CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Monday, January 4, 2021

ഫ്രിഡ്ജ് സോളാറിൽ പ്രവർത്തിപ്പിക്കാം

 ഫ്രിഡ്ജ് സോളാറിൽ പ്രവർത്തിപ്പിക്കാം

 രാജീവൻ കല്ലിശേരി


 
ഫ്രിഡ്ജ് ഒരു കിലോവാട്ട് സോളാർ ഇൻവേർട്ടറിൽ പ്രവൃത്തിപ്പിക്കാൻ എന്താണ് വഴി!

ഒരു സാധാരണ ചെറിയ ഫ്രിഡ്ജ് 135-150 വാട്ട് മാത്രമേ ഉള്ളൂവെങ്കിലും സ്റ്റാർട്ടിംഗിൽ ഒന്നര കിലോവാട്ട് വരെ പവറെടുക്കും. അതിനാൽ ഫ്രിഡ്ജ് 1 KW സോളാറിൽ പ്രവൃത്തിപ്പിച്ചാൽ സോളാർ ഇൻവെർട്ടർ PCU (Power Control Unit) ട്രിപ്പ് ആവും എന്നതാണ് അനുഭവം.

വീട്ടിൽ 1 KW Rooftop Solar system സ്ഥാപിച്ചത് 2013 ഒക്ടോബറിലായിരുന്നു. സോളാറില് നിന്നുള്ള പ്രതിദിന ഉല്പ്പാദനം ഏകദേശം 3- 3.5 യൂണിറ്റായിരുന്നു. അന്ന് ശരാശരി പ്രതിദിന വൈദ്യുതി ഉപഭോഗവും 3 - 3.5 യൂണിറ്റുതന്നെ. പ്രതിദിന ഉപഭോഗത്തിൽ പകുതിയോളം ഫ്രിഡ്ജിന് മാത്രമായി ആവശ്യമായതിനാൽ അത് സോളാറിൽ ഉപയോഗിക്കാതിരിക്കുന്നത് നഷ്ടവുമാണ്. ഫ്രിഡ്ജിന് മാത്രമായി ഒരു 3 KW ഇൻവേർട്ടർ വാങ്ങുന്നതിനെക്കുറിച്ചു വരെ ആലോചിച്ചു. അതിനും ഒരു 15000 രൂപയോളം വേണം; പിന്നെ ഊർജ്ജ നഷ്ടവും!

അങ്ങനെയാണ് പുതിയൊരു മാർഗ്ഗം കണ്ടെത്തിയത്. 80 രൂപ ചെലവിൽ പദ്ധതി പൂർത്തിയാവുകയും ചെയ്തു. അതിങ്ങനെ:

1. തുടക്കത്തിൽ കംപ്രസർ മോട്ടോർ കറങ്ങാത്തതിനാൽ വൈൻഡിംഗിന്റെ Resistance മാത്രമാണ് കറണ്ടിനെ പ്രധിരോധിക്കുന്നത്. അതിനാൽ കറണ്ട് സാധാരണയിലും 7-10 മടങ്ങ് കൂടുതലായിരിക്കും. കറങ്ങിക്കഴിഞ്ഞാൽ Inductive reactance കൂടെ വരുന്നതിനാൽ കറണ്ട് സാധാരണ നിലയിലേക്ക് കുറയും. അതിനാൽ തുടക്കത്തിൽ ഒരു അധിക പ്രതിരോധം ചേർക്കുക, പിന്നീട് കറക്കം കൂടുമ്പോൾ അതെടുത്തുകളയുക എന്നതാണ് വഴി.

2. Negative Temperature Coefficient (NTC) Thermistor ആണ് ഇതിനായി ഉപയോഗിച്ചത്. ഇത് തണുത്തിരിക്കുമ്പോൾ പ്രതിരോധം കൂടുതലായിരിക്കും. ഇതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ സ്വയം ചൂടായി പ്രതിരോധം പൂജ്യത്തിനടുത്തേക്ക് വരും.

