്ചു, അവിടെ എത്തി തിരക്കിപ്പിടിച്ച് ടാറ്റ നാനോ ഫാക്ടറിയുടെ ഇലക്ട്രിക്കൽ വിഭാഗം ചീഫ് മാനേജരെ കാണാൻ ഒരപ്പോയ്മെൻ്റ് സംഘടിപ്പിച്ചു

പയ്യനായ മനോജിൻ്റെ വാഗ്ധോരണി അദ്ദേഹം സശ്രദ്ധം കേട്ടു. ഈ ഫാൻ ഫിറ്റ് ചെയ്താൽ  ടാറ്റാ കമ്പനിക്കെന്ത് മെച്ചം എന്ന് തൻ്റെ ലാപ്പ്ടോപ്പ് തുറന്ന് വച്ച് അവൻ വിശദീകരിച്ചു.


ഒരു പുതിയ  കൺവെൻഷണൽ സീലിങ്ങ്‌   ഫാൻ ഒരു മണിക്കൂറിൽ 70-80 വാട്ട് കറണ്ട് ഉപയോഗിക്കും പഴകുന്തോറും അത് 100-120 വാട്ട് വരെയാകാം. കമ്പനികളിലെ ഫാനാകുമ്പോൾ അത് ഒരിക്കലും നിറുത്താറില്ലല്ലോ അപ്പോൾ ഒരു ഫാൻ ദിവസം 2.4 യൂണിറ്റും  ഒരു മാസം 72 യൂണിറ്റും ഉപയോഗിക്കും, വർഷം 864 യൂണിറ്റ് 864X 6 രൂപ = 5184 രൂപ ഞങ്ങളുടെ ഫാനിന്  4500 രൂപയാണ് ഒരു വർഷം കൊണ്ട് സാറിന് ഫാനിൻ്റെ കാശ് മുതലാകും കൂടാതെ 10 എണ്ണം വാങ്ങിയാൽ 4000 രൂപയ്ക്ക് സാറിന് ഫാൻ തരാം!


രണ്ട് വർഷം ഗ്യാരണ്ടി തരാമോ?
മാനേജർ ചോദിച്ചു
തൻ്റെ ഫാനിൻ്റെ പ്രവർത്തനക്ഷമതയിൽ ഉറപ്പുണ്ടായിരുന്ന മനോജ്
ഒട്ടുമാലോചിക്കാതെ  പറഞ്ഞു.. തരാം സർ.
ഗ്യാരണ്ടി പീരിയഡിൽ തകരാറിലാകുന്ന ഫാനുകൾ ഉടനെ നന്നാക്കി തരുമോ?
തരാം സർ.


എന്നാൽ ഒരു 1500 എണ്ണം ബുക്ക് ചെയ്തിരിക്കുന്നു. മാനേജർ തൻ്റെ സ്റ്റെനോഗ്രാഫറെ വിളിച്ച് വർക്ക് ഓർഡർ അടിച്ച് കയ്യിൽ കൊടുത്തു.

വർക്കോർഡറും കയ്യിൽ പിടിച്ച് മനോജ് സ്തംഭിച്ചിരുന്നു. മാസങ്ങളോളം അലഞ്ഞിട്ടും ഒരു ഫാനിനുള്ള ഓർഡർ പോലും ലഭിക്കാതിരുന്നപ്പോഴാണ് ഈ വമ്പൻ ഓർഡർ വിശ്വസിക്കാനാകുന്നില്ല.

1500 ഫാനുകൾ ഉണ്ടാക്കാൻ മുപ്പത് ലക്ഷം രൂപ അസംസ്കൃത വസ്തുക്കൾക്ക് തന്നെ വേണം പിന്നെ അസംബിൾ ചെയ്യാൻ ഫാക്ടറി വേണം.തൻ്റെ കൊച്ചുമുറിയിലിരുന്ന് ഇത്രയും ഫാൻ ചെയ്യാൻ സാധിക്കില്ല.പിന്നെ ഫണ്ടും വേണം.


 എന്ത് ചെയ്യും?കൂട്ടുകാർ തല പുകഞ്ഞ് ആലോചിച്ചു. അവർ ഒരു പണമിടപാട് സ്ഥാപനത്തെ സമീപിച്ചു ടാറ്റായുടെ വർക്ക് ഓർഡർ കാണിച്ചു. ടാറ്റായുടെ പേരിൻ്റെ മഹത്വം അപ്പോഴാണ് അവർക്ക് പിടി കിട്ടിയത് .ആ വർക്ക് ഓർഡിൻ്റെ ബലത്തിൽ ഒരു കോടി രൂപ ലോൺ അപ്പോൾ തന്നെ അവർക്കനുവദിക്കപ്പെട്ടു.


നവി മുംബൈ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു ഫാക്ടറി ബിൽഡിങ്ങ് വാടകയ്‌ക്കെടുത്ത് ആവശ്യമായ വൈൻഡിങ്ങ് മെഷീനുകളും, ജോലിക്കാരെയും, സ്പെയർ പാർട്ടുകളും,PCB യും  മറ്റും സംഘടിപ്പിച്ച് കാലതാമസമില്ലാതെ 2015ൽ പുതിയ ടെക്നോളജിയിലുള്ള എനർജി എഫിഷ്യൻ്റ്   BLDC ഫാനുകളുടെ നിർമ്മാണം ഇന്ത്യയിൽ ആരംഭിക്കപ്പെട്ടു.


