CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, May 30, 2017

ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 ഓട്ടോമാറ്റിക് കൊതുക് നിവാരിണി

 സുജിത്കുമാര്‍  സുജിത് കുമാർ
 
കൊതുക് ഒരു ഭീകര ജീവിയാണ്- ഇത്തിരിക്കുഞ്ഞന്മാരായ കൊതുകുകളെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ തലകുത്തി നിന്ന് ശ്രമിച്ചിട്ടും ഡെങ്കു, ചിക്കൻ ഗുനിയ, മലേറിയ, സിക്ക , മന്ത് ... എന്നു വേണ്ട അനേകം അസുഖങ്ങളുടെ നിയന്ത്രണം ഇപ്പോഴും സാദ്ധ്യമായിട്ടില്ല. കൊതുകുകളെ കൊല്ലുന്നതിലും ഫലപ്രദം അവയുടെ പ്രജനനം തടയുന്നതാണെന്ന് ധാരാളം പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതിനാൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏജൻസികൾ എല്ലാം ആ വഴിക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്.
നമ്മുടെ നാട്ടിൽ ഇക്കാലത്ത് കൂടുതലായി പടർന്നു പിടിക്കുന്ന ചിക്കൻ ഗുനിയ, ഡെങ്കു തുടങ്ങിയ പകർച്ചവ്യാധികൾക്കെല്ലാം കാരണമാകുന്ന കൊതുകുകൾ പ്രജനനം നടത്തുന്നത് കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലൂടെയാണ്. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക , കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എണ്ണ ഒഴിക്കുക, വെള്ളം കമഴ്ത്തിക്കളയുക തുടങ്ങിയ പരമ്പരാഗത മാർഗ്ഗങ്ങളെല്ലാം ഇവയുടെ പ്രജനനം തടയാൻ ഉപകാരപ്രദമാണെങ്കിലും നമ്മുടെ അലസതയും മടിയ്കും അശ്രദ്ധയുമെല്ലാം കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാനുള്ള ഇടങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നു. ഇതിനൊരു പരിഹാരമായി വളരെ വിജയകരമായി പരീക്ഷിച്ചൊരു രീതിയുണ്ട്. നമ്മൾ സ്ഥിരമായി ഇടപെടുന്ന ഇടങ്ങളിൽ - എന്നും നമ്മുടെ ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ തുറന്ന പാത്രങ്ങളിലും മറ്റും വെള്ളം നിറച്ചു വച്ച് കൊതുകുകളെ ഇതിലേക്ക് ആകർഷിക്കുക. അതിനു ശേഷം രണ്ടോ മൂന്നോ ദിവസങ്ങൾ കഴിഞ്ഞ് ഈ വെള്ളം ഊറ്റിക്കളയുക. അതൊടെ കൊതുകിന്റെ മുട്ടകൾ നശിപ്പിക്കപ്പെടും. ഇതല്ലെങ്കിൽ ഗപ്പി എന്ന മീനിനെ ഇത്തരം പാത്രങ്ങളിൽ വളർത്തിയാലും മതി. വെള്ളം നിറയ്ക്കലും ഊറ്റിക്കളയലും നേരത്തേ പറഞ്ഞ മനുഷ്യ സഹജമായ അലസത മൂലം പലപ്പോഴും നടക്കണം എന്നില്ല. അതിനാൽ അതിനെ ഒന്ന് ഓട്ടോമേറ്റ് ചെയ്താലോ (ബിൽ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്- താൻ തന്റെ കമ്പനിയിലേക്ക് അലസരായവരെ ജോലിക്കെടുക്കാനാണ് താല്പര്യപ്പെടുന്നത് കാരണം അവർ തങ്ങളുടെ ജോലിഭാരം കുറയ്ക്കാനായി സൃഷ്ടിപരമായ എന്തെങ്കിലുമൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കും )
രണ്ടു പാത്രങ്ങൾ ഉള്ള ഒരു സംവിധാനമാണിത്. മുകളിലേത് തുറന്ന പാത്രവും താഴെ അടഞ്ഞ ഒരു പാത്രവും. രണ്ടിന്റേയും ഇടയിലായി ഒരു ചെറിയ അരിപ്പയും. മുകളിലെ പാത്രത്തിൽ വെള്ളം നിറക്കുന്നു. തുറന്നു വച്ചിരിക്കുന്ന പാത്രത്തിൽ കൊതുകുകൾ മുട്ടയിടുന്നു. രണ്ടു ദിവസമാകുമ്പോൾ മുകളിലെ പാത്രത്തിന്റെ അടിവശത്തുള്ള ഒരു സോളിനോയ്ഡ് വാൽവ് തുറന്ന് വെള്ളം അരിപ്പയിലൂടെ താഴത്തെ ടാങ്കിലേക്ക് എത്തുന്നു. വെള്ളം മുഴുവനായും താഴത്തെ ടാങ്കിൽ എത്തിയാൽ ഒരു ചെറിയ പമ്പ് പ്രവർത്തിക്കുകയും താഴെയുള്ള വെള്ളം വീണ്ടും മുകളിലെ ടാങ്കിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു. സിസ്റ്റം ഇതോടെ കൊതുകുകൾക്ക് മുട്ടയിടാനായി രണ്ടു ദിവസം കാത്തിരിക്കുന്നു. രണ്ടു ദിവസത്തിനു ശേഷം സോളിനോയ്ഡ് വാൽവ് പ്രവർത്തിക്കുന്നു .. മേൽപ്പറഞ്ഞ ചക്രം പൂർണ്ണമാകുന്നു. ഇവിടെ സമയം ക്രമീകരിക്കാനും സോളിനോയ്ഡ് വാൽവിനേയും പമ്പിനേയും പ്രവർത്തിപ്പിക്കാനും ചെറിയ ഒരു ടൈമിംഗ് ആൻഡ് കണ്ട്രൊൾ സർക്കീട്ട് ഉണ്ട്. 12 വോൾട്ട് ഡി സിയിൽ മുഴുവൻ സിസ്റ്റവും പ്രവർത്തിപ്പിക്കാം. ആവശ്യമെങ്കിൽ ഒരു ചെറിയ സോളാർ പാനലും ഉപയോഗിക്കാം.
ഇപ്പറഞ്ഞ സിസ്റ്റം വിപണിയിൽ ലഭ്യമായ സാധനങ്ങൾ കൊണ്ട് തന്നെ നിർമ്മിച്ചെടുക്കാനാകും.ഒരു ലളിതമായ സര്‍ക്യൂട്ട് ഇതാ കൊടുക്കുന്നു.