3. ഫ്രിഡ്ജിന്റെ ആർമേച്ചർ Resistance, Multimeter വച്ച് അളക്കുക. കംപ്രസറിൽ നിന്നും തെർമ്മോസ്റ്റാറ്റിലേക്ക് വരുന്ന ലൈനും ന്യൂട്രൽ വയറും തമ്മിലുള്ള Resistance അളന്നാൽ മതി. എനിക്കിത് 15 ohm ആണ് കിട്ടിയത്.

4. ഇതിന്റെ 4-5 മടങ്ങുള്ള NTC Thermistor ആവശ്യമാണ്. 60 ohm ന്റെ ഒറ്റ തെർമിസ്റ്റർ കിട്ടാത്തതിനാൽ 4.5, 5 ohm ന്റെ ഒരു array ആണ് ഞാനുപയോഗിച്ചത്. അങ്ങനെയാവുമ്പോൾ തണുക്കാനും എളുപ്പമായിരിക്കും.

5. കംപ്രസർ തെർമോസ്റ്റാറ്റുമായി ബന്ധിപ്പിക്കുന്ന വയർ മുറിച്ച് അതിനിടയിൽ തെർമിസ്റ്റർ ഫിറ്റു ചെയ്യുക. ഗ്യാരണ്ടിയുള്ള ഫ്രിഡ്ജിലാണ് ഞാൻ ചെയ്തത്; എന്തെങ്കിലും പറ്റിയാൽ എലി കടിച്ച് വയർ മറിഞ്ഞതാണെന്ന് പറഞ്ഞ് റിപ്പയർ ചെയ്യിക്കാലോ.😜

ഇത്രയും മതി. ഈ ഫ്രിഡ്ജ് ഇനി 1Kw Solar/inverterൽ ഓടിക്കാം. പ്രവർത്തനം ഇങ്ങനെ:

a) സ്റ്റാർട്ടിംഗിൽ കംപ്രസറിന്റെ 15 ohm ഉം തെർമിസ്റ്ററിന്റെ 60 ohmഉം കൂടി മൊത്തം 75 ഓം. അതായത് കറണ്ട് അഞ്ചിലൊന്നായി കുറയും.

b) ഓടിത്തുടങ്ങുമ്പോൾ തെർമിസ്റ്റർ ചൂടാവും; അതിന്റെ മൊത്തം റസിസ്റ്റൻസ് പൂജ്യത്തിനടുത്തെത്തും. അതായത് ലൈനിൽ കംപ്രസറിന്റെ 15 ohm മാത്രം; ഫ്രിഡ്ജ് സാധാരണ പോലെ ഓടും.

c) ഫ്രിഡ്ജിനകം ആവശ്യത്തിന് തണുത്തു കഴിഞ്ഞാൽ താനേ ഓഫാകും. അപ്പോൾ തെർമിസ്റ്ററിലൂടുള്ള വൈദ്യുതിയും നിലയ്ക്കും. അത് താനേ തണുക്കും.

d) ഫ്രിഡ്ജ് അടുത്ത സ്റ്റാർട്ടിന് തയ്യാറാവുമ്പോഴേക്കും തെർമ്മിസ്റ്റർ പഴയ നിലയിൽ (60 ohmൽ) എത്തിയിരിക്കും. കാര്യങ്ങൾ പിന്നെയും a) മുതൽ തുടങ്ങും.

2013 ഒക്ടോബർ മുതൽ ഇതുപയോഗിക്കുന്നു. 45 Ohmആണ് തെർമ്മിസ്റ്റർ ഉപയോഗിച്ചത്. ഇതുവരെ തകരാറൊന്നും സംഭവിച്ചിട്ടില്ല. ആയതിനാൽ മറ്റുള്ളവർക്കും പരീക്ഷിച്ചു നോക്കാമെന്നു കരുതുന്നു