ടാറ്റയ്ക്ക് വേണ്ടി വൻ ഓർഡർ കിട്ടിയത് മുംബയിലെ ഇലക്ട്രിക് കച്ചവടക്കാർ മണത്തറിഞ്ഞു. ഒരു സാധാരണ ഫാൻ വിറ്റാൽ 200 രൂപ കിട്ടും അതേ സ്ഥാനത്ത് ഗോറില്ല ഫാൻ വിറ്റാൽ 600 രൂപ കിട്ടും. അതാണ് ലാഭം 3 സാധാരണ  ഫാൻ വിൽക്കുന്ന ബുദ്ധിമുട്ടും സ്റ്റോറേജ് സ്പേസും BLDC Fan വിൽക്കാൻ വിനിയോഗിച്ചാൽ 1800 രൂപ കിട്ടും .മാർവാഡികളായ കച്ചവടക്കാർ ലാഭത്തിൻ്റെ പക്ഷത്ത് നിൽക്കും.അവർ കാശുള്ള കസ്റ്റമേഴ്സിനെല്ലാം ഗോറില്ല ഫാൻ റക്കമൻ്റ് ചെയ്ത് വിൽക്കാൻ തുടങ്ങി.

ആമസോൺ, ഫ്ലിപ്പ്കാർട്ട് സൈറ്റുകളിലൂടെ കമ്പനി സഹസ്ഥാപകൻ സിബ്രാറ്റ ദാസ് ഓൺലൈൻ മാർക്കറ്റിങ്ങും ആരംഭിച്ചു.


 ആറ്റംബർഗ് സ്റ്റാർട്ടപ്പ് കമ്പനിയിലേക്ക് ഏഞ്ചൽ ഫണ്ടുകളിൽ നിന്ന് നിക്ഷേപം ഒഴുകിത്തുടങ്ങി.



2019 ൽ 19 കോടി രൂപ ഫാനുകൾ വിറ്റഴിച്ച്  നേടിയ കമ്പനി 2020ൽ 150 കോടിയും, 2021 ൽ 300 കോടിയും, 22 ൽ 600 കോടിയും, 23 ൽ 800 കോടിയും വിൽപ്പന ലക്ഷ്യം നേടി.

2022 ൽ പൂനയിൽ മൂന്നര ലക്ഷം ചതുരശ്ര അടിയിൽ ഏഴര ലക്ഷം ഫാനുകൾ നിർമ്മിക്കാൻ ശേഷിയുള്ള മെഗാ ഫാക്ടറി പ്രവർത്തനമാരംഭിക്കപ്പെട്ടു.

6 പേറ്റെൻ്റുകളും, 10 ഡിസൈൻ രജിസ്ട്രേഷനുകളും ആറ്റംബർഗ് ഫാനുകൾക്ക് കരുത്തേകുന്നു.

ലോകത്തിലാദ്യമായി പരമ്പരാഗത കാസ്റ്റ് അലൂമിനിയം ബോഡി ഉപേക്ഷിച്ച്  ABS പ്ലാസ്റ്റിക് ബോഡിയിലേക്കും, തുടർന്ന് ABS പ്ലാസ്റ്റിക് ലീഫുകളിലേക്കും മാറിയത് ആറ്റംബർഗ് ഫാനുകളാണ്. ഇതോടെ അവയുടെ ഫുൾ സ്പീഡിലുള്ള വൈദ്യുതി ഉപയോഗം 28 വാട്ടായി വീണ്ടും  കുറഞ്ഞു.

ചില മോഡലുകളുടെ ഗ്യാരണ്ടി 2 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തി.ഇന്ത്യയിൽ ഇപ്പോൾ പതിനായിരത്തിലധികം ഓഫ് ലൈൻ ഡീലർമാർ ആറ്റംബർഗിനുണ്ട്. കേരളത്തിൽ 800 ഡീലർമാരും 10 സർവ്വീസ് സെൻ്ററുകളും കമ്പനിക്കുണ്ട്.

PCB അടക്കം എല്ലാം ഇന്ത്യയിലെ സ്വന്തം ഫാക്ടറികളിലാണ് ആറ്റംബർഗ് നിർമ്മിക്കുന്നത്.

ലോകത്തിലെ ഏറ്റവുമധികം BLDC ഫാനുകൾ നിർമ്മിക്കുന്ന കമ്പനിയും ആറ്റംബർഗാണ്.

 ഏതാനും വർഷങ്ങളായി ഗോറില്ല ഫാൻ എന്ന തങ്ങളുടെ ആദ്യ ബ്രാൻഡ്  പേര് കമ്പനി അങ്ങനെ ഉപയോഗിക്കുന്നില്ല.

ഇപ്പോൾ  കുറഞ്ഞ കറണ്ടിൽ ഓടുന്ന BLDC ടെക്നോളജിയിലുള്ള മിക്സിയും, പെഡസ്റ്റൽ, വാൾ, എക്സ് ഹോസ്റ്റ് ഫാനുകളും ആറ്റംബർഗ്‌  കമ്പനി നിർമ്മിക്കുന്നുണ്ട്.

കറണ്ട് പോയാലും ഒരു മണിക്കൂർ ഇൻബിൽറ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സീലിങ്ങ് ഫാനുകളും, മിക്സിയും ആറ്റംബർഗിൻ്റെ ഡവലപ്പ്മെൻ്റ് സെൻ്ററിൽ പരീക്ഷണ ഘട്ടം കഴിഞ്ഞ് വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്.

2024 ൽ കമ്പനിയിൽ നിന്ന് BLDC ടെക്നോളജിയിൽ പ്രവർത്തിക്കുന്ന വാട്ടർ പമ്പുകൾ പുറത്തിറങ്ങും.
എയർ കണ്ടീഷനുകൾ, വാഷിങ്ങ് മെഷീനുകൾ, വാക്വം ക്ലീനറുകൾ, എയർ കൂളർ തുടങ്ങി നിരവധി എനർജി എഫിഷ്യൻ്റ് കൺസ്യൂമർ ഇലക്ട്രിക് ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ പരീക്ഷണ ഘട്ടത്തിലാണ്. സമീപ ഭാവിയിൽ  ഇവയെല്ലാം പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയാകാനുള്ള കുതിപ്പിലാണ് ആറ്റം ബർഗ്.