ടൈമിംഗ് ആൻഡ് കണ്ട്രോൾ സർക്കീട്ട് ആയി ഒരു മൈക്രോ കണ്ട്രോളറോ അല്ലെങ്കിൽ അർഡ്യുനോ/ റാസ്പ്‌ബെറി പൈ അങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
ഇങ്ങനെ ഒരു ആശയം കുറേ കാലങ്ങൾക്ക് മുൻപ് മനസ്സിൽ വന്നതാണ്. ഏതെങ്കിലും ശാസ്ത്രമേളകൾക്ക് പ്രൊജക്റ്റ് ആയി ചെയ്യാൻ നിർദ്ദേശിക്കാം എന്നും കരുതിയതാണ്. പക്ഷേ നമ്മൾ മരത്തിൽ കാണുമ്പൊൾ അത് മാനത്ത് കണ്ട എത്രയോ പേർ ഈ ലോകത്തിന്റെ പല കൊണുകളിലുമായി ഇരിക്കുന്നുണ്ട്. ഇതേ തത്വത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണം വിപണിയിൽ നിലവിലുണ്ടെന്ന് അറിഞ്ഞത് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ആശയത്തിന്റെ മുകളിലേക്ക് ഒരു കുടം വെള്ളമൊഴിച്ചതുപോലെ ആയിപ്പോയി
അതിന്‍റെ ലിങ്ക് ഇതാ.

https://green-strike.com/products/automatic-mosquito-preventer/

Sunday, May 21, 2017

ഹെഡ് ലൈറ്റ് കത്തിച്ചാല്‍ മൈലേജ് കുറയും

ഹെഡ് ലൈറ്റ്  കത്തിച്ചാല്‍ മൈലേജ് കുറയും 


 ലേഖകന്‍ : ജൂബിന്‍ ജേക്കബ് ..


