CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Monday, June 24, 2024

ഒരു സിമ്പിൾ ക്ലാസ് A ആമ്പ് നിർമ്മിക്കാം

 ഒരു സിമ്പിൾ  ക്ലാസ് A ആമ്പ് നിർമ്മിക്കാം


 

കയ്യിൽ കാശുള്ള സംഗീതാസ്വാദകർ ക്ലാസ്സ് A വിഭാഗത്തിൽ പെടുന്ന ആംപ്ലിഫയറുകൾ സ്വന്തമാക്കി സംഗീതം ആസ്വദിക്കുന്ന കൂട്ടരാണല്ലോ!
ഏറ്റവും സുഗമവും, സ്വഛന്ദവുമായി കാതിനിമ്പം നൽകുന്ന സംഗീതം ആസ്വദിക്കണമെങ്കിൽ ക്ലാസ്സ് A വിഭാഗത്തിൽപ്പെടുന്ന ആംപ്ലിഫയറുകൾ തന്നെ വേണം എന്ന കാര്യത്തിൽ തർക്കമില്ല.
സോൾഡറിങ്ങ് അയേൺ കൈ കൊണ്ട് പിടിക്കാൻ അറിയാവുന്ന എല്ലാവരും ക്ലാസ് A സർക്യൂട്ടുകളിലെ കൊമ്പൻ സ്രാവുകളായ ജീൻ ഹീരാഗ ഡിസൈനും, നെൽസൺ പാസ് ഡിസൈനും എല്ലാം ഫോളോ ചെയ്ത് ആംപ്ലിഫയറുണ്ടാക്കി കൈ പൊള്ളി ഇരിക്കുമ്പോൾ! നമ്മൾക്കും ഒരു നത്തോലി ക്ലാസ് A ആംപ്ലിഫയറെങ്കിലും ഉണ്ടാക്കണ്ടേ എന്ന് കരുതി ഇതിന് വേണ്ടി ഒരു ശ്രമം തുടങ്ങിയത്.
ക്ലാസ്സ് A ആംപ്ലിഫയറുണ്ടാക്കിയാൽ കൈ പൊള്ളും എന്ന് പറഞ്ഞത് സാമ്പത്തികമായ അർത്ഥത്തിലും, ശാരീരികമായ അർത്ഥത്തിലും ശരിയാണ്.
വർക്ക് ചെയ്യുന്ന ഒരു ക്ലാസ് A ആംപ്ലിഫയറിൻ്റെ ഹീറ്റ്സിങ്കിൽ തൊട്ടാൽ കടുകു വറുക്കുന്ന ചീനച്ചട്ടിയിൽ തൊട്ട പോലുള്ള അനുഭവമായിരിക്കും. അത്രയ്ക്ക് ചൂടാണ് ഈ സാധനത്തിൽ നിന്നും പുറത്ത് വരുന്നത്.
കൊടുക്കുന്ന പവറിൽ ഏറിയ പങ്കും ഹീറ്റ്സിങ്ക് ചൂടാക്കാനായി ഉപയോഗിച്ച ശേഷം ബാക്കി വല്ലതുമുണ്ടെങ്കിൽ അത് ശുദ്ധസംഗീതമായി പുറത്ത് വിടുകയാണ് ക്ലാസ്സ് എ യുടെ ഒരു രീതി.
എന്നാലും കാശിറക്കി ക്ലാസ്സ് A സ്കീം ഫോളോ ചെയ്യുന്ന ആംപ്ലിഫയർ സർക്യൂട്ട് ഒരെണ്ണം നിർമ്മിച്ചാലോ ? മുടക്കുന്ന കാശിന് മുതലാണ്.
അത്രയ്ക്കുണ്ട് ഇതിൻ്റെ സൗണ്ട് ക്ലാരിറ്റിയും,ഫിഡിലിറ്റിയും.എത്ര പാട്ട് നേരം കേട്ടാലും തല പെരുക്കില്ല, പാട്ട് പെട്ടി തല്ലിപ്പൊട്ടിക്കാൻ തോന്നിക്കില്ല.