ഫാൻ നിർമ്മാണ രംഗത്തെ അതികായരായിരുന്ന ഖയ്ത്താനും, ഓറിയൻ്റും, ഉഷയും, ഹാവെൽസും, ക്രോംപ്ടനും, ബജാജുമെല്ലാം ഇന്ന്  നിൽക്കക്കള്ളിയില്ലാതെ ആറ്റംബർഗ് തെളിച്ച വഴിയേ BLDC ഫാനുകളുമായി രംഗത്തേക്കിറങ്ങിയിരിക്കുകയാണ്.

ആദ്യം കിട്ടിയ ഉയർന്ന ജോലി വേണ്ടെന്ന് വച്ച് റിസ് ക്കെടുത്ത് സ്റ്റാർട്ടപ്പ് കമ്പനി തുടങ്ങിയ മനോജ് മീണയും, കൂട്ടുകാരൻ സിബബ്രതാ ദാസും അങ്ങനെ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർന്നു വരുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനികളിലൊന്നിൻ്റെബുദ്ധികേന്ദ്രങ്ങളായി മാറുകയും ചെയ്തു.


ചിത്രത്തിൽ ഫാൻ പിടിച്ചിരിക്കുന്നത് സിബബ്രതാ ദാസ് ,ദോശ പോലെ പറക്കുന്നത് മനോജ് മീണ
എഴുതിയത് അജിത് കളമശേരി.30.11.2023.#ajithkalamassery,#ajith_kalamassery,#electronics_keralam,Electronics_malayalam



Friday, November 17, 2023

കാപ്പി ഗുളിക

 കാപ്പി ഗുളിക

 അജിത് കളമശേരി


 