ഓൾവെയ്സ് ഹെഡ്‌ലാമ്പ് ഓൺ അഥവാ AHO എന്ന പുതിയ സംവിധാനം നമ്മുടെ ഇരുചക്രവാഹനങ്ങളിൽ നിർബ്ബന്ധമാക്കി.. യഥാർത്ഥത്തിൽ എന്താണ്‌ AHO? എന്താണ്‌ നമ്മുടെ നാട്ടിൽ അതിന്റെ ആവശ്യകത.? ഒരു ആവശ്യവുമില്ലെന്നു മാത്രമല്ല, ശുദ്ധ അസംബന്ധം കൂടിയാണ്‌ പകൽ തെളിയുന്ന ഹെഡ്‌ലാമ്പുകൾ. യൂറോപ്പിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന പ്രീമിയം ബൈക്കുകളിൽ ഈ ഫീച്ചർ നിലവിലുണ്ട്. അത് യൂറോപ്യൻ മാനദണ്ഡം പാലിച്ചുപോന്നതു കൊണ്ടു മാത്രമാണ്‌.
എന്തുകൊണ്ട് യൂറോപ്പിൽ ഈ സംവിധാനം ആവശ്യമായി വന്നു?
വർഷത്തിൽ വേനൽക്കാലമൊഴികെ ബാക്കി ഏതാണ്ടെല്ലാ സമയത്തും മഴയോ മഞ്ഞോ മൂലമുള്ള കാരണങ്ങളാൽ ഒരു പരിധിക്കപ്പുറം കാഴ്ച തടസ്സപ്പെടുന്ന സ്ഥിതിവിശേഷമാണ്‌ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും. അമേരിക്കയിലെ ചില സ്ഥലങ്ങളിലും ഈ പ്രശ്നമുണ്ടാവാറുണ്ട്. അതുകൊണ്ട് അവിടെയിറങ്ങുന്ന കാറുകളിലും ബൈക്കുകളിലുമൊക്കെ പകൽസമയത്തും തെളിഞ്ഞുനിൽക്കുന്ന, തീവ്രത കുറഞ്ഞ ലൈറ്റുകളുണ്ടാവണമെന്ന് അവിടുത്തെ നിയമം നിഷ്കർഷിക്കുന്നു. കാറുകൾക്കും ബൈക്കുകൾക്കുമെല്ലാം ബാധകമാണിത്. എളുപ്പത്തിൽ കണ്ണിൽപ്പെടാനാണ്‌ ഈ സംവിധാനം. നമ്മുടെ നാട്ടിൽ ഇതെന്തിനു വന്നു എന്ന ചോദ്യമാണിപ്പോൾ മുന്നിലുള്ളത്. ഡെൽഹി പോലെ മൂടൽമഞ്ഞുണ്ടാവാറുള്ള വടക്കൻ സംസ്ഥാനങ്ങളിൽ ഇത് ഒരു പരിധി വരെ ഉപകാരപ്രദമാവാം. പക്ഷേ തെക്കൻ സംസ്ഥാനങ്ങളിൽ ഇത് തികച്ചും അനാവശ്യമാണെന്നേ പറയാനാവൂ. ഉത്തരം മറ്റൊന്നാവാൻ വഴിയില്ല, യൂറോ 4 സംഗതികൾ കോപ്പിയടിച്ച് ബിഎസ് 4 ഉണ്ടാക്കിയപ്പോൾ സംഭവിച്ച ഒരു കോപ്പിയടി. ചോദ്യപ്പേപ്പറിലില്ലാത്ത ചോദ്യത്തിന്‌ ഉത്തരമെഴുതിയതു പോലെ ഏതോ ഉത്തരേന്ത്യൻ ഗോസായി കാണിച്ച മണ്ടത്തരം, അതിനു ചൂട്ടുപിടിക്കുന്ന കോടതിയും സർക്കാരും. അനുഭവിക്കാൻ ജനങ്ങളും. തണുപ്പുരാജ്യത്തു നിന്നു വന്ന ബ്രിട്ടീഷുകാർ ടൈ കെട്ടിയെന്ന പേരിൽ നാൽപ്പതു ഡിഗ്രീ ചൂടു വരുന്ന നാട്ടിലെ കുഞ്ഞുങ്ങളുടെ കഴുത്തിൽ പോലും ടൈ കെട്ടിക്കുന്ന വങ്കന്മാരല്ലേ നമ്മൾ..? ആരെ കുറ്റം പറയാൻ..?
AHO ഭവിഷ്യത്തുകൾ
വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ ടൂവീലറുകൾക്കും ഇനി മുതൽ ഹെഡ്‌ലാമ്പ് ഓണായിരിക്കണം എന്നാണ്‌ ഉത്തരവ്. എന്തിനെന്നു ചോദിച്ചാൽ ആർക്കും ഉത്തരമില്ല. നമ്മുടെ നാട്ടിലെ ടൂവീലറുകളിലേറെയും 200സിസിയിൽ താഴെയുള്ള കമ്യൂട്ടർ വാഹനങ്ങളാണ്‌. ദൈനംദിന ഉപയോഗത്തിനുള്ളവ. യൂറോപ്പിലേതു പോലെ വാരാന്ത്യങ്ങളിൽ മാത്രം ഇറങ്ങുന്ന ഒരു ഭൂരിപക്ഷമല്ല ഇവിടെയുള്ളത്. ഇന്ത്യയുടെ പകലുകളെ വാഹനസാന്ദ്രമാക്കുന്നതേറെയും മുമ്പു പറഞ്ഞ ചെറുവാഹനങ്ങളാണ്‌. ഇവയ്ക്ക് ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കാൻ പോന്ന ഒരു ഏച്ചുകെട്ടലാണ്‌ AHO.