പക്ഷേ സാമ്പത്തികം അതിച്ചിരി പൊടിയും. നല്ല ഒരു ജീൻ ഹിരാഗ സ്കീം ഫോളോ ചെയ്ത് ഒരു മോണോ ബ്ലോക്ക് ക്ലാസ് A ഉണ്ടാക്കാൻ തന്നെ രൂപാ പതിനായിരം വേണം.സ്റ്റീരിയോ ആകുമ്പോൾ കാശ് പിന്നേയും കൂടും.
ഹോബിക്കായി തൽക്കാലം അത്രയ്ക്കൊന്നും കാശ് മുടക്കാൻ ഇല്ലാതിരുന്നതിനാൽ ക്ലാസ് A എന്ന മോഹം മനസിൽ അടക്കി വച്ചിരിക്കുകയായിരുന്നു.
കുറച്ച് കാലം മുൻപ് ഈ ക്ലാസ് A ആംപ്ലിഫയർ മോഹം സുഹൃത്തായ വർഗീസ് ചേട്ടനോട് പങ്ക് വച്ചപ്പോൾ അദ്ദേഹം അപ്പോൾ തന്നെ ഒരു സിംഗിൾ എൻഡ് ക്ലാസ്സ് A ആംപ്ലിഫയർ സർക്യൂട്ടിൻ്റെ രൂപരേഖ വരച്ച് കയ്യിൽ തന്നു.
അദ്ദേഹം വരച്ച് തന്ന സർക്യൂട്ടിൽ എൻ്റെതായ മാറ്റങ്ങൾ കൂട്ടി ച്ചേർത്ത് ആദ്യം ഒരു മോണോ ചെയ്തു നോക്കി. നല്ല ശബ്ദ സുഖം.
എന്നാൽ PCB യൊക്കെ വരച്ചുണ്ടാക്കി ശാസ്ത്രീയമായി സ്റ്റീരിയോ ആംപ്ലിഫയർ തന്നെ ഒരെണ്ണം ചെയ്യാമെന്ന് കരുതി പണി തുടങ്ങിയിട്ട് ഒരാഴ്ചയായി.
അവസാനം ഇന്ന് സംഗതി പണിത് പൂർത്തിയാക്കി.ഇപ്പോൾ നാലഞ്ച് മണിക്കൂറായി പാട്ട് കേൾക്കുന്നു. മനസിന് സുഖം സ്വസ്ഥം.
ഞാനുണ്ടാക്കിയത് കാശ് ഇത്തിരി പൊടിയുന്ന ജീൻ ഹിരാഗയും,, നെൽസൺ പാസുമൊന്നുമല്ല.
മ്മടെ വർഗീസ് ചേട്ടൻ്റെ സിംഗിൾ എൻഡഡ് ,സിംഗിൾ മോസ് ഫെറ്റ് ജീൻ വർഗീസാ ഡിസൈൻ !
ഞാനുണ്ടാക്കിയ സർക്യൂട്ട് രഹസ്യമായി പൂട്ടി വയ്ക്കുന്നില്ല ഇതാ നിങ്ങൾക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. എല്ലാവരും ഉണ്ടാക്കി നോക്കി ശുദ്ധസംഗീതം കുറഞ്ഞ ചിലവിൽ ആസ്വദിക്കൂ.!
ക്ലാസ്സ് A കുറഞ്ഞ ചിലവിലോ?
തമാശ പറഞ്ഞതാണോ?
അല്ല. ഇവിടെ നമ്മൾ നിർമ്മിക്കുന്ന ക്ലാസ്സ് A യുടെ
ഏറ്റവും വിലയേറിയ ഭാഗങ്ങളായ ട്രാൻസ്ഫോർമർ, ഹൈ വാട്ട് റസിസ്റ്റൻസ് ,മോസ് ഫെറ്റ് എന്നിവയെല്ലാം നമ്മുടെ ചുറ്റുവട്ടത്ത് ചുരുങ്ങിയ ചിലവിൽ കിട്ടുന്ന സാമഗ്രികൾ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത് എന്നതിനാൽ വെറും 1000 രൂപയ്ക്കുള്ളിൽ ഒരു സൂപ്പർ ക്വാളിറ്റി സ്റ്റീരിയോ ക്ലാസ്സ് A ഉണ്ടാക്കാം എന്നതാണ് ഈ സർക്യൂട്ടിൻ്റെ ഹൈലൈറ്റ്.