ഒരു 30 കൊല്ലം മുൻപ് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തട്ട് മുട്ട് പണികളുമായി ഞാൻ നടന്നിരുന്ന സമയത്ത് ഒരു നാൾ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ ഒന്ന് പോയി.. ഇലക്ട്രോണിക്സ് ഫോർ യു എന്ന ഇലക്ട്രോണിക്സ് മാഗസിൻ ഒരു വിശേഷാൽ പതിപ്പ് ഇറക്കി അത് ലോക്കൽ വിപണിയിൽ ഒന്നും ലഭ്യമായിരുന്നില്ല.. വിതരണക്കാരായ പൈകോയിൽ എത്തി വിവരം തിരക്കിയപ്പോൾ പുസ്തകം റയിൽവേ സ്റ്റേഷനിലെ ഹിഗിൻബോതംസ് ബുക്ക്സ്റ്റാളിൽ കുറച്ച് കോപ്പി ഉണ്ടെന്നറിഞ്ഞു.
അവിടെ എത്തി പുസ്തകം വാങ്ങിക്കഴിഞ്ഞ് ചുറ്റും നോക്കിയപ്പോഴാണ് ബുക്ക് സ്റ്റാളിന് തൊട്ടടുത്തിരിക്കുന്ന ഒരു സവിശേഷ മെഷീൻ ശ്രദ്ധയിൽ പെട്ടത്.
ഒരു രൂപയുടെ രണ്ട് തുട്ട് ഇട്ടാൽ കോഫിയും, ഒരു തുട്ട് ഇട്ടാൽ ചായയും കിട്ടുന്ന ഒരു കുഞ്ഞൻ അലമാര ! അലമാരിയെന്ന് തോന്നാൻ കാരണം അതിൻ്റെ ഒരു വശത്തായി അലമാരി പോലെ ഒരു ഡോറും അതിൽ രണ്ട് കീസ്ലോട്ടുകളും ഉണ്ടെന്ന് കണ്ടതിനാലാണ്.
നെസ് ലേ യുടെ കോഫീ വെൻഡിങ്ങ് മെഷീനായിരുന്നു അത്. ആദ്യമായി കാണുന്ന ആ സംഭവം എനിക്ക് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു.ഞാനാദ്യമായാണ് ഇത്തരമൊരു കാശിട്ടാൽ കാപ്പി കിട്ടുന്ന മെഷീൻ കാണുന്നത്. 3 രൂപ മുടക്കി ഒരു ചായയും, ഒരു കാപ്പിയും ഞാനും കുടിച്ച് നോക്കി.
ചായ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല... എന്നാൽ കാപ്പി സൂപ്പർ!
കാപ്പി കുടിച്ച് കഴിഞ്ഞ് കുറച്ച് നേരം അതിന് ചുറ്റിപ്പറ്റി ഞാൻ നിന്നു. എങ്ങനെയായിരിക്കും ഇതിൻ്റെ പ്രവർത്തനം ? അതറിയാതെ പിന്നെ സമാധാനമായി ഉറങ്ങാൻ കഴിയില്ല.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരാൾ വന്ന് മെഷീനിൻ്റെ ഒരു ഭാഗം താക്കോലിട്ട് തിരിച്ച് തുറന്നു. ഞാൻ അയാളുടെ തോളിന് മുകളിലൂടെ മെഷീനകത്തേത്ത് ഉളിഞ്ഞ് നോക്കി.
അകത്ത് വളഞ്ഞ് തിരിഞ്ഞ് പോകുന്ന ഏതാനും ചെറിയ പൈപ്പുകളും, വയറുകളും, ഹീറ്ററും,വെള്ളം വയ്ക്കുന്ന വലിയ ടാങ്കും, കാപ്പിപ്പൊടിയും,ചായക്കുള്ള ടീബാഗും ഇടുന്ന രണ്ട് മെറ്റൽ ബോക്സുകളും, പേപ്പർ കപ്പുകൾ ഇട്ട് വയ്ക്കുന്ന ഒരു മീറ്റർ നീളമുള്ള ഒരു ട്രാക്കും മാത്രം..
മറ്റൊരു സുതാര്യമായ പെട്ടിയിൽ ഒരു രൂപ നാണയം ഒരെണ്ണം ഇട്ടാൽ അതിൻ്റെ തൂക്കം തിരിച്ചറിഞ്ഞ് ചായയുടെ സ്വിച്ച് ഓണാക്കുന്നതും, രണ്ട് എണ്ണം ഇട്ടാൽ കാപ്പിയുടെ സ്വിച്ച് ഓണാക്കുന്ന മെക്കാനിസവും. അതിൻ്റെ ടെക്നോളജി ഇതിനോടകം ഞാൻ കണ്ട് മനസിലാക്കിയിരുന്നു.
അയാൾ കയ്യിൽ കരുതിയ ടിൻ തുറന്ന് കാപ്പിപ്പൊടി മെഷീനിൽ ഇട്ടു. മെഷീൻ അടച്ചു.
ചേട്ടാ പാലൊഴിക്കുന്നില്ലേ? ഞാൻ ചോദിച്ചു.
കയ്യിലിരുന്ന കാലിടിൻ എൻ്റെ കയ്യിലേക്ക് തന്ന് ആ നല്ല മനുഷ്യൻ പറഞ്ഞു ,എടാ കൊച്ചനേ ഇത് പാൽപ്പൊടിയും, പഞ്ചസാരയും, കാപ്പിപ്പൊടിയും ചേരുംപടി ചേർന്ന ഇൻസ്റ്റൻ്റ് കോഫീ പൗഡറാണ്.
ഈ മെഷീന് കാപ്പി ഉണ്ടാക്കാൻ ചൂടുവെള്ളം മാത്രം മതി! ഞാൻ ആ കാലിടിൻ തുറന്ന് നോക്കി അതിൻ്റെ ചുവട്ടിൽ കുറച്ച് പൗഡർ കിടക്കുന്നുണ്ട്.
വീട്ടിലെത്തി പരീക്ഷണം ആരംഭിച്ചു.അൽപ്പം പൊടിയെടുത്ത് ചൂടുവെള്ളത്തിൽ കലക്കി അതാ രുചികരമായ കാപ്പി തയ്യാർ.. കൊള്ളാമല്ലോ പരിപാടി!
എന്നിലെ സംരംഭകൻ ഉണർന്നു. അന്ന് വിപണിയിൽ സുലഭമായ അനിക്സ് പ്രേ എന്ന പാൽപ്പൊടിയും, നല്ല നാടൻ കാപ്പിപ്പൊടിയും, പഞ്ചസാരയും നന്നായി പൊടിച്ച് ഒന്നായി കലർത്തി ഇൻസ്റ്റൻ്റ് കാപ്പിപ്പൊടി ഉണ്ടാക്കാനുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു.
ഒന്ന് രണ്ട് ആഴ്ച എൻ്റെ ഹോം ലാബിൽ ( വീടിൻ്റെ ചായിപ്പ് ) നടത്തിയ പരീക്ഷണങ്ങളിലൂടെ എനിക്ക് രുചികരമെന്ന് തോന്നിയ ഒരു കാപ്പിക്കൂട്ടും, അതിൻ്റെ ഒരു ഗ്ലാസ് കാപ്പിക്കുള്ള അളവുംകണ്ട് പിടിച്ചു.