AC/DC സിസ്റ്റം. ചെറുവാഹനങ്ങളുടെ മിക്കതിന്റെയും ഹെഡ്‌ലൈറ്റ് പ്രവർത്തിക്കുന്നത് AC സിസ്റ്റത്തിലൂടെ അഥവാ എൻജിനോടു ചേർന്നുള്ള ഡൈനമോയിൽ നിന്നാണ്‌. ഹെഡ്‌ലാമ്പിന്റെ വാട്ടേജ് മിക്കവാറും 35 മുതൽ 55 വാട്ട് വരെയാണ്‌. ഇത് സാമാന്യം നല്ലൊരു ലോഡ് ആയിത്തന്നെ എൻജിന്റെ ക്രാങ്ക്ഷാഫ്റ്റിലേക്കെത്തുന്നുമുണ്ട്. നമ്മിൽ പലരും രാത്രിയാത്രകൾ അധികം നടത്താത്തതു കൊണ്ട് വാഹനങ്ങളുടെ ലൈറ്റിങ്ങ് സംവിധാനങ്ങളും കാര്യമായ പ്രശ്നങ്ങൾ കാണിക്കാറില്ല. എന്നാൽ ഇനി അതാവില്ല സ്ഥിതി. ഡൈനമോയിൽ നിന്നും സ്ഥിരമായി ഹെഡ്‌ലാമ്പ് കണക്ഷൻ സജീവമായതു കൊണ്ട് താഴെപ്പറയുന്ന പ്രശ്നങ്ങളുണ്ടാവും.
1. എൻജിനിൽ ലോഡ് കൂടും 1-2 കിലോമീറ്റർ വരെ മൈലേജ് കുറയാം
2. ഡൈനമോയിലെ ചൂടും തന്മൂലം എൻജിന്റെ ചൂടും വർദ്ധിക്കും.
3. ഹെഡ്‌ലാമ്പ് വയറിങ്ങ് മുതൽ ബൾബിന്റെയും റിഫ്ളക്ടറിന്റെയും വരെ ആയുസ്സു കുറയും.
പ്രീമിയം ബൈക്കുകളിൽ DC സിസ്റ്റമാണുള്ളത്. ഹെഡ്‌ലാമ്പടക്കം എല്ലാം ബാറ്ററിയിലൂടെയാണ്‌ പ്രവർത്തിക്കുന്നത്. ശക്തിയേറിയ ആൾട്ടർനേറ്ററും ബാറ്ററിയുമുള്ളതിനാൽ തുടർച്ചയായ ഹെഡ്‌ലൈറ്റ് ഉപയോഗം ഇവയ്ക്കൊരു പ്രശ്നമാവില്ല. തന്നെയുമല്ല, അവയുടെ ഹെഡ്‌ലാമ്പുകൾ തുടർച്ചയായ ഉപയോഗം മുൻകൂട്ടിക്കണ്ട് രൂപകല്പന ചെയ്തവയും, നമ്മുടെ നാട്ടിലെ നിലവാരം കുറഞ്ഞ ഉൽപന്നങ്ങളിൽ നിന്നും വ്യത്യസ്തമായി ഉയർന്ന ഗുണനിലവാരമുള്ളവയുമാണ്‌. അത്തരം ഘടകങ്ങൾ നമ്മുടെ വിപണിയിലിറക്കിയാൽ വാഹനങ്ങളുടെ വിലയും ക്രമാതീതമായി ഉയരാം.
എന്താണ്‌ പരിഹാരം?
യൂറോപ്പിൽ അവർ ഹെഡ്‌ലാമ്പിനു പകരം ഡേ ടൈം റണ്ണിങ്ങ് ലാമ്പുകളാണ്‌ പ്രാവർത്തികമാക്കിയത്. ഇവിടെ ഏതു ബുദ്ധിമാനാണ്‌ അത് ഹെഡ്‌ലാമ്പിലേക്ക് മാറ്റിയതെന്നറിയില്ല. ഇപ്പോൾ എൽഇഡിയിൽ പ്രവർത്തിക്കുന്ന DRLകളാണ്‌ (Daytime Running Lights)പൊതുവെയുള്ളത്. ഹെഡ്‌ലാമ്പിനു പകരം DRL മതിയെന്നു വെച്ചാൽ അതാവും നല്ലത്. ഇനി എന്തൊക്കെയായാലും ഇവ കൊണ്ട് നഗരത്തിരക്കിൽ യാതൊരു ഗുണവുമുണ്ടാവില്ല. പരിസ്ഥിതിവാദികൾ പറയുന്ന നിലയ്ക്കു ചിന്തിച്ചാൽ ആഗോളതാപനത്തിനു പുതിയ സംഭാവനയാണ്‌ പകലും തെളിയുന്ന ഹെഡ്‌ലാമ്പുകളെന്നും വാദിക്കാം..!

