മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് വാഹന മോഷണം കണ്ടെത്താം
വാഹനങ്ങള്‍ മോഷണം പോവുക എന്നത് ഒരു യാഥാര്‍ത്ഥ്യവും ,അവ കണ്ടെത്തുക എന്നത് ഒരു മിഥ്യയുമാണ്.എന്നാല്‍ ചെറിയ ഒരു മുന്‍കരുതല്‍ എടുക്കുന്നതിലൂടെ നമുക്ക് വാഹനമോഷണം തടയുന്നതിനോ,ഇനി കളവു നടന്നാല്‍ തന്നെ വേഗം വാഹനം വീണ്ടെടുക്കുന്നതിനും സാധ്യമാകുന്ന ഒരു ചെറിയ ടെക്നിക് ആണ് ഇനി വിവരിക്കുന്നത്.
ഈ സംവിധാനം ഒരുക്കുന്നതിന് ഒരു വര്‍ക്കിംഗ് മൊബൈല്‍ഫോണ്‍ നമുക്ക് ആവശ്യമാണ്.ആദ്യമായി ഈ ഫോണില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിം കാര്‍ഡ് ഇടുക.അതിനുശേഷം ഫോണ്‍ സൈലന്‍റ് മോഡിലേക്ക് മാറ്റുക.(പ്രത്യകം ശ്രദ്ധികുക,സൈലന്‍റ് മോഡ് എന്നാല്‍ വൈബ്രെറ്റിങ്ങ് മോഡ് അല്ല .പൂര്‍ണ്ണ നിശബ്ദത അതാണ് നമുക്കാവശ്യം) അതിനു ശേഷം ഫോണ്‍ ഓട്ടോ കോള്‍ റിസീവ് മോഡിലേക്ക് മാറ്റുക.എന്ന് വച്ചാല്‍ മൂന്നോ,നാലോ ബെല്ലിനു ശേഷം ഫോണ്‍ തനിയെ കോള്‍ എടുക്കുന്ന രീതി.ചില ഫോണുകളില്‍ ഹെഡ്‌ഫോണ്‍ കുത്തിയാല്‍ മാത്രമേ ഈ മോഡ് പ്രവര്‍ത്തിക്കുകയുള്ളൂ.അങ്ങനെയുള്ളവ ഹെഡ് ഫോണ്‍ കുത്തി ഉപയോഗിക്കാം.ഇനി ഈ ഫോണിലേക്ക് വിളിച്ച് നാലു ബെല്ലിനു ശേഷം ഫോണ്‍ ഓട്ടോമാറ്റിക് ആയി കോള്‍ എടുക്കുന്നുണ്ടോ ,അപ്പോള്‍ യാതൊരു ശബ്ദവും ഫോണ്‍ പുറപ്പെടുവിക്കുന്നില്ലല്ലോ എന്നും ഉറപ്പ് വരുത്തുക.
ഇനി ഫോണിന്‍റെ ഡിസ്പ്ലേയില്‍ നിന്നുള്ള വെളിച്ചം പുറത്തുകാണാത്ത വിധം ഡിസ്പ്ലേ മാസ്ക്കിംഗ് ടേപ്പ്കൊണ്ട് പൊതിയുക. ഇങ്ങനെ സെറ്റ് ചെയ്ത മൊബൈല്‍ നമ്മുടെ വാഹനത്തിന്‍റെ ഡാഷ് ബോര്‍ഡിനടിയില്‍ സുരക്ഷിതമായി ആരുടേയും ശ്രദ്ധയില്‍ പെടാത്ത വിധം ഒളിപ്പിക്കുക.ഫോണിന്‍റെ മൈക്രോഫോണ്‍ വണ്ടിയില്‍ ഇരിക്കുന്നവരുടെ സംഭാഷണം പിടിക്കുന്ന വിധത്തില്‍ ക്രമീകരിക്കുക.ആവശ്യമെങ്കില്‍ ഹെഡ്‌ഫോണ്‍ ഉപയോഗിക്കാം.ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ സപ്ലെ വണ്ടിയില്‍ നിന്നും അനുയോജ്യമായ ചാര്‍ജര്‍ ഉപയോഗിച്ച് കൊടുക്കണം.ബൈക്കുകളിലും മറ്റും ഉപയോഗിക്കുമ്പോള്‍ നല്ല ബാറ്ററി ബാക്കപ്പ് കിട്ടുന്ന ഫോണുകള്‍ ഉപയോഗിച്ചാല്‍ മതി.ഫോണ്‍ ഏറിയ കൂറും സ്റ്റാന്റ് ബൈ ആയിരിക്കുന്നത് കൊണ്ട് രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരിക്കല്‍ എടുത്തു ചാര്‍ജ് ചെയ്‌താല്‍ മതി.
ഇനി അല്‍പ്പം മാറിനിന്ന് നമ്മള്‍ വണ്ടിയില്‍ ഫിറ്റ് ചെയ്ത ഫോണിലേക്ക് വിളിച്ച് നോക്കുക.വണ്ടിയില്‍ കയറിയിരുന്നു സംസാരിക്കാന്‍ കുട്ടികളെയോ മറ്റോ നിയോഗിക്കുക.ആ ഫോണിലേക്ക് വിളിക്കുമ്പോള്‍ നാല് ബെല്ലിനു ശേഷംവണ്ടിയില്‍ ഇരിക്കുന്നവരുടെ സംസാരം നമുക്ക് ശ്രവിക്കുവാന്‍ സാധിക്കും.ഇല്ലെങ്കില്‍ വണ്ടിയിലെ ഫോണ്‍ അല്‍പ്പം ഒന്ന് അഡ്ജസ്റ്റ് ചെയ്‌താല്‍മതി.
ഈ വാഹനം മോഷണം പോയാല്‍ ഉടന്‍തന്നെ പോലീസിനെ അറിയിച്ച് വണ്ടിയില്‍ ഫിറ്റ് ചെയ്ത ഫോണിന്‍റെ നമ്പര്‍ കൈ മാറിയാല്‍ സൈബര്‍ സെല്ലിനു വാഹനം ട്രാക്ക് ചെയ്യാന്‍ ഈസി ആയിരിക്കും,കൂടാതെവാഹനത്തില്‍ ഇരിക്കുന്നവരുടെ സംഭാഷണം ശ്രവിച്ചുകൊണ്ട് മോഷ്ടാക്കളെക്കുറിച്ചുള്ള സൂചനകള്‍ ലൈവ് ആയി ലഭിച്ചുകൊണ്ടിരിക്കും.അല്‍പ്പം ടെക്നിക്കല്‍ സ്കില്‍ ഉള്ളവര്‍ക്ക് ഫോണില്‍ നിന്നും റിങ്ങര്‍ സിഗ്നല്‍ എടുത്ത് ഒരു ഇലക്ട്രോമാഗ്നെട്ടിക് റിലെ പ്രവര്‍ത്തിപ്പിച്ച് വാഹനത്തിന്‍റെ ഇഗ്നിഷ്യന്‍ തന്നെ ഓഫാക്കി വണ്ടി നിറുത്താന്‍ സാധിക്കും.
ദൂരെ ഇരുന്ന് മറ്റുള്ളവരുടെ സംഭാഷണം രഹസ്യമായി ചോര്‍ത്തുന്ന സ്പൈ ഫോണിന്‍റെ പ്രവര്‍ത്തനമാണ് മേല്‍ വിവരിച്ചത്.