അന്നത്തെ മംഗളം വാരികയിലെ ജനപ്രീയ പംക്തിയായ വിധിയുടെ ബലിമൃഗങ്ങൾ അച്ചടിച്ചിരുന്ന കടലാസിൽ പൊതിഞ്ഞ് ഈ കാപ്പിക്കൂട്ട് പരിചയക്കാരുടെ വീടുകളിൽ ടെസ്റ്റ് മാർക്കറ്റിങ്ങ് നടത്തി.
ഒരു വീട്ടിലെ എക്സ് മിലിട്ടറി അപ്പൂപ്പൻ നല്ല ഒരു ഫീഡ്ബാക്ക് തന്നു.. പുള്ളി പണ്ട് ലോക മഹായുദ്ധകാലത്ത് പട്ടാളത്തിലായിരുന്നപ്പോൾ ഒരു ജ ലൂസിൽ ഗുളികയുടെ വലിപ്പമുള്ള കാപ്പിക്കട്ട അവർക്ക് റേഷനായി ലഭിച്ചിരുന്നു. ചൂടുവെള്ളത്തിൽ ഈ ഒരു കാപ്പി ഗുളിക ഇട്ടാൽ കാപ്പിറഡി.
കൊച്ചനേ നീ ഈ പൊടി ഒരു ഗുളിക പോലെ ഉണ്ടാക്കി വിൽക്ക്.. പിന്നെ പാൽ കാപ്പി വേണ്ട, അൽപ്പം ചുക്ക് കൂടി ചേർത്ത് ചുക്ക് കാപ്പി ഗുളിക ഉണ്ടാക്കി പനിക്കാര് കൂടുതൽ വരുന്ന വല്ല ആശുപത്രിയുടെ സമീപമുള്ള കടയിലും കൊടുത്ത് വിൽക്കാൻ നോക്ക്.
കാപ്പി അക്കാലത്ത് നാട്ടിൻ പുറങ്ങളിൽ ഒരു ജനപ്രീയ പാനീയം ആയിരുന്നില്ല. അൽപ്പം സാമ്പത്തികം ഉള്ളവരേ അന്ന് പാൽകാപ്പി കുടിക്കാറുള്ളൂ..
ആ അപ്പൂപ്പൻ്റെ ഫീഡ്ബാക്ക് വളരെ മികച്ചതായിരുന്നു. ഞാൻ പുളിങ്കാതൽ സംഘടിപ്പിച്ച് അതിൽ സുഹൃത്തായ അശോകൻ്റെ പിതാവ് ബാലകൃഷ്ണപ്പണിക്കൻ്റെ സാങ്കേതിക സഹായത്തോടെ ജലൂസിൽ വലിപ്പത്തിൽ തുളകൾ ഡ്രില്ല് ചെയ്ത് ,ഈ തുളകളിൽ എൻ്റെ കാപ്പിപ്പൊടി നിറച്ച് കൊട്ടുവടി കൊണ്ട് അടിച്ച് വളരെ എളുപ്പം ഗുളിക ഷേപ്പിലാക്കി. നല്ല ഉറപ്പും, ഭംഗിയുള്ള ചുക്ക് കാപ്പി ഗുളിക.
ഒരെണ്ണം കൊണ്ട് ഒരു ഗ്ലാസ് കാപ്പി റഡി. ഒന്ന് രണ്ട് ദിവസം കൊണ്ട് 500ഓളം കാപ്പിക്കട്ടകൾ തയ്യാറായി.
പ്രസ് നടത്തുന്ന മറ്റൊരു സുഹൃത്ത് പൗലോസിൻ്റെ നയന പ്രിൻ്റേഴ്സിൽ പോയി ,വേറെ പരസ്യം ആവശ്യമില്ലാത്ത ആയുർവേദത്തിൻ്റെ നാടായ കോട്ടയ്ക്കൽ എന്ന പേര് കൂടി അടിച്ച് മാറ്റി ചേർത്ത് " കോട്ടയ്ക്കൽ ആയുർവേദ ചുക്ക് കാപ്പിക്കട്ട "എന്ന പേരിൽ കടകളിൽ മർമ്മാണി തൈലം വിൽക്കുന്നത് പോലെ തൂക്കിയിടുന്ന ലേബൽ ബോർഡും പ്രിൻ്റ് ചെയ്യിപ്പിച്ചു.
നേരേ കോട്ടയത്തേക്ക് വണ്ടി പിടിച്ചു. ജില്ലയിലെ മുഴുവൻ പനിക്കാരുടെയും സംസ്ഥാന സമ്മേളനം നടക്കുന്ന മെഡിക്കൽ കോളേജാണ് ലക്ഷ്യം.
ബസ് ഇറങ്ങി മാർക്കറ്റിങ്ങ് ആരംഭിച്ചു. സ്റ്റാൻഡിന് സമീപമുള്ള ചെറിയ ഹോട്ടലുകാരന് ഒരു ഗുളിക സാമ്പിൾ നൽകി .അങ്ങേര് ഉടൻ തന്നെ ഒരു ഗ്ലാസ് ചൂട് വെള്ളം എടുത്ത് ടെസ്റ്റടിച്ചു. പരീക്ഷണം സക്സസ്..
ഇത് കണ്ട് നിന്ന ചില നാട്ടുകാരും ഓരോ ഗ്ലാസ് ചുക്ക് കാപ്പിക്ക് ഓർഡർ നൽകി. എല്ലാവർക്കും സംഗതി ഇഷ്ടപ്പെട്ടു. ഒരാൾ പറഞ്ഞു അൽപ്പം കുരുമുളകിൻ്റെ കുത്തൽ കൂടി ഉണ്ടെങ്കിൽ സംഭംവം ഒന്നുകൂടി ഉഷാറാകും.
ഞാൻ കൊണ്ടുപോയ 50 സ്ട്രിപ്പും ആ ഹോട്ടലുകാരൻ തന്നെ റഡി ക്യാഷിന് വാങ്ങി ...ഒറ്റ കണ്ടീഷൻ മാത്രം മെഡിക്കൽ കോളേജിന് സമീപം ആർക്കും കൊടുക്കരുത്.
അങ്ങനെ കുരുമുളകിൻ്റെ കുത്തലും, ചുക്കിൻ്റെ എരിവും സമാസമം ചേർന്ന കോട്ടയ്ക്കൽ ആയുർവേദ ചുക്ക് കാപ്പി ഗുളിക ജില്ലയിലെ ആശുപത്രി പരിസരങ്ങളിൽ ചൂടപ്പമായി.
ഞാൻ തുടങ്ങിയ എല്ലാ ബിസിനസും പോലെ ഇതും അൽപ്പം കഴിഞ്ഞപ്പോൾ മടുപ്പായി.. വിൽപ്പനയുണ്ടെങ്കിലും എന്നും ഇടതടവില്ലാതെ ഒരേ പണി. അത് എന്നെക്കൊണ്ട് പറ്റില്ല.
അങ്ങനെയിരിക്കെ ഒരാൾ എന്നോട് ചോദിച്ചു ഈ ടെക്നോളജിയും പേരും വിൽക്കുന്നോ? കമ്പനി പൂട്ടാൻ താഴ് മേടിക്കാൻ റഡിയായിരുന്ന ഞാൻ പുള്ളി പറഞ്ഞ വിലയ്ക്ക് കമ്പനിയും, ടെക്നോളജിയും കൈമാറി .. പ്രതീക്ഷിച്ചതിലും നല്ല ഒരു തുക കിട്ടിയ ഞാൻ പതിവ് പോലെപുതുമയുള്ള മറ്റൊരു ബിസിനസ് കണ്ട് പിടിക്കാനുള്ള ശ്രമങ്ങളിലേക്ക് തിരിഞ്ഞു.
നമ്മുടെ നാട്ടിൽ പ്രചാരമില്ലെങ്കിലും ഇപ്പോഴും കാപ്പിക്കട്ടകൾ ഇറങ്ങുന്നുണ്ടെന്ന് ഗൂഗിളിൽ തിരഞ്ഞപ്പോൾ മനസിലായി.
ആർക്കും കുറഞ്ഞ ചിലവിൽ ഇതുപോലുള്ള കാപ്പി, ചായ ഗുളികകൾ ഇപ്പോഴും ഇറക്കാവുന്നതാണ്.#Ajith_kalamassery