എല്ലാരും നെല്ലുണങ്ങുമ്പോൾ കുരങ്ങൻ വാലുണങ്ങുമെന്ന മഹത് വചനം  പോലെ വിദേശരാജ്യങ്ങളെ അതേപടി അനുകരിക്കാൻ ശ്രമിച്ച് ടി കുരങ്ങന്റെ കുടുംബക്കാരിലൊരാൾ പണ്ട് അറുത്തുവച്ച മരത്തടിക്കിടയിൽ സ്വന്തം ഇന്‍സ്ട്രുമെന്റ്  നഷ്ടപ്പെടുത്തിയ അവസ്ഥയിലാണ്‌ നമ്മുടെ രാജ്യവും. മലിനീകരണത്തെ ചെറുക്കാൻ ഭാരത് സ്റ്റേജ് ഫോർ നടപ്പിലാക്കി. നല്ല കാര്യമാണ്‌, വാഹനപ്പെരുപ്പത്തോടൊപ്പം അവ വിസർജ്ജിക്കുന്ന പുകയും വർദ്ധിച്ചുവരുമ്പോൾ അങ്ങനെയെന്തെങ്കിലുമൊക്കെ ചെയ്തില്ലേൽ എല്ലാം കൂടി കട്ടപ്പുക മാത്രമേ ഉണ്ടാവൂ. പക്ഷേ കോപ്പിയടിച്ചു പാസ്സായ ചരിത്രമുള്ളതുകൊണ്ടാണോ എന്തോ ബിഎസ് ഫോറിനെ നിർവ്വചിച്ച മഹാൻ മറ്റൊരു കടുംകൈയും കൂടി ചെയ്തു. എല്ലാ ബൈക്കിനും ഇരിക്കാട്ടെ തുടക്കം മുതൽ ഒടുക്കം വരെ തെളിയുന്ന ഒരു ഹെഡ്‌ലാമ്പ്..! സംഗതി ഇറങ്ങിയപ്പോൾ തന്നെ ഈയുള്ളവൻ ഒരു കാര്യം പറഞ്ഞിരുന്നു. എ.സി സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹെഡ്‌ലാമ്പുള്ള ചെറുബൈക്കുകളെയും സ്കൂട്ടറുകളെയും ഈ നടപടി ദോഷകരമായി ബാധിക്കുമെന്ന്. അഥവാ, എൻജിനിൽ ലോഡ് കൂടുമ്പോൾ സ്വാഭാവികമായും മൈലേജ്, കരുത്ത് എന്നിവയിലും കുറവുണ്ടാകും. ഇതു പറഞ്ഞപ്പോൾ മൂഷികവൃഷണ ഭേദമറിയാത്ത കുറെയെണ്ണം എന്നെ പരസ്യമായും രഹസ്യമായും പുലഭ്യം പറഞ്ഞു.. മിക്കവരും കേന്ദ്രസർക്കാരിന്റെ ഫാൻസ്, അവറ്റകളുടെ വിചാരം ബി.എസ്. ഫോർ കൊണ്ടുവന്നത് മോദിജിയാണെന്നും അതിലെ അപാകതകളെ വിമർശിക്കുക വഴി ഞാൻ ലക്ഷ്യമിട്ടത് ഉലകം ചുറ്റും വാലിബനായ പ്രധാൻമന്ത്രിജിയെയാണെന്നുമാണ്‌. ആ, അതൊക്കെ പോട്ടെ. ഇപ്പോൾ പല ചെറുവാഹനങ്ങളുടെയും അപ്ഡേറ്റഡ് സ്പെസിഫിക്കേഷൻ എടുത്തുനോക്കിയാൽ കരുത്തിൽ നേരിയ കുറവുണ്ടായിട്ടുണ്ടെന്നു മനസ്സിലാവും. ഉദാ: ഹോണ്ടാ ഹോർനറ്റിന്റെ പവർ ബിഎസ് ത്രീ പതിപ്പിൽ 15.66 Bhpയായിരുന്നെങ്കിൽ പുതിയ ബിഎസ് ഫോർ ബൈക്കിന്‌ അത് 15.04 Bhp യായി കുറഞ്ഞു. 0.66 ബ്രേക്ക് ഹോഴ്സ് പവർ എവിടെപ്പോയി എന്ന ചോദ്യത്തിനുത്തരവാദി വണ്ടിയുടെ മുന്നിൽ തന്നെ പല്ലിളിച്ചുകൊണ്ടിരിപ്പുണ്ട് - ഹെഡ്‌ലൈറ്റു തന്നെ...! ഹോണ്ടയിൽ നിന്നു തന്നെ ഇതിന്റെ വിശദീകരണം വന്നിട്ടുണ്ടെന്ന് പ്രമുഖ ഓട്ടൊമൊട്ടീവ് വെബ് പോർട്ടലായ ഭാരത് ഓട്ടോസ് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു.
ഇനിയെങ്കിലും തർക്കിക്കാൻ വരുന്ന തർക്കോവ്സ്കികൾ ഒരു കാര്യം മനസ്സിലാക്കണം. വല്ല വണ്ടിക്കമ്പനികളും ഇറക്കുന്ന ബ്രോഷർ വായിച്ചുപഠിച്ചിട്ടല്ല ഞാൻ ഈ പണിക്കിറങ്ങിയത്. കോളേജിൽ തന്നെ തിയറിയും പ്രാക്ടിക്കലും പഠിച്ചതു കൂടാതെ നല്ല അന്തസ്സായി കരിയും ഗ്രീസും ഓയിലും ചെളിയുമൊക്കെ പുരണ്ട് വർക്ക്‌ഷോപ്പിൽ വണ്ടി പണിയാൻ നടന്നിട്ടും കൂടിയാണ്‌ വാഹനങ്ങളെ അടുത്തു മനസ്സിലാക്കാൻ കഴിഞ്ഞത്. ഹെഡ്‌ലൈറ്റിട്ടാൽ എൻജിൻ പവറിനെ ബാധിക്കില്ലെന്നു പറയുന്നവർ മണ്ണെണ്ണയിലോടുന്ന ജനറേറ്റർ കണ്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ അത് സ്റ്റുഡിയോക്കാർ വീഡിയോ ലൈറ്റിനു വേണ്ടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഹാലജൻ ബൾബ് തെളിയുമ്പോൾ അതുവരെ മിടുക്കനായി ഓടിക്കൊണ്ടിരുന്ന ജനറേറ്ററിന്റെ എൻജിൻ ഒന്നു പമ്മും.. അതായതുത്തമാ, ജനറേറ്ററിന്റെ ഊർജ്ജശ്രോതസ്സ് അതിന്റെ എൻജിനാണെങ്കിൽ ആ ജനറേറ്ററിൽ വരുന്ന ലോഡും ആ എൻജിനിലേക്കു തന്നെയാണ്‌ ചുമത്തപ്പെടുന്നത്. ഒരു വാഹനത്തിലെ ഇന്റേണൽ കംബഷൻ എൻജിൻ പ്രവർത്തിക്കുമ്പോൾ ഊർജ്ജനഷ്ടം പലവഴിക്കാണ്‌. ടൂവീലറുകളിലും അതുണ്ട്. ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന കരുത്തിൽ നിന്നും പല വിതരണനഷ്ടങ്ങളും അഥവാ ട്രാൻസ്മിഷൻ ലോസും കഴിഞ്ഞാണ്‌ അവസാനം പിൻചക്രത്തിലേക്ക് എൻജിന്റെ കറക്കം വന്നുചേരുന്നത്. അതിൽ പ്രധാനമായവ ഇവയാണ്‌.