എന്നാലോ സൗണ്ട് ക്വാളിറ്റിയിൽ ഒരു കോംപ്രമൈസൊട്ട് ഇല്ല താനും!
ഉപയോഗശൂന്യമായി തള്ളിക്കളഞ്ഞ കമ്പ്യൂട്ടർ UPS ൽ ഉപയോഗിക്കുന്ന ട്രാൻസ്ഫോർമറാണ് നമ്മുടെ ആമ്പിൻ്റെ ഒരു പ്രധാന അസംസ്കൃത വസ്തു. ഇത് ഓഡിയോ ഗ്രേഡിൽ വൈൻഡ് ചെയ്യിച്ചെടുക്കണമെങ്കിൽ ഒരെണ്ണത്തിന് 3000 രൂപയ്ക്ക് മേൽ വില വരും.സ്റ്റീരിയോയ്ക്ക് 2 എണ്ണം വേണ്ടി വരുമല്ലോ അപ്പോൾ 6000 ഇതിന് മാത്രം വേണം.
പിന്നെ നല്ല വില വരുന്ന ഹൈ വാട്ട് റസിസ്റ്റൻസിന് പകരമായി ബൈക്കിൻ്റെ 20 രൂപ വില വരുന്ന ബ്രേക്ക് ലൈറ്റ് ബൾബ് ഉപയോഗിക്കുന്നു.
പിന്നെ ഈ സർക്യൂട്ടിൽ ഇൻവെർട്ടറുകളിൽ ഉപയോഗിക്കുന്ന വില കുറഞ്ഞ ഏതെങ്കിലും N ചാനൽ മോസ് ഫെറ്റ് മതിയാകുംഹീറ്റ് സിങ്ക് കിലോക്കണക്കിന് ഒന്നും വേണ്ട. വെറും 200 രൂപയിൽ താഴെ വില വരുന്ന 95 mm X 60mm മതി.
അത്യാവശ്യം ഇലക്ട്രോണിക് സിൽ അറിവുള്ളവർക്ക് ഇതോടൊപ്പമുള്ള സർക്യൂട്ട് നോക്കി ആംപ്ലിഫയർ അസംബിൾ ചെയ്യാൻ സാധിക്കും.
ഒരു മൊബൈലിൽ നിന്ന് ഇൻപുട്ട് കൊടുക്കാം. 12 വോൾട്ട് മുതൽ 40 വോൾട്ട് വരെ എത്ര വോൾട്ടിലും ഈ സർക്യൂട്ട് അയത്നലളിതമായി വർക്ക് ചെയ്യും. 24 വോൾട്ട് കൊടുക്കുന്നതാണ് സേഫ്.
സർക്യൂട്ടിൽ ഇൻപുട്ടിൽ ലെഫ്റ്റ് ചാനലും, റൈറ്റ് ചാനലും ഒന്നിച്ച് കൊടുക്കുന്ന വിധമാണ് വരച്ചിരിക്കുന്നത്.സ്റ്റീരിയോ ഉണ്ടാക്കുമ്പോൾ അതിനനുയോജ്യമായി കണക്ഷൻ കൊടുക്കണം. അപ്പോൾ C. 10 ആവശ്യമില്ല.
എത്ര വോൾട്ട് പവർ സപ്ലേ കൊടുത്താലും മോസ് ഫെറ്റിൻ്റെ ഡ്രയിൻ പിന്നിൽ ആ കൊടുക്കുന്ന വോൾട്ടിൻ്റെ പകുതി വരുന്ന വിധം 100 K പ്രീ സെറ്റ് തിരിച്ച് കാലിബ്രേറ്റ് ചെയ്യണം എന്ന കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. 24 വോൾട്ട് വോൾട്ട് 5 ആമ്പിയറാണ് പവർ സപ്ലേ.സ്പീക്കർ 8 ഓംസോ, 4 ഓംസോ ഉപയോഗിക്കാം.