കണ്ണാടി പരസ്യങ്ങൾ!

 

കണ്ണാടി പരസ്യങ്ങൾ!
 അജിത് കളമശേരി

 
 
കോഫീ ടാബ്ലറ്റ് കമ്പനി വിറ്റൊഴിവാക്കിയ ശേഷം കുറച്ച് മാസങ്ങൾ ആ കാശു കൊണ്ട് ബാച്ചിലർ ലൈഫ് നന്നായി ആസ്വദിച്ച് അടിച്ചു പൊളിച്ചു നടന്നു.
അങ്ങനെയിരിക്കെ എറണാകുളം ജട്ടി മേനക വഴി ബസ്സിൽ കടന്നു പോയപ്പോഴാണ് മേനക തീയേറ്ററിന് മുൻപിലെ ബസ് സ്റ്റോപ്പിൽ ഗംഭീരനൊരു പോസ്റ്റർ ... ആദ്യപാപം! അതിൽ വലിയൊരു ഇംഗ്ലീഷ് അക്ഷരം A... ആ A യുടെ ഇടയിലൂടെ കഷ്ടപ്പെട്ട് വളഞ്ഞ് പുളഞ്ഞ് നിന്ന നഗ്ന സുന്ദരി എന്നെ തുറിച്ച് നോക്കി. പെട്ടെന്നാണ് ഞാനോർത്തത്... അയ്യോ ഇത് വരെ പുതിയ വരുമാനമാർഗ്ഗമൊന്നും കണ്ടെത്തിയില്ലല്ലോ, വീണ്ടും പഴയ വയറിങ്ങ് പണിക്ക് പോകേണ്ടി വരും എന്ന നഗ്ന സത്യം !.
ഉടനെ അവിടെ ചാടിയിറങ്ങി മാർക്കറ്റ് റോഡ് വഴി പദ്മ തീയേറ്റർ ജംങ്ങ്ഷനിലേക്കുള്ള ഷോർട്ട് കട്ട് വഴി നടന്ന് പദ്മ തീയേറ്ററിന് സമീപമുള്ള റോണി ഇലക്ട്രോണിക്സിൽ എത്തി.
അന്നത്തെ കേരളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഇലക്ട്രോണിക് ഷോറൂമാണത്. ഇന്നും അങ്ങനെ തന്നെ.ഇന്ത്യയിൽ ഇറങ്ങുന്ന ഏറ്റവും പുതിയ ടെക്നോളജിയിൽ ഉപയോഗിക്കുന്ന എന്ത് സ്പെയർ പാർട്സുകളും അവിടെ കിട്ടും.
ആയിടെ ഇറങ്ങിയ ഇലക്ട്രോണിക്സ് ഫോർ യു മാഗസിനിൽ ടെലിഫോൺ ലൈനിലൂടെ പ്രവഹിക്കുന്ന ഇടിമിന്നൽ മൂലമുള്ള സർജ് എർത്ത് ചെയ്തു കളയുന്ന GD ട്യൂബ് ,MOV എന്നീ സ്പെയറുകളെപ്പറ്റിയും, ഇവ ഉപയോഗിച്ച് ടെലിഫോൺ ഇടിമിന്നൽ രക്ഷാചാലകം ഉണ്ടാക്കുന്ന വിധവും വായിച്ചത് ,അത് അവിടെ കിട്ടുമോ എന്നറിയണം അതാണ് ഉദ്ദേശം.
ഭാഗ്യം അവ ഉണ്ട്. ഒരു പത്ത് സെറ്റ് ഉണ്ടാക്കാനുള്ള സാമഗ്രികളും വാങ്ങി വീട്ടിലേക്ക് മടങ്ങി. ഒരാഴ്ചകൊണ്ട് പുതിയ ഉൽപ്പന്നം തയ്യാർ.
ഫാൻ്റം ജീ ഫൈവ് ടെലിഫോൺ ലൈറ്റ്നിങ്ങ് അറസ്റ്റർ ! Phantom G5.... പേര് എനിക്കങ്ങ് ഇഷ്ടപ്പെട്ടു. മനോരമ പത്രത്തിൻ്റെ സൺഡേ സപ്ലിമെൻ്റിൽ തുടർച്ചയായി വന്നിരുന്ന ഫാൻ്റം ചിത്രകഥയിൽ നിന്ന് അടിച്ച് മാറ്റിയ എല്ലാവരും കേട്ടിട്ടുള്ള പേര്‌.
സാധനം ഉണ്ടാക്കി കൂടും, സ്റ്റിക്കറും, ലേബലും എല്ലാം ഉൾപ്പടെ 35 രൂപ ഒരെണ്ണത്തിന് വില വന്നു. എൻ്റെ ലാഭം 65 രൂപ + ഏജൻ്റ് കമ്മീഷൻ + വണ്ടിക്കൂലി 50 രൂപയും ചേർത്ത് 150 രൂപ വിലയിട്ടു.
ഒരു ദിവസം ഒരെണ്ണം വിറ്റ് കിട്ടുന്ന ലാഭം 65 രൂപ കൊണ്ട് ലാവിഷായി കഴിയണം അതാണെൻ്റെ ചിന്താഗതി. വയറിങ്ങിന് പോയാൽ അന്ന് ഒരു ദിവസം 50 രൂപയേ കിട്ടു!.
ലാൻഡ് ഫോൺ അന്ന് ഒരാഡംബര വസ്തുവാണ് അത്യാവശ്യം കാശുള്ളവരുടെ വീട്ടിലേ അത് കാണൂ.
ഞാൻ ഉൽപ്പന്നവുമായി പല ഫോണുള്ള വീട്ടിലും പോയി.. ആരും സാധനം മേടിക്കുന്നില്ല.. നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞു.. മുടിയും താടിയും വളർന്നു.