1. ടൈമിങ്ങ് ചെയിൻ, ക്യാംഷാഫ്റ്റടക്കമുള്ള വാൽവ് ഓപ്പറേറ്റിങ്ങ് മെക്കാനിസം. ഇത് എൻജിന്റെ അവശ്യഭാഗമാണെങ്കിലും ഊർജ്ജത്തിന്റെ ഒരു പങ്ക് ഈ സംവിധാനം പ്രവർത്തിക്കാനാവശ്യമാണ്‌.
2. ഫ്ളൈവീൽ, ഡൈനമോ എന്നിവ.
3. ക്ളച്ച്. ഇരുചക്രവാഹനങ്ങളിൽ വെറ്റ് മൾട്ടിപ്ളേറ്റ് ക്ളച്ചാണുള്ളത്. ഓയിലിൽ കുതിർന്നു പ്രവർത്തിക്കുന്നവയാണെങ്കിലും ആത്യന്തികമായി ഘർഷണമാണ്‌ ക്ളച്ചിന്റെ പ്രവർത്തനതത്വം. അതുകൊണ്ടാണല്ലോ ഫ്രിക്ഷൻ പ്ളേറ്റുകൾ ഉപയോഗിക്കുന്നത്. ഘർഷണത്തിലൂടെയുള്ള ഊർജ്ജനഷ്ടം ഓരോ സമയത്തെയും ഉപയോഗമനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.
4. ട്രാൻസ്മിഷൻ. ഗിയർവീലുകളിലും ഊർജ്ജനഷ്ടം സംഭവിക്കാറുണ്ട്. സീക്വൻഷ്യൽ സംവിധാനമാണ്‌ എല്ലാ ബൈക്കുകളിലും ഉപയോഗിക്കുന്നത്. പഴയ വാഹനങ്ങളെ അപേക്ഷിച്ച് പുതിയ ബൈക്കുകളിൽ ട്രാൻസ്മിഷൻ ഭാഗത്ത് ഊർജ്ജനഷ്ടം കുറവാണ്. പഴയകാല ട്രാൻസ്മിഷനുകളിൽ ഘർഷണം കുറയ്ക്കാൻ പിച്ചള പോലെയുള്ള ലോഹങ്ങൾ കൊണ്ടാണ് ബുഷുകളും മറ്റും നിർമ്മിച്ചിരുന്നത്. ഇന്ന് അതിനു പകരം മോളിബ്ഡിനം മുതൽ കാർബൺ വരെ ഉപയോഗി.
5. ഫൈനൽ ഡ്രൈവ്. ചെയിനും സ്പ്രോക്കറ്റുമാണ്‌ നമ്മുടെ വാഹനങ്ങളിൽ ഏറ്റവും സർവ്വസാധാരണമായ ഫൈനൽ ഡ്രൈവ്. ചെയിനാണെങ്കിലും ബെൽറ്റാണെങ്കിലും അതിലൂടെയൊക്കെ ഊർജ്ജനഷ്ടം സംഭവിക്കാറുണ്ട്. ഷാഫ്റ്റ് ഡ്രൈവിലാണ്‌ താരതമ്യേന ഇതു കുറവായിത്തോന്നിയത്. അതാണെങ്കിൽ ഇവിടെയെങ്ങും ഒരു ബൈക്കിലും ഉപയോഗിക്കുന്നുമില്ല.

പ്രധാനമായും ഈ അഞ്ചു സ്ഥലങ്ങളിൽ ഊർജ്ജനഷ്ടമുണ്ടാവുമ്പോൾ അതിൽ ഒരെണ്ണമെങ്കിലും കുറയ്ക്കാൻ ശ്രമിക്കുകയല്ലേ വേണ്ടത്..? അതിനു പകരം കൂടുതൽ ഊർജ്ജം ചെലവാകാനിടയാക്കുന്ന ഡേ ടൈം ഹെഡ്‌ലാമ്പ് പോലെയുള്ള തുഗ്ളക്ക് പരിഷ്കാരങ്ങൾ നടത്തുമ്പോൾ പാഴായിപ്പോകുന്നത് എൻജിനിലെ ഊർജ്ജം മാത്രമല്ല, അതുണ്ടാവാൻ കത്തുന്ന ഇന്ധനം കൂടിയാണ്‌. ആ നഷ്ടം ഒരു വ്യക്തിക്കോ നാടിനോ മാത്രമല്ല, മുഴുലോകത്തിനും കൂടിയാണ്‌. ഇന്ധനം എല്ലാവർക്കും ആവശ്യവും അവകാശവുമുള്ള വസ്തുവാണെന്ന് മനസ്സിലാക്കാൻ തക്ക ബോധവും വിദ്യാഭ്യാസവുമുള്ള ആരെങ്കിലും ഇതിന്റെയൊക്കെ തലപ്പത്തു വരട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ട് നിർത്തട്ടെ, നന്ദി നമസ്കാരം..!
- Jubin Jacob Kochupurackan
https://www.facebook.com/jubin.jacob