ഈ പരിപാടി നിറുത്തി പഴയ വയറിങ്ങിന് തന്നെ പോകാം. ഞാൻ തീരുമാനമെടുത്തു. ആദ്യം തേഞ്ഞ ചെരുപ്പ് മാറ്റി പുതിയ ഒരു ജോഡി വാങ്ങി. ഇനി മുടിയും താടിയും വെട്ടിക്കണം ബാർബർ ഷോപ്പിലേക്ക് നടന്നു.
നാട്ടിലെ അത്യാവശ്യം ക്ലാസ് ബാർബർ ഷോപ്പാണത്. നല്ല വൃത്തിയും വെടിപ്പുമുള്ള കട. കൂടാതെ കാസറ്റ് പാട്ടുമുണ്ട്..അവിടെ നാലഞ്ച് പേർ വെയിറ്റിങ്ങിലാണ് ഒഴിഞ്ഞുകിടന്ന കസേരയിൽ ഞാനും ക്യൂ പോലിരുന്നു. നാനയും, സിനിമാമംഗളവും, ഫിലിം മാഗസിനുമെല്ലാം വായിച്ച് കഴിഞ്ഞപ്പോൾ എൻ്റെ ഊഴമെത്തി.
ഒരു പതിനഞ്ച് മിനിറ്റ് വേണം മുടി വെട്ടാൻ.കഴുത്തനക്കാതെ നേരേ മുന്നിലുള്ള കണ്ണാടിയിൽ സ്വന്തം പ്രതിരൂപം മാത്രം നോക്കി 15 മിനിറ്റ്.ആർക്കായാലും ബോറടിക്കും.
പെട്ടെന്ന് ആ ഐഡിയ എന്നിലേക്ക് കടന്ന് വന്നു. ഈ കണ്ണാടിയിൽ എൻ്റെ phantom G5 പരസ്യം ഒട്ടിച്ചാൽ ഈ കസേരയിൽ ഇരിക്കുന്നവൻ ആ പതിനഞ്ച് മിനിറ്റും. അതിൽ തന്നെ നോക്കില്ലേ? ഷോപ്പ് ഓണറോട് ഒന്ന് ചോദിച്ച് നോക്കാം.. അടുത്ത ഏതാനും മിനിറ്റ് കൊണ്ട് ഞാൻ ഭാവി പരിപാടികൾ സെറ്റ് ചെയ്തു.
ഈ ബാർബർ ഷോപ്പുകാരന് ഒരു ലാംമ്പി സ്കൂട്ടറുണ്ട് പരസ്യം കണ്ണാടിയിൽ ഒട്ടിച്ചാൽ എല്ലാ മാസവും ഒരു ലിറ്റർ പെട്രോൾ അടുത്തുള്ള പമ്പിൽ നിന്നും ഫ്രീ അടിക്കാനുള്ള കൂപ്പൺകൊടുക്കാം എന്ന ഓഫർ വച്ചു.അന്ന് ഒരു ലിറ്റർ പെട്രോളിന് 15 രൂപയോ മറ്റോ ആണ്.
ഭാഗ്യം എൻ്റെ ഓഫർ ബാർബർ ഷോപ്പുകാരൻ സ്വീകരിച്ചു. ഉടൻ തന്നെ ഞാൻ എൻ്റെ പരസ്യം വളരെ ചെറുതും മനോഹരവുമായി ഒരു ആർട്ടിസ്റ്റിനെക്കൊണ്ട് വരപ്പിച്ച് ബാർബർഷോപ്പുടമയെ ഏൽപ്പിച്ചു. അദ്ദേഹം കാഴ്ചക്ക് തടസം വരാത്ത വിധം ആ വലിയ കണ്ണാടിയുടെ ഒരു മൂലയിൽ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു വച്ചു.
എൻ്റെ ടെലിഫോൺ പ്രൊട്ടക്റ്റർ ഫ്രീ ആയി ഞങ്ങളുടെ ചെറുനഗരത്തിലെ ധാരാളം ആളുകൾ വരുന്നസഹകരണ ബാങ്കിലും, ഇലക്ട്രിക് കടയിലും ഒരു റഫറൻസിന് വേണ്ടി ഫ്രീ ആയി നൽകുകയും ചെയ്തു.ആരെങ്കിലും ചോദിച്ചാൽ ഈ സ്ഥലത്തൊക്കെ വാങ്ങിയിട്ടുണ്ട് എന്ന് പറയണമല്ലോ.
എനിക്ക് ഫോൺ ഇല്ലാത്തതിനാൽ ഡീലറായ ഇലക്ട്രിക് ഷോപ്പിൻ്റെ നമ്പരാണ് പരസ്യത്തിൽ വച്ചിരുന്നത്.
സംഗതി ക്ലിക്കായി ഞാൻ പരസ്യം ഒട്ടിച്ചിരുന്ന ബാർബർ ഷോപ്പിൽ ഫോൺ വീട്ടിലുള്ള ധാരാളം കാശുകാർ സ്ഥിരമായി മുടി വെട്ടിക്കാൻ വന്നിരുന്നു. തലയനക്കാതെ 15 മിനിറ്റ് ഇരിക്കുന്ന അവരുടെ ഓരോരുത്തരുടെയും കണ്ണിൽ എൻ്റെ പരസ്യം പെട്ടു. കൂടാതെ ബാർബർ ഷോപ്പുടമയുടെ നല്ല വാക്കുകളും.