Monday, May 1, 2017

ജിയോ സിമ്മില്‍ നിന്നും കോളുകള്‍ പോകുന്നില്ലേ ഇതാ പരിഹാരം

ജിയോ സിമ്മില്‍ നിന്നും കോളുകള്‍ പോകുന്നില്ലേ ഇതാ  പരിഹാരം 


      രണ്ടു സിം ഉപയോഗിക്കുന്ന നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ജിയോ സിമ്മില്‍ നിന്ന് മാത്രം കോളുകള്‍ പോകുന്നില്ല .മറ്റേ സിമ്മിന് കുഴപ്പമില്ല ഇത് ഇപ്പോള്‍ വ്യാപകമായിരിക്കുന്ന ഒരു തകരാര്‍ ആണ്.volte ഉപയോഗിച്ച് 4ജി പ്രവര്‍ത്തിപ്പിക്കുന്ന  ചിപ്പ് ഓവര്‍ ക്ലോക്ക് ചെയ്യുന്നത്(ഹാങ്ങാകുന്നത്) മൂലമാണിത്.ഇത് പരിഹരിക്കുവാന്‍ ഫോണ്‍ റീ സ്റ്റാര്‍ട്ട് ചെയ്തിട്ട് കാര്യമില്ല തകരാര്‍ പരിഹരിക്കപ്പെടില്ല . .ഫോണ്‍ സെറ്റിങ്ങ്സില്‍ പോയി ജിയോ സിം മാത്രം ഓണ്‍ ഓഫ് ചെയ്‌താല്‍ മതിയാകും .അപ്പോള്‍ volte ചിപ്പ് റീ സെറ്റ് ആകും തകരാര്‍ പരിഹരിക്കപ്പെടും .ചില ഫോണുകളില്‍ കോള്‍ സെറ്റിങ്ങ്സില്‍ കോള്‍ ചെയ്യുവാനുള്ള ഓപ്ഷന്‍  ജിയോ സിം ആയി സെറ്റ് ചെയ്തിരിക്കുന്നത് അടുത്ത കമ്പനിയുടെ സിമ്മിലേക്ക് മാറ്റുക ഉടന്‍ തിരിച്ചു ജിയോ സിമ്മിലെക്ക് മാറ്റുക.ഇതിനു സിം സ്വാപ്പിംഗ് എന്ന് പറയും.മറ്റു ചില ഫോണുകളില്‍ സെറ്റിങ്ങ്സില്‍ പോയി  സിം കാര്‍ഡ് ആന്‍ഡ്‌ മൊബൈല്‍ നെറ്റ് വര്‍ക്ക് എടുത്ത് അതിലെ  VoLTE enabled എന്ന ബട്ടന്‍ ഓഫ് ഓണ്‍ ചെയ്‌താല്‍ മതിയാകും .