രണ്ടോ മൂന്നോ ദിവസത്തിൽ ഒരെണ്ണം എന്ന വിധം വിൽപ്പന വന്നു.ഞാൻ സമീപ ചെറുനഗരങ്ങളിലും പോയി അവിടുത്തെ ഏറ്റവും നല്ല ബാർബർ ഷോപ്പിൽ ഇതേ നമ്പർ പ്രയോഗിച്ചു, ആദ്യം നിരസിച്ചെങ്കിലും റഫറൻസിനായി ആദ്യം പരസ്യം വച്ച ബാർബർ ഷോപ്പുടമയുടെ നമ്പർ കൊടുത്തപ്പോൾ അവരും സഹകരിച്ചു.
അങ്ങനെ കച്ചവടം കൂടി ദിവസം 'രണ്ട് മുന്നെണ്ണമെന്ന നിലയിലേക്ക് കച്ചവടം ഉയർന്നു.ഇതിനിടെ TV ലൈറ്റ് നിങ്ങ് പ്രൊട്ടക്റ്റർ എന്ന ഒരുൽപ്പന്നം കൂടി ഞാൻ പുറത്തിറക്കി. അതും നന്നായി വിറ്റു പോയി.
ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ കൂണുകൾ പോലെ മുളച്ച ധാരാളം കമ്പനികൾ വളരെ വില കുറച്ച് ഈ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ തുടങ്ങി.
അതോടെ ഞാൻ എൻ്റെ ഈ കമ്പനി നിറുത്തി.
ബിസിനസ് ഞാൻ തുടക്കമിട്ട കണ്ണാടി പരസ്യമേഖലയിലേക്ക് മാറ്റിപ്പിടിച്ചു.
സിമ്പിൾ ബിസിനാസാണ് A4 വലിപ്പത്തിൽ സുതാര്യമായ അക്രിലിക്കിൽ ചെയ്ത ഒരു സ്റ്റാൻഡ്. ഇതിനിടയിലേക്ക് 20 വിസിറ്റിങ്ങ് കാർഡുകൾ കയറ്റി വയ്ക്കാം.
1992 ,93 കാലഘട്ടത്തിൽ ഏതാണ്ട് 500 ൽ അധികം ഷോപ്പുകളുടെ മേശപ്പുറത്ത് എൻ്റെ ഈ ചെറിയ പരസ്യ ബോർഡ് വച്ചിരുന്നു.ചെറിയ ജൂവലറികൾ, തുണിക്കടകൾ,തയ്യൽ കടകൾ, കല്യാണ ഓട്ടം പോകുന്ന കാറുകൾ, ടൂറിസ്റ്റ് ബസുകൾ, തുടങ്ങി ഇഷ്ടം പോലെ പരസ്യങ്ങൾ എനിക്ക് ലഭിച്ചിരുന്നു. ഇതിൽ നി'ന്ന് മോശമില്ലാത്ത ഒരു വരുമാനവും .
അതിലൊരു പങ്ക് എൻ്റെ പരസ്യ സ്റ്റാൻഡ് വച്ചിരുന്ന കടകൾക്കും കൃത്യമായി ഞാൻ കൊടുത്തിരുന്നു.
ഓരോ ഏരിയയിലും വേറേ, വേറേ പരസ്യങ്ങൾ.ഈ ചെറു പരസ്യങ്ങൾ ഉപഭോക്താക്കളുടെ ശ്രദ്ധ ആകർഷിച്ചു. പരസ്യദാതാക്കൾക്ക് നല്ല ബിസിനസ് കിട്ടി. അവർ വീണ്ടും വീണ്ടും പരസ്യങ്ങൾ തന്നു.
പതിവ് പോലെ ഒന്ന് രണ്ട് വർഷം കൊണ്ടു നടന്നപ്പോൾ ഈ ബിസിനസും എനിക്ക് മടുത്തു. നല്ലൊരു തുക ഓഫർ ചെയ്ത ഒരു സുഹൃത്തിന് പരസ്യക്കമ്പനി കൈമാറി .അടുത്ത ഐഡിയക്കായി കാത്തിരുന്നു.
കാല പ്രവാഹത്തിൽ അന്യം നിന്നുപോയ ഈ പരസ്യ മോഡൽ ഇന്നും പൊടി തട്ടിയെടുക്കാവുന്നതാണ്.
അക്രിലിക്ക് സ്റ്റാൻഡുകൾക്ക് പകരം ടാബ് ലെറ്റുകൾ മതിയാകും.. ഷോപ്പുകളുടെ ടേബിളിൽ ഒതുങ്ങിയിരിക്കുന്ന ടാബുകളിലേക്ക് ഇൻ്റർനെറ്റ് വഴി പരസ്യം സ്ട്രീം ചെയ്യണം.
ഒരോ ഷോപ്പിനും അവരുടെ ബിസിനസിനെ ബാധിക്കാത്ത വിധമുള്ള പരസ്യങ്ങൾ കൊടുക്കാം. ഇന്ന് മാളുകളിൽ ഇരിക്കുന്ന വലിയ TV പരസ്യ ബോർഡുകളുടെ ഒരു ചെറു പതിപ്പ്. വലിയ TV യിലും ശ്രദ്ധ ചിലപ്പോൾ ഈ കുഞ്ഞൻ പരസ്യ ബോർഡിന് കിട്ടിയേക്കും. കടകൾക്ക് പുറമേ ഓട്ടോറിക്ഷയിലും, യൂബറിലുമൊക്കെ ഫിറ്റു ചെയ്യുകയുമാകാം.ഐഡിയ കൊള്ളാമെന്ന് തോന്നുന്നുവെങ്കിൽ ആരെങ്കിലുമൊക്കെ ശ്രമിച്ച് നോക്കൂ [#Ajith_kalamassery]